സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1080 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1080 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 1080 രൂപ കുറഞ്ഞ് പവന്‍ വില 56,680 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാം വിലയില്‍ 135 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7085 രൂപയാണ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്.

എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്; തിരുവമ്പാടി മണ്ഡലത്തിൽ മൂന്ന് ദിവസം ഡ്രൈ ഡേ

വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്; തിരുവമ്പാടി മണ്ഡലത്തിൽ മൂന്ന് ദിവസം ഡ്രൈ ഡേ

വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു. മൂന്ന് ദിവസമാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് ആറ് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന നവംബർ 13 വൈകിട്ട് ആറ് വരെ തിരുവമ്പാടി മണ്ഡലം ഉൾപ്പെടെ വയനാട് ലോക്സഭ മണ്ഡല പരിധിയിൽ ഡ്രൈ ഡേ ആയിരിക്കും. വോട്ടെണ്ണുന്ന നവംബർ 23 നും ഡ്രൈ ഡേ ആണ്.

അതേസമയം, നവംബര്‍ 13 ന് തിരുവമ്പാടി നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സ്വകാര്യ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം.

ഇത് കൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.

ചേലോടെ ചേലക്കര; കൊട്ടിക്കലാശം അവസാനിച്ചു

ചേലോടെ ചേലക്കര; കൊട്ടിക്കലാശം അവസാനിച്ചു

28 നാൾ നീണ്ടുനിന്ന തിരഞ്ഞെടുപ്പാവേഷത്തിന് ഇന്ന് കൊട്ടിക്കലാശത്തോടെ കൊടിയിറക്കം. ഇനി മറ്റന്നാൾ ചേലക്കര പോളിങ് ബൂത്തിലേക്ക്. വികസനവും ക്ഷേമവും രാഷ്ട്രീയവും ചർച്ചയായ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടർമാരുടെ മനസ് ആർക്കൊപ്പമെന്ന് വ്യക്തമാകാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.

ഏറെ ആവേശത്തോടെയായിരുന്നു ചേലക്കര ടൗണിൽ കൊട്ടിക്കലാശം നടന്നിരുന്നത്. രമ്യ ഹരിദാസിനൊപ്പം പാലക്കാട്ടെ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ കൊട്ടിക്കലാശത്തിൽ എത്തിയത് പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. ചാണ്ടി ഉമ്മനും വി കെ ശ്രീകണ്ഠനും കൊട്ടിക്കലാശത്തില്‍ രമ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. മണ്ഡലത്തിലെ മത്സരം കടുപ്പമാണെന്നാണ് ജനങ്ങളുടെ പ്രതികരണം. ഇടതുസ്ഥാനാർത്ഥി യുആര്‍ പ്രദീപിനെ ഉടനീളം അനുഗമിച്ച് കെ രാധാകൃഷ്ണന്‍ എംപിയും സജീവ സാന്നിധ്യമായി.

പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും മുന്നണികള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. വയനാട്ടിലും ചേലക്കരയിലും നാളെ നിശബ്ദ പ്രചാരണമായിരിക്കും. നവംബര്‍ 13 നാണ് വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ്. നവംബര്‍ 23 നാണ് മൂന്നിടത്തും വോട്ടെണ്ണല്‍.

ഭിന്നശേഷിക്കാരന്റെ സാഹസിക നീന്തല്‍ പ്രകടനം; കടപ്പുറത്ത് തടിച്ചു കൂടിയത് ‘ജനസാഗരം’

ഭിന്നശേഷിക്കാരന്റെ സാഹസിക നീന്തല്‍ പ്രകടനം; കടപ്പുറത്ത് തടിച്ചു കൂടിയത് ‘ജനസാഗരം’

