മോട്ടോര്‍ വാഹന ചട്ടത്തിന് എതിര്; സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയതില്‍ പരാതി

മോട്ടോര്‍ വാഹന ചട്ടത്തിന് എതിര്; സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയതില്‍ പരാതി

തൃശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദം കൊഴുക്കുന്നിതിനിടെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതി. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ സന്തോഷ് കുമാറാണ് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്.

തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനുപിന്നാലെ സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നിറങ്ങിയത്. മറ്റുവാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചത്. ആരോഗ്യപ്രശ്‌നം കാരണമാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

റോഡില്‍ മുന്‍ഗണനയും നിയമത്തില്‍ ഇളവും ലഭിക്കുന്ന വാഹനമാണ് ആംബുലന്‍സ്. പരിഷ്‌കരിച്ച മോട്ടോര്‍വെഹിക്കിള്‍ ഡ്രൈവിങ്ങ് റെഗുലേഷന്‍ 2017 നിലവില്‍ വന്നതോടെ ഇത്തരം വാഹനങ്ങള്‍ക്ക് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് നിര്‍വചിച്ചിട്ടുണ്ട്.

‘എല്‍ഡിഎഫ് വിട്ടെന്നു പറഞ്ഞിട്ടില്ല, അടുത്ത തെരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ കൂടുതല്‍ ജയിക്കില്ല’; പിവി അന്‍വര്‍

‘എല്‍ഡിഎഫ് വിട്ടെന്നു പറഞ്ഞിട്ടില്ല, അടുത്ത തെരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ കൂടുതല്‍ ജയിക്കില്ല’; പിവി അന്‍വര്‍

മലപ്പുറം: എല്‍ഡിഎഫ് വിട്ടുവെന്ന് താന്‍ മനസ്സു കൊണ്ടു പറഞ്ഞിട്ടില്ലെന്ന് ഇടതു സ്വതന്ത്രനായ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മനസ്സ് കൊണ്ടു പറഞ്ഞതല്ലെന്നും അന്‍വര്‍ പറഞ്ഞു.

ഈ രീതിയിലാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെങ്കില്‍ 2026ലെ തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശുകിട്ടാത്ത സ്ഥാനാര്‍ഥികളുണ്ടാകും. 20 -25 സീറ്റിനു മേലെ എല്‍ഡിഎഫിനു ജയിക്കാനാകില്ലെന്ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹില്‍ മാധ്യമങ്ങളെ കണ്ടതിനു പിന്നാലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അന്‍വര്‍ പറഞ്ഞു. സിറ്റിങ് ജഡ്ജിയെ വച്ച് അന്വേഷണം നടത്തണം. എത്രയോ നിരപരാധികള്‍ ജയിലിലാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മാത്രം ഇത് ബോധ്യപ്പെടാത്തത് ? ജുഡീഷ്യറിയില്‍ മാത്രമേ എനിക്ക് ഇനി വിശ്വാസമുള്ളൂ. അന്വേഷണസംഘത്തെ ഹൈക്കോടതി തന്നെ തീരുമാനിക്കണമെന്ന് ആവശ്യപ്പെടും. അന്‍വറിനെതിരായ ആരോപണവും ഈ അന്വേഷണസംഘം അന്വേഷിക്കട്ടെ. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അന്‍വര്‍ പറഞ്ഞു.

എന്നെ വഞ്ചിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എല്‍ഡിഎഫ് പുറത്താക്കിയാല്‍ ഞാന്‍ തറയിലിരിക്കും. എന്റെ പാര്‍ക്ക് പൂട്ടിയിട്ട് ഏഴു കൊല്ലമായി. ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് പാര്‍ക്ക് ദുരന്ത മേഖലയില്‍ അല്ല. മുഖ്യമന്ത്രിയുടെ മേശയിലാണ് ഈ റിപ്പോര്‍ട്ട്. ആ ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് ഇരിക്കുമ്പോഴാണ് ഞാന്‍ ഇത് പറഞ്ഞത്.

എട്ടു കൊല്ലത്തിനിടയ്ക്ക് സര്‍ക്കാരിന്റെ ചെലവില്‍ ഒരു പാരസെറ്റമോള്‍ വാങ്ങിയിട്ടില്ല. സ്വന്തമായി വിമാനം ഉള്ളവരും ചികിത്സയ്ക്ക് അമേരിക്കയിലേക്കാണ് പോകുന്നത്. ആദ്യം നിങ്ങള്‍ എന്നെ മല മാന്തുന്നവനാക്കി. ചില മാധ്യമ പ്രവര്‍ത്തകരും ഇവരെ പിന്തുണയ്ക്കുന്നുണ്ട്. അതാണ് ഒന്നും പുറത്തുവരാത്തത്. ഒരുവിധപ്പെട്ടവന്റെ മടിയിലൊക്കെ കനമുണ്ട്. സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും എനിക്കു വേണ്ട. കോഴി ബിരിയാണിയും മന്തിയും കഴിച്ച് മ്യൂസിക്കും കേട്ട് കിടന്നുറങ്ങാനാണ് യുവാക്കളുടെ തീരുമാനമെങ്കില്‍ ഞാന്‍ ആ വഴിക്കു പോകും- അന്‍വര്‍ പറഞ്ഞു.

തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; ഒരാള്‍ കൊല്ലപ്പെട്ടു, പണം നിറച്ചത് കണ്ടെയിനറില്‍

തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; ഒരാള്‍ കൊല്ലപ്പെട്ടു, പണം നിറച്ചത് കണ്ടെയിനറില്‍

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാടില്‍ പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാണ് തമിഴ്നാട് പൊലീസിന്‍റെ പിടിയിലായത്. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ അതേസംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു.

പ്രതികളെ പിന്തുടരുന്നതിനിടെയാണ് തമിഴ്നാട് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരനും പരിക്കേറ്റു. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. പണം കണ്ടയ്നറിൽ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. കവർച്ച സംഘത്തിന്‍റെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തയിരുന്നു കവര്‍ച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.

ബ്രേക്കില്‍ നിന്ന് കാലെടുത്ത് വീണ്ടും കുതിച്ച് സ്വര്‍ണവില; 57,000ലേക്ക്

ബ്രേക്കില്‍ നിന്ന് കാലെടുത്ത് വീണ്ടും കുതിച്ച് സ്വര്‍ണവില; 57,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നത് തുടരുന്നു. ഇന്നലെ കുതിപ്പിന് ബ്രേക്കിട്ട സ്വര്‍ണവില ഇന്ന് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. 57000ലേക്ക് കുതിക്കുമെന്ന സൂചനയാണ് ഇന്ന് നല്‍കിയത്. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് വര്‍ധിച്ചത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചത്.

ഡിഎൻഎ ഫലത്തിനായി കാത്തിരിപ്പ്; അർജുന്റെ മൃതദേഹം നാളെ രാവിലെയോടെ വീട്ടിൽ എത്തിക്കും

ഡിഎൻഎ ഫലത്തിനായി കാത്തിരിപ്പ്; അർജുന്റെ മൃതദേഹം നാളെ രാവിലെയോടെ വീട്ടിൽ എത്തിക്കും

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ശനിയാഴ്ച രാവിലെയോടെ വീട്ടിൽ എത്തിക്കും. ഡിഎൻഎ ഫലം വന്നതിനു ശേഷമാകും മൃതദേഹം വിട്ടുകൊടുക്കുക. ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.

മൃതദേഹത്തിൽനിന്ന് ഡിഎൻഎ സാംപിൾ ശേഖരിച്ച് ഹൂബ്‌ളി റീജണൽ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വരാൻ 18 മണിക്കൂർവരെ സമയമെടുത്തേക്കാമെന്നാണ് ലാബ് ഡയറക്ടർ അറിയിച്ചതെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം. അഷറഫ് പറഞ്ഞു.

അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫലം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അർജുന്റെ സഹോദരീഭർത്താവ് ജിതിനെ പൊലീസ് അറിയിച്ചത്. അങ്ങനെയെങ്കിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് തന്നെ മൃതദേഹം കൊണ്ടുവരാൻ സാധിക്കും. മൃതദേഹം കൊണ്ടുവരാൻ കർണാടക സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കണ്ണാടിക്കലിലെ വീടുവരെ കർണാടക പോലീസ് ആംബുലൻസിന് അകമ്പടിവരും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ചു

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ചു

തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ചയെന്നാണ് വിലയിരുത്തല്‍.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.