എറണാകുളത്ത് ഇനി എവിടെയും സൗജന്യ വൈ- ഫൈ; കെ- ഫൈ പദ്ധതി, അറിയേണ്ടതെല്ലാം

എറണാകുളത്ത് ഇനി എവിടെയും സൗജന്യ വൈ- ഫൈ; കെ- ഫൈ പദ്ധതി, അറിയേണ്ടതെല്ലാം

കൊച്ചി: എറണാകുളം ജില്ലയില്‍ 221 പൊതുയിടങ്ങളില്‍ സമീപഭാവിയില്‍ തന്നെ സൗജന്യ വൈ-ഫൈ സേവനം പ്രയോജനപ്പെടുത്താം. കേരള ഐടി മിഷന്റെ സൗജന്യ വൈ-ഫൈ സേവനം എറണാകുളം ജില്ലയില്‍ കൂടുതല്‍ മേഖലകളില്‍ ഉടനെത്തും. ഇന്റര്‍നെറ്റ് എല്ലാ പൗരന്‍മാരുടെയും അവകാശമാണ് എന്ന കേരളത്തിന്റെ പോളിസി അനുസരിച്ചാണ് കൊച്ചി നഗരത്തിലടക്കം ഫ്രീ വൈ-ഫൈ സ്‌പോട്ടുകള്‍ വ്യാപിപ്പിക്കുന്നത്.

കെ-ഫൈ എന്ന സൗജന്യ വൈ-ഫൈ പദ്ധതി വ്യാപിപ്പിക്കുകയാണ് കേരള ഐടി മിഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വരും ആഴ്ചകളില്‍ എറണാകുളം ജില്ലയില്‍ 221 ഇടങ്ങളില്‍ സൗജന്യ വൈ-ഫൈ സ്‌പോട്ടുകള്‍ പൂര്‍ത്തിയാകും. കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഈ സേവനമുണ്ടാകും. മൊബൈല്‍ ഫോണുകളിലും ലാപ്ടോപ്പുകളിലും ദിവസവും 1 ജിബി വരെ ഡാറ്റ 10 എംബിപിഎസ് വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഐടി മിഷന്‍ സൗജന്യ വൈ-ഫൈ വിഭാവനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പ്രകാരം റീച്ചാര്‍ജ് ചെയ്ത് സൗജന്യമായ ഒരു ജിബി പരിധിക്ക് ശേഷവും വൈ-ഫൈ ആക്‌സസ് ചെയ്യാം. ഒരു ഹോട്ട്-സ്‌പോട്ടില്‍ നിന്ന് ഒരേസമയം 100 പേര്‍ക്ക് വൈ-ഫൈ ആക്‌സസ് ലഭിക്കും.

ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകൂട ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, പാര്‍ക്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കോടതി, പൊതുസേവന കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിലവില്‍ ഈ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാണ്. പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പൊതുയിടങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കാന്‍ ഫോണിലോ ലാപ്ടോപ്പിലോ വൈ-ഫൈ ഓപ്ഷന്‍ ഓണാക്കി K-FI നെറ്റ്വര്‍ക്ക് സെലക്ട് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് ശേഷം തുറന്നുവരുന്ന ലാന്‍ഡിങ് പേജില്‍ 10 അക്ക മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി ജനറേറ്റ് ചെയ്യുക. ഒടിപി നല്‍കുന്നതോടെ സൗജന്യ വൈ-ഫൈ സേവനം ഫോണിലും ലാപ്ടോപ്പിലും ലഭ്യമാകും.

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

കെഎസ്ഇബി പുറത്തുവിട്ട അറിയിപ്പ് പ്രകാരം പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 1 മുതൽ ഓണ്‍ലൈനിലൂടെ മാത്രമാകും സ്വീകരിക്കുക. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതിയുടെ പുറത്താണ് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.

സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു . ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാകുന്നതാണ്.

അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാൽ ഉടൻ സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്സാപ് സന്ദേശമായി ലഭിക്കുന്നതാണ്. അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയുമെന്ന് കെഎസ്ഇബി അറിയിപ്പിൽ പറയുന്നു.

കേരളത്തില്‍ അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ്ദം നാളെയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. തുടന്നുള്ള രണ്ടു ദിവസത്തില്‍ തമിഴ്‌നാട്- ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 26, 27 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം; നാളെ മുതല്‍ അപേക്ഷിക്കാം

റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം; നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പിങ്ക് കാര്‍ഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നാളെ (നവംബര്‍ 25) രാവിലെ 11 മുതല്‍ നല്‍കാവുന്നതാണ്.

ഡിസംബര്‍ 10 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. വിലാസം: ecitizen.civilsupplieskerala.gov.in

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ പി.സി. വിഷ്ണുനാഥ് എംഎൽഎ കുഴഞ്ഞു വീണു

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ പി.സി. വിഷ്ണുനാഥ് എംഎൽഎ കുഴഞ്ഞു വീണു

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ചരിത്ര വിജയം നേടിയതിനു പിന്നാലെ നടന്ന റോഡ് ഷോയ്ക്കിടെ കോൺ​ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് കുഴഞ്ഞു വീണു. പാലക്കാട് ന​ഗരത്തിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം.

രാഹുൽ മാങ്കൂട്ടത്തിൽ, വികെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് വിഷ്ണുനാഥിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ പ്രവർത്തകരിൽ ഒരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പിസി വിഷ്ണുനാഥിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നു നേതാക്കൾ വ്യക്തമാക്കി. ഭക്ഷണം കഴിക്കാത്തതും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞു വീഴുകയായിരുന്നു.

ശബരിമലയില്‍ ഇന്നലെ ദര്‍ശനം നടത്തിയത് 87,000ലധികം പേര്‍

ശബരിമല: സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. ഇന്നലെ ദര്‍ശനം നടത്തിയത് 87,000ത്തിലധികം പേരാണ്. വിര്‍ച്വല്‍ ക്യൂ പരിധി എഴുപതിനായിരവും സ്‌പോട് ബുക്കിങ് പരിധി പതിനായിരവും ആയിരിക്കെ ഇന്നലെ ദര്‍ശനം നടത്തിയത് 87,216 പേരാണ്.

സ്‌പോട് ബുക്കിങ്ങിലൂടെ 11834 പേരാണ് ദര്‍ശനം നടത്തിയത്. 603 ഭക്തര്‍ പുല്ലുമേട് വഴിയും ദര്‍ശനത്തിനെത്തി. മണ്ഡല മഹോത്സവത്തിനായി നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ദര്‍ശനം നടത്തിയത് 5,38,313 പേരാണ്. കഴിഞ്ഞയാഴ്ചയില്‍ ഏറ്റവും അധികം പേര്‍ ദര്‍ശനം നടത്തിയത് ഇന്നലെയാണ്.