by Midhun HP News | Sep 3, 2024 | Latest News, കേരളം
കൊച്ചി: ബംഗാളി നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യത്തിനായാണ് രഞ്ജിത്ത് ഹർജി നൽകിയത്. രഞ്ജിത്തിൻ്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.സിനിമയിൽ അവസരം നൽകാത്തതിലെ നിരാശയിലാണ് ബംഗാളി നടിയുടെ പരാതിയെന്ന് രഞ്ജിത്ത് ഹർജിയിൽ പറയുന്നു. നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരുമുണ്ടായിരുന്നു. താൻ അസുഖബാധിതനായി ചികിത്സയിലാണ്. പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു.
നേരത്തെ, പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്തിനെതിരായി പരാതി നൽകിയ ബംഗാളി നടിയുടെ സുഹൃത്തും തിരക്കഥാകൃത്തുമായ ജോഷി ജോസഫിൽ നിന്നാണ് ഫാദർ ഇക്കാര്യം അറിയുന്നത്. അന്നു തന്നെ ഇക്കാര്യം ഫാദർ അഗസ്റ്റിൻ വട്ടോളിയുമായി പങ്കുവെച്ചിരുന്നുവെന്നും ഇത് പുറത്തറിയിക്കണമെന്ന് കരുതിയെങ്കിലും അത്തരത്തിലൊന്നും നടന്നില്ല. പിന്നീട് പരാതി വന്ന് കേസായ പശ്ചാത്തലത്തിലാണ് ജോഷി ജോസഫിന്റെ മൊഴിയ്ക്ക് പിന്നാലെ ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴിയും രേഖപ്പെടുത്തിയത്.
അതിനിടെ, രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു.
കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നിർദ്ദേശിച്ചു, മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കിയത്.
by Midhun HP News | Sep 3, 2024 | Latest News, കേരളം
ആറ്റിങ്ങൽ: ആറ്റിങ്ങൽ മാമത്ത് ഇരുചക്രവാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു. ആറ്റിങ്ങൽ കിഴുവിലം പ്രീജാ നിവാസിൽ പ്രേമചന്ദ്രൻ നായർ (70) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. മാമത്ത് റോഡിന് വശത്തുകൂടി നടന്നു പോവുകയായിരുന്ന പ്രേമചന്ദ്രൻ നായരെ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമചന്ദ്രൻ നായരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.
by Midhun HP News | Sep 3, 2024 | Latest News, കേരളം
ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മലയാള സിനിമക്ക് ഒപ്പം പരസ്യ വിപണിക്കും കോടികളുടെ നഷ്ടം. ജയസൂര്യയും മുകേഷും സിദ്ദീഖും അടക്കമുള്ള ആരോപിതരായ താരങ്ങള്‍ വേഷമിട്ട പത്തിലേറെ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ബ്രാന്‍ഡുകള്‍ പരസ്യ ഏജന്‍സികളോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോപണങ്ങളില്‍ ഉള്‍പ്പെട്ട താരങ്ങളെ ബ്രാന്‍ഡ് അംബാസിഡര്‍മാരായവരും, കേന്ദ്ര കഥാപാത്രമാക്കി പരസ്യം ചെയ്തവരും പ്രതിസന്ധിയിലാണ്. വിവാദ താരങ്ങളെവെച്ചുള്ള ഹോര്‍ഡിംഗ്സുകളും പലയിടത്തും അഴിച്ച് മാറ്റിയിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്സ്‌റ്റൈല്‍ ഗ്രൂപ്പ് കോടികള്‍ മുടക്കി ഒരുതാരത്തെ വച്ച് പരസ്യം ചെയ്ത് തുടങ്ങിയിരുന്നു. ഈ പരസ്യങ്ങള്‍ ടി.വി ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വന്നു തുടങ്ങിയിരുന്നു. എന്നാല്‍ താരത്തിനെതിരേ ആരോപണവുമായി സഹപ്രവര്‍ത്തക രംഗത്തു വന്നതോടെ പരസ്യം പിന്‍വലിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ബ്രാന്‍ഡിന് സംഭവിച്ചത്.വിവാദ നായകര്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ആയാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് പരസ്യ ഏജന്‍സികള്‍ വിലയിരുത്തുന്നത്.
