വയനാട് കള്ളാടി മണ്ണിടിച്ചിൽ;2 മരണം, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

വയനാട് കള്ളാടി മണ്ണിടിച്ചിൽ;2 മരണം, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദേശം നൽകിയ മുഖ്യമന്ത്രി, റവന്യൂ മന്ത്രി എ.പി. അനിൽകുമാറിനോടും കൃഷി മന്ത്രി ടി. സിദ്ദിഖിനോടും ഉടൻ വയനാട്ടിലേക്ക് തിരിക്കാൻ നിർദേശിച്ചു.

മീനങ്ങാടിയിൽ നിലയുറപ്പിച്ചിരിക്കുന്ന എൻ.ഡി.ആർ.എഫ് യൂണിറ്റിനോട് ഉടൻ സംഭവസ്ഥലത്തെത്താനും കോഴിക്കോട്ടുള്ള സംഘത്തോടും വയനാട്ടിലേക്ക് തിരിക്കാനുമാണ് നിർദേശം നൽകിയിരിക്കുന്നത്. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

മണ്ണിടിച്ചിലിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.

വയനാട് ജില്ലയിൽ ഇന്ന് രാവിലെ അതിതീവ്ര മഴയാണ് ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 265 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തുരങ്കപാത നിർമ്മാണത്തിനായി നിർമിച്ചിരുന്ന കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കനത്ത മഴയെ തുടർന്ന് ഇന്നലെ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നതായും അധികൃതർ അറിയിച്ചു.

സംഭവസമയത്ത് സമീപത്തുകൂടി പോയിരുന്ന ആളുകളാണ് അപകടത്തിൽപ്പെട്ടതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണിടിച്ചിലിൽ നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ ജിതിൻ മേപ്പാടി അറിയിച്ചു. ചിലരെ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്.

വയനാട്ടിലും കോഴിക്കോട്ടും റെഡ് അലര്‍ട്ട്

വയനാട്ടിലും കോഴിക്കോട്ടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ കണക്കിലെടുത്ത് കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍, കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ബുധനാഴ്ച വരെയും കര്‍ണാടക തീരത്ത് ഈ മാസം 10 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

കല്‍പ്പറ്റ: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ പള്ളിയും ഒരുവീടും പൂര്‍ണമായി തകര്‍ന്നു. നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലില്‍ ഒലിച്ചുപോയി. സമീപത്തെ ബസ് സ്‌റ്റോപ്പും പാലവും പൂര്‍ണമായി മണ്ണിനടിയില്‍ ആയി.

തുരങ്കപാത നിര്‍മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. തുരങ്കപാത നിര്‍മാണ കമ്പനിക്ക് വീഴ്ചയുണ്ടായെന്നും അപകട മുന്നറിയിപ്പ് കൊങ്കണ്‍ കമ്പനി അവഗണിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രകൃതി ദുരന്തമാണ് സംഭവിച്ചതെന്നും നിര്‍മാണ പ്രവര്‍ത്തനമല്ല അപകടത്തിന് കാരണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ വയനാട്ടിലേക്ക് തിരിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുന്നതും യന്ത്രങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് സംശയിക്കുന്നത്. ആറുപേര്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. കൂടുതല്‍ തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടുപോയിട്ടുണ്ട് എന്നാണ് സംശയം. കുന്നിന്റെ മുകളില്‍ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചിയും പത്തോളം തൊഴിലാളികളും അവിടെ ഉണ്ടായിരുന്നതായി പ്രദേശവാസി പറയുന്നു.

അവിടെയുള്ള പ്രദേശങ്ങളെയാകെ ബന്ധിപ്പിക്കുന്ന മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. പാലം അപകടാവസ്ഥയിലാണ്. പാലത്തിനപ്പുറമുള്ള മേപ്പാടി, വെള്ളാര്‍മല സ്‌കൂളുകളിലെ കുട്ടികള്‍ മേപ്പാടി ടൗണിലാണ് പഠിക്കുന്നത്. അവരുടെ രക്ഷിതാക്കള്‍ മറുവശത്താണ്. അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ കഴിയാത്ത അവസ്ഥയില്‍ സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും അടക്കം ആശങ്കയിലാണ്.

