by Midhun HP News | Dec 13, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞ് വീണ്ടും 58,000ല്‍ താഴെയെത്തി. ഇന്ന് പവന് 440 രൂപയാണ് കുറഞ്ഞത്. 57,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 രൂപയാണ് ഇടിഞ്ഞത്.7230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രണ്ടുദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച ശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. പിന്നീട് 56,720 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറുകയായിരുന്നു. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ 1500ലേറെ രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിഞ്ഞ് 58,000ല്‍ താഴെ എത്തിയത്.
by Midhun HP News | Dec 13, 2024 | Latest News, കേരളം
കണിയാപുരം: അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സമരം സംഘടിപ്പിച്ചു. മുൻ കഴക്കൂട്ടം എം.എൽ.എ എം.എ.വാഹിദ് ധർണാ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കുന്നുംപുറം വാഹിദ് അദ്ധ്യക്ഷനായി. അഡ്വ.എം.മുനീർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.അൽത്താഫ്, ബി.മുരളീധരൻ നായർ, ഭുവനേന്ദ്രൻ നായർ, പൊടിമോൻ അഷ്റഫ്, കൃഷ്ണൻകുട്ടി, മുബാറക്, പുഷ്പാ വിജയൻ, അർച്ചന, അനുജ, കരിച്ചാറ നാദർഷ, ജാബു , ഫാറൂഖ്, അരുൺ, സുനിത തുടങ്ങിയവർ സംസാരിച്ചു.
by Midhun HP News | Dec 13, 2024 | Latest News, കേരളം
തിരുവനന്തപുരം: മലയോര മേഖലയിൽ ഉള്‍പ്പെടെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനെ തുടര്‍ന്നും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിലാലും തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോട ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു. പൊന്മുടിക്ക് പുറമെ കല്ലാര്‍-മീൻമുട്ടി, പാലോട്-മങ്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു.
മഴയെ തുടര്‍ന്ന് പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബറായതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. കോടമഞ്ഞിൽ പുതച്ചുനിൽക്കുന്ന പൊന്മുടിയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികള്‍ എത്തുന്നതും ഡിസംബറിലാണ്. പൊന്മുടിയിലേക്കുള്ള ചുരം റോഡിൽ ഉള്‍പ്പെടെ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉള്‍പ്പെടെ നിരവധി പേരാണ് പൊന്മുടിയിലേക്ക് എത്തുന്നത്. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉള്‍പ്പെടെ കണക്കിലെടുത്താണ് അധികൃതരുടെ തീരുമാനം.
by Midhun HP News | Dec 13, 2024 | Latest News, കേരളം
ഡിസംബർ 13 മുതൽ 15 വരെ തെലങ്കാനയിൽ വെച്ച് നടക്കുന്ന പത്താമത് ദേശീയ ടോങ്-ഇൽ മൂ-ഡോ ചാമ്പ്യൻഷിപ്പിൽ കേരളാ ടീമിന്റെ പുരുഷ വിഭാഗം ക്യാപ്റ്റൻ ആയി വൈശാഖ് ആറ്റിങ്ങലിനെ തിരഞ്ഞെടുത്തു. സംസ്ഥാന മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ 12 കായികതാരങ്ങളാണ് കേരളത്തിന് വേണ്ടി മാറ്റുരക്കുന്നത്. അതിൽ 8 പേരും പ്രൊഫിഷ്യന്റ് അക്കാദമിയിലെ താരങ്ങളാണ്.
ദക്ഷിണ കൊറിയയിൽ നിന്ന് ഉത്ഭവിച്ച ഒരു സമ്മിശ്ര ആയോധന കലയാണ് ടോങ്-ഇൽ മൂ-ഡോ. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഏകീകരിക്കാൻ ലക്ഷ്യമിടുന്ന ഒരു ആയോധന കലാരീതിയാണ് ഇത്.
സംസ്ഥാന പ്രെസിഡന്റും ചീഫ് കോച്ചുമായ ശ്രീ. പ്രദീപ് പാരിപ്പള്ളി, സംസ്ഥാന സെക്രട്ടറി ശ്രീ. രാഹുൽ, മെൻ ടീം ക്യാപ്റ്റൻ വൈശാഖ് ആറ്റിങ്ങൽ, വിമെൻ ടീം ക്യാപ്റ്റൻ ശിവരഞ്ജിനി എന്നിവർ കേരളാ ടീമിനെ നയിക്കും.
by Midhun HP News | Dec 13, 2024 | Latest News, കേരളം
ആലപ്പുഴ: സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ്. വൃക്ക രോഗം ഗുരുതരമായതിനെ തുടർന്ന് ബാലചന്ദ്രകുമാറിന്റെ കുടുംബം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടിയിരുന്നു. വൃക്ക രോഗം കൂടാതെ ബാലചന്ദ്രകുമാറിന് തലച്ചോറിൽ അണുബാധയും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം മുതൽ ആരോഗ്യനില ഗുരുതരമാകുകയായിരുന്നു.
ആസിഫ് അലി നായകനായെത്തിയ കൗബോയ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാലചന്ദ്രകുമാര്‍. ദിലീപിനെ നായകനാക്കി പിക്ക് പോക്കറ്റ് എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് രണ്ടാംഘട്ട അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായിരുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വിഐപി വഴി ദിലീപിന്റെ കൈയിലെത്തിയെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് നീക്കം നടത്തിയെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. ദിലീപുമായി ബന്ധപ്പെട്ട ചില ഓഡിയോകള്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടതും കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ കേസില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. 51 പേജുള്ള രഹസ്യമൊഴിയാണ് ദിലീപിനെതിരെ ഇദ്ദേഹം നല്‍കിയിരുന്നത്.
by Midhun HP News | Dec 13, 2024 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മന്നാര്‍ കടലിടുക്കിനു മുകളിലായി നിലനില്‍ക്കുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തെക്കന്‍ തമിഴ് നാട് തീരത്തേക്ക് നീങ്ങി തുടര്‍ന്ന് ശക്തി കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരങ്ങളില്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
കേരള തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Recent Comments