50 ചെരാതുകളില്‍ സുവര്‍ണജൂബിലി ദീപം; ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കം

50 ചെരാതുകളില്‍ സുവര്‍ണജൂബിലി ദീപം; ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കം

തൃശൂര്‍: ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് വൈകീട്ട് തിരിതെളിയും. സംഗീതോത്സവമാരംഭിച്ചിട്ട് അമ്പതാമത്തെ വര്‍ഷമാണിത്. അതിന്റെ പ്രതീകമായി 50 ചെരാതുകളില്‍ ദീപം തെളിയിക്കും.

ചെമ്പൈ സംഗീത മണ്ഡപം ഇക്കുറി ക്ഷേത്ര ശില്‍പ്പമാതൃകയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ചെമ്പൈയുടെ ചിത്രവും പാലക്കാട് ചെമ്പൈ ഗ്രാമത്തില്‍ നിന്ന് കൊണ്ടുവന്ന തംബുരുവും വേദിയില്‍ വയ്ക്കും. വൈകീട്ട് ആറിന് മന്ത്രി ആര്‍ ബിന്ദു സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ സ്മാരക പുരസ്‌കാരം വയലിന്‍ വിദുഷി എ കന്യാകുമാരിക്ക് മന്ത്രി സമ്മാനിക്കും.

ബുധനാഴ്ച രാവിലെ ക്ഷേത്രത്തില്‍ നിന്ന് തന്ത്രി ദീപം കൊളുത്തി സംഗീതമണ്ഡപത്തിലെ നിലവിളക്കിലേക്ക് പകരും. തുടര്‍ന്ന് സംഗീതാര്‍ച്ചനകള്‍ക്ക് തുടക്കമാകും. ദിവസവും രാവിലെ ആറിന് തുടങ്ങി രാത്രി 12 വരെ നീണ്ടുനില്‍ക്കും. സ്‌പെഷ്യല്‍ കച്ചേരികള്‍ രാത്രി ആറുമുതല്‍ ഒന്‍പത് വരെയുണ്ടാകും. ആകാശവാണി റിലേ കച്ചേരികള്‍ ഡിസംബര്‍ ഏഴിന് തുടങ്ങും. രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും രാത്രി 7.35 മുതല്‍ 8.30 വരെയുമാണ് റിലേ. ഡിസംബര്‍ പത്തിനാണ് പഞ്ചരത്‌നകീര്‍ത്തനാലാപനം. ഏകാദശിദിനമായ 11ന് രാത്രി മംഗളകീര്‍ത്തനാലാപനത്തോടെ സംഗീത്സോവം കൊടിയിറങ്ങും.

തംബുരു വിളംബര ഘോഷയാത്ര

ചെമ്പൈ സംഗീതോല്‍സവത്തിന് മുന്നോടിയായുള്ള തംബുരു വിളംബര ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ തുടങ്ങും. വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം ചെമ്പൈ സ്വാമികളുടെ പാലക്കാട് കോട്ടായിലെ ഭവനത്തില്‍ നടന്നു. ചെമ്പൈ സ്വാമികള്‍ ഉപയോഗിച്ചിരുന്ന തംബുരു ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഏറ്റുവാങ്ങി. ചെമ്പൈയുടെ കുടുംബാംഗം ചെമ്പൈ സുരേഷില്‍ നിന്നാണ് തംബുരു ഏറ്റുവാങ്ങിയത്.

ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് തംബുരു വിളംബര ഘോഷയാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഗുരുവായൂരിലേക്ക് തിരിക്കും. പാലക്കാട് കോട്ടായി ജംഗ്ഷനില്‍ ആണ് സംഗീത ആസ്വാദകരുടെ ആദ്യ സ്വീകരണം. തുടര്‍ന്ന് ചെമ്പൈ സംഗീത കോളേജില്‍ എത്തുന്ന വിളംബര ഘോഷയാത്രയെ പ്രൊഫസര്‍ മനോജിന്റെ നേതൃത്വത്തില്‍ അധ്യാപകരും സംഗീത വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് സംഗീതകച്ചേരി അരങ്ങേറും. ഉച്ചയ്ക്ക് 12 മണിയോടെ തംബുരു വിളംബര ഘോഷയാത്ര ചെമ്പൈ സ്വാമികള്‍ അവസാന കച്ചേരി നടത്തിയ ഒളപ്പമണ്ണ മന വക പൂഴിക്കുന്നം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങും.

