വീട്ടുജോലിക്കാരി വഴക്കിട്ടു, മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചുകൊന്ന് സ്യൂട്ട്കേസിലാക്കി ദമ്പതികൾ

വീട്ടുജോലിക്കാരി വഴക്കിട്ടു, മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചുകൊന്ന് സ്യൂട്ട്കേസിലാക്കി ദമ്പതികൾ

യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി തമിഴ്നാട് സേലത്ത് ഉപേക്ഷിച്ച സംഭവത്തിൽ ബംഗളൂരു സ്വദേശികളായ ദമ്പതികൾ പിടിയിൽ. വീട്ടുജോലിക്കാരിയും അകന്ന ബന്ധുവുമായ പതിനഞ്ചുകാരി സുനൈനയെയാണ് കൊലപ്പെടുത്തിയത്. വീട്ടുടമസ്ഥയായ അശ്വിനി പാട്ടീലുമായി വഴക്കിട്ട സുനൈനയെ മരക്കഷ്ണം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി, തുടർന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. കേസിൽ ഭർത്താവ് അഭിനേഷ് സാഗുവിനെയും അശ്വിനിയെയും പൊലീസ് റിമാൻഡ് ചെയ്തു.

ഒക്ടോബർ ആദ്യമാണ് സേലം അവരംഗപാളയത്ത് നിന്ന് സുനൈനയുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. റോഡിനോട് ചേർന്ന കലുങ്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ദുർഗന്ധം വന്നതോടുകൂടി സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ബാഗ് തുറന്നപ്പോഴാണ് മൃതദേഹമാണെന്ന് വ്യക്തമായത്. മൃതദേഹത്തിന് നാല് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടായിരുന്നു. പിന്നീട് പ്രതികളെ കണ്ടെത്താൻ പ്രദേശത്തെ സിസിടികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.

കോടതി വിധിയിലെ മൊഴി ശരിവെച്ച് ജില്ലാ കലക്ടര്‍

കോടതി വിധിയിലെ മൊഴി ശരിവെച്ച് ജില്ലാ കലക്ടര്‍

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള കോടതി വിധിയിലെ തന്റെ മൊഴി ശരിവെച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞതായുള്ള കോടതി വിധിയിലെ മൊഴി താന്‍ പൊലീസിന് നല്‍കിയതാണ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ പി ഗീതയുടെ റിപ്പോര്‍ട്ടിലും ഈ മൊഴിയുണ്ട്. കോടതി വിധിയില്‍ തന്റെ മൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാണ്. എന്നാല്‍ തന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ കേസില്‍ അന്വേഷണം നടക്കുകയാണ്. കൂടുതല്‍ പറയുന്നതിന് തനിക്ക് പരിമിതികള്‍ ഉണ്ട്. ഇത് ഇതിന് മുന്‍പും താന്‍ പറഞ്ഞിട്ടുള്ള കാര്യമാണെന്നും നവീന്‍ ബാബു കുറ്റസമ്മതം നടത്തിയോ എന്ന ചോദ്യത്തിന് മറുപടിയായി കലക്ടര്‍ പറഞ്ഞു. 14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിക്കുകയും അക്കാര്യം യാത്രയയപ്പു യോഗത്തില്‍ പരാമര്‍ശിക്കുമെന്നു പറയുകയും ചെയ്തപ്പോള്‍ വ്യക്തമായ തെളിവില്ലാതെ കാര്യങ്ങള്‍ പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് കലക്ടര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. കോടതി വിധിയില്‍ കലക്ടറുടെ മൊഴിയായി പറഞ്ഞിരിക്കുന്ന ഇക്കാര്യവും കലക്ടര്‍ നിഷേധിച്ചില്ല. കോടതി വിധിയില്‍ തന്റെ മൊഴിയായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് കലക്ടര്‍ ആവര്‍ത്തിച്ചു.

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34-ാം പേജിലാണ് കലക്ടറുടെ മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായുള്ള സമ്മതമാകില്ലെന്ന് വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളുകയായിരുന്നു. കലക്ടര്‍ പൊലീസിന് ഇങ്ങനെ മൊഴി നല്‍കിയ കാര്യം കോടതിയില്‍ വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ ആണ് ഉന്നയിച്ചത്.

