നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് പറയുന്നത് എന്തുകൊണ്ട്?; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് പറയുന്നത് എന്തുകൊണ്ട്?; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ഇത് ഒരു ആത്മഹത്യാ കേസ് അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ അന്വേഷണം നടത്തുന്ന എസ്‌ഐടി പേരിന് മാത്രമാണെന്നും തങ്ങള്‍ക്ക് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതി തന്നെ കെട്ടിച്ചമച്ച തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മറുപടി നല്‍കി. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ വാദം ഡിസംബർ 6 ന് കോടതി പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. കൂടാതെ കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ സംഘത്തോടും അന്വേഷണവുമായി ബന്ധപ്പെട്ട് സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തലവനോടും കോടതി ആവശ്യപ്പെട്ടു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഇതിന് നല്‍കിയ മറുപടിയിലാണ് കേസില്‍ അന്വേഷണം നടത്തുന്ന എസ്‌ഐടി പേരിന് മാത്രമാണെന്നും തങ്ങള്‍ക്ക് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതി തന്നെ കെട്ടിച്ചമച്ച തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചത്. ഈ അന്വേഷണ സംഘത്തെ കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കരുത്. അതില്‍ സത്യം ഉണ്ടായിരിക്കില്ല. പ്രതിക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നവിധം കെട്ടിച്ചമച്ച തെളിവുകളായിരിക്കും കുറ്റപത്രത്തില്‍ ഉണ്ടാവുക എന്നും മഞ്ജുഷ ആരോപിച്ചു. സത്യം കണ്ടെത്താന്‍ മറ്റൊരു ഏജന്‍സിയെ വെച്ച് അന്വേഷിപ്പിക്കണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു.

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കണ്ണൂര്‍ കലക്ടറേറ്റില്‍ ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നു കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇത് നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ സഹായിക്കും. നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കലക്ടറേറ്റിലെയും റെയില്‍വേ സ്റ്റേഷനിലെയും നവീന്‍ താമസിച്ച ക്വാര്‍ട്ടേഴ്സിലെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. ഇത്തരം നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താതെ കേസിലെ ഏക പ്രതിയായ പിപി ദിവ്യയെ കൃത്രിമ തെളിവ് സൃഷ്ടിക്കാന്‍ സഹായിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

‘ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യുസിസി

‘ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യുസിസി

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം. പരാതിക്കാര്‍ നേരിടുന്ന ആക്ഷേപങ്ങളും അധിക്ഷേപങ്ങളും നോഡല്‍ ഓഫീസറെ അറിയിക്കാമെന്നും ഹൈക്കോടതി. ഹേമ കമ്മറ്റിക്ക് മുന്‍പില്‍ പരാതി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയെന്നും ഒട്ടേറെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന ബഞ്ചിന് മുന്നിലാണ് ഡബ്ല്യുസിസി നിര്‍ണായകമായ വിവരങ്ങള്‍ അറിയിച്ചത്. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് ഭീഷണികള്‍ ലഭിക്കുന്നുവെന്നും അവരെ അധിക്ഷേപിക്കുന്നതും പൊതുമധ്യത്തില്‍ അപമാനിക്കുന്നതുമായ പ്രസ്താവനകളും പലരും നടത്തുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഈയൊരു സാഹചര്യത്തില്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണമെന്നാണ് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചിട്ടുള്ളത്. പ്രത്യേക അന്വേഷണസംഘത്തിനാണ് ഹൈക്കോടിതി നിര്‍ദേശം നല്‍കിയത്.

