by Midhun HP News | Sep 4, 2024 | Latest News, കേരളം
സംസ്ഥാനത്ത് മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നല്‍കണം.
20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.
by Midhun HP News | Sep 3, 2024 | Latest News, കേരളം
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നടന്‍ പ്രേം കുമാറിന്. നിലവില്‍ അക്കാദമി വൈസ് ചെയര്‍മാനാണ്. രഞ്ജിത്ത് രാജിവച്ച ഒഴിവിലാണു ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രേംകുമാറിന്റെ നിയമനം.
അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഷാജി എന്‍ കരുണിന്റെയും ബിനാപോളിന്റെയും പേര് പരിഗണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രേംകുമാറിന് അക്കാദമി ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം, സിനിമ കോണ്‍ക്ലേവ്, ഐഎഫ്എഫ്‌കെ ഉള്‍പ്പെടെയുള്ള ദൗത്യങ്ങളാണ് പ്രേംകുമാറിനു മുന്നിലുള്ളത്. ഇതാദ്യമായാണ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഒരു നടന്‍ വരുന്നത്.
by Midhun HP News | Sep 3, 2024 | Latest News, കേരളം
കൊച്ചി: തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണ് നടപടി. സുചിത്രക്കെതിരെ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് റിമ കല്ലിങ്കൽ പരാതി നൽകി. ഒപ്പം മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.
by Midhun HP News | Sep 3, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതായി പൂരത്തിലെ പ്രധാന പങ്കാളി ക്ഷേത്രമായ തിരുവമ്പാടി ദേവസ്വം. പൂരം കലക്കിയതിനു പിന്നില്‍ പൊലീസിന് പങ്കുണ്ടെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമുള്ള സിപിഐ നേതാവ് വി എസ് സുനില്‍കുമാറിന്റെ ആരോപണത്തിന് പിന്നാലെയാണ് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയത്.
അന്നത്തെ അനിഷ്ട സംഭവത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല, മറ്റ് ചിലര്‍ കൂടിയുണ്ടെന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ സംശയിക്കുന്നുവെന്ന് സെക്രട്ടറി കെ ഗിരീഷ്‌കുമാര്‍ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് തൃശൂര്‍ പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്. എല്ലാ രാഷ്ട്രീയത്തിലും ഉള്‍പ്പെട്ട ആളുകള്‍ ദേവസ്വങ്ങളില്‍ ഉണ്ട്. പൂരത്തിനെയും ദേവസ്വങ്ങളെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവില്ലെന്നും ഗിരീഷ്‌കുമാര്‍ പറഞ്ഞു.അതേ സമയം പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടാത്തത് ദുരൂഹമാണെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
by Midhun HP News | Sep 3, 2024 | Latest News, കേരളം
ഇടുക്കി: സർവീസ് അവസാനിപ്പിച്ച് നിർത്തിയിട്ട സ്വകാര്യ ബസ് മോഷ്ടിച്ച് കടന്നുകളയുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ടു. പിന്നാലെ വാഹനം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു. ഇടുക്കി മുനിയറയിൽ സർവീസ് അവസാനിപ്പിച്ച ശേഷം നിർത്തിയിട്ട സ്വകാര്യ ബസാണ് മോഷണം പോയത്. അടിമാലി – നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന നക്ഷത്ര എന്ന സ്വകാര്യ ബസാണ് മോഷണം പോയത്. ഇന്നലെ രാത്രിയാണ് സംഭവം. ബസുമായി മോഷ്ടാവ് കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ ഇന്ന് പുലർച്ചെ ബൈസൺവാലിക്ക് സമീപം നാല്പതേക്കറിൽ നിന്നുമാണ് ബസ് കണ്ടെത്തിയത്. മോഷ്ടാവ് വാഹനവുമായി കടന്നുകളയുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു. ബൈസൺവാലി നാല്പതേക്കറിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റ് തകർത്ത് മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്.
ബസിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നതിനാൽ മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നുവെന്നാണ് പൊലീസ് പ്രതികരണം. ഉടമയുടെ പരാതിയിൽ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. സമാനമായ മറ്റൊരു സംഭവം ഇന്ന് പുലർച്ചെ കുന്നംകുളത്തും നടന്നിരുന്നു. കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്നാണ് ബസ് മോഷണം പോയത്.
കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ 4.10 നാണ് ബസ് മോഷണം പോയ വിവരം ഉടമ അറിയുന്നത്. 4.13 ബസ് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുൻപിലെ സിസിടിവി ക്യാമറയിലും 4.19 ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് പഴയ ഡ്രൈവർ പിടിയിലായത്.
by Midhun HP News | Sep 3, 2024 | Latest News, കേരളം
തിരുവനന്തപുരം: താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും, കൃത്യമായി എഴുതിക്കൊടുക്കേണ്ട കാര്യങ്ങള്‍ എഴുതിക്കൊടുത്തുവെന്നും പി വി അന്‍വര്‍. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു. വിശദീകരണം ചോദിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. അത് മുഖ്യമന്ത്രിക്ക് ഏല്‍പ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കും. ഇതോടെ തന്റെ ഉത്തരവാദിത്തം തീര്‍ന്നുവെന്നും അന്‍വര്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.
സഖാവ് എന്ന നിലയിലാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. പാര്‍ട്ടിയുടെ ബഹുമാനപ്പെട്ട സഖാവ് എന്ന നിലയില്‍ മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു. മറ്റൊരു പ്രധാനപ്പെട്ട സഖാവായ പാര്‍ട്ടി സെക്രട്ടറി ഇന്ന് തിരുവനന്തപുരത്തില്ല. അദ്ദേഹത്തെക്കൂടി കണ്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കുകയും, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കോപ്പി അദ്ദേഹത്തിന് നല്‍കുകയും ചെയ്യും. അതോടെ സഖാവ് എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം അവസാനിക്കുകയാണ്. ഇനി അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുക എന്നതാണ് മാത്രമാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റണോ എന്നത് പാര്‍ട്ടി തീരുമാനിക്കട്ടെ. സഖാവ് എന്ന നിലയ്ക്ക് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. ഇനി ഇതെങ്ങനെ മുന്നോട്ടു പോകണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്. അവര്‍ ഉത്തരവാദിത്തത്തോടെ, ആവശ്യമായ അന്വേഷണത്തിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുമെന്നാണ് വിശ്വസിക്കുന്നത്. ആരെ മാറ്റി നിര്‍ത്തണം, ആരെ മാറ്റി നിര്‍ത്തേണ്ട എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്. പരാതി നല്‍കിയ ഉടന്‍ തന്നെ അവരെ മാറ്റണമെന്നൊക്കെ എന്തടിസ്ഥാനത്തിലാണ് പറയുക. അതൊക്കെ നമുക്ക് കാത്തിരുന്ന് കാണാം എന്ന് അന്‍വര്‍ പറഞ്ഞു.
കേരളത്തിലെ പൊലീസിലെ ഒരു വിഭാഗത്തിന്റെ പെരുമാറ്റം പാര്‍ട്ടിക്കും സര്‍ക്കാരിനും ഗ്രൗണ്ട് ലെവലില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. പൊലീസ് എടുക്കേണ്ട നിലപാടും പ്രവര്‍ത്തന രീതിയുമല്ല ചില പൊലീസ് ഓഫീസര്‍മാരില്‍ നിന്നും ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. ഇത്തരം കാര്യങ്ങളാണ് താന്‍ ചൂണ്ടിക്കാട്ടിയത്. പൊലീസിലുള്ള അഴിമതി, പുഴുക്കുത്തുകള്‍ എന്നിവയില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇതൊരു കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. ആ സര്‍ക്കാരിന് അറിയാം ജനങ്ങളുടെ വികാരം എന്ന് അന്‍വര്‍ പറഞ്ഞു.
താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിന് പരിഗണിക്കേണ്ടി വരും. കാരണം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളാണ് ഉന്നയിച്ചത്. ഞാന്‍ ഇന്നും ആ പ്രതീക്ഷയിലാണ്, നാളെയും ആ പ്രതീക്ഷയിലാണ്. അതില്‍ മാറ്റമൊന്നുമില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ മാറ്റുമോയെന്ന ചോദ്യത്തിന്, അതിന്റെയൊന്നും ആളല്ല താന്‍ എന്നായിരുന്നു മറുപടി. എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിനിര്‍ത്താതെയുള്ള അന്വേഷണത്തില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന്, അതെല്ലാം പാര്‍ട്ടിയും സര്‍ക്കാരും തീരുമാനിക്കട്ടെ എന്ന് അന്‍വര്‍ അഭിപ്രായപ്പെട്ടു. തന്റെ പിറകില്‍ സര്‍വശക്തനായ ദൈവം മാത്രമാണ് ഉള്ളതെന്നും പി വി അന്‍വര്‍ പറഞ്ഞു.
Recent Comments