തലശേരി: തിരയൊഴിയാത്ത മുഴപ്പിലങ്ങാട് കടലിനെയും കടലിന് സമാന്തരമായി കടപ്പുറത്ത് തടിച്ച് കൂടിയ ജനസാഗരത്തെയും സാക്ഷിനിര്‍ത്തി ഭിന്നശേഷിക്കാരനായ പി. ഷാജിനടത്തിയ സാഹസിക നീന്തല്‍ പ്രകടനം കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി മാറി. കണ്ണൂരിലെ റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ ഷാജിയും അദ്ദേഹത്തോടൊപ്പം പ്രശസ്ത അത്ലറ്റ് മറിയ ജോസും സംഘവുമാണ് നീന്തലിനിറങ്ങിയത്. മുഴുപ്പിലങ്ങാട് തെറിമ്മല്‍ ഭാഗത്ത് നിന്നും ആരംഭിച്ച മൂന്ന്കിലോമീറ്റര്‍ നീന്തി ശ്രീനാരായണ മന്ദിരം ബീച്ച് ഭാഗത്താണ് അവസാനിച്ചത്. തുടര്‍ന്ന് വൈകീട്ട് ആഴകടലില്‍ നിന്ന് ആരംഭിച്ച് കരയില്‍ അവസാനിച്ച ആഴക്കടല്‍ നീന്തലും പി ഷാജി വിജയകരമായി പൂര്‍ത്തീകരിച്ചു.

ആദ്യമായാണ് ഭിന്നശേഷിക്കാരനായ ഷാജി കടല്‍ നീന്തല്‍ നടത്തുന്നത്. ഒരു കൈ മാത്രമുള്ള ഇദ്ദേഹം അത്ഭുതകരമായാണ് നിരന്തര പരിശീലനത്തിലൂടെയാണ് നീന്തിയത്. ഷാജി കടലില്‍ നീന്തിതുടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. അഭിനന്ദന പ്രവാഹമാണ് ഷാജിയെ തേടിയെത്തുന്നത്.

കായിക മത്സരങ്ങളില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക, ലഹരി ഉപയോഗങ്ങള്‍ക്കെതിരായ സന്ദേശം പകര്‍ന്ന് നല്‍കുക, നീന്തലിന്റെ ആരോഗ്യപരമായ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, റവന്യൂ ഡിപ്പാര്‍ട്ട്മെന്റ്, ആസ്റ്റര്‍ വളണ്ടിയേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ നടത്ത പരിപാടി കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസും വൈകീട്ട് നടന്ന പരിപാടി കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍ സായി കൃഷ്ണ ഐഎഎസ്സും ഉദ്ഘാടനം ചെയ്തു.

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു; രണ്ടാനച്ഛന് വധശിക്ഷ

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു; രണ്ടാനച്ഛന് വധശിക്ഷ

പത്തനംതിട്ട: പത്തനംതിട്ടയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍ (26) നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ക്രൂരമായ പീഡനത്തിനും മർദ്ദനത്തിനും ഇരയായിട്ടാണ് അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ടത്. 2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

ശരീരത്തിൽ കത്തികൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയിരുന്നു. 2021 ജൂലായ് അഞ്ചിനാണ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണസമയത്ത് പ്രതി അക്രമാസക്തനായി സ്വയം മുറിവേല്‍പ്പിച്ചിരുന്നു.

ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

പത്തനംതിട്ട: ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്കായി ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇനി അക്ഷയ കേന്ദ്രങ്ങളില്‍ പോകണ്ട. ജില്ലയിലെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. അഞ്ചു മുതല്‍ 15 വയസ് വരെയുള്ള നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്ഡേഷന്‍, ആധാറിലെ തെറ്റ് തിരുത്തല്‍, പുതിയ ആധാര്‍ എന്റോള്‍ മെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 100 അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ക്യാമ്പ് സജ്ജമാക്കുന്നത്. ജില്ലാ ഭരണ കൂടം, സംസ്ഥാന ഐടി മിഷന്‍, അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില, ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം. ഷംനാദ്, അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു എന്നിവര്‍ നേതൃത്വം നല്‍കും.