ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് പരിക്കേറ്റു; ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് പരിക്കേറ്റു; ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

കൊച്ചി: കൊച്ചി ട്രാഫിക് എസിപിയുടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി ഫ്രാന്‍സിസ് (78) ആണ് മരിച്ചത്.

ഈ മാസം ആദ്യം പുത്തന്‍വേലിക്കരയില്‍ വച്ചാണ് സംഭവം. എസിപി എ എ അഷ്‌റഫ് ഓടിച്ച ജീപ്പാണ് ഫ്രാന്‍സിസിനെ ഇടിച്ചുതെറിപ്പിച്ചത്. പൊലീസ് ജീപ്പില്‍ തന്നെയാണ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് ഇന്ന് രാവിലെ തൃശൂരിലെ ആശുപത്രിയിലാണ് മരിച്ചത്. ആദ്യം കൊച്ചിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ചികിത്സയുടെ ഭാഗമായാണ് തൃശൂരിലേക്ക് കൊണ്ടുപോയത്.മഴ ഉള്ള ദിവസം രാത്രിയാണ് അപകടം നടന്നത്. പള്ളിയില്‍ നിന്ന് തൊട്ടുമുന്‍പിലുള്ള വീട്ടിലേക്ക് കടക്കുന്നതിനിടെയാണ് ഫ്രാന്‍സിസ് അപകടത്തില്‍പ്പെട്ടത്. എസിപി അമിത വേഗതയിലായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്.

തൃശൂർ വാഹനാപകടം; വാഹനം ഓടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ

തൃശൂർ വാഹനാപകടം; വാഹനം ഓടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. വാഹനം ഓടിച്ചിരുന്നത് ക്ലീനറായിരുന്നു. ഇയാൾക്ക് ഡ്രൈവിങ് ലൈസൻസില്ല. സംഭവത്തിൽ കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, കണ്ണൂർ സ്വദേശി ജോസ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഡ്രൈവറായി നിശ്ചയിച്ചിരുന്ന ജോസ് മദ്യപിച്ച ശേഷം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു. തുടർന്ന് മദ്യലഹരിയിൽ അലക്സ് വാഹനം ഓടിക്കുകയായിരുന്നു. നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (ഒരു വയസ്സ്) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. ഇവർ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. ബാരിക്കേഡ് മറികടന്നു വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

വയനാട്ടില്‍ ഇടതുമുന്നണിക്ക് കനത്ത വോട്ടു ചോര്‍ച്ച; 171 ബൂത്തുകളില്‍ എല്‍ഡിഎഫിനെ പിന്തള്ളി ബിജെപി

വയനാട്ടില്‍ ഇടതുമുന്നണിക്ക് കനത്ത വോട്ടു ചോര്‍ച്ച; 171 ബൂത്തുകളില്‍ എല്‍ഡിഎഫിനെ പിന്തള്ളി ബിജെപി

കോഴിക്കോട്: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് വന്‍ വോട്ടുചോര്‍ച്ച. വയനാട്ടിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങളിലെ 171 ബൂത്തുകളില്‍ എല്‍ഡിഎഫിനെ പിന്തള്ളി ബിജെപി മുന്നണി മുന്നിലെത്തി. മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് എന്‍ഡിഎ ഇടതുമുന്നണിയെ പിന്തള്ളിയത്.

മന്ത്രി ഒ ആര്‍ കേളുവിന്റെ സ്വന്തം പഞ്ചായത്തായ തിരുനെല്ലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 241 വോട്ടിന്റെ ലീഡ് നേടി. ജില്ലയിലെ മുനിസിപ്പാലിറ്റിയിലോ 23 പഞ്ചായത്തുകളിലോ എല്‍ഡിഎഫിന് മുന്നേറ്റമുണ്ടാക്കാനായില്ല. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 14,315 വോട്ടുകളുടെ ലീഡ് നേടി. ബിജെപിയുടെ നവ്യ ഹരിദാസ് 4,217 വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി.

മണ്ഡലത്തിലെ 104-ാം ബൂത്തില്‍ എല്‍ഡിഎഫ് നേടിയ 81 വോട്ടിനെ മറികടന്ന് എന്‍ഡിഎ 135 വോട്ടിന്റെ ലീഡ് നേടി. പതിനായിരത്തോളം വോട്ടുകള്‍ പോള്‍ ചെയ്യപ്പെടാതെ ശേഷിച്ച ഇവിടെ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പൂതാടിയില്‍ 10,116 വോട്ടുകള്‍ക്ക് യുഡിഎഫ് ആധിപത്യം നേടിയപ്പോള്‍ എന്‍ഡിഎയും ശക്തമായ സാന്നിധ്യം അറിയിച്ചു. എല്‍ഡിഎഫ് 3,810 വോട്ടുകള്‍ മാത്രം നേടിയപ്പോള്‍, ഇടതുമുന്നണിയേക്കാള്‍296 വോട്ട് അധികമായി, 4106 വോട്ടുകളാണ് എന്‍ഡിഎയുടെ നവ്യ ഹരിദാസ് കരസ്ഥമാക്കിയത്.പുല്‍പ്പള്ളിയിലും സമാനമായ രീതിയായിരുന്നു. യുഡിഎഫ് 9,542 വോട്ടിന് മുന്നിലെത്തിയപ്പോള്‍, എന്‍ഡിഎ 3,118 വോട്ടു നേടി. ഇടതുമുന്നണിക്ക് 2,921 വോട്ടുമാത്രമാണ് ലഭിച്ചത്. മന്ത്രി ഒ ആര്‍ കേളുവിന്റെ മണ്ഡലമായ മാനന്തവാടിയില്‍ 39 ബൂത്തുകളില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കല്‍പ്പറ്റയില്‍ 35 ബൂത്തുകളില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായി. മണ്ഡലത്തിലെ വലിയ വോട്ടു ചോര്‍ച്ച ഇടതുമുന്നണിക്കുള്ളിലും അസ്വാരസ്യങ്ങള്‍ക്ക് വഴി വെച്ചേക്കാം. ഇടതുമുന്നണി പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി അഭിപ്രായപ്പെട്ടിരുന്നു.

പന്തീരാങ്കാവ് ‘ഗാര്‍ഹിക പീഡന കേസ്’; യുവതി പരിക്കുകളോടെ വീണ്ടും ആശുപത്രിയില്‍

പന്തീരാങ്കാവ് ‘ഗാര്‍ഹിക പീഡന കേസ്’; യുവതി പരിക്കുകളോടെ വീണ്ടും ആശുപത്രിയില്‍

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലുള്‍പ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് രാഹുല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെ യുവതിക്കൊപ്പം നിര്‍ത്തി രാഹുല്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും മര്‍ദിച്ചെന്നും തലത്തും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.

എന്നാല്‍ തനിക്ക് പരാതിയില്ലെന്നും അച്ഛനും അമ്മയും വന്നാല്‍ പോകാന്‍ അനുവദിക്കണമെന്നും രാത്രി പതിനൊന്നു മണിയോടെ ആശുപത്രിയിലെത്തിയ പന്തീരാങ്കാവ് പൊലീസിന് ഇവര്‍ എഴുതി നല്‍കി. പന്തീരാങ്കാവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ സഹായിക്കണമെന്നും പൊലീസിനോട് യുവതി ആവശ്യപ്പെട്ടു. ഫറോഖ് അസിസ്റ്റന്റ് കമ്മീഷണര്‍ എ എം സിദ്ദിഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. യുവതിയുടെ മാതാപിതാക്കളേയും പൊലീസ് വിവരമറിയിച്ചു.

ഈ വര്‍ഷം മെയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും രാഹുലും ഗുരുവായൂരില്‍ വെച്ച് വിവാഹിതരായത്. അതേമാസം 12ന് യുവതിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവതി ക്രൂരമായ ഗാര്‍ഹിക പീഡനത്തിനിരയായെന്നായിരുന്നു കേസ്. അന്വേഷണം നടക്കുന്നതിനിടയില്‍ രാഹുല്‍ വിദേശത്തേയ്ക്ക് കടന്നിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടയില്‍ ഭര്‍ത്താവിനനുകൂലമായി യുവതി മൊഴി നല്‍കുകയും ഹൈക്കോടതി കേസ് റദ്ദാക്കുകയുമായിരുന്നു.

ന്യൂനമര്‍ദ്ദം അതിതീവ്രമാകും; കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ

ന്യൂനമര്‍ദ്ദം അതിതീവ്രമാകും; കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ തീവ്രന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ അതിതീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരള തീരത്ത് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള തീവ്രന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ അതിതീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് തുടര്‍ന്നുള്ള രണ്ടു ദിവസത്തില്‍ തമിഴ്‌നാട്- ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശബരിമലയില്‍ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും വേണ്ട; വിലക്കി ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഓരോ ദിവസവും പൂവുകള്‍ മാറ്റണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

കരാറുകാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡും ശബരിമല സ്‌പെഷല്‍ കമ്മീഷണറും കോടതിയെ അറിയിച്ചു. അപ്പം, അരവണ അടക്കമുള്ള പ്രസാദവിതരണത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയെ സ്വമേധയാ കക്ഷിചേര്‍ത്തു. പഴകിയ എണ്ണ പിടിച്ചെടുത്ത, പാണ്ടിത്താവളത്തെ ഹോട്ടലിന് 5000 രൂപയും കാലാവധി കഴിഞ്ഞ ഗരംമസാല സൂക്ഷിച്ച ഹോട്ടലിന് 10,000 രൂപയും പിഴയിട്ടതായി അധികൃതര്‍ കോടതിയെ അറിയിച്ചു.

അനധികൃത ലബോറട്ടറികളുടെ മൊബൈല്‍ യൂണിറ്റുകള്‍ നിലക്കലില്‍ പ്രവര്‍ത്തിക്കുന്ന സംഭവത്തില്‍ ഇടപെട്ട കോടതി നിലക്കല്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റും പൊലീസും ദേവസ്വം വിജിലന്‍സും ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദേശം നല്‍കി. പമ്പ ഹില്‍ടോപ്പില്‍ പത്തിലധികം കെഎസ്ആര്‍ടിസി ബസുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ല പൊലീസ് മേധാവിയോട് കോടതി നിര്‍ദേശിച്ചു. 24 മണിക്കൂറിലധികം പാര്‍ക്കിങ്ങില്‍ തുടരാന്‍ കാറുകളടക്കം വാഹനങ്ങളെ അനുവദിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.