by Midhun HP News | Nov 26, 2024 | Latest News, കേരളം
പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. ചുനങ്ങാട് കിഴക്കേതില്‍തൊടി വീട്ടില്‍ ജിഷ്ണുവിന്റെ മകന്‍ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്തു സൈക്കിള്‍ ഓടിക്കുന്നതിനിടെ കിണറില്‍ വീണാണ് അപകടം ഉണ്ടായത്.
ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കിണറ്റിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. ഇന്നു രാവിലെ പതിനൊന്നേകാലോടെയാണ് അപകടം നടന്നത്.
by Midhun HP News | Nov 26, 2024 | Latest News, കേരളം
കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്ന് കുടുംബം. ആത്മഹത്യയാണെന്ന പൊലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് കുടുംബം പറയുന്നു. നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. നവീന്‍ബാബുവിന്റെ മരണത്തില്‍ യഥാര്‍ത്ഥത്തിലുള്ള സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. അതിന് കേരള പൊലീസിന് പുറത്തുള്ള ഏജന്‍സി എന്ന നിലയില്‍ സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
നവീന്‍ബാബുവിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് ആദ്യം തന്നെ നിഗമനമായി അവതരിപ്പിച്ചത്. ഇത് കുടുംബം പൂര്‍ണമായി വിശ്വസിക്കുന്നില്ല. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയമുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ അടക്കം നിരവധി പേര്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരള പൊലീസ് അന്വേഷണം നീതിപൂര്‍വകമാകില്ല. മൊഴി രേഖപ്പെടുത്താൻ കാലതാമസമുണ്ടായി. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊലീസിന്റെ ഭാഗത്തു നിന്നും അലംഭാവമുണ്ടായിട്ടുണ്ട്. അതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണം.
മരണത്തിന് തൊട്ടു പിന്നാലെ നവീന്‍ബാബു കൈക്കൂലി വാങ്ങിയതായി വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. നവീന്‍ബാബുവിന്റെ മരണത്തിന് പിന്നാലെ പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളില്‍ അടക്കം കുടുംബത്തിന് ആക്ഷേപമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് തിടുക്കപ്പെട്ട് നടത്തിയത് സംശയം വര്‍ധിപ്പിക്കുന്നു. താനോ കുടുംബാംഗങ്ങളോ എത്തുന്നതിന് മുമ്പു തന്നെ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
നവീന്‍ബാബുവിന്റെ ബന്ധുവിനെ സാക്ഷിയാക്കി വേണമായിരുന്നു ഇന്‍ക്വസ്റ്റ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ ശരിയായ വിധത്തിലായിരുന്നില്ല നടന്നത്. ഇക്കാര്യത്തില്‍ ആരുടെയൊക്കെയോ ഏതൊക്കെയോ തലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുള്ളതായാണ് സംശയിക്കുന്നത്. യാത്രയയപ്പ് യോഗത്തിന് ശേഷം പ്രതിയായ വ്യക്തി ആരെയെല്ലാം കണ്ടു എന്ന് പരിശോധിക്കേണ്ടതുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. യാത്രയയപ്പിന് ശേഷം നവീൻബാബുവിനെ കണ്ടത് ആരൊക്കെയെന്ന് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കേസിലെ പ്രതിപ്പട്ടികയിലുള്ള ആള്‍ വളരെയധികം രാഷ്ട്രീയ സ്വാധീനമുള്ളയാളാണ്. ആ രാഷ്ട്രീയ ശക്തി അടക്കം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചേക്കും. അതിനാല്‍ കേരള പൊലീസ് അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. നവീന്‍ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന് ഒരുപാട് സംശയമുണ്ട്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടു പോകാന്‍ ഇടയുണ്ട്. തെളിവുകള്‍ കൈമോശം വന്നുപോകാതെ ഭാവിയിലേക്ക് അടക്കം സൂക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ വളരെ കൃത്യമായും സുകാര്യമായും ആഴത്തിലുമുള്ള അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
by Midhun HP News | Nov 26, 2024 | Latest News, കേരളം
ഡൽഹി: ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്ന ഹർജി സുപ്രീംകോടതി വീണ്ടും തള്ളി. തോൽക്കുമ്പോൾ മാത്രം ചിലർ ഇവിഎമ്മുകളെ പഴിചാരുകയാണെന്ന് കോടതി പരിഹസിച്ചു. ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണ്, ഇവിഎമ്മിൽ കൃത്രിമത്വം നടക്കുന്നതിനാൽ അമേരിക്ക പോലുള്ള രാജ്യങ്ങളെ പോലെ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഹർജി തള്ളിയ സുപ്രീംകോടതി തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഇവിഎമ്മുകളിൽ കൃത്രിമമില്ല, തോൽക്കുമ്പോൾ മാത്രം തട്ടിപ്പെന്ന് പറയുന്നുവെന്ന് പരിഹസിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ പേപ്പർ ബാലറ്റ് ആവശ്യം കോൺഗ്രസ് വീണ്ടും ഉയർത്തുമ്പോഴാണ് സുപ്രീംകോടതി ഈ ആവശ്യം തള്ളികളഞ്ഞത് എന്നതാണ് ശ്രദ്ധേയം.

