by Midhun HP News | Jul 15, 2026 | Latest News, കേരളം
തിരുവനന്തപുരം: യുഡിഎഫിൻറെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘പ്രിയദർശിനി’ സൗജന്യ വനിതാ ബസ് സർവീസ് പദ്ധതി ഒരു മാസം പൂർത്തിയാക്കുമ്പോൾ വൻ വിജയമെന്ന് വിലയിരുത്തൽ . സാധാരണക്കാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ ഉണ്ടാക്കാൻ പദ്ധതിക്ക് കഴിഞ്ഞെന്നാണ് ഗതാഗത വകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ പദ്ധതി നടപ്പിലായതോടെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഇവരുടെ പ്രശ്നങ്ങൾ പഠിക്കാൻ റിട്ട. ഡിജിപി പത്മകുമാർ ഐപിഎസ് അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചതായും സർക്കാർ വ്യക്തമാക്കുന്നു.

കുടുംബ ബജറ്റുകളിൽ വലിയ മാറ്റം; യാത്രാക്കൂലി ലാഭം
പദ്ധതി വിജയകരമായി ഒരു മാസം പിന്നിടുമ്പോൾ സാധാരണക്കാരായ വനിതകളുടെ ജീവിത നിലവാരത്തിൽ വലിയ മാറ്റമാണുണ്ടായതെന്ന് ഗതാഗത മന്ത്രി സിപി ജോൺ അവകാശപ്പെട്ടു. പ്രത്യേകിച്ച് പ്രതിമാസം 8,000 മുതൽ 12,000 രൂപ വരെ വരുമാനമുള്ള സാധാരണക്കാരായ സ്ത്രീ തൊഴിലാളികൾക്ക് യാത്രാക്കൂലി ഇനത്തിൽ വലിയ തുക ലാഭിക്കാൻ കഴിയുന്നുണ്ട്. ഇത് അവരുടെ യഥാർത്ഥ വരുമാനത്തിൽ 20 മുതൽ 30 ശതമാനം വരെയുള്ള വർദ്ധനവിന് തുല്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അർബുദ, കരൾ രോഗ ബാധിതരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രികളിലേക്കുള്ള യാത്രയ്ക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ് നൽകുന്നത്.
തുടക്കത്തിൽ പ്രതിപക്ഷം ഉദ്ഘാടന ചടങ്ങുകൾ ബഹിഷ്‌കരിച്ചെങ്കിലും പദ്ധതിയുടെ ജനപ്രീതി കാരണം യുഡിഎഫോ ബിജെപിയോ ഇപ്പോൾ ഇതിനെതിരായ നിലപാടുകൾ സ്വീകരിക്കുന്നില്ലെന്നത് തങ്ങൾക്ക് സംതൃപ്തി നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബഡ്ജറ്റിൽ ഇതിനായി 600 കോടി രൂപ പ്രത്യേക ഫണ്ടായി നീക്കിവെച്ചിട്ടുള്ളതിനാൽ കെഎസ്ആർടിസിക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൽക്കാലം പുതിയ സർവീസുകളില്ല; തിരക്ക് വിജയത്തിന്റെ വില
‘പ്രിയദർശിനി’ ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ നിലവിലുള്ള പദ്ധതി കൂടുതൽ സുസ്ഥിരമാക്കുക എന്നതാണ് ഗതാഗത വകുപ്പിന്റെ ലക്ഷ്യമെന്നും തൽക്കാലം കൂടുതൽ പുതിയ ബസുകൾ അനുവദിക്കാനോ സർവീസുകൾ വിപുലീകരിക്കാനോ പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ 3,165 ഓർഡിനറി ബസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്. ബസുകളിലെ അമിത തിരക്ക് വിജയത്തിന്റെ ഭാഗമായുണ്ടാകുന്ന സ്വാഭാവിക ബുദ്ധിമുട്ടുകൾ മാത്രമാണെന്നാണ് വിലയിരുത്തൽ.
വയനാട് ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ പ്രിയദർശിനി സർവീസുകൾക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. യാത്രാക്കൂലി ഇനത്തിൽ വലിയ തുക ലാഭിക്കാൻ കഴിയുന്നത് വലിയ സഹായമാണെന്ന് യാത്രക്കാർ പറയുന്നുണ്ടെങ്കിലും, രാവിലെകളിലുള്ള തിരക്ക് യാത്ര ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും വിദ്യാർത്ഥികളും സ്ഥിരം യാത്രക്കാരും വ്യക്തമാക്കുന്നു.