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനുള്ള നടപടികള്‍ സ്വീകരിച്ചതായി തിരുവമ്പാടി എംഎല്‍എ സി.കെ.കാസിം പറഞ്ഞു. നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നു സംശയിക്കുന്നതായി മുന്‍ പഞ്ചായത്ത് അംഗം അബ്ദുള്‍സലാം പറഞ്ഞു. ബസ് സ്റ്റോപ്പ് തകര്‍ന്നു. പാലത്തിനു മുകളില്‍ മണ്ണ് നിറഞ്ഞു. പാലം ഇടിയാന്‍ സാധ്യതയുണ്ട്. താഴെയുള്ള വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു എന്നും അബ്ദുള്‍ സലാം പറഞ്ഞു.

മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദേശിച്ചു. വയനാട് ജില്ലാ കലക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.

വയനാട്ടില്‍ വന്‍ മണ്ണിടിച്ചില്‍; അപകടം തുരങ്കപാത നിര്‍മാണ സ്ഥലത്ത്; നിരവധി പേര്‍ കുടുങ്ങിയതായി സംശയം

വയനാട്ടില്‍ വന്‍ മണ്ണിടിച്ചില്‍; അപകടം തുരങ്കപാത നിര്‍മാണ സ്ഥലത്ത്; നിരവധി പേര്‍ കുടുങ്ങിയതായി സംശയം

കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിര്‍മാണ സ്ഥലത്ത് വന്‍ മണ്ണിടിച്ചില്‍. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. മീനാക്ഷിപാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മണ്ണിനടിയില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. പാലത്തിനടുത്തുള്ള കുന്ന് വന്‍തോതില്‍ ഇടിഞ്ഞ് റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും ഇറങ്ങിയിരിക്കുന്ന അവസ്ഥയാണ്. മുഖ്യമന്ത്രി വിഡി സതീശന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ട് മന്ത്രിമാര്‍ വയനാട്ടിലേക്ക് തിരിക്കും. മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.

മന്ത്രിമാരായ ടി സിദ്ദിഖും എപി അനില്‍ കുമാറും സംഭവസ്ഥലത്തെത്തും. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളും കുടങ്ങിയിട്ടുണ്ട്. ഇതിനടുത്ത് നിര്‍മാണം നടന്നിരുന്ന സ്ഥലത്ത് പണിയെടുത്തിരുന്ന ഒരു തൊഴിലാളിയെ മണ്ണിനടിയില്‍നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. വയനാട്ടില്‍ ഇന്നലെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്. പാലത്തിലൂടെ കടന്നുപോയിരുന്ന വാഹനങ്ങളോ ആളുകളോ മണ്ണിടിച്ചിലില്‍ പെട്ടുപോയിട്ടുണ്ടോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ആര്‍ആര്‍ടി സംഘത്തോട് പ്രദേശത്തേക്ക് നീങ്ങാന്‍ മന്ത്രി ടി. സിദ്ദിഖ് നിര്‍ദേശം നല്‍കി.

അടിയന്തര രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിച്ചതായി തിരുവമ്പാടി എംഎൽഎ സി.കെ.കാസിം പറഞ്ഞു. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിയെന്നു സംശയിക്കുന്നതായി മുൻ പഞ്ചായത്ത് അംഗം അബ്ദുൾസലാം പറഞ്ഞു. ബസ് സ്റ്റോപ്പ് തകർന്നു. പാലത്തിനു മുകളിൽ മണ്ണ് നിറഞ്ഞു. പാലം ഇടിയാൻ സാധ്യതയുണ്ട്. താഴെയുള്ള വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. നിർമാണ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്നും അബ്ദുൾ സലാം പറഞ്ഞു.

മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദേശിച്ചു. വയനാട് ജില്ലാ കലക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.

പിഎം ശ്രീയില്‍ മുഖ്യമന്ത്രിക്ക് ഹൈക്കമാന്‍ഡിന്റെ ‘ചെക്ക്’; സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത വിയോജിപ്പ്

പിഎം ശ്രീയില്‍ മുഖ്യമന്ത്രിക്ക് ഹൈക്കമാന്‍ഡിന്റെ ‘ചെക്ക്’; സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത വിയോജിപ്പ്

തിരുവനന്തപുരം: പിഎം ശ്രീ പോലുള്ള വിവാദ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഹൈക്കമാന്‍ഡ്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശക്തമായ വിയോജിപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയുള്ള പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും നീക്കങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണിത്.

സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഏറെ വിവാദമായിരുന്നു. കേന്ദ്ര ഫണ്ടുകള്‍ക്ക് വേണ്ടി, യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായുമുള്ള പ്രഖ്യാപിത നിലപാടില്‍ നിന്ന് വഴിമാറിയെന്നാണ് ആക്ഷേപം ഉയര്‍ന്നത്.

പിഎംശ്രീ പദ്ധതി പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കും പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കും വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. ഈ സന്ദേശം പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളിന്മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതായാണ് സൂചന. പാര്‍ട്ടിയുടെ രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകളില്‍ സര്‍ക്കാര്‍ ഒരുവിധ വിട്ടുവീഴ്ചയും ചെയ്യരുത് എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.

സര്‍ക്കാരിന്റെ നിലപാട് മാറ്റം മുസ്ലിം ലീഗിനും മറ്റ് മുസ്ലിം സംഘടനകള്‍ക്കുമിടയില്‍ ശക്തമായ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോള്‍, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ പദ്ധതി ‘അറബിക്കടലില്‍ എറിയും’ എന്ന് ലീഗ് നേതാക്കള്‍ പ്രസ്താവിച്ചിരുന്നതാണ്.

‘ദേശീയ വിദ്യാഭ്യാസ നയം പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള വഴിയാണ് പിഎം ശ്രീ പദ്ധതി. ഇത് സ്‌കൂള്‍ പാഠ്യപദ്ധതിയിലേക്ക് സംഘപരിവാര്‍ പ്രത്യയശാസ്ത്രം കടന്നുവരുന്നതിന് വഴിയൊരുക്കും. കേരളത്തില്‍ അത് സംഭവിക്കാന്‍ അനുവദിക്കില്ല.’ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

മാത്രമല്ല, സംഘപരിവാര്‍ അജണ്ടയ്ക്ക് അനുസൃതമായി പിണറായി വിജയന്‍ സര്‍ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ‘കാവിവല്‍ക്കരണം’ നടത്തിയെന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രധാന പ്രചാരണ ആയുധമാക്കിയിരുന്നു. ആ നിലപാടില്‍ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യുന്നത്, പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍, പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും വിശ്വാസ്യതയെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതേസമയം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശനുമായി അടുത്ത വൃത്തങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘സര്‍ക്കാര്‍ ഉപസമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.’ നേതാവ് വ്യക്തമാക്കി.

പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുന്‍ എല്‍ഡിഎഫ്. സര്‍ക്കാര്‍ കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും കേന്ദ്ര ഫണ്ട് കൈപ്പറ്റുകയും ചെയ്തതിനാലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാനം നിര്‍ബന്ധിതരായതെന്ന് മുഖ്യമന്ത്രി വി ഡി സതീശനും മുസ്ലിം ലീഗും അവകാശപ്പെടുന്ന സമയത്താണ് ഹൈക്കമാന്‍ഡിന്റെ ഈ ഇടപെടല്‍. പദ്ധതി ഉപേക്ഷിക്കുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന നിലപാടില്‍ മുഖ്യമന്ത്രിയും ഉറച്ചുനില്‍ക്കുന്നുണ്ട്.

