18 വയസ്സ് തികയാത്തവർ ലോക്ക് ആകും 20’s കിഡ്സിന് എട്ടിന്റെ പണി; ഇൻസ്റ്റഗ്രാമിൽ നിയന്ത്രണങ്ങൾ

18 വയസ്സ് തികയാത്തവർ ലോക്ക് ആകും 20’s കിഡ്സിന് എട്ടിന്റെ പണി; ഇൻസ്റ്റഗ്രാമിൽ നിയന്ത്രണങ്ങൾ

സോഷ്യൽമീഡിയ ഉപയോഗിക്കുന്ന കുട്ടികൾ ചതിക്കുഴികളിൽ വീഴുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി മെറ്റ. 18 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി പ്രത്യേക ‘കൗമാര അക്കൗണ്ടുകൾ’ (Teen Accounts) ഇൻസ്റ്റഗ്രാമിൽ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം.

യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ അടുത്തയാഴ്ച മുതൽ, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന, 18 വയസ്സിന് താഴെയുള്ളവർക്ക് കൗമാരക്കാരുടെ അക്കൗണ്ടാണ് നൽകുക. നേരത്തെ മുതൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 18ന് താഴെയുള്ളവരെ അടുത്ത 60 ദിവസത്തിനുള്ളിൽ കൗമാര അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യും. യൂറോപ്യൻ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകൾ ഈ വർഷാവസാനം ക്രമീകരിക്കപ്പെടും.

കൗമാരക്കാർ അവരുടെ പ്രായത്തെക്കുറിച്ച് കള്ളം പറഞ്ഞ് 18 വയസിന് മുകളിലുള്ളവരാണെന്ന് തെറ്റിദ്ധിരിപ്പിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്താൽ അത് കണ്ടുപിടിക്കാനുള്ള സംവിധാനവും മെറ്റ ഒരുക്കുന്നുണ്ട്. അതിനാൽ മുതിർന്നവരായി നടിച്ച് ഇൻസ്റ്റഗ്രാമിൽ വിഹരിക്കാനും കൗമാരക്കാർക്ക് കഴിയില്ലെന്ന് ചുരുക്കം.

കൗമാരക്കാരുടെ അക്കൗണ്ടുകൾ ‘പബ്ലിക്ക്’ ആക്കാൻ കഴിയില്ല. ‘പ്രൈവറ്റ് അക്കൗണ്ട്’ വിഭാഗത്തിൽ ഡിഫോൾട്ടായി പട്ടികപ്പെടുത്തും. അതിനാൽ അവർ ഫോളോ ചെയ്യാത്തവരിൽ നിന്ന് മെസേജുകൾ ലഭിക്കുന്നതിൽ നിയന്ത്രണം വരും. “Sensitive content” കാണുന്നതിലും പരിമിതിയുണ്ടാകും.

60 മിനിറ്റിൽ കൂടുതൽ ഇൻസ്റ്റഗ്രാമിൽ ഇരുന്നാൽ നോട്ടിഫിക്കേഷൻ വരും. രാത്രി 10 മുതൽ രാവിലെ 7 വരെ “സ്ലീപ്പ് മോഡ്” ഓൺ ആയിരിക്കും. അതിനാൽ മെസേജുകളുടെ നോട്ടിഫിക്കേഷൻ ലഭിക്കില്ല. 16, 17 വയസുള്ളവർക്ക് ഈ നിയന്ത്രണമുണ്ടാകില്ല.
16 വയസ്സിന് താഴെയുള്ളവർക്ക് സ്ലീപ് മോഡ് ഓഫാക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്.

മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ; സ്വര്‍ണവില 54,500ലേക്ക്

മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ; സ്വര്‍ണവില 54,500ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 കടന്നിരുന്നു. തുടര്‍ന്നുള്ള മൂന്ന് ദിവസം വില കുറയുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ ഇടിയാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.