ഭൂമിക്കടിയിൽ നിന്നും ഉ​ഗ്ര ശബ്ദം; പരിഭ്രാന്തരായി നാട്ടുകാർ, കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

ഭൂമിക്കടിയിൽ നിന്നും ഉ​ഗ്ര ശബ്ദം; പരിഭ്രാന്തരായി നാട്ടുകാർ, കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

മ​ല​പ്പു​റം: മലപ്പുറത്ത് പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉ​ഗ്ര ശബ്ദം കേട്ടതായി നാട്ടുകാർ. പോ​ത്തു​ക​ല്ലിലെ എസ്ടി കോളനി ഭാ​ഗ​ത്താ​ണ് ഭൂ​മി​ക്ക​ടി​യി​ൽ നി​ന്നും ശ​ബ്ദം കേ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ട​യാ​ണ് സം​ഭ​വം. ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​രെ ശ​ബ്ദം ഉ​ണ്ടാ​യെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ നാ​ട്ടു​കാ​ർ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി നി​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി, ബന്ധുവീടുകളിലേക്കും സ്കൂളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകൾക്ക് വിളളൽ വീണതായി പരിശോധനയിൽ കണ്ടെത്തി. അതേസമയം ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്ന് കെഎസ്ഡിഎംഎ അറിയിച്ചു. പ​രി​ഭ്ര​മി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ചനിലയില്‍

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ചനിലയില്‍

കൊച്ചി: മലയാള സിനിമയിലെ യുവ എഡിറ്റര്‍ നിഷാദ് യൂസഫ് (43)ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അദ്ദേഹം ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ഹരിപ്പാട് സ്വദേശിയാണ്. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയവയാണ് ആ ഹിറ്റ് ചിത്രങ്ങള്‍. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനിരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

‘തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞു’; കലക്ടറുടെ മൊഴി തള്ളി കോടതി

‘തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞു’; കലക്ടറുടെ മൊഴി തള്ളി കോടതി

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള കോടതി വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. തനിക്കു തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞതായി കലക്ടര്‍ അരുണ്‍ കെ വിജയന്‍ പൊലീസിന് മൊഴി നല്‍കി. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34-ാം പേജിലാണ് കലക്ടറുടെ വിവാദമായേക്കാവുന്ന മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായുള്ള സമ്മതമാകില്ലെന്ന് വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളി.

കലക്ടര്‍ പൊലീസിന് ഇങ്ങനെ മൊഴി നല്‍കിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ ആണ് ഉന്നയിച്ചത്. യാത്രയയപ്പു യോഗത്തിനു ശേഷം എഡിഎമ്മിനെ കണ്ടിരുന്നോ എന്ന് മാധ്യമങ്ങള്‍ പലവട്ടം ചോദിച്ചിരുന്നുവെങ്കിലും കലക്ടര്‍ മറുപടി നല്‍കിയിരുന്നില്ല. ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നതായി എഡിഎമ്മിന്റെ മരണശേഷം സര്‍ക്കാരിനു കലക്ടര്‍ തന്നെ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലോ കലക്ടറുടെ ഉള്‍പ്പെടെ മൊഴിയെടുത്ത് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ പി ഗീത നല്‍കിയ റിപ്പോര്‍ട്ടിലോ പറയുന്നില്ല. ഇതിനെല്ലാം ശേഷമാണ് പൊലീസ് കലക്ടറുടെ മൊഴിയെടുത്തത്.

14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിക്കുകയും അക്കാര്യം യാത്രയയപ്പു യോഗത്തില്‍ പരാമര്‍ശിക്കുമെന്നു പറയുകയും ചെയ്തപ്പോള്‍ വ്യക്തമായ തെളിവില്ലാതെ കാര്യങ്ങള്‍ പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് കലക്ടര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ദിവ്യയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തുകൊണ്ടുള്ളതാണെന്നും ദിവ്യയുടെ പ്രവൃത്തി പ്രത്യാഘാതം മനസ്സിലാക്കി തന്നെയാണെന്നും ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്നും 38 പേജുള്ള വിധിന്യായത്തില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.

