ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

പത്തനംതിട്ട: ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്കായി ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇനി അക്ഷയ കേന്ദ്രങ്ങളില്‍ പോകണ്ട. ജില്ലയിലെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. അഞ്ചു മുതല്‍ 15 വയസ് വരെയുള്ള നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്ഡേഷന്‍, ആധാറിലെ തെറ്റ് തിരുത്തല്‍, പുതിയ ആധാര്‍ എന്റോള്‍ മെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 100 അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ക്യാമ്പ് സജ്ജമാക്കുന്നത്. ജില്ലാ ഭരണ കൂടം, സംസ്ഥാന ഐടി മിഷന്‍, അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില, ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം. ഷംനാദ്, അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു എന്നിവര്‍ നേതൃത്വം നല്‍കും.

തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍; അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന് കന്നിക്കിരീടം

തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍; അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന് കന്നിക്കിരീടം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാര്‍. അത്‌ലറ്റിക്‌സില്‍ മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത്. 1935 പോയിന്റുമായാണ് തിരുവന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായത്. 848 പോയിന്റുമായി തൃശൂരും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമത്.

അത്‌ലറ്റിക്‌സില്‍ നാലുമത്സരം ബാക്കി നില്‍ക്കെയാണ് മലപ്പുറം കിരീടം ഉറപ്പിച്ചത്. 233 പോയിന്റാണ് മലപ്പുറം നേടിയത്. 189 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. അവശേഷിക്കുന്ന മത്സരങ്ങളില്‍ ഒന്നാമത് എത്തിയാലും പാലക്കാടിന് കിരീടം നേടാന്‍ കഴിയില്ല.

സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂളാണ് ഒന്നാമത്. നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ ആണ് രണ്ടാമത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ പാലക്കാടിനായിരുന്നു അത്‌ലറ്റ്ക്‌സില്‍ കിരീട നേട്ടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. കായികമേള ഇന്ന് സമാപിക്കും.

45 ദിവസം കാലാവധി, 250 രൂപയില്‍ താഴെ താരിഫ്; ബജറ്റ് പ്ലാനുമായി ബിഎസ്എന്‍എല്‍, വിശദാംശങ്ങള്‍

45 ദിവസം കാലാവധി, 250 രൂപയില്‍ താഴെ താരിഫ്; ബജറ്റ് പ്ലാനുമായി ബിഎസ്എന്‍എല്‍, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ബജറ്റ് റീച്ചാര്‍ജ് പ്ലാനുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഒന്നരമാസം കാലാവധിയുള്ള 250 രൂപയില്‍ താഴെയുള്ള പ്ലാനാണിത്. 45 ദിവസം കാലാവധിയുള്ള ഈ പ്രീപെയ്ഡ് പ്ലാനിന് 249 രൂപയാണ് താരിഫ് ആയി വരിക.

എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാതെ വിളിക്കാം. പ്രതിദിനം 100 എസ്എംഎസ് സൗജന്യമാണ്. ഈ പ്ലാന്‍ അനുസരിച്ച് പ്രതിദിനം രണ്ടു ജിബി ഡേറ്റയാണ് ലഭിക്കുക.

പ്രതിദിന ഉപഭോഗം രണ്ടു ജിബി എന്ന പരിധി കടന്നാലും 40 കെബിപിഎസ് എന്ന കുറഞ്ഞ വേഗതയിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. നൂറ് ദിവസം കാലാവധിയുള്ള 700 രൂപയില്‍ താഴെ താരിഫ് വരുന്ന മൂന്ന് പ്രീ പെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളും ബിഎസ്എന്‍എല്ലിനുണ്ട്. 699,666,397 എന്നിങ്ങനെ താരിഫ് വരുന്നതാണ് ഈ മൂന്ന് റീച്ചാര്‍ജ് പ്ലാനുകള്‍.

ശബരിമല മകരവിളക്ക്; ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം

ശബരിമല മകരവിളക്ക്; ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം

ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും.

വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ ഹിൽടോപ്പ് ,ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി കോടതി നൽകിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.