വിലക്കയറ്റവും വരുമാന നഷ്ടവും; സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിൽ
പദ്ധതി വൻ വിജയമാണെങ്കിലും ഇതിന്റെ മറുവശത്ത് സ്വകാര്യ ബസ് മേഖല വലിയ തകർച്ചയെയാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രിയദർശിനി ബസുകളുടെ തൊട്ടു മുൻപോ പിൻപോ ഓടുന്ന സ്വകാര്യ ബസുകളിലെ വരുമാനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പല ഉടമകളും ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ സർവീസുകൾ നിർത്തലാക്കേണ്ട അവസ്ഥയിലാണ്.
സ്വകാര്യ ബസ് ഉടമകളെ പൊതുഗതാഗത രംഗത്തെ നിക്ഷേപകരായാണ് ഗതാഗത വകുപ്പ് കാണുന്നതെന്നും അവരുടെ പ്രശ്നങ്ങൾ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഗതാഗത മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിയും സ്വകാര്യ ബസ് ഉടമകളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ സമരത്തിൽ നിന്നും തൽക്കാലം പിൻവാങ്ങാമെന്ന നിലപാടിലേക്ക് ബസുടകമൾ എത്തിയതൊഴിച്ചാൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഗതാഗത വകുപ്പ് സെക്രട്ടറി അനുപമ ഐ.എ.എസ്, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ഇതിന്റെ തുടർച്ചയായിട്ടാണ് മുൻ ട്രാൻസ്പോർട്ട് കമ്മീഷണർ പത്മകുമാർ ഐപിഎസ് അധ്യക്ഷനും നട്പാക് മുൻ ഡയറക്ടർ ശ്രീദേവി അംഗവുമായ അഞ്ചംഗ സമിതി രൂപീകരിച്ചത്. ഈ സമിതി കൃത്യമായി പരിശോധന നടത്തി, സ്വകാര്യ ബസുകൾ തിസന്ധി നേരിടുന്ന റൂട്ടുകൾ കണ്ടെത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് മന്ത്രി നൽകിയിട്ടുള്ള ഉറപ്പ്. എന്നാൽ ഇത് വൈകരുതെന്നും റിപ്പോർട്ട് ലഭിച്ച് നടപടിയിലേക്ക് നീങ്ങുമ്പോഴേക്കും പകുതിയിലധികം ബസുകൾ ഓട്ടം അവസാനിപ്പിക്കേണ്ട അവസ്ഥയിലെത്തുമെന്നും ബസുടകമൾ മുന്നറിയിപ്പ് നൽകിയിരുന്നു.

by Midhun HP News | Jul 15, 2026 | Latest News, കേരളം
പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ എന്നിവ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
തദ്ദേശ സ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതി വിഭാഗക്കാര്‍,പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത ഭവനരഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇ.എം.എസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ ഉന്നതികള്‍ തുടങ്ങിയവ), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഇവര്‍ അപേക്ഷയില്‍ ഈ വിവരം നല്‍കുന്നതോടൊപ്പം ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം.
1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ (പാര്‍ട്ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍ പെന്‍ഷനായവര്‍, 5000 രൂപയില്‍ താഴെ
പെന്‍ഷന്‍ വാങ്ങുന്നവര്‍, 10000 രൂപയില്‍ താഴെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒഴികെ), ആദായനികുതി ദാതാക്കള്‍,കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയിലധികമുള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ (ഏക ഉപജീവന മാര്‍ഗമായ ടാക്‌സി ഒഴികെ), കൂടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നോ പ്രതിമാസം 25000 രൂപയിലധികം വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡിന് അര്‍ഹത ഉണ്ടാകില്ല.
സംശയ നിവാരണത്തിന് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫീസുമായി ബന്ധപ്പെടാം.
by Midhun HP News | Jul 15, 2026 | Latest News, കേരളം
സംഗീത ലോകത്തേയും ആരാധകരേയും ഏറെ വേദനിപ്പിച്ച വാര്‍ത്തയായിരുന്നു ഇതിഹാസ ഗായിക എസ് ജാനകി ഇനി ഇല്ലെന്നത്. ഔദ്യോഗിക ബഹുമതിയോടെയാണ് ജാനകിയ്ക്ക് വിട ചൊല്ലിയത്. ജാനകിയമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനസാഗരമാണ് മൈസൂരിവിലേക്ക് ഒഴുകിയെത്തിയത്. കെഎസ് ചിത്രയും സുജാത മോഹനുമെല്ലാം ജാനകിയമ്മയെ കാണാനെത്തിയിരുന്നു.
