ആശുപത്രികളുടെയും ആരാധനാലയങ്ങളുടെയും നൂറ് മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കരുത്; സര്‍ക്കാര്‍ ഉത്തരവ്

ആശുപത്രികളുടെയും ആരാധനാലയങ്ങളുടെയും നൂറ് മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കരുത്; സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പടക്കം പൊട്ടിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. സുപ്രീംകോടതി ഉത്തരവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശവും കണക്കിലെടുത്താണ് നടപടി. ഹരിത പടക്കങ്ങള്‍ (110 ഡെസിബെല്‍ ശബ്ദം) മാത്രമേ സംസ്ഥാനത്ത് വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്നും ഉത്തരവില്‍ പറഞ്ഞു.

ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടുമുതല്‍ 10 വരെയും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.

നവംബര്‍ ഒന്നുവരെ ഇടിമിന്നലോട് കൂടിയ മഴ; യെല്ലോ അലര്‍ട്ട്

നവംബര്‍ ഒന്നുവരെ ഇടിമിന്നലോട് കൂടിയ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചില സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയണം; ഭരണസമിതി യോഗത്തില്‍ ബഹളം

പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയണം; ഭരണസമിതി യോഗത്തില്‍ ബഹളം

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെയുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഭരണസമിതി യോഗത്തില്‍ ബഹളം. നടുത്തളത്തിലിറങ്ങിയായിരുന്നു യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി യോഗം പിരിഞ്ഞു.

തിങ്കളാഴ്ച രാവിലെ11 മണിയോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തുടങ്ങിയത്. എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിച്ച് മൗനം ആചരിച്ചാണ് യോഗം ആരംഭിച്ചത്. ഉടന്‍ തന്നെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. 7 ദിവസത്തിനു മുന്‍പ് നോട്ടിസ് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വൈസ് പ്രസിഡന്റ് വിനോയ് കുര്യനായിരുന്നു അധ്യക്ഷന്‍. 7 യുഡിഎഫ് അംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.

ബഹളത്തിനിടയിലും വൈസ് പ്രസിഡന്റ് അജണ്ട ഒന്നൊന്നായി വായിക്കുകയും പാസാക്കുകയും ചെയ്തു. പിപി ദിവ്യ രാജിവച്ച ശേഷമുള്ള ആദ്യജില്ലാ പഞ്ചായത്ത് യോഗമായിരുന്നു ഇന്ന് നടന്നത്. പിപി ദിവ്യ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു യുഡിഎഫ് അംഗങ്ങളുടെ പ്രമേയം.

ബിജെപിയുടെ എതിര്‍പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

ബിജെപിയുടെ എതിര്‍പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്നും പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. വാധ്രയുടെ മൊത്തം ആസ്തി പത്രികയില്‍ വെളിപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷങ്ങളില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയതും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു ആക്ഷേപം.

65.55 കോടി രൂപയാണ് വാധ്രയുടെ ആസ്തിയായി പ്രിയങ്കയുടെ നാമനിര്‍ദേശ പത്രികയിലുള്ളത്. എന്നാല്‍ 2010 -21 കാലയളവില്‍ ആദായനികുതി വകുപ്പ് വാധ്രയ്ക്ക് 80 കോടി രൂപയോളം നികുതി ചുമത്തിയിട്ടുണ്ട്. അതില്‍ 2019-20ല്‍മാത്രം 24.16 കോടിയാണ് നികുതി ചുമത്തിയത്. ആദായ നികുതിവകുപ്പ് ചുമത്തിയ നികുതിക്ക് ആനുപാതികമായ ആസ്തി വാധ്രയ്ക്കുണ്ടെന്നും അത് വെളിപ്പെടുത്തണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

ഭര്‍ത്താവ് റോബര്‍ട്ട് വാധ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക പറയുന്നത്. 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതില്‍ ഡല്‍ഹി മെഹറോളിയില്‍ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്. ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും അഞ്ഞൂറ്റി അന്‍പത് പവന്‍ സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, രണ്ടാം ഘട്ട പ്രചാരണത്തിനായി പ്രിയങ്ക വയനാട്ടിലെത്തി. ഇന്നും നാളെയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും. മീനങ്ങാടിയിലായിരുന്നു ആദ്യപരിപാടി. താളൂര്‍ നീലഗിരി കോളജില്‍ 11.50 ഓടെയാണ് പ്രിയങ്കയുമായി ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. വയനാട്ടിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹത്തിന് നന്ദിയെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. 2.30ന് പനമരം, 4.30ന് പൊഴുതന എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നടക്കും. നാളെ 9.30ന് ഈങ്ങാപ്പുഴ, 12.30ന് തെരട്ടമ്മല്‍, 3ന് മമ്പാട്, 4.30ന് ചുങ്കത്തറ എന്നിവിടങ്ങളിലാണു യോഗം. തുടര്‍ന്ന് ഡല്‍ഹിയിലേക്കു തിരിക്കുന്ന പ്രിയങ്ക ദീപാവലിക്കു ശേഷം വയനാട്ടില്‍ വീണ്ടുമെത്തും.

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയുമായി പൊലീസ്

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയുമായി പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ പ്രേരണാ കുറ്റക്കേസില്‍ പ്രതിയായ പിപി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധം സഘര്‍ഷമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം ഏറെനേരം വാഹനഗതാഗതം തടസപ്പെട്ടു.

പൊലിസ് ബാരിക്കേഡ് വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ മറിച്ചിടാന്‍ ശ്രമിച്ചു. അര മണിക്കൂറോളം നേരം പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ബലാബലമുണ്ടായി. ഇതിനിടെ അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനായി പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബിജെപി പ്രതിഷേധം.

സമരത്തിന് നേതൃത്വം നല്‍കിയ സംസ്ഥാനജനറല്‍ സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് എന്നിവരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ചു ദേശീയ സമിതി അംഗം സി.രഘുനാഥിന്റെ നേതൃത്വത്തിലാണ് പൊലിസ് സ്റ്റേഷനു മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. അറസ്റ്റു ചെയ്ത നേതാക്കളെ വിട്ടയക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി പ്രകാശ് ബാബു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് അധ്യക്ഷനായി. നേതാക്കളായ വിജയന്‍ വട്ടിപ്രം, എം ആര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.

ഹേമ കമ്മിറ്റി നടപടി റിപ്പോര്‍ട്ട്; 26 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു, പത്തെണ്ണത്തില്‍ പ്രാഥമികാന്വേഷണം

ഹേമ കമ്മിറ്റി നടപടി റിപ്പോര്‍ട്ട്; 26 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു, പത്തെണ്ണത്തില്‍ പ്രാഥമികാന്വേഷണം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 26 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 10 കേസുകളില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.

എട്ടു കേസുകളില്‍ പ്രതികളുടെ പേരുകളുണ്ട്. 18 കേസുകളില്‍ പ്രതികളുടെ പേര് ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് സര്‍ക്കാര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിമാ നിയമനിര്‍മ്മാണത്തിന്റെ കരട് തയ്യാറാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാനായി രൂപീകരിച്ച ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സമ്പൂര്‍ണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ പലതും ക്രിമിനല്‍ കേസ് എടുക്കാവുന്നതാണെന്ന് ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ തവണ നിരീക്ഷിച്ചിരുന്നു. തെളിവുകളും കൃത്യമായ പരാതികളും ഉണ്ടെങ്കില്‍ കേസെടുത്ത് അന്വേഷണസംഘത്തിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.