‘ഇത് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം, ഞങ്ങള്‍ വിട പറയുന്നു; ‘അമ്മ’യില്‍ നിന്ന് രാജിവച്ച് പത്മപ്രിയയും രേവതിയും

‘ഇത് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം, ഞങ്ങള്‍ വിട പറയുന്നു; ‘അമ്മ’യില്‍ നിന്ന് രാജിവച്ച് പത്മപ്രിയയും രേവതിയും

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്ന് നടിമാരായ രേവതി, പത്മപ്രിയ എന്നിവര്‍ രാജിച്ചു. നേരത്തെ സംഘടനയ്്ക്ക് പുറത്തുപോയി സംസാരിച്ചിരുന്നെങ്കിലും രാജി നല്‍കിയിരുന്നില്ല. ഒരു ദശാബ്ദത്തിലേറെയായി ഉന്നയിച്ച ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്നും സംഘടനയില്‍ പുരുഷാധിപത്യമാണെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് രേവതിയും പത്മപ്രിയയും രാജിവിവരം അറിയിച്ചത്. ‘ഞങ്ങളുടെ രാജി തിടുക്കത്തില്‍ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണവുമല്ല. ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ആവശ്യം ലളിതമായിരുന്നു. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യ പരിഗണന. എല്ലാവര്‍ക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങള്‍ എല്ലാവരേയും ഒരുമിപ്പിക്കും എന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. ഉത്തരം മൗനവും അകല്‍ച്ചയുമായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളില്‍ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങള്‍ തുടര്‍ന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂര്‍വമായ കരുത്തുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സംഘടനയില്‍ നടന്ന കൂട്ടരാജികള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രം മാത്രമായിരുന്നുവെന്നും, പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ അധികാര ഭ്രമവും വീണ്ടും തിരിച്ചെത്തി. അധികാരത്തിന്റെ മുഖങ്ങള്‍ മാറും. രീതികള്‍ മാറും. എന്നാല്‍ അസമത്വത്തിന്റെ ഘടനകള്‍ മാറ്റമില്ലാതെ തുടരുകയാണ്. അമ്മ. രൂപം കൊണ്ടത് എല്ലാവരേയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്. എന്നാല്‍ പുരുഷാധിപത്യവും അധികാര മോഹവും അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്ന് ക്രമേണ സംഘടനയെ ദുര്‍ബലപ്പെടുത്തി. ഈ ഘട്ടത്തില്‍ അത് ഞങ്ങളുടെ പടിയിറങ്ങല്‍ ഒരു പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണ്.

മുമ്പ് നേരിട്ട അതേ പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരാത്ത ഒരിടമായി മാറാന്‍ മലയാള ചലച്ചിത്രമേഖലയ്ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ആ വിശ്വാസം ഒരിക്കലും ഏതെങ്കിലും സംഘടനയിലെ അംഗത്വത്തെ ആശ്രയിച്ചുള്ളതല്ല. മികവുറ്റ ചലച്ചിത്ര ശ്രമങ്ങള്‍ക്കായ് ഞങ്ങള്‍ യാത്ര തുടരും, സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും, നീതിയുക്തമായ തൊഴില്‍ മേഖല ഉറപ്പാക്കാനും. ഞങ്ങള്‍ക്കെന്നും ഉറച്ച പിന്തുണ തന്ന പൊതുസമൂഹത്തിനോടും മാധ്യമങ്ങളോടും അഗാധമായ നന്ദിയും കടപ്പാടും ഹൃദയത്തില്‍ നിന്നും രേഖപ്പെടുത്തുന്നു. സംഘടനയുടെ നിലനില്‍പ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസയോഗ്യതയാണ് എന്ന ഉറച്ച ബോധ്യത്തോടെ, പ്രത്യാശയോടെ ഞങ്ങള്‍ വിട പറയുന്നു.’ ഇരുവരുടെയും കുറിപ്പില്‍ പറയുന്നു.