അതേസമയം ജാനകിയമ്മയെ കാണാന്‍ വന്നില്ലെന്നതിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിട്ട ഗായികയാണ് ശ്വേത മോഹന്‍. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് ജാനകിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് വ്യക്തമാക്കുകയാണ് ശ്വേത മോഹന്‍. ഇളയരാജയുടെ സംഗീത പരിപാടിയുമായി ലണ്ടനിലായിരുന്നു ശ്വേത. വേദിയില്‍ ജാനകിയുടെ പാട്ട് പാടുന്ന തന്റെ വിഡിയോയും ശ്വേത പങ്കുവച്ചിട്ടുണ്ട്.

ജാനകിയുടെ പാട്ട് പാടിക്കൊണ്ടിരിക്കെ മനോവിഷമത്താല്‍ പാട്ട് മുറിഞ്ഞു പോകുന്നതിന്റേയും പിന്നാലെ ഇളയരാജ ആശ്വസിപ്പിക്കുകയും ചെയ്യുന്നതിന്‍റേയും വിഡിയോ ശ്വേത പങ്കുവച്ചിട്ടുണ്ട്. മനസ് മരവിച്ച അവസ്ഥയിലും വേദിയില്‍ ജാനകിയമ്മയുടെ പാട്ട് പാടേണ്ടി വന്നുവെന്നാണ് ശ്വേത പറയുന്നത്. ആ വാക്കുകളിലേക്ക്:
ജാനകിയമ്മയുടെ സംസ്‌കാര ചടങ്ങില്‍ എന്തുകൊണ്ട് എന്നെ കണ്ടില്ലെന്ന് നിരവധി പേര്‍ ചോദിച്ചു. കാരണം ഞാന്‍ ലണ്ടനില്‍ നടന്ന രാജ സാറിന്റെ കോണ്‍സേര്‍ട്ടിന്റെ ഭാഗമായിരുന്നു. അമ്മ നമ്മളെ വിട്ടുപോയി മണിക്കൂറുകള്‍ക്കകം സംഗീതത്തിലൂടെ അവര്‍ക്ക് ആദരം അര്‍പ്പിക്കാന്‍ സാധിച്ച അപൂര്‍വ്വം ഗ്രൂപ്പുകളിലൊന്നായി ഞങ്ങള്‍.
അവസാനമായി അവരെ ഒന്ന് കാണാനും അനുഗ്രഹം വാങ്ങാനും സാധിക്കാത്തതില്‍ എനിക്ക് എത്രത്തോളം വിഷമമുണ്ടെന്ന് ആരേയും ബോധിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അമ്മയുടെ ക്ലാസിക് ഗാനങ്ങള്‍ പാടുകയെന്ന ദൗത്യം മരവിപ്പോടെയാണ് പൂര്‍ത്തിയാകിയത്. ഓരോ വരി പാടുമ്പോഴും യാഥാര്‍ത്ഥ്യം എന്നെ വന്ന് മൂടുകയായിരുന്നു.
എല്ലാം വിശദീകരിച്ചാലേ മനസിലാക്കുകയും അംഗീകരിക്കുകയും (ഇവിടെ അംഗീകരിക്കാന്‍ വേണ്ടിയല്ല പറയുന്നത്) ചെയ്യൂവെന്ന് പറയുന്ന കാലത്ത്, ഞാന്‍ എന്തുകൊണ്ട് പോയില്ലെന്ന് ആത്മാര്‍ത്ഥമായി തന്നെ ചോദിച്ചവരോട് പറയാനുള്ളത്, അമ്മയെ ആംബുലന്‍സില്‍ വച്ച് വിഡിയോ കോളിലൂടെ ഞാന്‍ കണ്ടിരുന്നുവെന്നാണ്. അവരുടെ അനുഗ്രഹം വാങ്ങുകയും ചെയ്തു. ഞങ്ങളുടെ സുഹൃത്ത് രാമുവിലൂടെ അത് സാധ്യമാക്കിയത് അവര്‍ തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അമ്മയുടെ ഹൃദയത്തില്‍ എനിക്ക് എന്നുമൊരു ഇടമുണ്ടായിരുന്നുവെന്ന് അറിയാം. അവരെന്നും എന്റെ ഹൃദയത്തിലുണ്ടാകും. കളിയാക്കുന്ന ചോദ്യങ്ങളുമായി വന്നവരോട്, വൈകാരികമായി ഇത് വളരെ പ്രയാസമേറിയ സമയമാണെന്ന് മനസിലാക്കണം. ഇനിയും വേദനിപ്പിക്കരുത്.

