ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; പണിതീരാത്ത പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് വീണു, മൂന്ന് മരണം

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; പണിതീരാത്ത പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് വീണു, മൂന്ന് മരണം

ലഖ്‌നോ: ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്ത മൂവര്‍സംഘം പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു. കാര്‍ യാത്രക്കാരായ മെയിന്‍പുരി സ്വദേശി കൗശല്‍കുമാര്‍, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാര്‍, അമിത് കുമാര്‍ എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ പണിതീരാത്ത പാലത്തില്‍ ശനിയാഴ്ച രാത്രി ആയിരുന്നു അപകടം.

ബറെയ്‌ലിയെയും ബദാവൂന്‍ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് അപകടം. മണല്‍ത്തിട്ടയില്‍ വീണ കാര്‍ തകര്‍ന്നനിലയില്‍ ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് കണ്ടത്. കാറിനകത്ത് മൂന്നുപേരെ മരിച്ച നിലയിലും കണ്ടെത്തി.

ദതാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിള്‍ മാപ് ഉപയോഗിച്ച് വഴിനോക്കിയാണ് പോയിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവര്‍ക്ക് അറിയാന്‍ സാധിച്ചില്ല. വേഗതയില്‍ വന്ന കാര്‍ പാലം അവസാനിക്കുന്നിടത്ത് നിര്‍ത്താന്‍ ഡ്രൈവര്‍ക്കും കഴിഞ്ഞില്ല. ഇതോടെ, പാലത്തില്‍ നിന്ന് 25 അടി താഴേക്ക് വീണ് മൂവരും മരിക്കുകയായിരുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന പാലം 2022ലെ പ്രളയത്തില്‍ തകര്‍ന്നുപോയിരുന്നു. പാലത്തിന്റെ പുനര്‍നിര്‍മാണം തുടങ്ങിയെങ്കിലും പണി പൂര്‍ത്തിയായിരുന്നില്ല.

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

ഇടുക്കി: അച്ഛനും മകനും ചേര്‍ന്ന് നടത്തിയ മോഷണത്തില്‍ മകന്‍ പൊലീസ് പിടിയില്‍. ഇടുക്കി ശാന്തന്‍പാറയില്‍ മൂന്ന് ലക്ഷം രൂപയുടെ ഏലക്ക മോഷ്ടിച്ച കേസില്‍ കാമാക്ഷി വിബിനാണ് പിടിയിലായത്. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു എന്നറിയപ്പെടുന്ന ബിജുവിനായുള്ള അന്വേഷണത്തിലാണ് പൊലീസ്.

അണക്കര സ്വദേശിയുടെ ഉടമസ്ഥതയില്‍ ശാന്തന്‍പാറ പേത്തൊട്ടി ഭാഗത്തുള്ള ഏലം സ്റ്റോറില്‍ നിന്നാണ് മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. സ്റ്റോറിന്റെ പൂട്ട് പൊളിച്ചാണ് ബിജുവും മകന്‍ വിബിനും ചേര്‍ന്ന് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

ശാന്തന്‍പാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ സംശയകരമായ സാഹചര്യത്തില്‍ ഒരാള്‍ ഓട്ടം വിളിച്ചു. പേത്തൊട്ടിയില്‍ നിന്നും ഏലക്ക കൊണ്ടുപോകാനാണെന്ന് പറഞ്ഞതിനാല്‍ ജോയി ഓട്ടം പോയില്ല. സംഭവത്തില്‍ സംശയം തോന്നിയ ജോയി ഇക്കാര്യം ശാന്തന്‍പാറ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് പേത്തൊട്ടിയിലേക്ക് പോകുന്നതിനിടെ റോഡില്‍ വച്ച് വിബിന്‍ ബൈക്കില്‍ ഒരു ചാക്ക് ഏലക്കയുമായി വരുന്നത് കണ്ടു. പൊലീസിനെ കണ്ടയുടന്‍ വിബിന്‍ ബൈക്ക് മറിച്ചിട്ട് ശേഷം ഏലത്തോട്ടത്തിലേക്ക് ഓടിപ്പോയി.

ഇയാള്‍ ഉപേക്ഷിച്ചു പോയ ബാഗില്‍ നിന്നുമാണ് പ്രതിയുടെ പേരും വിലാസവും പൊലീസിന് ലഭിച്ചത്.ബാഗില്‍ ഉണ്ടായിരുന്ന വാഹന വില്‍പന കരാറില്‍ വിബിന്റെ ഫോണ്‍ നമ്പറുണ്ടായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അടിമാലി ഭാഗത്തേക്കുള്ള വാഹനത്തില്‍ ഇയാള്‍ സഞ്ചരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം വെള്ളത്തൂവല്‍ പവര്‍ഹൗസ് ഭാഗത്ത് വച്ച് ബസില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന ബിജു ഓടി രക്ഷപെടുകയായിരുന്നു.

മദ്യപിച്ച് അമിത വേ​ഗത്തിൽ കാറോടിച്ചു; നടൻ ​ഗണപതിക്ക് എതിരെ കേസ്

മദ്യപിച്ച് അമിത വേ​ഗത്തിൽ കാറോടിച്ചു; നടൻ ​ഗണപതിക്ക് എതിരെ കേസ്

കൊച്ചി: മദ്യ ലഹരിയിൽ അമിത വേ​ഗത്തിൽ കാറോടിച്ച സംഭവത്തിൽ നടൻ ​ഗണപതി അറസ്റ്റിൽ. കളമശ്ശേരി പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് നടനെ ജാമ്യത്തിൽ വിട്ടു.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആലുവയിൽ നിന്നു അമിത വേ​ഗത്തിലെത്തിയ കാർ കളമശ്ശേരി വച്ച് പൊലീസ് തടയുകയായിരുന്നു. പരിശോധനയ്ക്ക് പിന്നാലെയാണ് താരത്തെ കസ്റ്റഡിയിൽ എടുത്തത്.

ശബരിമലയില്‍ ഒന്‍പത് ദിവസത്തിനിടെ 41.64 കോടി വരുമാനം; ദര്‍ശനം നടത്തിയത് 6,12,290 പേര്‍

ശബരിമലയില്‍ ഒന്‍പത് ദിവസത്തിനിടെ 41.64 കോടി വരുമാനം; ദര്‍ശനം നടത്തിയത് 6,12,290 പേര്‍

ശബരിമല: ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വരുമാനത്തില്‍ വര്‍ധനവുണ്ടായതായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. മണ്ഡലം – മകരവിളക്ക് മഹോത്സവത്തിനായി ഇത്തവണ നട തുറന്ന് ഒന്‍പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ 41,64,00,065 രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതു മുന്‍ വര്‍ഷത്തേക്കാള്‍ 13,33,79,701 രൂപ കൂടുതലാണെന്നും പിഎസ് പ്രശാന്ത് അറിയിച്ചു.

വൃശ്ചികം ഒന്നു മുതലുള്ള 9 ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ആകെ സന്ദര്‍ശനം നടത്തിയത് 6,12,290 പേരാണെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3,03,501 തീര്‍ഥാടകര്‍ ഇത്തവണ ഇതുവരെ അധികമായെത്തിയെന്നും കണക്കുകള്‍ പറയുന്നു.

മണ്ഡലം – മകരവിളക്ക് മഹോത്സവത്തിന് ശബരിമല ദര്‍ശനത്തിന് എത്തി മടങ്ങുന്ന അയ്യപ്പഭക്തരില്‍നിന്നു ദര്‍ശനവും മറ്റ് സൗകര്യങ്ങളെയും സംബന്ധിച്ചും സംതൃപ്തമായ റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഇത് ഒരു കൂട്ടായ്മയുടെ വിജയമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള 20ലേറെ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ക്കിങ്, അടിസ്ഥാനസൗകര്യം, ശുദ്ധജലം, ലഘുഭക്ഷണം, പ്രസാദം, വഴിപാടുകള്‍, അന്നദാനം ഇവയിലെല്ലാം കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുവാന്‍ കഴിഞ്ഞത് നേട്ടമായി. പൊലീസ് ശക്തവും സുരക്ഷിതവുമായ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റമാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ദര്‍ശന സമയം കൂട്ടിയതും പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും പതിനെട്ടാം പടിയില്‍ ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതും കാരണം ഒരു മിനിറ്റില്‍ ശരാശരി 80 പേരെ പതിനെട്ടാംപടി കയറ്റാന്‍ കഴിയുന്നുണ്ട്. ഇത് തിരക്ക് ഒഴിവാക്കുന്നതില്‍ നിര്‍ണായകമായെന്ന് പിഎസ് പ്രശാന്ത് അറിയിച്ചു.

ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെ

ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 58,000ല്‍ താഴെ

കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും 58000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് 800 രൂപ കുറഞ്ഞ് വീണ്ടും 58,000ല്‍ താഴെ എത്തി. 57,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് നൂറ് രൂപയാണ് കുറഞ്ഞത്. 7200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്.

14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇന്ന് കനത്ത ഇടിവ് നേരിട്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു

ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസ്സിൽ അനിൽ നടരാജനാണ് (57) മരിച്ചത്. റിയാദിൽ നിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലെ ജോലിസ്ഥലത്ത് വെച്ച്​ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.