‘ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരാ; തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസ് വിധിയില്‍ തൃപ്തയല്ല’; അപ്പീല്‍ പോകുമെന്ന് ഹരിത

‘ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരാ; തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസ് വിധിയില്‍ തൃപ്തയല്ല’; അപ്പീല്‍ പോകുമെന്ന് ഹരിത

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. ‘ഇവര്‍ ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവര്‍ക്ക് ലഭിച്ച ശിക്ഷയില്‍ ഞാന്‍ തൃപ്തയല്ല. വധശിക്ഷ തന്നെ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകും.’- ഹരിത മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു വിധിച്ചത്. ഇരുവര്‍ക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധിക്ക് പിന്നാലെയാണ് ഹരിതയുടെ പ്രതികരണം.

‘പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നത്. അതൊന്നുമല്ല അവര്‍ക്ക് കൊടുത്തത്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് വധശിക്ഷയായിരുന്നു. ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരാ. വിചാരണ ഘട്ടത്തില്‍ എന്നെയും കൊല്ലുമെന്ന തരത്തില്‍ ഭീഷണികളൊക്കെ ഉണ്ടായിരുന്നു. പരിസരത്തുള്ള ആളുകളാണ് ഭീഷണിപ്പെടുത്തിയത്. സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്. സര്‍ക്കാരുമായി സംസാരിച്ച് അപ്പീലുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ’- ഹരിത പറഞ്ഞു.

ഷെയർ ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; അറസ്റ്റ്

ഷെയർ ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; അറസ്റ്റ്

മാവേലിക്കര: ഷെയർ ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിലായി. ആലപ്പുഴ പല്ലാരിമംഗലം സ്വദേശിയിൽനിന്നു പണം തട്ടിയെടുത്ത കേസിലെ പ്രതികളെ കുറത്തികാട് പോലീസാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂരങ്ങാടി എം.എച്ച്. നഗറിൽ കല്ലിങ്കൽ വീട്ടിൽ അബ്ദുൽ ഹക്കീം, മല്ലാപ്പ് വീട്ടിൽ മുഹമ്മദ് അഷറഫ്, നിലമ്പൂർ ചന്തക്കുന്ന് ഇരശ്ശേരി വീട്ടിൽ അദ്‌നാൻ, ചന്തക്കുന്ന് പനോളി വീട്ടിൽ നിഷാൽ എന്നിവരാണ് അറസ്റ്റിലായത്.

വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇവർ 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി ലഭിച്ച തുക ബാങ്ക് വഴിയും എടിഎം വഴിയും പിൻവലിച്ചു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും കുറത്തികാട് പോലീസ് പറഞ്ഞു. ചെങ്ങന്നൂർ ഡിവൈഎസ്‍പി എം.കെ. ബിനുകുമാർ, കുറത്തികാട് ഇൻസ്പെക്ടർ പി.കെ. മോഹിത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ രാജേഷ്, രവീന്ദ്രദാസ്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,520 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 7315 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 58,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരവും കുറിച്ചു. ഇതിന് ശേഷമാണ് ഇന്ന് വില താഴ്ന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

വാഹന വിവരങ്ങൾ ഇനി വിരൽ തുമ്പിൽ; വാഹന വിവരങ്ങൾ ഇനി വിരൽ തുമ്പിൽ

വാഹന വിവരങ്ങൾ ഇനി വിരൽ തുമ്പിൽ; വാഹന വിവരങ്ങൾ ഇനി വിരൽ തുമ്പിൽ

കൊച്ചി: വാഹന / ലൈസൻസ് സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി വിരൽ തുമ്പിൽ. എം പരിവാഹൻ ആപ്പ് വെറും ഒരു മിനുട്ട് കൊണ്ട് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണെന്ന് കേരള മോട്ടോർ വാഹന വകുപ്പ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ആപ്പ് ഡൗൺലോഡ് ചെയ്യുന്ന വിധം വിശദീകരിക്കുന്ന വിഡിയോ സഹിതമാണ് മോട്ടോർ വാഹന വകുപ്പ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പ്:

വാഹന / ലൈസൻസ് സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി നിങ്ങളുടെ വിരൽ തുമ്പിൽ

എം പരിവാഹൻ ആപ്പ് വെറും 1 മിനുട്ട് കൊണ്ട് നിങ്ങളുടെ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

മൊബൈലിൽ പ്ലേ സ്റ്റോറിൽ എം പരിവാഹൻ എന്ന് ടൈപ്പ് ചെയ്ത് ലഭിക്കുന്ന ആപ് ഇൻസ്റ്റാൾ ചെയ്യുക

ആപ് തുറന്ന് ക്രീയേറ്റീവ് ന്യൂ അക്കൗണ്ട് എന്ന ബട്ടൺ അമർത്തുക.

സ്റ്റേറ്റ് കേരള സെലക്ട് ചെയ്യുക

ആർ സി യിലോ ലൈസൻസിലോ ഉള്ളത് പോലെ നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക.