by Midhun HP News | Jul 15, 2026 | Latest News, കേരളം
കോഴിക്കോട്: സ്കൂൾ രേഖകളിലോ എസ്എസ്എൽസി ബുക്കിലോ ജാതി, മതം എന്നിവയുടെ കോളങ്ങൾ പൂരിപ്പിക്കാതെ ഒഴിഞ്ഞുകിടക്കുന്നു എന്ന കാരണത്താൽ പ്രായപൂർത്തിയായ പൗരന്മാർക്ക് ജാതി, മത അല്ലെങ്കിൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നിഷേധിക്കാൻ പാടില്ലെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാനത്തെ റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഒരേ രീതിയിലുള്ള നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനത്തെ മുഴുവൻ വില്ലേജ്, താലൂക്ക് ഓഫീസുകളിലേക്കും അടിയന്തിരമായി അയക്കണമെന്നും രണ്ട് മാസത്തിനകം ഇതുമായി ബന്ധപ്പെട്ട നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

പുരോഗമന ചിന്താഗതിക്കാരായ മാതാപിതാക്കളുടെ മക്കൾ നേരിട്ട പ്രതിസന്ധി
കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പശ്ചാത്തലത്തിൽ, പുരോഗമന ചിന്താഗതിക്കാരായ മാതാപിതാക്കളും മിശ്രവിവാഹിതരായ ദമ്പതികളും തങ്ങളുടെ മക്കളെ സ്കൂളിൽ ചേർക്കുന്ന സമയത്ത് ജാതിയുടെയും മതത്തിന്റെയും കോളത്തിൽ ‘ഇല്ല’ എന്ന് മനഃപൂർവ്വം രേഖപ്പെടുത്താറുണ്ട്. ഇത് പിന്നീട് വലിയ പ്രതിസന്ധികൾക്ക് കാരണമാകുന്നുവെന്ന് കാണിച്ച് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കമ്മീഷന്റെ ഈ സുപ്രധാന വിധി. സ്കൂൾ രേഖകളിൽ ജാതിയില്ലാത്തതിനാൽ പട്ടികജാതി , പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഭാവിയിൽ ഭരണഘടനാപരമായി തങ്ങൾക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യങ്ങളും മറ്റ് അവകാശങ്ങളും റവന്യൂ അധികൃതർ നിഷേധിക്കുന്നതായി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മാതാപിതാക്കൾ ജാതി സംവരണ ആനുകൂല്യങ്ങൾ കൃത്യമായി കൈപ്പറ്റി സമൂഹത്തിൽ ഉയർന്ന പദവികളിൽ എത്തിയവരായിരിക്കും. എന്നാൽ കുട്ടികളുടെ സ്കൂൾ രേഖകളിൽ ഇത് ഇല്ലാത്തതിന്റെ പേരിൽ അവരുടെ അടുത്ത തലമുറയ്ക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത് വലിയ നീതികേടാണെന്നും ഹർജിയിൽ ആരോപിച്ചു.
പ്രായപൂർത്തിയാകുമ്പോൾ സ്വയം തീരുമാനിക്കാം
വിഷയത്തിൽ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിലേക്ക് എത്തിയത്. ഒരു കുട്ടിയുടെ എസ്എസ്എൽസി ബുക്കിൽ ജാതിയുടെയോ മതത്തിന്റെയോ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നത്, ആ കുട്ടിക്ക് പ്രായപൂർത്തിയായ ശേഷം തന്റെ മാതാപിതാക്കളുടെ ജാതിയോ മതമോ സ്വയം തെരഞ്ഞെടുക്കുന്നതിനോ അതു സംബന്ധിച്ച തീരുമാനത്തിലെത്തുന്നതിനോ യാതൊരു തരത്തിലും തടസ്സമാകുന്നില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. അതിനാൽ കൃത്യമായ അന്വേഷണങ്ങൾക്ക് ശേഷം ആവശ്യക്കാർക്ക് ഇത്തരം സർട്ടിഫിക്കറ്റുകൾ റവന്യൂ വകുപ്പ് വച്ചുതാമസിപ്പിക്കാതെ നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി.