പുലി വരുന്നേ പുലി! അര മണി കിലുക്കി, താളത്തിൽ ചുവടുവച്ച് തൃശൂരിൽ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

പുലി വരുന്നേ പുലി! അര മണി കിലുക്കി, താളത്തിൽ ചുവടുവച്ച് തൃശൂരിൽ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

തൃശൂർ: ന​ഗരത്തെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ് റൗണ്ടിൽ ഇന്ന് അരമണി കിലുക്കി, താളത്തിൽ ചുവടുവച്ച് 350ലേറെ പുലികളാണ് ഇറങ്ങുന്നത്. പാട്ടുരായ്ക്കൽ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ഏഴ് സംഘങ്ങളായാണ് പുലികൾ ഇറങ്ങുന്നത്.

ഉച്ച കഴിഞ്ഞ് 3 മണിയോടെ പുലികൾ മട വിട്ട് ന​ഗരത്തിലേക്ക് എത്തിത്തുടങ്ങും. വൈകീട്ട് 5നു നായ്ക്കനാലിൽ പാട്ടുരായ്ക്കൽ ദേശം പ്രവേശിക്കുന്നതോടെയാണ് ഫ്ലാ​ഗ് ഓഫ്. പുലിക്കളിയുടെ ഭാ​ഗമായി തൃശൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടിലേക്ക് ഇന്ന് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല.

രാവിലെ തന്നെ ഒരുക്കങ്ങൾ ആരംഭിക്കും. മെയ്യഴുത്തടക്കമുള്ളവ അവസാനിക്കാൻ ഏറെ സമയമെടുക്കും. 35 മുതൽ 51 വരെ പുലികളാണ് ഓരോ സംഘത്തിലുമുണ്ടാകുക. എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. വേഷത്തിനും അച്ചടക്കത്തിനും മേളത്തിനും പുരസ്കാരമുണ്ട്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ

കൊച്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി റെജി (47)യെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ ഒമ്പതിന് രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടവൂരില്‍ യുവതി താമസിക്കുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. ഹാളിലിരിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് കന്നാസില്‍ കൊണ്ടുവന്ന ആസിഡ് ജനല്‍ വഴി ഒഴിക്കുകയായിരുന്നു.

ആക്രമണത്തിൽ യുവതിയുടെ മുഖത്ത് അടക്കം പൊള്ളലേറ്റിരുന്നു. സെപ്റ്റംബര്‍ 15ാം
തീയതി റെജി വീണ്ടും യുവതിയുടെ വീട്ടിലെത്തുകയും യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

നിർഭയ കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി

നിർഭയ കേന്ദ്രത്തിൽ നിന്ന് 3 പെൺകുട്ടികളെ കാണാതായി

പാലക്കാട്: സർക്കാരിനു കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിൽ നിന്നു മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ട് പേരേയും 14കാരിയേയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ഇവർ പുറത്തു ചാടുകയായിരുന്നു. പോക്സോ കേസ് അതിജീവിതയും കണാതായവരിലുണ്ട്.

കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിർഭയ കേന്ദ്രം അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം.

തിളച്ച വെള്ളം ദേഹത്തു വീണ് 4 വയസുകാരിയ്ക്ക് ദാരുണാന്ത്യം

തിളച്ച വെള്ളം ദേഹത്തു വീണ് 4 വയസുകാരിയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: തിളച്ച വെള്ളം ദേഹത്തു വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു. പാനൂർ തൂവത്തുകുന്നിലെ അബ്ദുല്ല- സുമയത്ത് ദമ്പതികളുടെ മകൾ സെയ്ഫ ആയിഷയാണ് മരിച്ചത്.

കഴിഞ്ഞ 13നാണ് കുട്ടിയുടെ കാലിൽ തിളച്ച വെള്ളം അബദ്ധത്തിൽ വീണത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. എൽകെജി വിദ്യാർഥിനിയാണ്.
പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. കൊളവല്ലൂർ പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.