by Midhun HP News | Nov 26, 2024 | Latest News, കേരളം
പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് പോലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ സന്നിധാനം സ്പെഷ്യൽ ഓഫീസറോട് എ ഡി ജിപി റിപ്പോർട്ട് തേടി. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പോലീസ് ബാച്ചിൽ ഉൾപ്പെട്ട പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മുപ്പതോളം പോലീസുകാർ പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് നടത്തിയ ഫോട്ടോഷൂട്ട് വിവാദമായതിനെ തുടർന്നാണ് എ ഡി ജി പി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിയുടെ താഴെ മുതൽ വരി വരിയായി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കപ്പെട്ടതോടെ ചില മാധ്യമങ്ങളും അത് ഏറ്റുപിടിച്ചു. ഇതിന് പിന്നാലെ ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും അടക്കമുള്ള ഹൈന്ദവ സംഘടനകൾ പോലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപണവുമായി രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് സംഭവം സംബന്ധിച്ച് റിപ്പോർട്ട് എ ഡി ജി പി ആവശ്യപ്പെട്ടത്.

by Midhun HP News | Nov 26, 2024 | Latest News, കേരളം
ഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി പാന്‍ കാര്‍ഡും ‘സ്മാര്‍ട്ടാക്കാന്‍’ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സാങ്കേതികവിദ്യ പരിഷ്‌കരിച്ച് പുതുക്കി അവതരിപ്പിക്കുന്ന പുതിയ പാന്‍ കാര്‍ഡ് വൈകാതെ തന്നെ ആദായ നികുതിദായകര്‍ക്ക് ലഭിക്കും. ക്യൂആര്‍ കോഡ് ഫീച്ചറോടുകൂടിയാണ് പുതിയ പാന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നികുതിദായകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാന്‍ 2.0 പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.
1435 കോടി രൂപ സാമ്പത്തിക ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് ആദായനികുതി വകുപ്പിന് അനുമതി നല്‍കിയത്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉടനീളം, ഒരു ഏകീകൃത പാന്‍ അധിഷ്ഠിത സംവിധാനം സ്ഥാപിക്കുന്നതാണ് പാന്‍ 2.0 പദ്ധതി.പാന്‍ 2.0 എന്നത് നിലവിലെ പാന്‍/ടാന്‍ 1.0 ഇക്കോ സിസ്റ്റത്തിന്റെ അപ്‌ഡേഷന്‍ ആയിരിക്കും. നികുതിദായകര്‍ക്ക് മെച്ചപ്പെട്ട ഡിജിറ്റല്‍ അനുഭവം ലഭിക്കുന്നതിനായി പാന്‍/ടാന്‍ സേവനങ്ങളുടെ സാങ്കേതികവിദ്യാ അധിഷ്ഠിത പരിഷ്‌കാരം ഇത് ഉറപ്പാക്കും. ഇതിനുപുറമെ വിവരങ്ങളുടെ (ഡേറ്റ) സ്ഥിരത ഉറപ്പാക്കല്‍, ചെലവ് ചുരക്കല്‍, കൂടുതല്‍ സുരക്ഷ ഉറപ്പാക്കല്‍ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിലവിലുള്ള പാന്‍/ടാന്‍ 1.0 പദ്ധതിയുടെ തുടര്‍ച്ചയാണ് പാന്‍ 2.0.
പുതിയ പാന്‍ കാര്‍ഡിനായി നിലവിലെ പാന്‍ നമ്പര്‍ മാറ്റേണ്ടി വരില്ലെന്ന് കേന്ദ്ര ഐടിമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ക്യൂആര്‍ കോഡ് ഫീച്ചറോടുകൂടിയ പുതിയ പാന്‍ കാര്‍ഡ് ആണ് ലഭിക്കുക. യാതൊരുവിധ ചെലവും ഈടാക്കാതെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്ത പാന്‍ ജനങ്ങളില്‍ എത്തിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

by Midhun HP News | Nov 26, 2024 | Latest News, കേരളം
ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതില്‍ അന്വേഷണത്തിന് ഹാജരാകാത്തതിനെത്തുടര്‍ന്ന് ചലച്ചിത്ര സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ ആന്ധ്രാപൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ പോയ രാം ഗോപാല്‍ വര്‍മക്കായി ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെയും കുടുംബാംഗങ്ങളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് നവംബര്‍ 11ന് മദ്ദിപ്പാട് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് മുന്നില്‍ ഹാജരാകാന്‍ രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും രാം ഗോപാല്‍ വര്‍മ ഹാജരായില്ല. വീട്ടിലും ഹൈദരാബാദിലെ ഫിലിം നഗറിലും പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഒളിവില്‍ പോയ രാംഗോപാല്‍ വര്‍മ ഡിജിറ്റലായി ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേന അറിയിച്ചിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത പ്രകാരം നിയമത്തില്‍ ഇത്തരം വ്യവസ്ഥകളുണ്ടെന്നും രാംഗോപാല്‍ വര്‍മയുടെ അഭിഭാഷകന്‍ പറഞ്ഞു.
സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ രാംഗോപാല്‍ വര്‍മ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം 25 ാം തിയതി വരെയാണ് പൊലീസ് സമയം നീട്ടി നല്‍കിയത്. പറഞ്ഞ സമയത്ത് ഹാജരാകാത്തതിനാല്‍ നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്ന് പൊലീസ് വ്യക്തമാക്കി. മഡിപ്പാട് സ്വദേശി രാമലിംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വര്‍മക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. വര്‍മയുടെ പോസ്റ്റുകള്‍ മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും സമൂഹത്തിലുള്ള നിലയെ തകര്‍ക്കുന്നുവെന്നും അവരുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് രാമലിംഗം കേസ് ഫയല്‍ ചെയ്തത്.

Recent Comments