ഭരണഘടനയുടെ 75ാം വാര്‍ഷികം; ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

ഭരണഘടനയുടെ 75ാം വാര്‍ഷികം; ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും. സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി, ലോക്‌സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും. പ്രധാനമന്ത്രി, ലോക്‌സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഭരണഘടയുടെ ആമുഖം രാഷ്ട്രപതി സെന്‍ട്രല്‍ ഹാളില്‍ അംഗങ്ങള്‍ക്കായി വായിക്കും. സംസ്‌കൃതത്തിലും മറാഠിയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകള്‍ രാഷ്ട്രപതി പ്രകാശനം ചെയ്യും.

സംയുക്ത സമ്മേളനത്തില്‍ ഇന്ത്യ സഖ്യം പങ്കെടുക്കും. രാഹുല്‍ ഗാന്ധിയേയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും വേദിയിലിരുത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഭരണഘടന വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും പിരിയും. വൈകുന്നേരം നാല് മണിക്ക് സുപ്രീംകോടതിയില്‍ നടക്കുന്ന ഭരണഘടന ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.

75ാം വാര്‍ഷികത്തിന്റെ സ്റ്റാമ്പ്, നാണയ പ്രകാശനം, ഭരണഘടനയുടെ നിര്‍മാണം സംബന്ധിച്ച പുസ്തക പ്രകാശനം എന്നിവയും നടത്തും. നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാജ്യമെങ്ങുമുള്ള പരിപാടികള്‍.

ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 1800 രൂപ

ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപ; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 1800 രൂപ

രണ്ടു ദിവസത്തിനിടെ 1800 രൂപ കുറഞ്ഞ സ്വര്‍ണവില 57,000ല്‍ താഴെ എത്തി. ഇന്ന് ഒറ്റയടിക്ക് പവന് 960 രൂപയാണ് കുറഞ്ഞത്. 56,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. 7080 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇന്നലെ മുതല്‍ ഇടിയാന്‍ തുടങ്ങിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്.

14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇന്നലെ മുതല്‍ കനത്ത ഇടിവ് നേരിട്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വയനാട് പ്രത്യേക പാക്കേജ് ഉടന്‍; കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി കെവി തോമസ്

വയനാട് പ്രത്യേക പാക്കേജ് ഉടന്‍; കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി കെവി തോമസ്

വയനാട് ദുരന്തബാധിതര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പുനല്‍കിയതായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ്. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ധനമന്ത്രിക്ക് ലഭിച്ചതായും കൂടുതല്‍ സാങ്കേതിക തടസം ഉണ്ടാകില്ലെന്നും കെവി തോമസ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കേന്ദ്രസംഘത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും റിപ്പോര്‍ട്ട് കിട്ടിയതായി നിര്‍മല സീതാരാമന്‍ പറഞ്ഞിട്ടുണ്ട്. സമയബന്ധിതമായി തീരുമാനമെടുക്കും. വൈകില്ലെന്നാണ് അറിയിച്ചത്. ധനമന്ത്രിയുടെ പ്രതികാരണം ആശാവഹമാണ്’- കെവി തോമസ് പറഞ്ഞു.

വയനാട് ദുരന്തത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് കെവി തോമസിന്റെ പ്രതികരണം. പ്രധാനമന്ത്രി തിരിച്ചെത്തിയതിനു ശേഷം വയനാട് പാക്കേജ് സംബന്ധിച്ച് തീരുമാനം എടുക്കാമെന്ന് ധനമന്ത്രി ഇക്കഴിഞ്ഞ 19-ന് കൊച്ചിയില്‍ വെച്ച് അറിയിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ വയനാട്ടില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി, കൃഷി മന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രത്യേക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും ഇതുവരെ വന്നിട്ടില്ല.

അധ്യാപിക കുളത്തിൽ ചാടി ജീവനൊടുക്കി

അധ്യാപിക കുളത്തിൽ ചാടി ജീവനൊടുക്കി

യുവതി കുളത്തിൽ ചാടി ജീവനൊടുക്കി. കൊല്ലം കടയ്ക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. കടയ്ക്കൽ ഗവണ്‍മെന്‍റ് യുപി എസ്കൂളിലെ അധ്യാപികയായ ശ്രീജ (35) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കുളത്തിൽ ചാടിയ യുവതിയെ പുറത്തെടുക്കുമ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഫയര്‍ഫോഴ്സാണ് കുളത്തിൽ നിന്ന് യുവതിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. മരണ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.

അമ്മുവിന്റെ മരണം: മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ടു

അമ്മുവിന്റെ മരണം: മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥി അമ്മുവിന്റെ മരണത്തിലെ മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ട് കോടതി. 27-ാം തീയതി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി വേണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളി. മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരി​ഗണിച്ചത്.

മൂന്നു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ഇതുവരെയുള്ള അന്വേഷണത്തിൽ കോളേജ് അധികൃതർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്താനായിട്ടില്ല. മൂന്നു പ്രതികൾക്കെതിരെയും പട്ടികജാതി പീഡന നിരോധന നിയമം ചുമതത്തുന്ന കാര്യം വിശദമായ അന്വേഷണത്തിനുശേഷം തീരുമാനിക്കും. അമ്മുവിന്റെ സഹപാഠികളുടെ മൊഴി വരും ദിവസങ്ങളിൽ വിശദമായി രേഖപ്പെടുത്തും. അമ്മുവിന്റെ മൊബൈൽ ഫോണിന്റെ ഉൾപ്പെടെ ഡിജിറ്റൽ പരിശോധന ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചശേഷം ആയിരിക്കും തുടർനടപടികൾ. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന എന്നിവരാണ് കേസിലെ പ്രതികൾ.

ഇവരെ കൊട്ടാരക്കര സ്പെഷ്യൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. അതേസമയം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാറിനെ സമീപിക്കും. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എ സജീവ് എൻഎസ്എസ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്.

റോഡിന് കുറുകെ കെട്ടിയ കയറിൽ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

റോഡിന് കുറുകെ കെട്ടിയ കയറിൽ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ പ്രതിയാകും. റോഡിൽ കയർ കെട്ടിയത് യാതൊരു വിധത്തിലുളള സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന.

ഇന്നലെ വൈകുന്നേരമാണ് റോഡിന് കുറുകെ കെട്ടിയ കയറിൽ കഴുത്തു കുരുങ്ങി ആലപ്പുഴ തകഴി സ്വദേശി സെയ്ദ് മരിക്കുന്നത്. ബൈക്കിൽ കുടുംബത്തോടൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ കോൺട്രാക്ടർ, കയർ കെട്ടിയവർ ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുത്തൂർ ഗവൺമെന്റ് സ്കൂൾ വളപ്പിൽ നിന്ന മരം മുറിക്കുന്നതിനിടെയാണ് സംഭവം. ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു.

സെയ്ദിന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കും. സിയാദിൻ്റെ ഭാര്യയേയും കുട്ടികളെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു.