സുകുമാരക്കുറുപ്പും കൂട്ടരും ഓണം ആഘോഷിക്കാൻ ഒത്തുകൂടി !!!

സുകുമാരക്കുറുപ്പും കൂട്ടരും ഓണം ആഘോഷിക്കാൻ ഒത്തുകൂടി !!!

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’
ഫൈനൽസ്, രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്നു. ഓണച്ചിത്രമായി സെപ്റ്റംബർ 13 നു തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവർത്തകരും ഓണാഘോഷ പരിപാടിക്ക് വേണ്ടി കഴിഞ്ഞ ദിവസം ആറ്റിങ്ങൽ പേൾ പാലസ് ഹോട്ടലിൽ ഒത്തുകൂടി. ഓണഘോഷ
പരിപാടികൾ അടൂർ പ്രകാശ് എം പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് താങ്ങുംതണലുമായി പ്രജീവം മൂവീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു തുക സംഭാവനയായി നൽകി. ചിത്രത്തിന്റെ നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ ആറ്റിങ്ങൽ എം ൽ എ ശ്രീമതി ഒ എസ് അംബികക്ക് ചെക്ക് കൈമാറി.

സംവിധായകൻ ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകന്‍ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ഈ സിനിമയിൽ അബു സലിം, ജോണി ആന്റണി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ടിനി ടോം, ശ്രീജിത്ത് രവി, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, എബിൻ ബിനോ, അജയ് നടരാജ്, ഇനിയ, Dr.രജിത് കുമാർ, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങൾ ഉണ്ട്. വി ആർ ബാലഗോപാൽ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നു. ക്യാമറ രജീഷ് രാമൻ, എഡിറ്റിംഗ് സുജിത്ത് സഹദേവ്, പ്രോജക്ട് ഡിസൈനർ എസ് മുരുകൻ.

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാം: ഉത്തരവുമായി ഹൈക്കോടതി

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാം: ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ‍ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിൽ വാഹനങ്ങളിൽ സേഫ്റ്റി ​ഗ്ലേസിങ് ഉപയോ​ഗിത്താൻ അനുവദിക്കുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് മോട്ടര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകൾക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ 2019ലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ നിർവചനത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുൻപിൻ ഭാഗങ്ങളിൽ 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങൾ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകൾ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്.

എന്നാൽ ഇത്തരം ഫിലിമുകൾ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടി. അത് നിലവിലുള്ള സുപ്രീം കോടതി വിധികൾ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന് മുൻപുള്ളതായിരുന്നു എന്നും അന്ന് സേഫ്റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമേ അനുവാദമുള്ളൂ എന്നും വാഹന ഉടമയ്ക്ക് ഇല്ല എന്ന വാദവും കോടതി തള്ളി. ചട്ടങ്ങൾ അനുസരിച്ചുള്ള സുതാര്യത ഉറപ്പുവരുത്തുന്ന ഗ്ലേസിങ് നിലനിർത്താൻ വാഹന ഉടമയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

കൂളിങ് ഫിലിം നിർമിക്കുന്ന കമ്പനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, സൺ കൺട്രോള്‍ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് നോട്ടിസ് നൽകിയ സ്ഥാപനം തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.

ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല. അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

വടക്ക് – കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം വീണ്ടും തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു . വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു. മ്യാന്മറിന് മുകളിൽ നിലവിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ബംഗ്ലാദേശിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴു ദിവസം വ്യാപകമായി മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങൾ, ഗൾഫ് ഓഫ് മാന്നാർ, തമിഴ് നാട് തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

പീഡനപരാതി; വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം

പീഡനപരാതി; വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുവ കഥാകാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ സംവിധായകന്‍ വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. യുവതിയുടെ പരാതിയില്‍ ലൈംഗികാതിക്രമ കുറ്റം ചുമത്തി കൊല്ലം പള്ളിത്തോട്ടം പൊലീസ് എടുത്ത കേസിലാണ് ജാമ്യം.

2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പാണ് വികെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്കു വരണമെന്നും ആവശ്യപ്പെട്ടു. കഥ പറഞ്ഞു തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞുവെന്നും മദ്യം ഓഫര്‍ ചെയ്തുവെന്നും എഴുത്തുകാരി പറയുന്നു. ആ സാഹചര്യത്തില്‍ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന ശേഷം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു.

അഭിനയത്തോടു താല്‍പര്യമില്ലെന്നു പറയുകയായിരുന്നുവെന്നും യുവ കഥാകാരി വെളിപ്പെടുത്തി. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്കു തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വികെ പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍നിന്നു പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തയിരുന്നു. തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയതായും എഴുത്തുകാരി പറഞ്ഞിരുന്നു.

കെ പി ധനപാലന്റെ മകന്‍ ബ്രിജിത് അന്തരിച്ചു

കെ പി ധനപാലന്റെ മകന്‍ ബ്രിജിത് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ കെ പി ധനപാലന്റെ മകന്‍ കെ ഡി ബ്രിജിത് അന്തരിച്ചു. 44 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് രാത്രിയോടെ പറവൂരിലെ വസതിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം പിന്നീട് നടക്കും.

കിണര്‍ മലിനമാകുന്നുവെന്ന് ആരോപണം; തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ വെട്ടിക്കൊന്ന് അയൽവാസി

കിണര്‍ മലിനമാകുന്നുവെന്ന് ആരോപണം; തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ വെട്ടിക്കൊന്ന് അയൽവാസി

കൊച്ചി: കിണർ മലിനമാകുന്നുവെന്ന് ആരോപിച്ച് ക്ഷീരകർഷകന്റെ പശുവിനെ വെട്ടിക്കൊന്ന് അയൽവാസി. സംഭവത്തിൽ എടയ്ക്കാട്ടുവയൽ സ്വദേശി പിവി രാജുവിനെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. എടയ്ക്കാട്ടുവയൽ പള്ളിക്കനിരപ്പേൽ മനോജിന്റെ പശുക്കളെയാണ് പ്രതി ആക്രമിച്ചത്.

സംഭവ സമയം മനോജ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ സുനിതയും മക്കളും മാത്രം വീട്ടിലുണ്ടായിരുന്ന സമയം അതിക്രമിച്ച് കയറി കോടാലി കൊണ്ട് തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിന്നു. ആക്രമിക്കപ്പെട്ട പശുക്കളിൽ നാല് മാസം ​ഗർഭിണിയായിരുന്ന പശുവാണ് ചത്തത്. ശബ്‌ദം കേട്ടെത്തിയ സുനിതയ്ക്ക് നേരെയും പ്രതി കോടാലി വീശി ഭീഷണിപ്പെടുത്തി. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന മനോജിന്റെ മകനെയും ഇയാൾ ആക്രമിച്ചു. വേട്ടേറ്റ് ​ഗുരുതരമായി പരിക്കേറ്റ പശുക്കളെ വെറ്റിനറി ഡോക്ടറും ജീവനക്കാരുമെത്തി ചികിത്സ നൽകി.

മനോജിന്റെ തൊഴുത്തിൽ നിന്നുള്ള മാലിന്യം രാജുവിന്റെ കിണറ്റിലെ വെള്ളം മലിനമാക്കുന്നുവെന്ന പരാതി പഞ്ചായത്തിലുൾപ്പെടെ നൽകിയിരുന്നു. തുടർന്ന് മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി അധികൃതർ നിർദേശിച്ച് നിബന്ധനകൾ പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് പരിശോധന റിപ്പോർട്ട് മനോജിന് അനുകൂലമായി മെഡിക്കൽ സംഘം നൽകുകയും ചെയ്തിരുന്നു. അതേസമയം, ബയോ​ഗ്യാസ് പ്ലാന്റുൾപ്പെടെ നിർമിച്ച് സുരക്ഷിതമായാണ് മനോജ് പശു വളർത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.