സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് സർക്കാർ

സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് സർക്കാർ

സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയെ സർക്കാർ ഉദ്യോഗസ്ഥർക്ക് ധനവകുപ്പ് ഉടൻ നോട്ടീസ് നൽകും. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂർവം അപേക്ഷിച്ചത് കൊണ്ടാണോ പെൻഷൻ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കർശന നടപടികളിലേക്ക് കടക്കുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇവർ പെൻഷന് അർഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും

അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ സഹിതം തിരിച്ചുപിടിക്കാനാണ് ധനവകുപ്പിന്റെ നിർദേശം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദേശിച്ചു. അനധികൃതമായി പെൻഷൻ വാങ്ങുന്ന രണ്ട് അസി. പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരത്തെ സർക്കാർ കോളേജിലാണ് ജോലി ചെയ്യുന്നത്. ഒരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളേജിൽ ജോലി ചെയ്യുന്നു

ഹയർ സെക്കൻഡറി അധ്യാപകരായ മൂന്ന് പേർ ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. ആരോഗ്യവകുപ്പിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത് 373 പേരാണ്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗസംരക്ഷണ വകുപ്പിൽ 74 പേരും പൊതുമരാമത്ത് വകുപ്പിൽ 47 പേരും സാങ്കേതിക വകുപ്പിൽ 46 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്.

പാലക്കാട് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; പതിനഞ്ചോളം പേർക്ക് പരുക്ക്

പാലക്കാട് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; പതിനഞ്ചോളം പേർക്ക് പരുക്ക്

പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. അഞ്ചുമൂർത്തി മംഗലത്ത് വെച്ചാണ് അപകടം.

ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം. തമിഴ്‌നാട് തിരുത്തണി ഭാഗത്ത് നിന്ന് ശബരിമല ദർശനത്തിനായി പോകുകയായിരുന്ന തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

25 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

ഇടയ്‌ക്കോട് പാടശേഖരത്തിൽ ഞാറ് നടീൽ ഉദ്ഘാടനം നടന്നു

ഇടയ്‌ക്കോട് പാടശേഖരത്തിൽ ഞാറ് നടീൽ ഉദ്ഘാടനം നടന്നു

ഇടയ്‌ക്കോട് പാടശേഖരത്തിൽ ഞാറ് നടീൽ ഉദ്ഘാടനം നടന്നു. ഉദ്ഘാടനം ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ജയശ്രീ നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ് ശ്രീജ അധ്യക്ഷയായി. മുദാക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്‌ണു രവീന്ദ്രൻ, ഇടയ്‌ക്കോട് എസ് സി ബി ലിമിറ്റഡ് പ്രസിഡൻ് അഡ്വ.ദിലീപ് വി എൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.പി. നന്ദുരാജ്, മുദാക്കൽ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ജാസ്‌മി വൈ, പിരപ്പമൺകാട് പാടശേഖരസമിതി പ്രസിഡൻ്റ് സാബു വി.ആർ, പിരപ്പമൺകാട് പാടശേഖരസമിതി സെക്രട്ടറി അൻഫാർ, പേരകം റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് എം കെ പ്രസാദ്, മൈത്രി റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അബ്‌ദുൾ കഹാർ തുടങ്ങിയവർ പങ്കെടുത്തു.

സ്‌കൂള്‍ പഠന യാത്രകള്‍ വിനോദം മാത്രമാക്കുന്നു, പണമില്ലെന്ന കാരണത്താല്‍ ഒരു കുട്ടിയേയും ഒഴിവാക്കരുത്: മന്ത്രി ശിവന്‍കുട്ടി

സ്‌കൂള്‍ പഠന യാത്രകള്‍ വിനോദം മാത്രമാക്കുന്നു, പണമില്ലെന്ന കാരണത്താല്‍ ഒരു കുട്ടിയേയും ഒഴിവാക്കരുത്: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പണമില്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയേപ്പോലും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടുള്ളതല്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സ്‌കൂളുകളില്‍ പഠനയാത്രകള്‍, സ്‌കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി നടപ്പില്‍ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേല്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

സ്‌കൂള്‍ പഠനയാത്രകള്‍ വിനോദയാത്രകള്‍ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വന്‍തോതിലുള്ള തുകയാണ് ചില സ്‌കൂളുകളില്‍ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ കഴിയാതെ അവരില്‍ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാല്‍ പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

സ്‌കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാചെലവ് ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്‌മെന്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്.

സ്‌കൂളുകളില്‍ ജീവനക്കാരുടേയും വിദ്യാര്‍ഥികളുടേയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. സമ്മാനങ്ങള്‍ കൊണ്ടുവരാത്ത കുട്ടികളെ വേര്‍തിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന് സ്‌കൂള്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ഷവർമ്മ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം: ഹൈക്കോടതി

ഷവർമ്മ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം: ഹൈക്കോടതി

കൊച്ചി: ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന നിർദേശവുമായി കേരള ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

2022ല്‍ കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശവും നൽകി. അതേസമയം സംസ്ഥാനത്ത് ഷവർമ്മ കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.

സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് മാർ​ഗനിർദേശങ്ങൾ ഉൾപ്പെടെ സർക്കാർ പുറത്തിറക്കുകയും ചെയ്തിരുന്നു. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും നിർദേശിക്കുന്ന വിവിധ മാർഗനിർദേശങ്ങൾ ആരോ​ഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു.

ഉപജില്ല കലോത്സവ – ശാസ്ത്രമേള പ്രതിഭകളെ ആദരിച്ചു

ഉപജില്ല കലോത്സവ – ശാസ്ത്രമേള പ്രതിഭകളെ ആദരിച്ചു

കിളിമാനൂർ: ഉപജില്ല സ്കൂൾ കലോത്സവത്തിലും, ശാസ്ത്ര – ഗണിത ശാസ്ത്രമേളകളിലും മികച്ച വിജയം നേടിയ കിളിമാനൂർ ഗവ.എൽ.പി സ്കൂളിലെ വിദ്യാർഥി പ്രതിഭകളെ എസ്.എം.സി – പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. 

കിളിമാനൂർ ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അൻസി അധ്യക്ഷത വഹിച്ചു. കവിയും സാഹിത്യകാരനുമായ കൂടി യേല ശ്രീകുമാർ കുട്ടികളുമായി സംവദിച്ചു. എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട്, സ്കൂൾ വികസന സമിതി ചെയർമാൻ ബി.എസ് റെജി,  പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കുള്ള ആദരങ്ങൾ കുടിയേല ശ്രീകുമാർ സമ്മാനിച്ചു. സ്കൂൾ പ്രഥമാധ്യാപിക ലേഖകുമാരി സ്വാഗതവും അധ്യാപക പ്രതിനിധി കെ.സി ലാലി നന്ദിയും പറഞ്ഞു.