അത് അര്‍ജുന്‍ തന്നെ, ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം; മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്കു കൈമാറും

അത് അര്‍ജുന്‍ തന്നെ, ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം; മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്കു കൈമാറും

അങ്കോല: ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ ഒത്തുനോക്കിയത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

ലോറി അര്‍ജുന്റേതു തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവയും കാബിനില്‍ നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ ആയതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.

അര്‍ജുന്‍ രണ്ടു വയസ്സുള്ള മകനായി സൂക്ഷിച്ച ചെറിയ കളിപ്പാട്ട ലോറി ഇന്നലെ കാബിനില്‍ നിന്നും കണ്ടെടുത്തിരുന്നു. അര്‍ജുന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഒരു ഫോണ്‍ കാബിനിലും ഒരെണ്ണം ബാഗിലുമായിരുന്നു. കുപ്പിവെള്ളം, കവറില്‍ സൂക്ഷിച്ച ധാന്യങ്ങള്‍ തുടങ്ങിയവയും െ്രെഡവിങ് സീറ്റിന്റെ കാബിന് പിന്നില്‍ നിന്നും കണ്ടെടുത്തു. ചളിയില്‍ പുരണ്ട നിലയില്‍ അര്‍ജുന്റെ വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ വാഹനവുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു.

ഇന്നലെ രാവിലെ ലോറി കരയിലേക്ക് കയറ്റിയതിനു ശേഷമാണ് പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. രണ്ട് അസ്ഥിഭാഗങ്ങളും തിരച്ചിലില്‍ കണ്ടെത്തി. ലോറിയുടെ മെക്കാനിക് ഉപകരണങ്ങള്‍ അടങ്ങിയ ബാഗും കണ്ടെടുത്തിട്ടുണ്ട്.

കൊല്ലം പൂയപ്പിള്ളിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ ശാസ്താംകോട്ട കായലില്‍

കൊല്ലം പൂയപ്പിള്ളിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ ശാസ്താംകോട്ട കായലില്‍

കൊല്ലം: കൊല്ലം പൂയപ്പിള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍. പൂയപ്പിള്ളി മയിലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബീന്‍ഷാ എന്നിവരെയാണ് ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ മുതലാണ് സ്‌കൂളില്‍ പോയ ദേവനന്ദയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് ഷെബിന്‍ഷായെയും കാണാതായതായി വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇന്ന് ശാസ്താംകോട്ട തടാകത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷെബിന്‍ഷാ. ഓടനാവട്ടം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടരുന്നു.

സുഭദ്രയുടെ മൃതദേഹത്തില്‍ 20 കിലോ പഞ്ചസാര വിതറി; സിനിമയില്‍ നിന്ന് കിട്ടിയ ‘ആശയ’മെന്ന് മൊഴി

സുഭദ്രയുടെ മൃതദേഹത്തില്‍ 20 കിലോ പഞ്ചസാര വിതറി; സിനിമയില്‍ നിന്ന് കിട്ടിയ ‘ആശയ’മെന്ന് മൊഴി

ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലക്കേസില്‍ തെളിവു നശിപ്പിക്കാനായി പ്രതികള്‍ മൃതദേഹത്തില്‍ പഞ്ചസാര വിതറി. 20 കിലോ പഞ്ചസാര വിതറിയാണ് സുഭദ്രയുടെ മൃതദേഹം കുഴിച്ചിട്ടത്. ഉറുമ്പരിച്ചു മൃതദേഹം വേഗം നശിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇങ്ങനെ ചെയ്തത്. യൂ ട്യൂബില്‍ കണ്ട ഒരു മലയാള സിനിമയില്‍ നിന്നാണ് മാത്യൂസിന് ഇത്തരമൊരു ആശയം ലഭിച്ചതെന്നും പൊലീസ് സൂചിപ്പിച്ചു. കുഴിയില്‍ മൃതദേഹം ഇട്ട ശേഷമാണു പഞ്ചസാര വിതറിയത്. എന്നാല്‍ കുഴിക്ക് ആഴം കൂടുതലായതിനാലും വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാലും ഉറുമ്പരിച്ചില്ല. പഞ്ചസാര വാങ്ങിയ മാത്യൂസിനെ കലവൂരിലെ കട ഉടമ തിരിച്ചറിഞ്ഞു. സുഭദ്ര ധരിച്ചിരുന്ന മാല പ്രതികള്‍ താമസിച്ചിരുന്ന വാടകവീടിനു പിന്നിലെ തോട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സ്വര്‍ണമാണെന്നു കരുതി മാല എടുത്തെങ്കിലും മുക്കുപണ്ടമാണെന്ന് മനസ്സിലാക്കിയതോടെ തോട്ടിലേക്ക് എറിയുകയായിരുന്നുവെന്ന് മാത്യൂസ് പൊലീസിനോട് പറഞ്ഞു. 19നു പ്രതികളുമായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും മാല കിട്ടിയില്ല. ഇന്നലെ വീണ്ടും തൊഴിലാളികളുടെ സഹായത്തോടെ തോട്ടിലെ മാലിന്യങ്ങള്‍ നീക്കിയപ്പോഴാണ് മാല കണ്ടെത്തിയത്.