മണ്ഡല മകരവിളക്ക് മഹോത്സവകാലത്തും ഇവിടങ്ങളിൽ പാർക്കിംഗ് കോടതിയുടെ അനുവാദത്തോടെ ഏർപ്പെടുത്താൻ ശ്രമിക്കും. എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും. നിലയ്ക്കലിൽ 17 പാർക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടിൽ മൂന്ന് വിമുക്ത ഭടൻമാർ വീതം 100 ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങൾക്കായി ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

പിറന്നാള്‍ ദിനത്തിലെ വലിയ സമ്മാനം; വിമാനയാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റില്‍ മാസ്‌ക് ധരിച്ച് ധോണി

പിറന്നാള്‍ ദിനത്തിലെ വലിയ സമ്മാനം; വിമാനയാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റില്‍ മാസ്‌ക് ധരിച്ച് ധോണി

ബംഗളുരു: വിമാനയാത്രക്കിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയെയും കുടുംബത്തെയും കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് ബംഗളൂരുവില്‍ നിന്നുള്ള കുടുംബം. നാലുവയസുകാരിയായ മകളുടെ പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ട താരത്തെ കാണാന്‍ കഴിഞ്ഞത് സ്വപ്‌ന സാഷാത്കാരമാണെന്നും ഇതിലും വലിയ പിറന്നാള്‍ സമ്മാനം മകള്‍ക്ക് ലഭിക്കാനില്ലെന്നും നേത്ര ഗൗഡ എന്ന അമ്മ പറയുന്നു.

ധോനിയും കുടുംബത്തിനൊപ്പമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ധോനി മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ നാലുവയസുകാരി അടുത്തേക്ക് പോകാതെ പേടിച്ച് കരയുന്നതും ഇതുകണ്ട് ധോനിയുടെ മകള്‍ സിവ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

അടുത്ത സുഹൃത്തിനെ പോലെയാണ് ധോനിയുടെ ഭാര്യ സാക്ഷി തന്നോട് പെരുമാറിയതെന്ന് നേത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ഇതിനകം ഒന്നരക്കോടിയലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി രസകരമായ കമന്റുകളും വീഡിയോക്ക് അടിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെക്കാള്‍ പ്രായം കുറഞ്ഞ അച്ഛന്റെ ആരാധികയാവും ഈ കുഞ്ഞെന്നാവും സിവ ആലോചിക്കുന്നതെന്നും ചിലരുടെ കമന്റായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

30 ദിനം പിന്നിട്ട് മുനമ്പം റിലെ നിരാഹാര സമരം

30 ദിനം പിന്നിട്ട് മുനമ്പം റിലെ നിരാഹാര സമരം

മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലെ നിരാഹാരസമരം 30 ദിവസം പിന്നിട്ടു. മുനമ്പത്ത് ധ്രൂവികരണം നടത്തുന്നുവെന്ന പ്രചരണം തെറ്റെന്ന് പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരക്കൽ.

വഖഫ് ബോർഡിന്റെ കുടിയിറക്കൽ ഭീഷണിക്കെതിരെ പോരാട്ടം തുടരാനാണ് ഭൂ സംരക്ഷണ സമിതിയുടെ തീരുമാനം. ഇന്ന് 10 വനിതകൾ നിരാഹാരം അനുഷ്ഠിച്ചു. സമരത്തിന് ഐക്യദാർഢ്യവുമായി പാലക്കാട്‌ രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ എത്തി. പാലക്കാട്ടെ വോട്ടർമാരുടെ മനസ്സിൽ മുനമ്പം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

എന്നാൽ മതമേലദ്ധ്യക്ഷന്മാരിൽ ചിലരുടെത് ക്രിസ്തുവിന്റെ ഭാഷയല്ലന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിൻറെ വഴിക്കും പോകണമെന്നും ബിനോയ് വിശ്വം ട്വന്റി ഫോറിനോട് പറഞ്ഞു. സമരസമിതി നേതാക്കൾ ഇന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. 28 നാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതല യോഗം ചേരുക.