മൊബൈൽ നമ്പർ, 6 അക്ക പിൻ നമ്പർ, ഇ മെയിൽ ഐഡി എന്നിവ ടൈപ്പ് ചെയ്യുക.

സബ്മിറ്റ് ബട്ടൺ അമർത്തുമ്പോൾ മൊബൈലിലേക്ക് ഒരു OTP വരും.

OTP ടൈപ്പ് ചെയ്ത് verify ബട്ടൺ അമർത്തുക.

അപ്പോൾ Create New MPin എന്ന് കാണിക്കും. നമ്മുക്ക് ഇഷ്ടമുള്ള ഒരു 6 അക്ക MPin ടൈപ്പ് ചെയ്യുക

Submit ബട്ടൺ അമർത്തിയാൽ MPin റീസെറ്റ് ചെയ്തതായുള്ള മെസേജ് വരും.

നമ്മുടെ മൊബൈൽ നമ്പറും ഇപ്പോൾ ഉണ്ടാക്കിയ MPin നമ്പറും ഉപയോഗിച്ച് അക്കൗണ്ടിൽ sign in ചെയ്യാവുന്നതാണ്.

ഫിംഗർപ്രിൻ്റും MPin ന് പകരമായി Sign in ചെയ്യാനുപയോഗിക്കാം.

sign in ചെയ്യതിന് ശേഷം വാഹന സംബന്ധമായതും ലൈസൻസ് സംബന്ധമായതുമായ സേവനങ്ങൾ മൊബൈലിലൂടെ ചെയ്യാം

ലിങ്ക്

https://play.google.com/store/apps/details…

അമേരിക്കയിലുള്ള ഉടമ അറിഞ്ഞില്ല, നാട്ടിലെ വീട്ടിൽ മറ്റേതോ കുടുംബം താമസിക്കുന്നു! പരാതി

അമേരിക്കയിലുള്ള ഉടമ അറിഞ്ഞില്ല, നാട്ടിലെ വീട്ടിൽ മറ്റേതോ കുടുംബം താമസിക്കുന്നു! പരാതി

കൊച്ചി: പൂട്ടിക്കിടന്ന വീട്ടിൽ വിദേശത്തുള്ള വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ കുടുംബം താമസിക്കുന്നതായി പരാതി. അമേരിക്കയിൽ താമസിക്കുന്ന അജിത് കെ വാസുദേവനാണ് ശനിയാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലിലൂടെ പരാതി നൽകിയത്. വൈറ്റില ജനതാ റോഡിലാണ് അജിത്തിന്റെ ഉടമസ്ഥതയിലുള്ള വീടുള്ളത്. ഇത് വാടകയ്ക്കു നൽകിയിരുന്നില്ല. ​ഗെയ്റ്റ് ഉൾപ്പെടെ പൂട്ടിയിരുന്നതാണ്. 2023ൽ ഒഴികെ എല്ലാവർഷവും അജിത് നാട്ടിൽ വന്നിരുന്നു.

ഇക്കഴിഞ്ഞ രണ്ട് തവണകളായി 5000ത്തിനു മുകളിൽ വൈദ്യുതി ബിൽ വന്നപ്പോൾ അതിലെ അപാകം പരിശോധിക്കാൻ കെഎസ്ഇബിക്ക് പരാതി നൽകി. അതിനിടെ ബിൽ കൂടാൻ കാരണമെന്താണെന്നു അന്വേഷിച്ചറിയാൻ ചെലവന്നൂർ സ്വദേശികളായ രണ്ട് പേരെ വീട്ടിലേക്ക് അയച്ചു. അപ്പോഴാണ് അവിടെ താമസക്കാരുണ്ടെന്നു മനസിലായത്.

വീട് നോക്കാൻ വന്നവർ ചിത്രങ്ങളെടുത്തപ്പോൾ അതു തടയാൻ താമസക്കാർ ശ്രമിച്ചതായും പറയുന്നു. വീടിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കുകയും പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നു ഉടമ പരാതിയിൽ പറയുന്നു. പരാതി മരട് പൊലീസിനു കൈമാറി. സംഭവത്തിൽ ഇന്ന് മുതൽ അന്വേഷണം ആരംഭിക്കുമെന്നു മരട് പൊലീസ് വ്യക്തമാക്കി.

താമരശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം; വ്യാഴാഴ്ച വരെ തുടരും

താമരശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം; വ്യാഴാഴ്ച വരെ തുടരും

കോഴിക്കോട്: ദേശീയപാത 766ല്‍ താമരശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുഴി അടയ്ക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഈ മാസത്തിന്റെ തുടക്കത്തിലും താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് അന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ചുരത്തിലെ 6, 7, 8 വളവുകളില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്ന് പോയ ഇന്റര്‍ലോക്ക് കട്ടകള്‍ ഉയര്‍ത്തുന്നതിനും വേണ്ടിയായിരുന്നു നിയന്ത്രണം. ഈ മാസം 7 മുതല്‍ 11 വരെ പകല്‍ സമയങ്ങളിലായിരുന്നു ഭാരമുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.