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്നുപോയി; റോഡിലേക്ക് തെറിച്ചു വീണ് സ്ത്രീ മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്നുപോയി; റോഡിലേക്ക് തെറിച്ചു വീണ് സ്ത്രീ മരിച്ചു

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു. ഏലപ്പാറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ് മരിച്ചത്. കട്ടപ്പന കുട്ടിക്കാനം ചിന്നാര്‍ നാലാംമൈലിന് സമീപമായിരുന്നു അപകടം. ബസ് വളവു തിരിയുമ്പോള്‍ ഡോര്‍ തുറന്നു പോകുകയും ബസിലുണ്ടായിരുന്ന സ്വര്‍ണമ്മ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വര്‍ണമ്മയെ നാട്ടുകാരും യാത്രക്കാരും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിമധ്യേ മരിച്ചു.

ഭര്‍ത്താവിനെതിരെ വീണ്ടും പരാതിയുമായി ‘പന്തീരാങ്കാവ്’ യുവതി; മദ്യപിച്ച് ബഹളമുണ്ടാക്കിയ രാഹുല്‍ അറസ്റ്റില്‍

ഭര്‍ത്താവിനെതിരെ വീണ്ടും പരാതിയുമായി ‘പന്തീരാങ്കാവ്’ യുവതി; മദ്യപിച്ച് ബഹളമുണ്ടാക്കിയ രാഹുല്‍ അറസ്റ്റില്‍

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ട യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചു എന്നു കാണിച്ചാണ് യുവതി പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും വകുപ്പുകള്‍ ചുമത്തുകയെന്ന് പൊലീസ് അറിയിച്ചു.

മര്‍ദ്ദനമേറ്റ ഗുരുതര പരിക്കുകളോടെ ഇന്നലെ രാത്രിയാണ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും രാഹുല്‍ മര്‍ദിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നും യുവതി പറഞ്ഞു. ഇന്നലെ പരാതി ഇല്ലെന്നു എഴുതി നല്‍കിയെങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു.

മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. എറണാകുളത്തുനിന്നു മാതാപിതാക്കൾ എത്തിയാൽ നാട്ടിലേക്കു തിരിച്ചുപോകാൻ സൗകര്യം നൽകണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതി നൽകിയ ആദ്യ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ 5 പേർക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് ഭർത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഈ വര്‍ഷം മെയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും രാഹുലും ഗുരുവായൂരില്‍ വെച്ച് വിവാഹിതരായത്. അതേമാസം 12ന് യുവതിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവതിയെ പരിക്കേറ്റ നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്നു നല്‍കിയ പരാതിയിലാണ് ഗാര്‍ഹിക പീഡനത്തിനു കേസെടുത്തത്. ഒരുമിച്ചു ജീവിക്കാൻ ഇരുവരും ഹൈക്കോടതിയിൽ നൽകിയ ഒത്തുതീർപ്പ് ഹർജിയിൽ അടുത്തിടെയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

പ്ലസ് ടു കോഴക്കേസില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി; കെ എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി തള്ളി

പ്ലസ് ടു കോഴക്കേസില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി; കെ എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ ഇഡി നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിട്ടുണ്ട്.

ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് അപ്പീല്‍ തള്ളിക്കൊണ്ട് വ്യക്തമാക്കി. വാക്കാലുള്ള പരാമര്‍ശങ്ങളല്ല, ശക്തമായ തെളിവുകളാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. 2014 ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാനായി കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് വിജിലന്‍സ് കേസ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും, തനിക്കെതിരെ തെളിവില്ലെന്നുമായിരുന്നു ഷാജിയുടെ വാദം.

എന്നാല്‍ രാഷ്ട്രീയപ്രേരിതമായ കേസ് അല്ലെന്നും ഷാജിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പാണ് ഹൈക്കോടതിയുടെ ഇടപെടലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. ജൂൺ 19നാണ് കെ എം ഷാജിക്കെതിരെ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് കണ്ടുകെട്ടിയത് ഉൾപ്പെടെ എല്ലാ നടപടികളും കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്.

തൃശൂര്‍ വാഹനാപകടം: ഡ്രൈവറുടെ ലൈസന്‍സും രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

തൃശൂര്‍ വാഹനാപകടം: ഡ്രൈവറുടെ ലൈസന്‍സും രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

തൃശൂര്‍ തൃപയാറില്‍ നടന്ന അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വണ്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവര്‍ അല്ല, ക്ലീനര്‍ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ക്ലീനര്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ല. അലക്‌സ്, ജോസ് എന്നിങ്ങനെ കണ്ണൂര്‍ സ്വദേശികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ട് പേരും ഇപ്പൊഴും മദ്യ ലഹരിയിലാണ്. രണ്ടുപേരും വാഹനമോടിച്ച സമയം മുഴുവന്‍ മദ്യപിക്കുകയായിരുന്നു.

