ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു

ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു

കൊച്ചി കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് സംഭവം നടന്നത്. ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു.

മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. അസ്ത്ര ബസ്സിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി യാത്രക്കാരുടെ മുന്നിലിട്ടാണ് കൃത്യം നടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു

ഗൂഗിൾ പേ ഇടപാട് ഇനി വളരെ എളുപ്പം; കൂടുതൽ ഫീച്ചറുകൾ പ്രഖ്യാപിച്ച് കമ്പനി

ഗൂഗിൾ പേ ഇടപാട് ഇനി വളരെ എളുപ്പം; കൂടുതൽ ഫീച്ചറുകൾ പ്രഖ്യാപിച്ച് കമ്പനി

ഗൂഗിൾ പേ ഇടപാടുകൾ ഇനി മുതൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാൻ തീരുമാനിച്ച് ഗൂഗിൾ. വെള്ളിയാഴ്ച നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ 2024-ൽ ആണ് ഗൂഗിൾ അവരുടെ പണമിടപാട് ആപ്പ് ആയ ഗൂഗിൾ പേയിൽ അവതരിപ്പിക്കാൻ പോകുന്ന ഫീച്ചറുകൾ വ്യക്തമാക്കിയത്. പേയ്‌മെൻ്റ് കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫിൻടെക് കൺവേർജൻസ് കൗൺസിൽ എന്നിവ ചേർന്ന് എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഒരു വാർഷിക ഫിൻടെക് കോൺഫറൻസാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ്. 2020 ൽ ആയിരുന്നു ആദ്യമായി ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് ആരംഭിച്ചത്. ഇതിന്റെ അഞ്ചാം പതിപ്പ് ആണ് ഇപ്പോൾ പൂർത്തിയായത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു പരിപാടി. ഓഗസ്റ്റ് 28 മുതൽ 30 വരെ ആയിരുന്നു ഫെസ്റ്റ്.

ഈ വർഷം അവസാനം ആയിരിക്കും ഗൂഗിൾ പേ അവരുടെ പുതിയ ഫീച്ചറുകൾ പുറത്തിറക്കുന്നത്. ഉപയോക്താക്കൾക്ക് ഗൂഗിൾ പേ വഴി പണമിടപാടുകൾ നടത്തുന്നത് കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് കമ്പനി ഈ പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നതെന്ന് അറിയിച്ചു. റുപേ കാർഡുകൾ ഉപയോഗിച്ച് ടാപ്പ് ചെയ്‌ത് പണമടയ്‌ക്കുന്ന രീതി, യു.പി.ഐ വൗച്ചറുകൾ അഥവാ ഇ-റുപ്പി , യു.പി.ഐ സർക്കിൾ, ക്ലിക്ക്പേ ക്യൂ.ആർ സ്കാൻ, പ്രീപെയ്ഡ് യൂട്ടിലിറ്റി പേയ്‌മെൻ്റുകൾ, തുടങ്ങിയവ ആണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ഗൂഗിൾ പ്രഖ്യാപിച്ച പുതിയ ഫീച്ചറുകൾ.

ഈ വർഷം അവസാനത്തോടെ റുപേ കാർഡുകൾ ഉപയോഗിച്ച് ടാപ്പ് ചെയ്‌ത് പണമടയ്‌ക്കുന്ന ഫീച്ചർ ഗൂഗിൾ പേയിൽ ചേർക്കും. ഈ ഫീച്ചർ എത്തുന്നതോടെ, റുപേ കാർഡ് ഉടമകൾക്ക് അവരുടെ റുപേ കാർഡ് ആപ്പിലേക്ക് ചേർക്കാനും അവരുടെ നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട്‌ഫോൺ, കാർഡ് മെഷീനിൽ ടാപ്പ് ചെയ്യാനും പേയ്‌മെൻ്റുകൾ നടത്താനും കഴിയും. മാത്രമല്ല കാർഡ് വിവരങ്ങൾ ഒന്നും തന്നെ ആപ്പിൽ സംഭരിച്ചിട്ടില്ലെന്നും ഇതിനോടൊപ്പം കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മറ്റൊന്ന് യു.പി.ഐ വൗച്ചറുകൾ അഥവാ ഇ-റുപ്പി 2021-ൽ ആരംഭിച്ച ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ഫീച്ചർ ഉടൻ തന്നെ ഗൂഗിൾ പേയിലേക്ക് എത്തും. ഈ ഫീച്ചർ ഉപയോഗിച്ച് ആളുകൾക്ക്, ഒരു മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു പ്രീപെയ്ഡ് വൗച്ചർ സൃഷ്‌ടിക്കാൻ കഴിയും, കൂടാതെ ഉപയോക്താവ് ഒരു ബാങ്ക് അക്കൗണ്ട് യുപിഐയുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിലും ഡിജിറ്റൽ പേയ്‌മെൻ്റുകൾ നടത്താൻ ഉപയോഗിക്കുകയും ചെയ്യാം. എൻ.പി.സി.ഐ, ഫിനാൻഷ്യൽ സർവീസസ് വകുപ്പുമായി സഹകരിച്ചാണ് ഈ ഫീച്ചർ ഗൂഗിൾ പേയിൽ കൊണ്ടുവരുന്നത്.

