മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; സിദ്ദിഖിനെ വിട്ടയച്ചു

മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; സിദ്ദിഖിനെ വിട്ടയച്ചു

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖിനെ പ്രാഥമിക വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് അല്പസമയം മുൻപ് പൂർത്തിയായത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യൽ അല്ല പകരം പ്രാഥമികമായ വിവരശേഖരണമാണ് നടക്കുന്നതെന്നും അതിന് ശേഷം അദ്ദേഹത്തെ വിട്ടയക്കുമെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം കന്റോള്മെന്റ്റ് സ്റ്റേഷനിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ നടന്നത്.

തിരുവനന്തപുരത്തെ കമ്മീഷ്ണർ ഓഫീസിലാണ് ആദ്യം ചോദ്യം ചെയ്യലിനായി സിദ്ദിഖ് എത്തിയിരുന്നത്. എന്നാൽ ഹാജരാകാൻ നിർദേശിച്ചിരുന്നത് കന്റോള്മെന്റ്റ് സെന്ററിൽ ആയിരുന്നു. തുടർന്ന് അദ്ദേഹത്തെ സെന്ററിലേക്ക് മാറ്റി. ഇവിടെ SIT യിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ ഉണ്ടായിരുന്നു.ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നായിരുന്നു സിദ്ദിഖിന്റെ നിലപാട്. അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ സിദ്ദിഖ് ഹാജരാകാൻ തീരുമാനിച്ചത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് സിദ്ദിഖിനെതിരെയുള്ള കേസ്.ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെയുള്ള പരാതികൾ വീണ്ടും ഉയർന്നത്.

കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം, നാലുജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം, നാലുജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. നേരത്തെ ഇന്ന് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ബുധനാഴ്ച ഇടുക്കി ജില്ലയിലും വ്യാഴാഴ്ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പേരിലെ പൊരുത്തക്കേട്; ലക്ഷത്തിലേറെപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

പേരിലെ പൊരുത്തക്കേട്; ലക്ഷത്തിലേറെപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

ആലപ്പുഴ: സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി. ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടാണ് കാരണം. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പതു ശതമാനംവരെയാകാം. അതില്‍ കൂടിയാല്‍ മസറ്ററിംഗ് അസാധുവാകും. ഇക്കാര്യം പല ഉപഭോക്താക്കള്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.
റേഷന്‍കടകളിലെ ഇ-പോസ് യന്ത്രത്തില്‍ വിരലടയാളം നല്‍കിയവര്‍ മസ്റ്ററിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നു കരുതിയാണ് മടങ്ങിയത്. എന്നാല്‍ താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയില്‍ മസ്റ്ററിംഗ് അസാധുവാകുകയായിരുന്നു. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിംഗാണ് ഇതുവരെ നടന്നത്. അതില്‍ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധുത പരിശോധിക്കാനുണ്ട്. അതുകൂടി പരിശോധിക്കുമ്പോള്‍ അസാധുവായവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത.

അതേസമയം, സംസ്ഥാനത്ത് മസ്റ്ററിംഗ് അനുവദിച്ചിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തില്‍ അതിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വിരലടയാളം പൊരുത്തപെടാത്തതിനാല്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവരുണ്ട്. ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിംഗ് നടത്താന്‍ സാധ്യതയുണ്ട്. റേഷന്‍ കടകളില്‍ അതിന് സൗകര്യമില്ലാത്തത് വെല്ലുവിളിയാണ്.

മലമ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും

മലമ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും

പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ എട്ട് മണിയോടെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. റൂൾ കർവ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ തുറക്കുക. പവർ ജനറേഷനും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാ​ഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; പവന് 160 രൂപ കുറഞ്ഞു

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. 57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് സ്വര്‍ണവില ഇന്ന് ബ്രേക്കിട്ടത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്.

ബലാത്സംഗക്കേസില്‍ ചോദ്യം ചെയ്യല്‍; സിദ്ദിഖ് പൊലീസ് സംഘത്തിന് മുന്നിൽ

ബലാത്സംഗക്കേസില്‍ ചോദ്യം ചെയ്യല്‍; സിദ്ദിഖ് പൊലീസ് സംഘത്തിന് മുന്നിൽ

തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് പൊലീസിന് മുന്നില്‍ ഹാജരായി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. മകനും ഒപ്പമുണ്ട്. നേരത്തെ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി സിദ്ദിഖിന് പൊലീസിന് നോട്ടീസ് നല്‍കിയിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയില്‍ അയച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.

ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സിദ്ദിഖ് കത്ത് നല്‍കിയത്. ഈ മാസം 22ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ കത്ത് നല്‍കിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.