എഡിഎം നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടെ പ്രസംഗം എഡിഎമ്മിനെ അപമാനിക്കാനായി ഉദ്ദേശിച്ചിട്ടുള്ളതാണ്. നവീന്‍ബാബുവിനെ വ്യക്തിഹത്യ നടത്തുക, മാനഹാനി ഉണ്ടാക്കുക ലക്ഷ്യമിട്ട് കരുതിക്കൂട്ടിയാണ് ദിവ്യ യാത്രയയപ്പ് യോഗത്തില്‍ വന്നത്. ഇതിനായി പ്രാദേശിക ചാനല്‍ കാമറാമാനെയും കൂട്ടിയാണ് യോഗത്തിനെത്തിയത്. പ്രാദേശിക ചാനലിനെ വിളിച്ച് ഷൂട്ടു ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുകൊണ്ടു വന്നതാണെന്നതിന് തെളിവാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

യാത്രയയപ്പിന് ദിവ്യ എത്തിയത് ക്ഷണിക്കാതെയാണെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തില്‍ പരിഹസിക്കാനാണ് ശ്രമിച്ചത്. സഹപ്രവര്‍ത്തകരുടെ മുന്നില്‍ നവീന്‍ബാബു അപമാനിതനായി. അഴിമതിയെക്കുറിച്ച് അറിവു ലഭിച്ചെങ്കില്‍ പൊലീസിനെയോ വിജിലന്‍സിനെയോ ആണ് അറിയിക്കേണ്ടിയിരുന്നത്. പി പി ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതി സാക്ഷികളെ സ്വാധീനിച്ചേക്കാം. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.

ദിവ്യ നിരീക്ഷണത്തിൽ ആയിരുന്നു; പൊലീസ് കസ്റ്റഡിയിലെടുത്തു: കമ്മീഷണര്‍

ദിവ്യ നിരീക്ഷണത്തിൽ ആയിരുന്നു; പൊലീസ് കസ്റ്റഡിയിലെടുത്തു: കമ്മീഷണര്‍

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍. കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് പൊലീസ് സെര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കമ്മീഷണര്‍ പറഞ്ഞു. തുടര്‍ന്ന് ദിവ്യയെ കണ്ണൂര്‍ സിറ്റി ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് കൊണ്ടുവന്നത്.

പി പി ദിവ്യയെ എവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, മറുപടി പറയാന്‍ തയ്യാറായില്ല. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ഇതിന്റെ റെലവന്‍സ് മനസ്സിലായില്ല എന്ന് കമ്മീഷണര്‍ പറഞ്ഞു. ദിവ്യ നിരീക്ഷണത്തിലായിരുന്നു. കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇറവലന്റ് ക്വസ്റ്റിയന്‍ എന്നായിരുന്നു പ്രതികരണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്താണെന്ന ചോദ്യത്തിന്, മറ്റു നടപടിക്രമങ്ങളിലൂടെ പൊലീസ് കടന്നുപോകുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലുമായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

കോടതി ഉത്തരവില്‍ പൊലീസിനെ പല തവണ അഭിനന്ദിച്ചിട്ടുണ്ട്. ഇക്കാര്യം വായിച്ചു നോക്കൂവെന്ന് കമ്മീഷണര്‍ പറഞ്ഞു. ഏതു കുറ്റം നടന്നാലും പൊലീസ് സ്വീകരിക്കുന്ന സര്‍വൈലന്‍സ് ഈ കേസിലും ഉണ്ടായിരുന്നു. കേസില്‍ കോടതി വിധി വന്ന് വളരെ പെട്ടെന്നു തന്നെ ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നും കമ്മീഷണര്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത് അടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്തതിനുശേഷം പറയാം. തുടര്‍ നടപടി ചോദ്യംചെയ്തതിനു ശേഷം തീരുമാനിക്കുമെന്നും പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു.