by Midhun HP News | Oct 30, 2024 | Latest News, കേരളം
കോഴിക്കോട്: ബര്‍മുഡ ധരിച്ച് പയ്യോളി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന്റെ പരാതി കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പരാതി. ബര്‍മുഡ ധരിച്ചത് കാരണം പൊലീസ് തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഇത് മാറ്റിവരണമെന്ന് ആവശ്യപ്പെട്ടതായും പയ്യോളി സ്വദേശിയായ യുവാവ് കോഴിക്കോട് റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ വടകര കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിയോട് കോഴിക്കോട് റൂറല്‍ എസ്പി നിര്‍ദേശിച്ചു.
ഒക്ടോബര്‍ രണ്ടിനാണ് പരാതിക്കിടയാക്കിയ സംഭവം. വാഹനാപകടവുമായി ബന്ധപ്പെട്ട ഒരു പരാതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ബര്‍മുഡ ധരിച്ചത് കാരണം പൊലീസ് തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഇത് മാറ്റി വരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. വേഷംമാറ്റിയെത്തിയ ശേഷം മാത്രമേ തന്റെ പരാതി പരിഗണിക്കാന്‍ പൊലീസ് തയ്യാറായുള്ളൂവെന്നും പരാതിയില്‍ യുവാവ് ചൂണ്ടിക്കാണിക്കുന്നു. ഇതിന് ശേഷമാണ് യുവാവ് എസ്പിയെ സമീപിച്ചത്.
by Midhun HP News | Oct 30, 2024 | Latest News, കേരളം
മലപ്പുറം: ഊര്‍ക്കടവ് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് സംശയം. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഫൊറന്‍സിസ് സംഘവും ഉടന്‍ പരിശോധന നടത്തും. ഇതിന് ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ.
ഈ കടയുടെ നടത്തിപ്പുകാരനാണ് മരിച്ച റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് പരിസരത്ത് നിരവധിപ്പേര്‍ ഉണ്ടായിരുന്നുവെങ്കിലും കടയില്‍ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.


by Midhun HP News | Oct 30, 2024 | Latest News, കേരളം
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തുന്നു. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുനരധിവാസം വൈകുന്നത് ഉൾപ്പെടെ വിഷയങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി മൂന്ന് മാസം പൂർത്തിയാകുമ്പോഴാണ് ദുരന്തബാധിതർ സമര രംഗത്ത് ഇറങ്ങുന്നത്. മൂന്ന് വാർഡുകളിലെ മുഴുവൻ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ ഉടൻ പാക്കേജ് അനുവദിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

by Midhun HP News | Oct 30, 2024 | Latest News, കേരളം
കൊച്ചി: തൃശൂർ പൂരവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സുരേഷ് ഗോപി. പൂരനഗരിയിൽ ആംബുലൻസിൽ എത്തിയതിനെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പറയാൻ സൗകര്യമില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മാധ്യമങ്ങളോട് തന്റെ വഴിയിൽ നിന്ന് മാറാനും സുരേഷ് ഗോപി പറഞ്ഞു. അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോൾ സിബിഐയെ വിളിക്കാം എന്നായിരുന്നു പരിഹാസരൂപേണയുള്ള സുരേഷ് ഗോപിയുടെ മറുപടി.
സുരേഷ് ഗോപി ആംബുലൻസിൽ പൂരനഗരിയിലെത്തിയതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിരുന്നു. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടത്. “ഒരുപാട് വിഷയങ്ങൾ കൊണ്ടുവരും. യഥാർഥ വിഷയങ്ങൾ നിങ്ങളൊരു പുന:നിശ്ചയത്തിലേക്ക് വളരെ കഠിനമായ തീരുമാനത്തിലേക്ക് കടക്കാതിരിക്കാൻ നിങ്ങൾ ചിന്തിക്കേണ്ടതായ വിഷയങ്ങൾ മുഴുവനും മൂടി വയ്ക്കാൻ വേണ്ടി പൂരം കൊണ്ടുവരും, അന്നത്തേപ്പോലെ കിരീടം ചുരണ്ടാൻ വരും. അങ്ങനെ പല വിഷയങ്ങളും മുന്നോട്ട് കൊണ്ട് വരും.

നിങ്ങളുടെ ഫോക്കസ് ഇതിൽ നിന്നും പോകരുത്. പൂരത്തെ സംബന്ധിച്ച് ഞാൻ ഇന്നലെ പറഞ്ഞത് സത്യം തന്നെയാണ്. ഇന്ന് പത്രക്കാരെല്ലാം ഓടി നടക്കുന്നുണ്ട്. ഇവിടെയും വന്നു നിൽക്കുന്നത് അതിന്റെ ബാക്കി കിട്ടാനാണ്. തരില്ല. സഖാവ് വിഎസ് പറഞ്ഞ താളത്തിൽ എനിക്ക് പറയാൻ അറിയില്ല. നിങ്ങളിനിയും കുറച്ച് നടക്ക്. പക്ഷേ സത്യം തരും അത് നിങ്ങൾക്കല്ല. നിങ്ങൾക്കൊരു വിചാരമുണ്ട്. മന്ത്രിയാണ്, നിങ്ങൾ ചോദിക്കുന്നതെല്ലാം ജനങ്ങളുടെ ചോദ്യമാണ്. നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ ജനങ്ങളുടെ ചോദ്യമാക്കി ഉന്നയിച്ച് ഞാനതിന് മറുപടി പറയണമെന്ന്. സൗകര്യമില്ല, അത്രയേ ഉള്ളൂ മറുപടി. സൗകര്യമില്ല തന്നെ.
ജനങ്ങളോട് മറുപടി പറയും, ജനങ്ങൾക്ക് വിശദീകരണം കൊടുക്കും. അത് ജനങ്ങളുടെ ചുങ്ക പണത്തിൽ നിന്ന് ശമ്പളം പറ്റുന്ന പൊലീസിനായാലും സിബിഐയ്ക്കായാലും അവർക്ക് ഞാൻ സത്യം കൊടുക്കും. ആ സത്യത്തിന് മുൻപിൽ വെറളി പൂണ്ട്, അടി പതറി മുട്ടൊടിഞ്ഞ് വീഴുന്ന ഒരു സർക്കാരിനേയും അവര് നിങ്ങളെ വഞ്ചാനപൂർവം പിന്തുണയ്ക്കുന്ന ഒരു പ്രതിപക്ഷത്തിനുമുള്ള തിരിച്ചടിയായിരിക്കും. ഇത് ബൂമാറാങ് ആകുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇത് ബൂമറാങ് ആകും”- സുരേഷ് ഗോപി പറഞ്ഞു.

by Midhun HP News | Oct 30, 2024 | Latest News, കേരളം
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്ന് കുടുംബം. മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതി അടക്കം ആരാണ് ഉണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാന്‍ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബിനാമി ഇടപാടുകള്‍ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും നവീന്റെ കുടുംബം ആവശ്യപ്പെടുന്നു.
ദിവ്യയ്ക്കു പുറമേ, ആരോപണം ഉന്നയിച്ച പ്രശാന്തനെ കൂടി പ്രതിചേര്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും, പൊലീസ് പ്രശാന്തനെ പ്രതി ചേര്‍ത്തില്ലെന്നും ബന്ധു ഹരീഷ് കൂമാര്‍ പറഞ്ഞു. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന സംശയം ഉന്നയിച്ച് എസ്എച്ച്ഒയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ മാസം 15 നാണ് നവീന്‍ബാബുവിന്റെ സഹോദരന്‍ ഗൂഢാലോചന സംശയിച്ച് പൊലീസിന് പരാതി നല്‍കിയത്. അതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു.
യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ സംബന്ധിക്കുന്നതും, ദിവ്യയുടെ പ്രസംഗത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കപ്പെട്ടതും സംശയകരമാണ്. ഇതിനു പിന്നില്‍ പ്രശാന്തനും പി പി ദിവ്യയും തമ്മില്‍ ഗൂഢാലോചന നടന്നുവെന്ന് സംശയമുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പൊലീസില്‍ നിന്നും ഇതിന്മേല്‍ നടപടിയുണ്ടായില്ലെങ്കില്‍, പ്രശാന്തനെ കൂടി പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കുടുംബം സൂചിപ്പിച്ചു.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി നവീന്‍ബാബുവിന്റെ കുടുംബാംഗങ്ങളെ കണ്ട് പ്രത്യേക അന്വേഷണ സംഘം നാളെ മൊഴിയെടുക്കുമെന്നാണ് സൂചന. നേരത്തെ നവീന്‍ബാബുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നതിന്ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സിറ്റി പൊലീസിലെ ഏതാനും ഉദ്യോഗസ്ഥര്‍ എത്തി നവീന്‍ബാബുവിന്റെ ഭാര്യ മക്കള്‍, സഹോദരന്‍, അടുത്ത ബന്ധുക്കള്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തത്. വൈകാരികമായ നിമിഷമായതിനാല്‍ പൂര്‍ണമായ തോതില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുക്കാനെത്തുന്നത്.

by Midhun HP News | Oct 30, 2024 | Latest News, കേരളം
സീരിയല്‍ നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂരിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങള്‍ ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും മാധ്യമങ്ങളെ അറിയിച്ചത്.
നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്‍. സീരിയലുകളില്‍ വില്ലത്തി ആയും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്.
ക്രിസിന്റെ കസിന്‍ വഴി വന്ന ആലോചനയാണ്. തുടര്‍ന്ന് മക്കളുമായി ആലോചിച്ചശേഷം വിവാഹവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദിവ്യ പറയുന്നു. മക്കള്‍ കൂടെ വേണം. അവരെയും അക്‌സെപ്റ്റ് ചെയ്യുന്ന ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്ന് ദിവ്യ പറയുന്നു. ആദ്യ വിവാഹം പരാജയമായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. ഒളിച്ചോട്ടം ആയിരുന്നു. എന്നാല്‍ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫര്‍ട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തെക്കുറിച്ച് തീരുമാനിച്ചത്. അവര്‍ക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങള്‍ക്ക് അച്ഛന്റെ സ്‌നേഹം അദ്ദേഹം നല്‍കുന്നുണ്ടെന്നും ദിവ്യ പറയുന്നു.

Recent Comments