ആര്‍ക്കെങ്കിലും ഇത്തരത്തില്‍ അധിക്ഷേപങ്ങളോ, ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ അത് നോഡല്‍ ഓഫീസറെ അറിയിക്കണം. നോഡല്‍ ഓഫീസറെ നിയമിച്ച കാര്യങ്ങള്‍ പരസ്യമാക്കണമെന്നും ഹൈക്കോടതി എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഹര്‍ജി പരിഗണിക്കുന്നതിനിടെ സിനിമാനയം രൂപീകരിക്കുന്നത് എപ്പോഴാണെന്ന ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ ജനുവരിയില്‍ സിനിമ കോണ്‍ക്ലേവ് നടത്തുമെന്ന സര്‍ക്കാര്‍ അറിയിച്ചു. ഈ കോണ്‍ക്ലേവില്‍ ഷാജി എന്‍ കരുണ്‍ സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അതിനുശേഷമായിരിക്കും സിനിമാ നയത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങള്‍; ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി കുടുംബം

നവജാത ശിശുവിന് അസാധാരണ വൈകല്യങ്ങള്‍; ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി കുടുംബം

ആലപ്പുഴ: നവജാത ശിശുവിന് അസാധാരണമായ വൈകല്യങ്ങള്‍ കണ്ട സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതി. ഗര്‍ഭകാലത്ത് പലതവണ സ്‌കാന്‍ചെയ്തിട്ടും വൈകല്യം സംബന്ധിച്ച സൂചന ഡോക്ടര്‍മാര്‍ നല്‍കിയില്ലെന്ന് കുഞ്ഞിന്റെ അമ്മയുടെ പരാതി. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കെതിരെയാണ് പരാതി.

മുഖം സാധാരണ രൂപത്തിലല്ല. വായ തുറക്കില്ല, കണ്ണ് യഥാസ്ഥാനത്തല്ല, തുറക്കുന്നുമില്ല. ഹൃദയത്തിനു ദ്വാരം. ജനനേന്ദ്രിയം ഉണ്ടെങ്കിലും കാര്യമായ വൈകല്യം. കൈയും കാലും വളഞ്ഞാണ്. ചെവി കൃത്യസ്ഥാനത്തല്ല. മലര്‍ത്തിക്കിടത്തിയാല്‍ നാക്ക് ഉള്ളിലേക്കു പോകും എന്നിങ്ങനെ അസാധാരണമായ വൈകല്യങ്ങളാണ് കുട്ടിയില്‍ കണ്ടത്. ഇക്കാര്യം ചൂണ്ടികാട്ടി കുഞ്ഞിന്റെ അമ്മയായ സുറുമി (34) മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത് ഗര്‍ഭിണിയായതു മുതല്‍ കടപ്പുറം ആശുപത്രിയിലെ രണ്ട് സീനിയര്‍ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരം ഗര്‍ഭസ്ഥശിശുവിന്റെ ചലനവും ശാരീരികാവസ്ഥയും അറിയാന്‍ സ്‌കാനിങ് നടത്തി. ഡോക്ടര്‍മാര്‍ പറഞ്ഞ രണ്ടു സ്വകാര്യ ലാബുകളിലായിരുന്നു സ്‌കാനിങ്. മറ്റു പരിശോധനകളും നടത്തി. എല്ലാ നിര്‍ദേശങ്ങളും പാലിക്കുകയും മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്തു. നവംബര്‍ രണ്ടിനു ശസ്ത്രക്രിയ ചെയ്യാമെന്നും അനസ്‌തേഷ്യ ഡോക്ടറെ കാണണമെന്നും പറഞ്ഞത് തലേന്ന്. രണ്ടിനു ആശുപത്രിയില്‍ നടന്ന പരിശോധനയെ തുടര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരാണ് ഗര്‍ഭസ്ഥശിശുവിനു വൈകല്യങ്ങളുണ്ടെന്ന് അറിയിച്ചത്. ജീവനോടെ കിട്ടാന്‍ സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എട്ടിനു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് അസാധാരണ വൈകല്യങ്ങള്‍ വ്യക്തമായത്. സംഭവത്തില്‍ ആരോഗ്യമന്ത്രി, ഡിഎംഒ, എസ്പി. എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുമോ? ഹര്‍ജി ഇന്ന് വിണ്ടും ഹൈക്കോടതിയില്‍

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുമോ? ഹര്‍ജി ഇന്ന് വിണ്ടും ഹൈക്കോടതിയില്‍

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ഹര്‍ജിയില്‍ തുടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയേക്കും. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാരിന്റെയും പ്രോസിക്യൂഷന്റെയും നിലപാട് നിര്‍ണായകമാകും.

കണ്ണൂര്‍ കലക്ടറേറ്റില്‍ ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നു കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇത് നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ സഹായിക്കും. നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കലക്ടറേറ്റിലെയും റെയില്‍വേ സ്റ്റേഷനിലെയും നവീന്‍ താമസിച്ച ക്വാര്‍ട്ടേഴ്‌സിലെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. ഇത്തരം നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താതെ കേസിലെ ഏക പ്രതിയായ പി.പി.ദിവ്യയെ കൃത്രിമ തെളിവ് സൃഷ്ടിക്കാന്‍ സഹായിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; പുതിയ മാറ്റങ്ങൾ

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; പുതിയ മാറ്റങ്ങൾ

കൊച്ചി: പാസ്‌പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ ഭര്‍ത്താവും ഭാര്യയും ചേര്‍ന്നുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. പുതിയ പാസ്‌പോര്‍ട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ഇത് ആവശ്യമാണെന്ന് പുതിയ ചട്ടത്തില്‍ പറയുന്നു.

ജീവിത പങ്കാളിയുടെ പേര് നീക്കണമെങ്കില്‍ കോടതിയില്‍ നിന്നുള്ള വിവാഹ മോചന ഉത്തരവ് നല്‍കണം. ജീവിത പങ്കാളിയുടെ മരണത്തെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ടില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജീവിത പങ്കാളിയുടെ പേര് മാറ്റിച്ചേര്‍ക്കാന്‍ പുനര്‍വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റോ പുതിയ ജീവിതപങ്കാളിക്കൊപ്പമുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സമര്‍പ്പിക്കേണ്ടതാണ്.

വനിതാ അപേക്ഷകരുടെ പേരില്‍ നിന്ന് പിതാവിന്റെയോ കുടുംബത്തിന്റെയോ പേരുമാറ്റി പങ്കാളിയുടെ പേര് ചേര്‍ക്കണമെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ചേര്‍ത്ത പ്രസ്താവനയോ സമര്‍പ്പിക്കണം. മാറ്റങ്ങള്‍ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളിലും നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.

300 പവന്‍ കവര്‍ന്ന സംഭവം; വളപട്ടണത്തെ വീട്ടില്‍ തൊട്ടടുത്ത ദിവസവും കള്ളന്‍ കയറി

300 പവന്‍ കവര്‍ന്ന സംഭവം; വളപട്ടണത്തെ വീട്ടില്‍ തൊട്ടടുത്ത ദിവസവും കള്ളന്‍ കയറി

കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്ന സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍. കവര്‍ച്ച നടത്തി തൊട്ടടുത്ത ദിവസവും കള്ളന്‍ ഇതേവീട്ടില്‍ കയറിയതിന്റെസിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രണ്ടാം ദിവസവും വീട്ടില്‍ ആള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവരാണെന്നാണ് പൊലീസ് സംശയം.

കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസങ്ങളില്‍ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാള്‍ ആണെങ്കിലും ഇയാള്‍ക്ക് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വീടിന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരല്‍ അടയാളങ്ങളും കേസില്‍ നിര്‍ണായകമായേക്കും. വീട്ടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും അലമാരകള്‍ മാത്രം കൊള്ളയടിച്ച സാഹചര്യത്തിലാണ് സംഭവം ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്നത്. മൂന്നു മോഷ്ടാക്കള്‍ മതില്‍ ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

വളപട്ടണം മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടില്‍ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയര്‍ന്നത്. അഷ്‌റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. മൂന്നംഗ സംഘം എത്തി കവര്‍ച്ച നടത്തിയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. കേസില്‍ മനുഷ്യവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വര്‍ധിക്കുന്ന മോഷണ ഭീതി അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്ന് പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. വളപട്ടണം മോഷണത്തെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി.