പ്രിയതമനെ അവസാനമായി ഒരുനോക്ക് കണ്ട് ശ്രുതി; കണ്ണീര്‍ പൂക്കളോടെ വിട

പ്രിയതമനെ അവസാനമായി ഒരുനോക്ക് കണ്ട് ശ്രുതി; കണ്ണീര്‍ പൂക്കളോടെ വിട

കല്‍പ്പറ്റ: വെള്ളാരംകുന്നില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെന്‍സന്റെ മൃതദേഹം അവസാനമായി കണ്ട് ശ്രുതി. ആശുപത്രിയിലെത്തിച്ചാണ് പ്രിയപ്പെട്ടവന്റെ മൃതദേഹം അവസാനമായി ശ്രുതിയെ കാണിച്ചത്. പ്രിയതമന്റെ ജീവനറ്റ ശരീരം കണ്ട് ശ്രുതി വിങ്ങിപ്പൊട്ടിയപ്പോള്‍ മറ്റുള്ളവര്‍ക്കും കരച്ചിലടക്കാനായില്ല. വാഹാനാപകടത്തില്‍ ഇരുകാലുകള്‍ക്കും പരിക്കേറ്റ ശ്രുതി ഐസിയുവില്‍ ചികിത്സയിലാണ്. ജെന്‍സന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നടത്തും.

ബന്ധുക്കളാണ് പ്രതിശ്രുത വരന്‍ ജെന്‍സന്റെ മരണവിവരം ശ്രുതിയെ അറിയിച്ചത്. ജെന്‍സന്‍ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ഇന്നലെ രാത്രിയില്‍ മരിക്കുന്നതിനു മുമ്പ് മേപ്പാടിയിലെ ആശുപത്രിയില്‍ എത്തിച്ചു ശ്രുതിയെ ജെന്‍സനെ കാണിച്ചിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്കുശേഷം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അമ്പലവയല്‍ ആണ്ടൂര്‍ ഗ്ലോറിസ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം നടത്തി. ആയിരങ്ങളാണ് ജെന്‍സനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. പലരും ജെന്‍സന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ വിങ്ങിപ്പൊട്ടി. പിന്നീട് ആണ്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരം ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിലാണ്.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്‌കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെ നഷ്ടമായിരുന്നു. പുതിയ വീടും വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവന്‍ സ്വര്‍ണവും ഒലിച്ചുപോയി. എല്ലാ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ ശ്രുതിക്ക് കൂട്ടായി ജെന്‍സനുണ്ടായിരുന്നു.

ലൈംഗികാതിക്രമം: രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍, ചോദ്യം ചെയ്യല്‍

ലൈംഗികാതിക്രമം: രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍, ചോദ്യം ചെയ്യല്‍

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. അന്വേഷണ സംഘത്തില്‍പ്പെട്ട ഐജി പൂങ്കുഴലിയാണ് സംവിധായകനെ ചോദ്യം ചെയ്യുന്നത്. ബംഗാളി നടി നല്‍കിയ പരാതിയിലും കോഴിക്കോട് സ്വദേശി നല്‍കിയ പീഡന പരാതിയിലുമാണ് ചോദ്യം ചെയ്യല്‍.

ലൈംഗിക പീഡനക്കേസില്‍ രഞ്ജിത്തിന് കോടതി ജാമ്യം ലഭിച്ചിരുന്നു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും, അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി രഞ്ജിത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പലേരിമാണിക്യം സിനിമയുടെ ഷൂട്ടിങ്ങിന് എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി.

രഞ്ജിത്തിനെതിരായ പരാതികളില്‍ പരാതിക്കാരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രഞ്ജിത്ത് മോശമായി പെരുമാറിയ കാര്യം മലയാളി സംവിധായകന്‍ ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായി ബംഗാളി നടി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ജോഷി ജോസഫിനെയും ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില ഉയര്ന്നിരുന്നു. ഇന്ന് പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്.
ഇന്നലെ പവന് 280 രൂപയാണ് ഉയർന്നത്.

ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലയാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്ന് വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6705 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5560 രൂപയാണ്. വെള്ളിയുടെ വിലഇന്നലെ ഉയർന്നിരുന്നു. ഒരു രൂപയാണ് വർധിച്ചത്. ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.

എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു

എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു

തൃശൂർ: എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ശാസ്ത്ര സ്വാതന്ത്രചിന്ത മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന ഫ്രീ തിങ്കൾ അവാർഡ്
ലൂസി യൂട്യൂബ് ചാനൽ സ്ഥാപകനും, പ്രശസ്ത സ്വതന്ത്രചിന്ത പ്രഭാഷകനുമായ ചന്ദ്രശേഖർ രമേശിന്. യുവ സ്വാതന്ത്രചിന്തകർക്കുള്ള യങ് ഫ്രീ തിങ്കർ അവാർഡ് മാധ്യമ പ്രവർത്തകനും തൃശൂർ സ്വദേശിയുമായ ഒ കെ സജിത്തിനും, കണ്ണൂർ സ്വദേശിയും വ്യവസായിയുമായ കബീർ അഹമ്മദിനും നൽകും.

വയനാട്ടിൽ മുണ്ടക്കൈ ചൂരൽമലയിലുണ്ടായ ഉരുളപൊട്ടലിൽ സന്നദ്ധ പ്രവർത്തകരായ എസൻസ് ഗ്ലോബൽ പ്രവർത്തകരായ യാസിൻ ഒമർ, അഷ്‌റഫ്‌ അലി എന്നിവർക്ക് ആദരസൂചകമായി കസ്റ്റോഡിയൻ ഓഫ് ഹ്യൂമനിസം അവാർഡും എസൻസ് ഗ്ലോബൽ ഇത്തവണ വിതരണം ചെയ്യും. ദുരന്തഭൂമിയിൽ അക്ഷീണം പ്രവർത്തിച്ചവരെ മാതൃകാപരമായി അഭിനന്ദിക്കാനാണു സംഘടന അവാർഡ് ഏർപ്പെടുത്തിയത്.

അവാർഡ് ജേതാക്കൾക്ക് എസെൻസ് മെഡലിയനും 25000 രൂപയും, പ്രശസ്തിപത്രവുമാണ് നൽകുക. ആർട്ടിക്കിൾ 51 A(h) ന്റെ സന്ദേശം ഉൾക്കൊണ്ട് കേരള സമൂഹത്തിൽ ശാസ്ത്രവും സ്വതന്ത്രചിന്തയും പ്രചരിപ്പിച്ചതിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. 2024 ഒക്ടോബർ 12ന് കോഴിക്കോട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ സംഘടിപ്പിക്കപ്പെടുന്ന എസൻസ് ഗ്ലോബലിന്റെ ശാസ്ത്ര സ്വാതന്ത്രചിന്ത സമ്മേളനം ലിറ്റ്മസ്’24 ൽ അവാർഡുകൾ വിതരണം ചെയ്യും.

ഓണക്കാല പരിശോധന; പത്തനാപുരം ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടിച്ചെടുത്തു

ഓണക്കാല പരിശോധന; പത്തനാപുരം ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടിച്ചെടുത്തു

പത്തനംതിട്ട: ബംഗളരു പത്തനാംപുരം ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടികൂടി. തലയോലപ്പറമ്പില്‍ നടത്തിയ എക്‌സൈസ് പരിശോധനയിലാണ് വിദേശ കറന്‍സി ഉള്‍പ്പടെ പിടികൂടിയത്. പത്തനാപുരം സ്വദേശി ഷാഹുല്‍ ഹമീദ് (56) ആണ് കസ്റ്റഡിയിലായത്.

ഓണക്കാലത്ത് എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപത്തുവച്ച് അന്തര്‍സംസ്ഥാന ബസ്സില്‍ നിന്ന് കള്ളപ്പണം പിടികൂടിയത്. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത് വിദേശ കാന്‍സികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ് സംഭവം. ബംഗളൂരുവില്‍നിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാളെന്നാണ് എക്‌സൈസ് പറയുന്നത്. രണ്ട് ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ശുപാര്‍ശ നല്‍കി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടു നിര്‍മ്മാണം തുടങ്ങി പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

സാമ്പത്തിക ആരോപണങ്ങള്‍ ആയതിനാല്‍ പ്രത്യേക സംഘത്തിന് അന്വേഷിക്കാനാകില്ലെന്ന് ഡിജിപി ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് പി വി അന്‍വറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ അനധികൃത സ്വത്തു സമ്പാദനം, സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായുള്ള ബന്ധം തുടങ്ങി നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ആരോപിച്ചിരുന്നു. ഈ മൊഴി പരിശോധിച്ച ശേഷമാണ് ഡിജിപി, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണമാണ് വേണ്ടതെന്ന് രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്.

മൊഴിയില്‍ പറയുന്ന അഞ്ചു കാര്യങ്ങള്‍ വിജിലന്‍സിന് കൈമാറണമെന്നാണ് ശുപാര്‍ശ. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറി മുഖേന ഇന്നുതന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ കൈമാറിയേക്കും. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചേക്കുമെന്നാണ് സൂചന.