ആറ്റിങ്ങലിലെ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം

ആറ്റിങ്ങലിലെ ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം

ആറ്റിങ്ങൽ.സർക്കാർ അനുവദിച്ചിട്ടുള്ള പെർമിറ്റ് തീരുമാനപ്രകാരം ചിറയിൻകീഴ്, കടക്കാവൂർ, അഞ്ചുതെങ് ഭാഗങ്ങളിൽ നിന്ന് വരുന്ന സ്വകാര്യബസ്സുകൾ ഗേൾസ് ഹൈ സ്‌കൂൾ , കച്ചേരി ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ്റ്റാന്റിൽ പ്രവേശിക്കണം. കച്ചേരി ജംഗ്ഷനിലെ സ്റ്റോപ്പും ട്രഷറിയുടെ സ്റ്റോപ്പും നിർബന്ധമായും അനുവദിക്കണം .ഹൈവേ വികസിപ്പിക്കുന്നതിന് മുമ്പ് വൺവേ ആയിരുന്ന താൽക്കാലിക സംവിധാനമാണ് പാലസ് റോഡ് വഴി വണ്ടി കടത്തിവിട്ടത് പിന്നീട് അത് വൺവേ ആക്കി. പാലസ് റോഡ് വീണ്ടും ടൂ വേ ആക്കുക .പ്രധാനപ്പെട്ട സ്കൂളുകളിലെ കുട്ടികൾ യാത്ര ചെയ്യുന്ന പാലസ് റോഡ് വഴി വലിയ വാഹനങ്ങളൂടെ യാത്ര അപകടങ്ങൾ വരുത്തുന്നതാണ്. കച്ചേരി ജംഗ്ഷനിലും ട്രഷറിയിലും ഇറങ്ങാനുള്ള യാത്രക്കാർ വളരെ ബുദ്ധിമുട്ടിലാണ് മാത്രമല്ല ഈ ഭാഗത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ്. കച്ചേരി ജംഗ്ഷനിലെയും മാർക്കറ്റ് റോഡിലെയും വ്യാപാരം പൂർണമായും നിലച്ചമട്ടിലാണ്. ഈ കാര്യങ്ങൾ കണക്കിലെടുത്ത് സർക്കാർ അനുവദിച്ച പെർമിറ്റ് പ്രകാരം കച്ചേരി ജംഗ്ഷനിലെയും ട്രഷറിയുടെയും സ്റ്റോപ്പ് നിലനിർത്തി അതുവഴി ബസ് റൂട്ട് ആക്കണമെന്നതാണു വ്യാപാരി വ്യവസായിയുടെ തീരുമാനം.
ആറ്റിങ്ങൽ വ്യാപാരഭവനിൽ വച്ച് കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ആണു തീരുമാനം. യൂണിറ്റ് പ്രസിഡൻറ് പൂജ ഇക്ബാൽ, ജനറൽ സെക്രട്ടറി കണ്ണൻചന്ദ്രാപ്രസ്സ്, ട്രഷറർ അനിൽകുമാർ അനിൽ ഏജൻസി മറ്റു വ്യാപാരികളും യോഗത്തിൽ പങ്കെടുത്തു. ഈ പരിഷ്കരണം നടപ്പിലാക്കുവാൻ അടിയന്തരമായി യോഗം വിളിച്ചു തീരുമാനമാനമാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

ഇനി സിനിമാക്കാലം: ഐഎഫ്എഫ്കെയ്ക്ക് നാളെ തിരി തെളിയും; മുഖ്യാതിഥിയായി ശബാന ആസ്മി

ഇനി സിനിമാക്കാലം: ഐഎഫ്എഫ്കെയ്ക്ക് നാളെ തിരി തെളിയും; മുഖ്യാതിഥിയായി ശബാന ആസ്മി

തിരുവനന്തപുരം: ഇരുപത്തിയൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാന ന​ഗരം ഒരുങ്ങിക്കഴിഞ്ഞു. 15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. ഡിസംബർ 13 ന് വെെകുന്നേരം അഞ്ച് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് മേളയുടെ ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ ശബാന ആസ്മിയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കും. അഭിനയരംഗത്ത് 50 വർഷം തികയ്ക്കുന്ന വേളയിലാണ് ശബാന ആസ്മിക്ക് ഐഎഫ്എഫ്എഫ്കെയുടെ ആദരം. ശബാന ആസ്മി മുഖ്യവേഷത്തിലഭിനയിച്ച അഞ്ചു സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.

അങ്കുർ (ശ്യാം ബെനഗൽ/1974), ഫയർ (ദീപ മേത്ത/1999), അർഥ് (മഹേഷ് ഭട്ട്/1982), കാന്ധാർ (മൃണാൾ സെൻ/1984), പാർ (ഗൗതം ഘോഷ്/1984) എന്നീ ചിത്രങ്ങളാണ് സെലിബ്രേറ്റിങ് ശബാന ആസ്മി എന്ന പായ്ക്കേജിൽ പ്രദർശിപ്പിക്കുന്നത്. ഐ ആം സ്റ്റില്‍ ഹിയര്‍ ആണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം.

ന്യൂനമര്‍ദ്ദം: ഇന്ന് തീവ്രമഴ, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ; ജാഗ്രത

ന്യൂനമര്‍ദ്ദം: ഇന്ന് തീവ്രമഴ, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ; ജാഗ്രത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രവും ശക്തവുമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയെ സ്വാധീനിക്കുന്നത്.

കേരള തീരങ്ങളില്‍ വെള്ളിയാഴ്ച വരെയും ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

‘ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയം’; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

‘ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയം’; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

കൊച്ചി: ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്ത്. അന്വേഷണത്തിനെതിരെ നടി സുപ്രീം കോടതിയെ സമീപിച്ചു. ഹേമ കമ്മിറ്റിയില്‍ താന്‍ നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു. നേരത്തെ നടി മാലാ പാര്‍വ്വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

ഹേമ കമ്മിറ്റി വിശ്വാസ വഞ്ചന കാണിച്ചെന്നും തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നല്‍കിയതെന്നും നടി മാലാ പാര്‍വതി പറഞ്ഞിരുന്നു. മറ്റുളളവര്‍ക്കുണ്ടായ കേട്ടറിവുകള്‍ പറഞ്ഞു. കേസിന് താല്‍പര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോര്‍ട്ടില്‍ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല. എസ്‌ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാര്‍വതി നേരത്തെ വ്യക്തമാക്കിയിരുന്നു.

മാലാ പാര്‍വതിക്കെതിരെ ഡബ്ല്യുസിസിയും രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയില്‍ നടി നല്‍കിയ ഹര്‍ജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഡബ്ല്യുസിസി അപേക്ഷ നല്‍കിയിട്ടുണ്ട്.

ചക്കുളത്ത് കാവ് പൊങ്കാല: ആലപ്പുഴയിലെ 4 താലൂക്കുകളില്‍ അവധി പ്രഖ്യാപിച്ചു

ചക്കുളത്ത് കാവ് പൊങ്കാല: ആലപ്പുഴയിലെ 4 താലൂക്കുകളില്‍ അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: ചക്കുളത്ത് കാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 13 വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു.

നായക്കുട്ടിയുമായി ബസില്‍ കയറി; യുവാക്കളും വിദ്യാര്‍ത്ഥികളുമായി വാക്കേറ്റം

നായക്കുട്ടിയുമായി ബസില്‍ കയറി; യുവാക്കളും വിദ്യാര്‍ത്ഥികളുമായി വാക്കേറ്റം

കൊല്ലം: കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടി. കൊല്ലത്തേക്ക് പോയ ബസില്‍ നായക്കുട്ടിയുമായി കയറിയ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മിലായിരുന്നു സംഘര്‍ഷമുണ്ടായത്. യുവാക്കളെ പൊലീസ് പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പുത്തൂരില്‍ നിന്നും കൊല്ലത്തേക്ക് പോയ ബസിലാണ് നായക്കുട്ടിയുമായി രണ്ടു യുവാക്കള്‍ കയറിയത്. വിദ്യാര്‍ത്ഥികളും ഒട്ടേറെ യാത്രക്കാരും അടക്കം തിരക്കുള്ള സമയമായതിനാല്‍ നായക്കുട്ടിയുമായി കയറരുതെന്ന് ബസ് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതുവകവെയ്ക്കാതെ ഇവര്‍ ബസില്‍ കയറി.

ബസില്‍ വെച്ച് നായ ബഹളം വെച്ചതോടെ തര്‍ക്കമായി. ഇതേത്തുടര്‍ന്ന് നായക്കുട്ടിയുമായി ഇറങ്ങണെന്ന് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും ആവശ്യപ്പെട്ടു. തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയിലുമെത്തുകയായിരുന്നു. യുവാക്കള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് യുവാക്കളെയും നേരിട്ടു. ബസിനുള്ളിലും പുറത്തിറങ്ങിയും പരസ്പരം ഏറ്റുമുട്ടി. നാട്ടുകാര്‍ കൂടി ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പൊലീസെത്തി യുവാക്കളെ കസ്റ്റഡിയിലെത്തു. വൈദ്യപരിശോധന അടക്കം നടത്തിയ ശേഷം ഇരുവരേയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.