നവജാത ശിശുവിന് ഗുരുതര വൈകല്യം കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്‌

നവജാത ശിശുവിന് ഗുരുതര വൈകല്യം കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്‌

ആലപ്പുഴ: ഗുരുതര വൈകല്യങ്ങളോടെ ആലപ്പുഴയില്‍ നവജാത ശിശു ജനിച്ച സംഭവത്തില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ലി, ഡോ. പുഷ്പ എന്നിവര്‍ക്കെതിരെയും സ്വകാര്യ ലാബിലെ രണ്ടു ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.

നവജാത ശിശുവിന് ഗുരുതര വൈകല്യങ്ങളാണ് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല ഉള്ളത്. വായ തുറക്കുന്നില്ല. മലര്‍ത്തി കിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. ജനനേന്ദ്രിയത്തിനും കാര്യമായ വൈകല്യമുണ്ട്. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കില്‍ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ വൈകല്യം തിരിച്ചറിഞ്ഞില്ല. ഇതിനെതിരെയാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

അമ്മയുടെ പരാതിയില്‍ അന്വേഷണ മേല്‍നോട്ട ചുമതല ഡിവൈഎസ്പിക്ക് നല്‍കിയിട്ടുണ്ട്. ഗര്‍ഭകാലത്ത് കടപ്പുറം വനിത-ശിശു ആശുപത്രിയിലായിരുന്നു ചികിത്സ. പ്രസവ ശസ്ത്രക്രിയ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും. പലതവണ സ്‌കാന്‍ ചെയ്തിട്ടും ഗര്‍ഭസ്ഥ ശിശുവിന്റെ രൂപമാറ്റം കണ്ടെത്താനാകാത്തത് ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നാണ് കുടുംബം പരാതിയില്‍ ആരോപിക്കുന്നത്. ഡിഎംഒയുടെ നിര്‍ദേശപ്രകാരം, സ്‌കാനിങ് നടത്തിയ രണ്ടു ലാബുകളിലും ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്നലെ പരിശോധന നടത്തി. സ്‌കാനിങ് യന്ത്രത്തിന്റെ കാര്യക്ഷമ പരിശോധിച്ചു.

സ്‌കാന്‍ ചെയ്ത ഡോക്ടര്‍ തന്നെയാണോ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടത് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത-ശിശു ആശുപത്രി സൂപ്രണ്ടിനോട് ഡിഎംഒ നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനായി ഉടന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ഡിഎംഒ, ഗൈനക്കോളജിസ്റ്റുകള്‍, ശിശുരോഗ വിദഗ്ധര്‍ തുടങ്ങിയവര്‍ ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. കുട്ടിയുടെ അമ്മയുടെ പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ശബരിമല ഫോട്ടോ ഷൂട്ട്; 23 പൊലീസുകാര്‍ക്ക് നല്ല നടപ്പ്

ശബരിമല ഫോട്ടോ ഷൂട്ട്; 23 പൊലീസുകാര്‍ക്ക് നല്ല നടപ്പ്

ശബരിമല: ശബരിമല പതിനെട്ടാംപടിയിലെ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത 23 പൊലീസുകാരെ നല്ലനടപ്പിനു ശിക്ഷിച്ചു. നല്ലനടപ്പുപരിശീലനത്തിന് അയക്കാന്‍ എഡിജിപി എസ് ശ്രീജിത്താണ് നിര്‍ദേശം നല്‍കിയത്. കണ്ണൂര്‍ നാലാം ബറ്റാലിയനിലാണ് പരിശീലനം.

എസ്എപി ക്യാമ്പിലെ 23 പൊലീസുകാരാണ് നടയടച്ചശേഷം പതിനെട്ടാംപടിയുടെ താഴെ മുതല്‍ മുകളില്‍വരെ വരിവരിയായി നിന്ന് ഫോട്ടോയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിച്ചതോടെ ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരം സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പൊലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച ഹൈക്കോടതിയില്‍ എഡിജിപി വിശദീകരണം നല്‍കുമെന്ന് സര്‍ക്കാര് അറിയിച്ചു. ആചാര ലംഘനമാണെന്ന് അറിയില്ലായിരുന്നെന്നാണ് പൊലീസുകാരുടെ വിശദീകരണം.

തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റുന്നതിനു നല്ലനിലയില്‍ പ്രവര്‍ത്തിച്ച പൊലീസ് സംഘമാണ് ഇവരെങ്കിലും ഇത്തരം ഫോട്ടോ ഷൂട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഡിജിപി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് അച്ചടക്ക നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോ എടുത്ത പൊലീസ് ഫോട്ടോഗ്രഫറെയും തിരിച്ചു വിളിച്ചു. പതിനെട്ടാംപടിയില്‍ പൊലീസുകാര്‍ ഫോട്ടോഷൂട്ട് നടത്തിയതില്‍ ദേവസ്വം ബോര്‍ഡ് എഡിജിപിയെ അതൃപ്തി അറിയിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.

ശബരിമലയില്‍ മൊബൈല്‍ ഫോണടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ നിയന്ത്രണം ശക്തമാക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെയാണ് നടപടി. ഇനി മുതല്‍ മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ പൊലീസ് ഉള്‍പ്പെടെ ആരെയും അനുവദിക്കില്ല. മേലേ തിരുമുറ്റം, സോപാനം, മേല്‍പാലം, മാളികപ്പുറം ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും വിലക്കും.അതേ സമയം ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

കാത്തിരിപ്പ് വേണ്ട, അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ

കാത്തിരിപ്പ് വേണ്ട, അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ

കൊച്ചി: വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഇനി കാത്തിരിപ്പ് വേണ്ട. അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ നൽകുമെന്ന് മധ്യമേഖല ചീഫ് എൻജിനീയർ എം എ പ്രവീൺ അറിയിച്ചു. ഡിസംബർ ഒന്നു മുതൽ പദ്ധതി യാഥാർത്ഥ്യമാകും.വൈദ്യുതി ബോർഡ് മധ്യമേഖല വിതരണ വിഭാ​ഗത്തിന്റെ കീഴിൽ വരുന്ന തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ അപേക്ഷകർക്കായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സെൻട്രൽ ചീഫ് എൻജിനീയർ ഓഫിസിനു കീഴിലുള്ള 235 സെക്ഷൻ ഓഫിസ് സജ്ജമായതായി ബോർഡ് അറിയിച്ചു.

പാക്കേജ് കണക്ഷൻ എന്ന പേരിൽ www.kseb.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകർ പണം അടയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷകർ അടുത്തുള്ള ഇലക്ട്രിസിറ്റി ഓഫിസുമായി ബന്ധപ്പെടണം.

കേരളാ ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും

കേരളാ ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും

തിരുവനന്തപുരം: കേരളാ ബാങ്ക് ജീവനക്കാര്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ സംസ്ഥാന വ്യാപകമായി പണിമുടക്കും. കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സമരം. ബാങ്കിന്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണല്‍ ജില്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.

ജീവനക്കാരുടെ കുടിശ്ശികയായ 39 ശതമാനം ക്ഷാമ ബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് മൂന്ന് വര്‍ഷമായ ശമ്പള പരിഷ്‌ക്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ തടഞ്ഞുവെച്ച പ്രമോഷനുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരും സഹകരണ മന്ത്രിയും മാനേജ്‌മെന്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് സംഘടന അറിയിച്ചു.

സൈബര്‍ തട്ടിപ്പ്: ഏഴ് ലക്ഷത്തോളം സിം കാര്‍ഡുകള്‍ ബ്ലോക്കാക്കി

സൈബര്‍ തട്ടിപ്പ്: ഏഴ് ലക്ഷത്തോളം സിം കാര്‍ഡുകള്‍ ബ്ലോക്കാക്കി

ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഇതുവരെ 6.69 ലക്ഷം സിം കാര്‍ഡുകളും 1.32 ലക്ഷം ഇ എം ഇ ഐ നമ്പറുകളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര മന്ത്രി ബണ്ഡി സഞ്ജയ് കുമാര്‍ രാജ്യസഭയില്‍ മറുപടി നല്‍കി.

ഇതിന് പുറമെ അന്താരാഷ്ട്ര തട്ടിപ്പ് ഫോണ്‍വിളികളെ നിയന്ത്രിക്കാനും ബ്ലോക്ക് ചെയ്യാനും കമ്പനികള്‍ പ്രത്യേക സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പല രീതിയിലായി അടുത്തിടെ രാജ്യത്ത് വ്യാപകമായി സൈബര്‍ തട്ടിപ്പുകള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഒ ടി പി തട്ടിപ്പ് മുതല്‍ സൈബര്‍ അറസ്റ്റ് വരെ നീളുന്ന സൈബര്‍ ആക്രമണങ്ങളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് സർക്കാർ

സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് സർക്കാർ

സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയെ സർക്കാർ ഉദ്യോഗസ്ഥർക്ക് ധനവകുപ്പ് ഉടൻ നോട്ടീസ് നൽകും. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂർവം അപേക്ഷിച്ചത് കൊണ്ടാണോ പെൻഷൻ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കർശന നടപടികളിലേക്ക് കടക്കുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇവർ പെൻഷന് അർഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും

അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ സഹിതം തിരിച്ചുപിടിക്കാനാണ് ധനവകുപ്പിന്റെ നിർദേശം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദേശിച്ചു. അനധികൃതമായി പെൻഷൻ വാങ്ങുന്ന രണ്ട് അസി. പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരത്തെ സർക്കാർ കോളേജിലാണ് ജോലി ചെയ്യുന്നത്. ഒരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളേജിൽ ജോലി ചെയ്യുന്നു

ഹയർ സെക്കൻഡറി അധ്യാപകരായ മൂന്ന് പേർ ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. ആരോഗ്യവകുപ്പിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത് 373 പേരാണ്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗസംരക്ഷണ വകുപ്പിൽ 74 പേരും പൊതുമരാമത്ത് വകുപ്പിൽ 47 പേരും സാങ്കേതിക വകുപ്പിൽ 46 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്.