by Midhun HP News | Jul 15, 2026 | Latest News, കേരളം
തിരുവനന്തപുരം: അതിവേഗ റെയില്‍പ്പാത സംബന്ധിച്ച് ഇടക്കാല വിദഗ്ധ സമിതി റിപ്പോര്‍ട്ട് പഠിച്ചശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇപ്പോഴത്തെ രൂപത്തില്‍ പദ്ധതി നടപ്പാക്കരുതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇ ശ്രീധരന്റെ ഫിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് സമിതി വിലയിരുത്തി. കെ റെയിലില്‍ പറ്റിയ അബദ്ധം ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹൈ സ്പീഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഡെല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതു പരിശോധിക്കാന്‍ ധനകാര്യ വിദഗ്ധന്‍, റെയില്‍വേ വിദഗ്ധന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിവര്‍ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ഗതാഗത സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഒഎസ്ഡിയും സമിതിയില്‍ അംഗമായിരുന്നു. ഹൈ സ്പീഡ് പദ്ധതി റിപ്പോര്‍ട്ട് പൂര്‍ണമായ റിപ്പോര്‍ട്ട് അല്ലെന്നാണ് അവര്‍ വിലയിരുത്തിയത്.
കൃത്യമായ സാധ്യതകള്‍, യാത്രക്കാരുടെ എണ്ണം എന്നിവ തിട്ടപ്പെടുത്താതിനാലും യാതൊരു വിധ പാരിസ്ഥിതിക പഠനവും നടത്താത്തതിനാലും ഈ രൂപത്തില്‍ പദ്ധതി ഏറ്റെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില തുടര്‍നടപടികള്‍ സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ സ്ഥലം പരിശോധന, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിജ്ഞാപനം തുടങ്ങി യാതൊരു പ്രാരംഭ നടപടികളും ഇപ്പോള്‍ ആരംഭിക്കരുതെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം, പാരിസ്ഥിതിക പഠനം തുടങ്ങിയവ നടത്താതെ, കെ റെയിലിന് പറ്റിയ അബദ്ധം ഇതില്‍ ആവര്‍ത്തിക്കരുതെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ മൂന്നു നാലു കാര്യങ്ങളില്‍ പഠനം നടത്തണമെന്ന് സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ചരക്കു ഗതാഗതം ഇല്ലാതെ യാത്രാസംവിധാനം മാത്രമാക്കുന്നത് വരുമാനത്തില്‍ സാമ്പത്തിക പ്രശ്‌നമാകുമെന്ന് സമിതി പറയുന്നു. ബദല്‍ മാര്‍ഗങ്ങള്‍ എന്താണെന്ന് സര്‍ക്കാര്‍ പഠിക്കണം. ഭൂമിയുടെ ലഭ്യത, നിലവിലുള്ളതും ഭാവിയില്‍ വികസിക്കുന്നതുമായ മെട്രോ, തുറമുഖ ഉള്‍നാടന്‍ ജലഗതാഗതവുമായുള്ള സംയോജനം എന്നിവയെക്കുറിച്ച് പഠിക്കണം എന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. സമിതി റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
by Midhun HP News | Jul 15, 2026 | Latest News, കേരളം
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ. പ്രഭാൽ പ്രതാപ് സിങ്, ചന്ദർ ഭാൻ എന്നീ നിയമ വിദ്യാർഥികളാണ് അറസ്റ്റിലായത്. ലഖ്നൗ സർവകലാശാലയിലെ വിദ്യാർഥികളാണ് ഇവർ. ഡൽഹി പൊലീസാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്.
കോടതി നടപടികൾ തടസ്സപ്പെടുത്തി, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിയിൽ തടസ്സമുണ്ടാക്കി, സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു തുടങ്ങിയ വകുപ്പുകളാണ് നിയമ വിദ്യാർഥികൾക്കെതിരെ ചുമത്തിയത്. ജൂലായ് 10-നാണ് സുപ്രീംകോടതിയിൽ കേസിനാസ്പദമായ സംഭവമുണ്ടായത്. സ്വന്തം കേസിൽ ഹാജരായ പ്രഭാൽ പ്രതാപ് സിങ്, ലഖ്നൗ എസിപിക്കെതിരേ എഫ്ഐആർ. രജിസ്റ്റർചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീംകോടതിയോട് ആക്രോശിച്ചു.

‘‘നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ’’ എന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ ചോദിച്ചു. പിന്നാലെ പ്രഭാൽ പ്രതാപ് ചീഫ് ജസ്റ്റിസിനെതിരേ അധിക്ഷേപകരമായ പരാമർശം നടത്തുകയും കൈയിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്ക് നേരെ വലിച്ചെറിയുകയുമായിരുന്നു. പ്രഭാൽ പ്രതാപിനൊപ്പമുണ്ടായിരുന്നയാളാണ് ചന്ദർ ഭാൻ. രണ്ടുപേരും യുപി സ്വദേശികളാണ്. ഈ സംഭവത്തിൽ സുപ്രീംകോടതിയിലെ സുരക്ഷാ ജീവനക്കാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

Recent Comments