by Midhun HP News | Sep 3, 2024 | Latest News, കേരളം
കൊച്ചി: ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയ നടന്മാരായ മുകേഷിനും സിദ്ദിഖിനും ഇന്ന് നിർണായകം. ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഹൈക്കോടതിയാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നത് എന്നും കോടതിയിൽ പറഞ്ഞു. യുവ നടിയാണ് സിദ്ദിഖിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമ ചർച്ച ചെയ്യാനായി ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തി പീഡനത്തിന് ഇരയാക്കി എന്നാണ് നടി പരാതിയിൽ പറഞ്ഞത്. പൊലീസ് അന്വേഷണത്തിൽ സിദ്ദിഖിനെതിരെ സാഹചര്യ തെളിവുകളും കണ്ടെത്തിയിരുന്നു.
അതേസമയം എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ഹർജി എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട് എന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ഈ ഹർജിയിൽ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
by Midhun HP News | Sep 3, 2024 | Latest News, കേരളം
കുമളി: വണ്ടിപ്പെരിയാറില്‍ പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകന്‍ സൂര്യ (11) ആണു മരിച്ചത്. കാലില്‍ കണ്ട നീര് കളിക്കുന്നതിനിടെ ഉളുക്ക് ഉണ്ടായി സംഭവിച്ചതെന്നു കരുതി ഉടന്‍ ചികിത്സ തേടിയിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടിക്കു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ ഗവ.യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണു സൂര്യ.
കഴിഞ്ഞ 27നു സ്‌കൂളില്‍നിന്നു മടങ്ങിയയെത്തിയതു മുതല്‍ സൂര്യയുടെ കാലില്‍ നീരുണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു. അതിനിടെ തിരുമ്മുചികിത്സയും നടത്തി. ഞായറാഴ്ച രാവിലെ ശരീരമാസകലം നീരു ബാധിച്ചതിനെത്തുടര്‍ന്നു വണ്ടിപ്പെരിയാര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചു. പിന്നീടു തേനി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തിയ ഉടന്‍ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. മാതാപിതാക്കള്‍ മരിച്ചതോടെ സഹോദരി ഐശ്വര്യയ്ക്കും ഭര്‍ത്താവിനും ഒപ്പമായിരുന്നു സൂര്യയുടെ താമസം. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മിടുക്കനായിരുന്നെന്ന് അധ്യാപകര്‍ പറയുന്നു.
by Midhun HP News | Sep 3, 2024 | Latest News, കേരളം
കൊച്ചി: ഓൺലൈനിൽ ബുക്ക് ചെയ്ത മുറി നൽകാതെ കഷ്ടപ്പെടുത്തിയ കേസിൽ ഓയോ റൂംസ് കമ്പനി നഷ്ടപരിഹാരം നൽകാൻ വിധി. 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചത്. ഓയോ റൂംസിനും കൊല്ലത്തെ മംഗലത്ത് ഹോട്ടലിനും എതിരെ കെഎസ് അരുൺദാസ് ആണ് ഹർജി നൽകിയത്.
ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉൾപ്പടെ 10 അംഗ സംഘത്തിനു താമാസിക്കാനാണ് അരുൺദാസ് കൊല്ലത്തെ ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്. 2933 രൂപ നൽകിയാണ് മുറികൾ ബുക്ക് ചെയ്തത്. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയപ്പോൾ മുറികൾ നൽകാൻ ഹോട്ടൽ ഉടമ തയ്യാറായില്ല എന്നാണ് പരാതി. ഓരോ മുറിക്കും 2500 രൂപ വീതം അധിക നിരക്കും ആവശ്യപ്പെട്ടു. ബുക്ക് ചെയ്ത മുറി ലഭിക്കാതിരുന്നതോടെ ഏറെ കഷ്ടപ്പെട്ടാണ് കുടുംബം മറ്റൊരു ഹോട്ടലിൽ മുറി റെഡിയാക്കിയതെന്നും പരാതിയിൽ പറയുന്നുണ്ട്. ഹർജിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം നൽകാൻ ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കൊച്ചി ബെഞ്ചാണ് ഉത്തരവിട്ടത്.
Recent Comments