by Midhun HP News | Oct 11, 2024 | Latest News, കേരളം
കൊച്ചി: മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന മെഗാ ത്രിഡി ചിത്രമായ ബറോസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. പ്രവാസി ഇന്ത്യക്കാരനായ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് സിനിമയുടെ റിലീസ് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയില്‍ പരാതി നല്‍കിയത്.
‘ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍’ എന്ന സിനിമ തന്റെ ‘മായ’ എന്ന നോവലിന്റെ പകര്‍പ്പവകാശ ലംഘനമാണെന്നാണ് ജോര്‍ജി തുണ്ടിപ്പറമ്പില്‍ ആരോപിച്ചിട്ടുള്ളത്. സംവിധായകനും നടനുമായ മോഹന്‍ലാല്‍, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാര്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെ ജര്‍മ്മനിയില്‍ താമസക്കാരനായ ജോര്‍ജ് കേസ് കൊടുത്തിട്ടുണ്ട്.
പകര്‍പ്പവകാശ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് 2024 ജൂലൈയില്‍ മോഹന്‍ലാല്‍ അടക്കം നാലുപേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതുവരെ ‘ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദി ഗാമാസ് ട്രഷര്‍’ റിലീസ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ 2024 ഓഗസ്റ്റ് 11-ന് നല്‍കിയ, വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ പകര്‍പ്പവകാശ ലംഘനം നിഷേധിച്ചിരുന്നു. എന്നാല്‍ തന്റെ കൃതിയുടെ തനിപ്പകര്‍പ്പാണ് ബറോസ് സിനിമയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ബറോസ്.
by Midhun HP News | Oct 11, 2024 | Latest News, കേരളം
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കെ കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും പോക്‌സോ അടക്കമുള്ള കണ്ടെത്തലുകളില്‍ അന്വേഷണം നടത്തിയില്ലെന്നും കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും നോട്ടീസില്‍ ആരോപിക്കുന്നു.

എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും, അതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ഷംസീര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദ്യം ചെയ്തു. എങ്കില്‍പ്പിന്നെ ചോദ്യം അനുവദിച്ചത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്ത്രീകളെ ഇതുപോലെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്യാത്തത് അപമാനകരമാണ്. സ്ത്രീകളെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചോദ്യം ചോദിക്കാന്‍ അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് പ്രമേയം അവതരിപ്പിച്ചുകൂടായെന്ന് വിഡി സതീശന്‍ ചോദിച്ചു. സ്പീക്കറുടെ വിവേചനാധികാരം ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വാക്കൗട്ട് പ്രസംഗവും സ്പീക്കര്‍ അനുവദിച്ചിരുന്നില്ല.
ലൈംഗിക കുറ്റകൃത്യം നടന്നിട്ടും സര്‍ക്കാര്‍ ഒളിച്ചു വെക്കുകയാണെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കത്തെഴുതിയെന്ന് പറഞ്ഞ് സര്‍ക്കാര്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മുഖ്യമന്ത്രിയാണ് ആദ്യം ഇതു പറഞ്ഞത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല. നിയമസഭയില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യുന്നത്?. കേരള നിയമസഭ കൗരവസഭയായി മാറുകയാണോ എന്നും വിഡി സതീശന്‍ ചോദിച്ചു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എത്തി. തൊണ്ടവേദനയും പനിയും കാരണം സഭയില്‍ നിന്നും വിട്ടു നിന്നതെന്നായിരുന്നു അന്നു നല്‍കിയ വിശദീകരണം.
by Midhun HP News | Oct 11, 2024 | Latest News, കേരളം
ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിൽ സർക്കാർ പുനരാലോചിക്കുന്നു. സ്‌പോട്ട് ബുക്കിംഗിൽ ഇളവ് അനുവദിക്കാനാണ് ആലോചന. വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. സ്‌പോട് ബുക്കിംഗ് നിർത്തിയതിനെതിരെ ചില സംഘടനകൾ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു

ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചേക്കും. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേതാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് തീരുമാനിച്ചത്.
by Midhun HP News | Oct 11, 2024 | Latest News, കേരളം
കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. കേസിൽ ഉൾപ്പെട്ട ബിനു ജോസഫിൻ്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളിൽ സംശയമുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് നടനെ വീണ്ടും വിളിക്കാൻ അന്വേഷണസംഘം ആലോചിക്കുന്നത്. അതിനിടെ മാർട്ടിന് പൊലീസ് ക്ലീൻചീറ്റ് നൽകിയെന്നാണ് സൂചന.

