മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്

മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മസ്റ്ററിങ് നടത്തിയവര്‍ക്കും ഇതു ബാധകമാണ്. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയം എത്തി മസ്റ്ററിങ് നടത്തേണ്ടതില്ല. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡില്‍ ഉള്‍പ്പെട്ട 47 ലക്ഷത്തോളം പേര്‍ മസ്റ്ററിങ് നടത്തിയതായാണ് കണക്ക്. ഈ വിഭാഗത്തിലെ 1.53 കോടി അംഗങ്ങളുടെ മസ്റ്ററിങ് ഒക്ടോബര്‍ 8ന് മുന്‍പ് പൂര്‍ത്തിയാക്കും. സൗജന്യ റേഷന്‍ ലഭിക്കുന്നവരുടെ ഇ കെവൈസി അപ്‌ഡേഷന്‍ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കലാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജന് തിരിച്ചടി

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജന് തിരിച്ചടി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന് തിരിച്ചടി. സിപിഎം നേതാക്കളായ പി ജയരാജനും മുന്‍ എംഎല്‍എ ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി.

ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്. ഷുക്കൂര്‍ കൊലപാതകത്തിലോ ഗൂഢാലോചനയിലേ നേരിട്ട് ബന്ധമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജയരാജനും രാജേഷും കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതിനെ എതിര്‍ത്ത് ഷുക്കൂറിന്റെ അമ്മ കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

മൂന്നുമണിയോടെയാണ് ഷുക്കൂറിന്റെ കൊലപാതകം നടന്നത്. എന്നാല്‍ 11 മണിയോടെ ഷുക്കൂറും സംഘവും പി ജയരാജനും സംഘത്തിനുമെതിരെ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2012 ഫെബ്രുവരി 20 നാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഭാരവാഹിയായ അബ്ദുള്‍ ഷുക്കൂര്‍ (24) വെട്ടേറ്റ് കൊല്ലപ്പെടുന്നത്. കേസില്‍ ഓഗസ്റ്റ് 1 ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 27 ന് ഹൈക്കോടതി ജയരാജന് ജാമ്യം നല്‍കി. 2016 ഫെബ്രുവരി 8 നാണ് കേസ് ഹൈക്കോടതി സിബിഐക്ക് വിടുന്നത്. 2019 ഫെബ്രുവരി 11 ന് പി ജയരാജന്‍, ടിവി രാജേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ സിബിഐ തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

മുപ്ലിയില്‍ വീണ്ടും പുലിയിറങ്ങി, ഭീതിയില്‍ നാട്ടുകാര്‍

മുപ്ലിയില്‍ വീണ്ടും പുലിയിറങ്ങി, ഭീതിയില്‍ നാട്ടുകാര്‍

തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്.

നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ നേരില്‍ കണ്ടു. വീട്ടിലെ നിരീക്ഷണ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള മുപ്ലി ഗ്രാമത്തില്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചു വരികയാണ്. പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും സജീവമാകുന്നു, ഡ്രഡ്ജര്‍ നാളെ ഷിരൂരില്‍ എത്തും

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും സജീവമാകുന്നു, ഡ്രഡ്ജര്‍ നാളെ ഷിരൂരില്‍ എത്തും

മംഗലൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ നടത്താനുള്ള ഡ്രഡ്ജര്‍ കാര്‍വാര്‍ തുറമുഖത്ത് എത്തി. ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് നാളെ രാവിലെയാകും ഗംഗാവാലിപ്പുഴയിലൂടെ ഷിരൂരിലെത്തുക. നാവികസേനയുടെ സംഘം ഇന്ന് ഗംഗാവലിപ്പുഴയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. തിരച്ചിലിനായി നാവികസേനാ സംഘം പ്രധാനമായി പുഴയിലെ ഒഴുക്ക് പരിശോധിക്കും. ലോറി ഉണ്ടാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന സ്ഥലത്ത് പുഴയുടെ അടിത്തട്ടില്‍ സോണാര്‍ പരിശോധനയും നടത്തും. ശേഷമാകും ഡ്രഡ്ജിംഗ് രീതി തീരുമാനിക്കുക.

ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള, മൂന്നടി വരെ വെള്ളത്തിന്റെ അടിത്തട്ടില്‍ മണ്ണെടുക്കാന്‍ കഴിയുന്ന ഡ്രഡ്ജറാണ് ഗോവന്‍ തീരത്ത് നിന്ന് ബുധനാഴ്ച ഉച്ചയോടെ കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചത്. മണ്ണും പാറക്കെട്ടും മരങ്ങളും എടുക്കാന്‍ കഴിയുന്ന ഒരു ഹിറ്റാച്ചി, ഡ്രഡ്ജറിനെ പുഴയിലുറപ്പിച്ച് നിര്‍ത്താനുള്ള രണ്ട് ഭാരമേറിയ തൂണുകള്‍, തൂണ് പുഴയിലിറക്കാനും പുഴയില്‍ നിന്ന് വസ്തുക്കള്‍ എടുക്കാനും കഴിയുന്ന ഒരു ക്രെയിന്‍ എന്നിവയാണ് ഇതിന്റെ പ്രധാനഭാഗങ്ങള്‍.

ഗംഗാവലിപ്പുഴയിലെ രണ്ട് പാലങ്ങളാണ് ഡ്രഡ്ജര്‍ അടങ്ങിയ ബോട്ട് എത്തിക്കാനുള്ള ഒരു പ്രധാന വെല്ലുവിളി. ഗംഗാവലിപ്പുഴയ്ക്ക് കുറുകെ ഗോകര്‍ണത്തെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന് ഉയരം കുറവാണ്. അതിനാല്‍ ഇന്ന് പാലത്തിനടുത്ത് എത്തിച്ച ശേഷം ഒരു പകല്‍ കാത്ത് നിന്ന് വൈകീട്ട് വേലിയിറക്ക സമയത്ത് പുഴയിലെ ഒഴുക്ക് കുറയുമ്പോഴേ ടഗ് ബോട്ട് പാലം കടക്കൂ. ശേഷം ഉള്ള ഒരു റെയില്‍പ്പാലവും കടന്ന് നാളെ പുലര്‍ച്ചെയോടെ ഡ്രഡ്ജര്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ ഇടത്ത് എത്തിക്കാനാണ് നിലവിലെ ശ്രമം. ടഗ് ബോട്ടിലെ തൊഴിലാളികളുടെയും ദൗത്യസംഘത്തിന്റെയും സുരക്ഷ കൂടി കണക്കിലെടുത്താകും തിരച്ചില്‍ എങ്ങനെ തുടരണമെന്നതില്‍ അന്തിമതീരുമാനമുണ്ടാകുക.

സെഞ്ച്വറിയുമായി പട നയിച്ച് സച്ചിന്‍ ബേബി; പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്

സെഞ്ച്വറിയുമായി പട നയിച്ച് സച്ചിന്‍ ബേബി; പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്

തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്. കലാശപ്പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ കീഴടക്കിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്. നായകന്‍ സച്ചിന്‍ ബേബിയുടെ സെഞ്ച്വറിയുടെ മികവിലാണ് കൊല്ലം ആറു വിക്കറ്റിന്റെ വിജയം കരസ്ഥമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 213 റണ്‍സ് നേടി. കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്ലം 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് വിജയം പിടിച്ചെടുത്തത്. 54 പന്തുകള്‍ നേരിട്ട സച്ചിന്‍ ബേബി 105 റണ്‍സുമായി പുറത്താകാതെനിന്നു. 8 ഫോറും 7 സിക്‌സറുകളും സച്ചിന്റെ ഇന്നിങ്‌സിന് കരുത്തേകി. സച്ചിന്‍ ബേബിയാണ് കളിയിലെ താരം.

വത്സന്‍ ഗോവിന്ദ് (27 പന്തില്‍ 45 റണ്‍സ്), അഭിഷേക് നായര്‍ ( 25 റണ്‍സ് ) എന്നിവര്‍ സച്ചിന് മികച്ച പിന്തുണ നല്‍കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിനെ, മൂന്ന് അര്‍ധ സെഞ്ച്വറികളാണ് ഇന്നിങ്‌സിനെ ഇരട്ട സെഞ്ച്വറി കടത്തിയത്. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (26 പന്തില്‍ 51), അഖില്‍ സ്‌കറിയ (30 പന്തില്‍ 50), വിക്കറ്റ് കീപ്പര്‍ അജിനാസ് ( 24 പന്തില്‍ 56) എന്നിവരുടെ മിന്നല്‍ പ്രകടനങ്ങളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഹേമ കമ്മിറ്റി: 20 ലേറെ മൊഴികള്‍ ഗൗരവ സ്വഭാവമുള്ളത്; നിയമ നടപടിക്ക് സാധ്യതയുണ്ടെന്ന് എസ്‌ഐടി വിലയിരുത്തല്‍

ഹേമ കമ്മിറ്റി: 20 ലേറെ മൊഴികള്‍ ഗൗരവ സ്വഭാവമുള്ളത്; നിയമ നടപടിക്ക് സാധ്യതയുണ്ടെന്ന് എസ്‌ഐടി വിലയിരുത്തല്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ സിനിമ രംഗത്തെ ലൈംഗിക ചൂഷണം അടക്കം വ്യക്തമാക്കി വെളിപ്പെടുത്തിയ 20 ലേറെ മൊഴികള്‍ ഗൗരവസ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ മൊഴികളില്‍ നിയമനടപടിക്ക് സാധ്യതയുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ഇവരില്‍ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടാനും തീരുമാനിച്ചു.

നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മാസം മൂന്നാം തീയതിക്കുള്ളില്‍ കേസെടുക്കാനും ഇന്നലെ ചേര്‍ന്ന പ്രത്യേക സംഘത്തിന്റെ യോഗം തീരുമാനിച്ചു. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും.

യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്‍ന്നാണ് ഇത്രയും പേജുകള്‍. മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ണമായും ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികള്‍ വായിക്കാനും തീരുമാനിച്ചു. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടാനാണ് തീരുമാനം.