അടുത്തത് യു.പി.ഐ സർക്കിൾ. എൻ.പി.സി.ഐ റോമിലെ ഒരു പുതിയ ഫീച്ചറാണ് യു.പി.ഐ സർക്കിൾ. ഇത് യു.പി.ഐ അക്കൗണ്ട് ഉടമകൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽപ്പോലും ഡിജിറ്റൽ പേയ്‌മെൻ്റുകൾ നടത്താൻ കമ്പനി വിശ്വസ്തരായ ആളുകളെ അനുവദിക്കുന്നു. ബാങ്ക് അക്കൗണ്ടോ ഗൂഗിൾ പേ-ലിങ്ക്ഡ് അക്കൗണ്ടോ ഇല്ലെങ്കിലും യുപിഐ പേയ്‌മെൻ്റ് നടത്തേണ്ടവർക്ക് യു.പി.ഐ സർക്കിൾ വഴി പണമിടപാടുകൾ നടത്താനാകും. ഗൂഗിൾ ഉപയോഗിച്ച് പരിചയമില്ലാത്തവർക്കും, പ്രായമായവർക്കും ഈ ഫീച്ചർ ഉപകാരപ്രദമാകും. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് ഗൂഗിൾ പേ ഈ ഫീച്ചർ അവതരിപ്പിക്കുന്നത്.

ഗൂഗിൾ പേയിൽ വരുന്ന ബിൽ പേയ്‌മെൻ്റുകൾക്കായുള്ള മറ്റൊരു പുതിയ ഫീച്ചറാണ് ക്ലിക്ക്പേ ക്യൂ.ആർ സ്കാൻ. ആപ്പിനുള്ളിൽ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഗൂഗിൾ പേ വഴി ബില്ലുകൾ അടയ്ക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ ആണ് ക്ലിക്ക്പേ ക്യൂ.ആർ സ്കാൻ. ബില്ലർ ഉപഭോക്താവിനായി ഒരു ക്യൂ.ആർ കോഡ് സൃഷ്‌ടിച്ചാൽ മാത്രമേ ഈ പേയ്‌മെൻ്റുകൾ നടത്താൻ കഴിയൂ . കൂടാതെ ഈ ഒരിക്കൽ ക്യൂ.ആർ, സ്‌കാൻ ചെയ്‌താൽ ഉപയോക്താക്കൾക്ക് അടയ്‌ക്കേണ്ട ബിൽ തുക കാണാൻ കഴിയുമെന്നും ഗൂഗിൾ പറയുന്നു . എൻ.പി.സി.ഐ ഭാരത് ബിൽപേയുടെ പങ്കാളിത്തത്തോടെയാണ് ഗൂഗിൾ ഈ ഫീച്ചർ കൊണ്ടുവരുന്നത്.

കാപ്പാ കേസില്‍ ഉള്‍പ്പെട്ട് നാടുകടത്തപ്പെട്ട പ്രതി കൊല്ലപ്പെട്ട നിലയില്‍

കാപ്പാ കേസില്‍ ഉള്‍പ്പെട്ട് നാടുകടത്തപ്പെട്ട പ്രതി കൊല്ലപ്പെട്ട നിലയില്‍

കോട്ടയം: കാപ്പാ കേസില്‍ ഉള്‍പ്പെട്ട് നാടുകടത്തപ്പെട്ട പ്രതിയെ എരമല്ലൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം തിരുവഞ്ചൂര്‍ പ്ലാന്‍കുഴിയില്‍ ജയകൃഷ്ണന്‍ (26) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. എരമല്ലൂര്‍ കിഴക്കുഭാഗത്ത് പ്രവര്‍ത്തിക്കുന്ന പൊറോട്ട കമ്പനിയോട് ചേര്‍ന്ന് ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ ആയിരുന്നു മൃതദേഹം. സംഭവത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സഹായി രക്ഷപെട്ടിരുന്നു.

ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിനു സമീപത്തു നിന്നും തേങ്ങാ പൊതിക്കുന്ന ഇരുമ്പുപാര കണ്ടെത്തി. കുത്തിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എരമല്ലൂര്‍ ബാറിനു സമീപം പ്രവര്‍ത്തിക്കുന്ന പൊറോട്ട കമ്പനിയില്‍ നിന്നും പൊറോട്ട വാങ്ങി വിതരണം ചെയ്യുന്ന ആളാണ് ജയകൃഷ്ണന്‍. രാത്രി തൊഴിലാളികള്‍ താമസിക്കുന്നയിടത്ത് ഉറങ്ങിയ ശേഷം പുലര്‍ച്ചെ വാഹനത്തില്‍ പൊറോട്ടയുമായി പോവുകയായിരുന്നു പതിവ്. പുലര്‍ച്ചെ കമ്പനിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന സഹായിയെ കാണാനില്ല. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

ബലാത്സംഗക്കേസ്; മരടിലെ വില്ലയുടെ താക്കോൽ അന്വേഷണ സംഘത്തിന് നൽകാതെ എം മുകേഷ്

ബലാത്സംഗക്കേസ്; മരടിലെ വില്ലയുടെ താക്കോൽ അന്വേഷണ സംഘത്തിന് നൽകാതെ എം മുകേഷ്

കൊച്ചി: ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കാതെ മുകേഷ് എംഎൽഎ. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോൽ മുകേഷ് കൈമാറിയില്ല. ഇന്നലെ വൈകിട്ട് വില്ലയിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങി.

ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ മാറ്റി . ടി പി രാമകൃഷ്ണന് ചുമതല

ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ മാറ്റി . ടി പി രാമകൃഷ്ണന് ചുമതല

ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി.ജയരാജനെ മാറ്റി. ടി പി രാമകൃഷ്ണന് ചുമതല. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്‌ഥാന സമിതിക്ക് കാക്കാതെ ഇ.പി.ജയരാജൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ.പി പ്രതികരിച്ചത്.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി.ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു. ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം സ്‌ഥിരീകരിക്കുകയും ചെയ്ത‌ിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇ.പിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഇക്കാര്യത്തിൽ ഇ.പിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

ഇന്നത്തെ സംസ്‌ഥാന സമിതി ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ.പി.ജയരാജൻ രാജി സന്നദ്ധത അറിയിച്ചത്. നാളെ മുതൽ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമാകും.പി.കെ.ശശിക്കെതിരെയും, കെ മുകേഷിനെതിരെയും ഉള്ള ആരോപണങ്ങളിലും ഇന്ന് തീരുമാനം ഉണ്ടാവും

‘ക്യാംപ് അല്ല, വീട് വേണം; ദുരന്തം സംഭവിച്ചിട്ട് ഒരു മാസം കഴിഞ്ഞു’- സർക്കാരിനോട് ഹൈക്കോടതി

‘ക്യാംപ് അല്ല, വീട് വേണം; ദുരന്തം സംഭവിച്ചിട്ട് ഒരു മാസം കഴിഞ്ഞു’- സർക്കാരിനോട് ഹൈക്കോടതി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ ഒരാഴ്ചയ്ക്കുള്ളിൽ വീടുകളിലേക്ക് മാറ്റി താമസിപ്പിക്കണമെന്നു ഹൈക്കോടതി നിർദ്ദേശം. ദുരിത ബാധിതരുടെ ആശുപത്രി ബില്ലുകൾ സർക്കാർ നേരിട്ട് അടയ്ക്കണമെന്നും ജസ്റ്റിസ് എകെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു.

ദുരന്തമുണ്ടായി ഒരു മാസം കഴിഞ്ഞെന്നു ഓർമിപ്പിച്ച കോടതി ക്യംപിൽ കഴിയുന്നത് അത്ര സുഖകരമായ കാര്യമല്ലെന്നും ചൂണ്ടിക്കാട്ടി. ആരെങ്കിലും ക്യാംപിൽ നിന്നു മാറാൻ തയ്യാറാകുന്നില്ലെങ്കിൽ അതിനു കാരണങ്ങളുണ്ടാകും. അവ പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സഹായധനമായി നൽകിയ തുകയിൽ നിന്നു ബാങ്കുകൾ വായ്പാ വിഹിതം പിടിക്കുന്നുണ്ടെങ്കിൽ അക്കാര്യം കോടതിയെ അറിയിക്കണം. ഇങ്ങനെ തുക ഈടാക്കാതിരിക്കാൻ ബാങ്കുകൾക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. ഇതു ലംഘിക്കപ്പെട്ടതായി അറിയിച്ചാൽ ബാക്കി നടപടികൾ കോടതി സ്വീകരിക്കും. ഇക്കാര്യത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങണമെന്നും കോടതി പറഞ്ഞു.

നിർദ്ദേശിക്കുന്ന വിഷയങ്ങളിൽ സർക്കാർ സമയബന്ധിതമായി റിപ്പോർട്ട് നൽകണം. ഇല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ ഓൺലൈൻ വഴി ഹാജരാകണം. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യം എന്തായെന്നു അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി നിർദ്ദേശങ്ങൾ.