‘ദുബായില്‍ വച്ച് അന്‍വറിനെ കണ്ടിട്ടില്ല; ആരാണ് ആ നേതാവെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം’

‘ദുബായില്‍ വച്ച് അന്‍വറിനെ കണ്ടിട്ടില്ല; ആരാണ് ആ നേതാവെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം’

കണ്ണൂര്‍: താന്‍ ദുബായിയില്‍ പോയ സമയത്ത് പിവി അന്‍വറിനെ കണ്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. കണ്ണൂര്‍ പാട്യത്തെ വീട്ടില്‍മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രവാസി സാംസ്‌കാരിക സംഘടനകളുടെ പരിപാടിയിലാണ് ദുബായില്‍ പങ്കെടുത്തത്. ചില വ്യവസായ സംരഭകരും മറ്റു മറ്റു ചിലപാര്‍ട്ടി നേതാക്കളും അവിടെയുണ്ടായിരുന്നു. എന്നാല്‍ ദുബായിയില്‍ നടന്ന പരിപാടികളില്‍ അവിടെയൊന്നും അന്‍വറിനെ കണ്ടിട്ടില്ല. ദുബായിയില്‍ നിന്നും ഏതു മുതിര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗവുമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് നിങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണം. ആരാണെങ്കിലും പേര് പറയാമല്ലോയെന്നും ജയരാജന്‍ പറഞ്ഞു.

അന്‍വറിന്റെത് ഗുരുതരമായ വഴി തെറ്റലാണ്. അന്‍വര്‍ വലതുപക്ഷത്തിന്റെ നാവായി മാറിയിരിക്കുന്നു.. ആര്‍എസ്എസിനെ സഹായിക്കുന്ന രീതിയിലാണ് അന്‍വറിന്റെ പ്രതികരണങ്ങള്‍ പുറത്തുവരുന്നത്. ഈക്കാര്യത്തില്‍ ഗുഡാലാചനയുണ്ടോയെന്ന കാര്യം സംശയിക്കുന്നുണ്ട്. അന്‍വര്‍ എ.ഡി.ജി.പി എം. ആര്‍ അജിത്ത് കുമാറിനെതിരെ ഉന്നയിച്ച രണ്ട് ആരോപണങ്ങളിലും സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ട്. ഒന്ന് അഴിമതി ആരോപണവും മറ്റേത് ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതുമാണ്. രണ്ടു വിഷയങ്ങളിലും ഡി.ജി.പിയും വിജിലന്‍സും അന്വേഷണം നടത്തിവരികയാണ് എന്നാല്‍ ഇതില്‍ അന്വേഷണ റിപ്പോര്‍ട്ട് വരാന്‍ കാത്തു നില്‍ക്കാന്‍ അന്‍വര്‍ തയ്യാറല്ലെ. വീണ്ടും വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി.പി.ശശിക്കെതിരെ യാതൊരു തെളിവുമില്ലാതെയാണ് അന്‍വര്‍ആരോപണം ഉന്നയിക്കുന്നത്. കോടിയേരിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്നത് പാര്‍ട്ടി നേതൃത്വം കൂട്ടായി എടുത്ത തീരുമാനമാണ്. വരുന്ന ഒക്ടോബര്‍ ഒന്നിന് കോടിയേരി യുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുകയാണ്. ഒരു വര്‍ഷത്തിന് ശേഷം അന്‍വര്‍ ഇത്തരം ആരോപണങ്ങള്‍ എന്തിനാണ്ഉന്നയിക്കുന്നത് എന്തിനാണെന്നും പി.ജയരാജന്‍ ചോദിച്ചു.

ഇത്തരം കാര്യങ്ങള്‍ പറയാന്‍ അനുഭാവി മാത്രമായ അന്‍വറിന് അവകാശമില്ല. വലതുപക്ഷത്തിനെതിരെ പോരാടുന്ന പാര്‍ട്ടിക്കെതിരെ അന്‍വര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ രാഷ്ട്രീയ എതിരാളികളെ സഹായിക്കാനാണ്. ഇതില്‍ ഒരു പാര്‍ട്ടി നേതാവിന്റെയോ പ്രവര്‍ത്തകന്റെയോ പിന്‍തുണ അന്‍വറിനില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

കാര്‍ ഒളിപ്പിച്ചത് കണ്ടെയ്‌നറിനുള്ളില്‍, ഇടിച്ചു തകര്‍ത്ത് യാത്ര; പൊലീസ് തടഞ്ഞപ്പോള്‍ നടുറോഡില്‍ സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടല്‍