താരങ്ങളുടെ മൊഴികൾ പരിശോധിച്ചുവരികയാണ്. പ്രയാഗയുടെ മൊഴി തൃപ്തികരമെന്ന നിലപാടിലാണ് പൊലീസ്. നക്ഷത്രഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാർട്ടി നടന്നത് അറിഞ്ഞില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസിക്കൊപ്പമാണ് ഹോട്ടലിൽ എത്തിയത്. ബിനു ജോസഫും സുഹൃത്തുക്കൾക്കൊപ്പമുണ്ടായിരുന്നതായും നടി വ്യക്തമാക്കി.
കൂടാതെ ലഹരി പരിശോധനയ്ക്കായി രക്ത പരിശോധന നടത്താൻ താരങ്ങൾ സന്നദ്ധരായി. നിലവിൽ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. ഇന്നലെയാണ് താരങ്ങൾ ചോദ്യം ചെയ്യലിന് ഹാജരായത്.
by Midhun HP News | Oct 11, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില. ഈ മാസം നാലിന് 56,960 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള നാലു ദിവസം കൊണ്ട് 760 രൂപ താഴ്ന്നിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 560 രൂപ ഉയര്‍ന്ന് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. 56,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. തിങ്കളാഴ്ച മുതലാണ് വില കുറഞ്ഞത്. നാലുദിവസത്തിനിടെ 760 രൂപയാണ് ഇടിഞ്ഞത്. ഇതിന് പിന്നാലെയാണ് സ്വര്‍ണവില ഇന്ന് തിരിച്ചുകയറിയത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിച്ചത്.
by Midhun HP News | Oct 10, 2024 | Latest News, കേരളം
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നല്‍കിയത്. ചില നേതാക്കൾ ചേർന്നാണ് തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ കോളജിലെ പൂര്‍വ വിദ്യാർഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ചില നേതാക്കളാണ് എന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. സഖാവ് പിണറായി വിജയന്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചങ്കൂറ്റമുണ്ടെങ്കില്‍ പറയട്ടേ. വിളിച്ചിട്ടുണ്ട്, ഞാൻ പറഞ്ഞിട്ടുണ്ട്- വിജയേട്ടാ എനിക്ക് പറ്റില്ല, എനിക്കീ പരിപാടി ഇഷ്ടമല്ലെ എന്ന്. ഇതുതന്നെയാണ് എല്ലാ നേതാക്കളോടും പറഞ്ഞിട്ടുള്ളത്. 2014 ഓഗസ്റ്റ് രണ്ടിന് അങ്ങനെയൊരു തീരുമാനത്തിലേക്ക് വരേണ്ട അത്യാവശ്യമുണ്ടായി. വിഷമിപ്പിക്കുന്ന ഘട്ടം വന്നപ്പോഴാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ആ സമയത്ത് മാർക്സിസ്റ്റ് പാർട്ടി എന്നെ പിന്തുണയ്ക്കാൻ ശ്രമിച്ചു. അവർക്കും സാധിച്ചില്ല. – സുരേഷ് ഗോപി പറഞ്ഞു.
താൻ ലീഡര്‍ കെ കരുണാകരന്‍റേയും ഇ കെ നായനാരുടെയും നല്ല മകനായിരുന്നുവെന്നും ആ സമയത്ത് രാഷ്ട്രീയം ഒട്ടുമുണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തൃശൂരിൽ പൂരം കലക്കിയാണ് ഞാൻ അവിടെ നിന്നു വിജയിച്ചുവെന്നതിലെ കതിരും പതിരും വേർതിരിക്കാൻ ശ്രമിക്കുകയാണ് ചിലർ. ഒന്നു ജയിച്ചപ്പോഴേക്കും അതിനു കാരണം പൂരം കലക്കിയോ, ആനയ്ക്കു പട്ട വലിച്ചിട്ടോ എന്നാണ് അവർ നോക്കുന്നത്. സഹകരണ ബാങ്കുകളിലെ പാവപ്പെട്ടവരുടെ നിക്ഷേപം തട്ടിയെടുത്തിട്ടും അവരുടെ ചോരയൂറ്റിക്കുടിക്കുന്നത് ചോദ്യം ചെയ്ത് പാവങ്ങൾക്കൊപ്പം നിന്നതു കൊണ്ടാണു തൃശൂരിലെ ജനങ്ങൾ എനിക്കു വോട്ടു തന്നത്’ – സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Recent Comments