ദൗര്‍ഭാഗ്യകരമായ സംഭവമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. അപകടത്തില്‍പ്പെട്ട മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കരുതിക്കൂട്ടിയുള്ള നരഹത്യ എന്ന് തന്നെ പറയാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡ് ബ്ലോക്ക് ചെയ്ത ബാരിക്കേഡ് തകര്‍ത്തുകൊണ്ടാണ് മദ്യപിച്ചയാള്‍ വണ്ടിയോടിച്ചു കയറുന്നത്. രണ്ട് പിഞ്ചു കുഞ്ഞുങ്ങളടക്കം, ഉറങ്ങിക്കിടന്നവരുടെ മുകളില്‍ക്കൂടിയാണ് വണ്ടി കയറിപ്പോയത് – ഗണേഷ് കുമാര്‍ പറഞ്ഞു. വണ്ടി നിര്‍ത്താതെ വിട്ടുപോകാനായിരുന്നു ശ്രമമെന്നും നാട്ടുകാരാണ് പിടിച്ചു നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.

റോഡ് സൈഡില്‍ കിടന്നുറങ്ങരുതെന്നും ഇങ്ങനെ കിടക്കുന്നവരുണ്ടെങ്കില്‍ മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെതിരെ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവരോട് പൊലീസ് മാറാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരമെന്നും മന്ത്രി പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിംഗാണ്. വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. അപകടത്തില്‍പ്പെട്ടവര്‍ക്കായി ചെയ്യാന്‍ പറ്റുന്ന സഹായം മുഖ്യമന്ത്രിയുമായി ആലോചിക്കും. തുടക്കത്തില്‍ തന്നെ മദ്യപിച്ച് വണ്ടി ഓടിച്ചത്. മുഴുവന്‍ ക്യാമറകളും പരിശോധിക്കും – ഗണേഷ് കുമാര്‍ വ്യക്തമാക്കി.

തൃശൂര്‍ – പാലക്കാട് ഭാഗങ്ങളിലുള്ള ട്രാഫിക്ക് ലംഘനങ്ങളും മദ്യപിച്ചുള്ള വാഹനമോടിക്കല്‍ പോലുള്ളവയും പരിശോധിക്കാന്‍ രാത്രികാലങ്ങളില്‍ പരിശോധന നടത്താനുള്ള തീരുമാനം ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എടുത്തിരുന്നു. അത് അടുത്തയാഴ്ചയോടെ വ്യാപകമായി നിലവില്‍ വരും.

കുട്ടിയാനയുടെ മരണവുമായി പൊരുത്തപ്പെടാനായില്ല; അമ്മയാന നിന്നത് ദിവസങ്ങളോളം

കുട്ടിയാനയുടെ മരണവുമായി പൊരുത്തപ്പെടാനായില്ല; അമ്മയാന നിന്നത് ദിവസങ്ങളോളം

ഒന്നെണീക്ക് കുഞ്ഞേ ആ അമ്മ പലകുറി ഉരുവിട്ടിരിക്കാം… തുമ്പിക്കൈ കൊണ്ട് പലവട്ടം തട്ടിനോക്കി. പലവട്ടം കാലുകൊണ്ട് ഉയര്‍ത്താന്‍ നോക്കി. നിരാശയായിരുന്നു ഫലം. തന്റെ കുഞ്ഞിന്റെ മരണവുമായി പൊരുത്തപ്പെടാനാവാതെ അതിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കസ്വാനാണ് വിഡിയോ എക്‌സില്‍ പങ്കുവെച്ചത്. മണിക്കൂറുകളല്ല, ദിവസങ്ങളോളമാണ് അമ്മയാന കുഞ്ഞിന്റെ അരികില്‍ നിന്നത്. അമ്മയാന വലിച്ചിഴച്ചും കാലുകൊണ്ടുയര്‍ത്തിമാറ്റിയും കുഞ്ഞിനെ ജീവിപ്പിക്കാന്‍ ശ്രമിച്ചതായും പര്‍വീണ്‍ കസ്വാന്‍ എക്‌സില്‍ കുറിച്ചു.