കാര്‍ ഒളിപ്പിച്ചത് കണ്ടെയ്‌നറിനുള്ളില്‍, ഇടിച്ചു തകര്‍ത്ത് യാത്ര; പൊലീസ് തടഞ്ഞപ്പോള്‍ നടുറോഡില്‍ സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടല്‍

ചെന്നൈ: സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടലിനൊടുവിലാണ് തൃശൂരിലെ എടിഎം കവര്‍ച്ചാ സംഘത്തെ നാമക്കലില്‍ വെച്ച് തമിഴ്‌നാട് പൊലീസ് പിടികൂടുന്നത്. റോഡില്‍ നിരവധി വാഹനങ്ങളും ആളുകളും ഉള്ളപ്പോഴാണ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായത്. കൊള്ളസംഘം പോയ കണ്ടെയ്‌നര്‍ ലോറി സന്യാസിപാളയത്തുവെച്ച് രണ്ടു കാറിലും നാലു ബൈക്കിലും ഇടിച്ചിരുന്നു. എന്നാല്‍ ലോറി നിര്‍ത്താതെ പോയി. ഇതോടെ ലോറിയെ പൊലീസ് പിന്തുടര്‍ന്നു.

പൊലീസ് വാഹനം തടയാന്‍ ശ്രമിച്ചതോടെ, ഇതോടെ കവര്‍ച്ചാസംഘം പൊലീസിന് നേര്‍ക്ക് ലോറിയില്‍ നിന്നും വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘത്തിന്റെ വെടിയേറ്റ് ഒരു പൊലീസുകാരന് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് തിരിച്ചടിക്കുകയായിരുന്നു. നാമക്കല്‍ കുമരപാളയത്തു വെച്ചാണ് കൊള്ളസംഘത്തെ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കീഴ്‌പ്പെടുത്തുന്നത്. കണ്ടെയ്‌നര്‍ ലോറി ഡ്രൈവറാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

എസ് കെ ലോജിസ്റ്റിക്‌സ് എന്ന കണ്ടെയ്‌നറിലായിരുന്നു കവര്‍ച്ചാസംഘം സഞ്ചരിച്ചിരുന്നത്. പ്രതികള്‍ തൃശൂരില്‍ കൊള്ളയ്ക്കായി എത്തിയ കാര്‍ കണ്ടെയ്‌നറില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കാറില്‍ നിന്നും പ്രതികള്‍ കൊള്ളയടിച്ച പണം കണ്ടെത്തിയതായാണ് വിവരം. പൊലീസ് വളഞ്ഞതോടെയായിരുന്നു നടുറോഡില്‍ ഏറ്റുമുട്ടലുണ്ടായത്. വാഹനം ഉപേക്ഷിച്ച് സംഘം കടന്നുകളയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികളിലൊരാളെ പൊലീസ് വെടിവെച്ചു വീഴ്ത്തി പിടികൂടിയത്.

തൃശൂരിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെയാണ് എടിഎമ്മുകൾ കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കവർച്ച. പുലർച്ചെ മൂന്നിനും നാലിനും മധ്യേയാണ് കൊള്ള നടന്നത്. കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം കൊള്ളയടിച്ചത്. മാപ്രാണത്തു നിന്ന് 30 ലക്ഷം, കോലഴിയിൽനിന്ന് 25 ലക്ഷം, ഷൊർണൂർ റോഡിലെ എടിഎമ്മിൽനിന്ന് 9.5 ലക്ഷം എന്നിങ്ങനെയാണ് കവർന്നത്.

മോട്ടോര്‍ വാഹന ചട്ടത്തിന് എതിര്; സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയതില്‍ പരാതി

മോട്ടോര്‍ വാഹന ചട്ടത്തിന് എതിര്; സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയതില്‍ പരാതി

തൃശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദം കൊഴുക്കുന്നിതിനിടെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതി. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ സന്തോഷ് കുമാറാണ് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്.

തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനുപിന്നാലെ സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നിറങ്ങിയത്. മറ്റുവാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചത്. ആരോഗ്യപ്രശ്‌നം കാരണമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

റോഡില്‍ മുന്‍ഗണനയും നിയമത്തില്‍ ഇളവും ലഭിക്കുന്ന വാഹനമാണ് ആംബുലന്‍സ്. പരിഷ്‌കരിച്ച മോട്ടോര്‍വെഹിക്കിള്‍ ഡ്രൈവിങ്ങ് റെഗുലേഷന്‍ 2017 നിലവില്‍ വന്നതോടെ ഇത്തരം വാഹനങ്ങള്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് നിര്‍വചിച്ചിട്ടുണ്ട്.