റേഷന്‍ വിതരണം നാളെ മുതല്‍

റേഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഓണക്കാലമായതിനാല്‍ ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി. സാധാരണ വിഹിതമായി നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍ ലഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ബ്രൗണ്‍ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം അരി നല്‍കും.

മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സൗജന്യ അരിയുടെ അളവില്‍ മാറ്റമില്ല. പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ സെപ്റ്റംബര്‍ മാസത്തെ വിതരണം നാളെ ആരംഭിക്കും.

നെഹ്റു ട്രോഫി വള്ളംകളി; 28ന് നടത്താൻ ആലോചന

നെഹ്റു ട്രോഫി വള്ളംകളി; 28ന് നടത്താൻ ആലോചന

ആലപ്പുഴ: പ്രതിഷേധങ്ങൾക്കൊടുവിൽ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. ഓണത്തിന് ശേഷം ഈ മാസം 28 ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ കലക്ടർക്ക് നിവേദനം നൽകും. ഭൂരിപക്ഷ വള്ളംകളി ക്ലബ്ബുകളും 28 എന്ന തീയതി അംഗീകരിച്ചു. 24 -ാം തീയതിവരെ മറ്റു പ്രാദേശിക വള്ളംകളികളുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി ഇന്ന് എക്സിക്യൂട്ടീവ് യോ​ഗം ചേരാനും സാധ്യതയുണ്ട്. അതേസമയം വള്ളംകളി നടത്തിപ്പിനായി പ്രതിപക്ഷവും പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ബുധനാഴ്ച മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് കുട്ടനാട് താലൂക്ക് ആസ്ഥാനത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ബോട്ട് ക്ലബുകൾ നെഹ്റു ട്രോഫി വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. വള്ളംകളിക്കായി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പേരിൽ സംഘാടകർക്കും ക്ലബുകൾക്കും വലിയ ബാധ്യത ആണുള്ളത്. 80 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവാക്കിയെന്നും കടം വാങ്ങിയും സ്വർണം പണയം വെച്ചുമാണ് ഈ തുക കണ്ടെത്തിയതെന്നും സംഘാടകർ പറഞ്ഞിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്.

തിരുവോണം ബമ്പര്‍ വില്‍പ്പന തകൃതി, 23 ലക്ഷത്തിലേയ്ക്ക്; പാലക്കാട് ഒരു വള്ളപ്പാട് മുന്നില്‍, ആഞ്ഞുതുഴഞ്ഞ് തലസ്ഥാനം

തിരുവോണം ബമ്പര്‍ വില്‍പ്പന തകൃതി, 23 ലക്ഷത്തിലേയ്ക്ക്; പാലക്കാട് ഒരു വള്ളപ്പാട് മുന്നില്‍, ആഞ്ഞുതുഴഞ്ഞ് തലസ്ഥാനം

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ വേദനയിലും കേരളീയരുടെ മനസിന് പ്രതീക്ഷകള്‍ പകര്‍ന്ന് ഇക്കുറിയും തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പ്പന പൊടിപൊടിക്കുന്നു. ദുരിതപ്പെയ്ത്തിലും മനം തളരാതെ നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ലയാണ് ഒരു വള്ളപ്പാട് മുന്നില്‍. മൂന്നു ലക്ഷത്തിനടുത്ത് വില്‍പ്പനയുമായി പിന്നാലെ ആഞ്ഞുതുഴഞ്ഞ് തലസ്ഥാന നഗരിയുമുണ്ട്. രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.

തിരുവോണം ബമ്പറിന്റെ (BR 99) പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനവും കോടികള്‍ തന്നെ. പക്ഷേ അത് ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയാണ്. അങ്ങിനെ 20 കോടി. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് നല്‍കുന്ന കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബമ്പര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികളെയാണ്.

20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ പത്തു കോടി-ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 10 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അമ്പതു ലക്ഷം- 10 പരമ്പരകള്‍ക്ക് ), 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ ഇരുപതു ലക്ഷം- ഓരോ സീരീസുകളിലും ഓരോ സമ്മാനം 10 പേര്‍ക്ക് ) ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

ഇതോടെ ഇക്കുറിയുള്ളത് ആകെ അഞ്ചുലക്ഷത്തിമുപ്പത്തി നാലിയിരത്തി അറുന്നൂറ്റി എഴുപത് സമ്മാനങ്ങള്‍. 500 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും.

75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബമ്പറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്. തിരുവോണം ബമ്പര്‍ 2024 വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ( ഓഗസ്റ്റ് 1 ന് വൈകുന്നേരം 4 മണി വരെ ഉള്ള കണക്കനുസരിച്ചു) വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്.

അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളില്‍ ആറുലക്ഷത്തിലധികം ടിക്കറ്റുകള്‍ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ ലോട്ടറി വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. അത്തരത്തില്‍ പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. 2024 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു.ഓണം ബമ്പര്‍ മുതലായവയുടെ സമ്മാനത്തുക കൂടെ കണക്കാക്കുമ്പോള്‍ ഈ വര്‍ഷവും സമ്മാനത്തുകയില്‍ ഭാഗ്യക്കുറി റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷ.

മാധ്യമങ്ങളെ കാണുന്നത് അമ്മയിലെ ചിലര്‍ ശക്തമായി എതിര്‍ത്തു; ഒളിയമ്പെയ്ത് ബി ഉണ്ണികൃഷ്ണന്‍

മാധ്യമങ്ങളെ കാണുന്നത് അമ്മയിലെ ചിലര്‍ ശക്തമായി എതിര്‍ത്തു; ഒളിയമ്പെയ്ത് ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണം വൈകിയത് മൗനം പാലിക്കലല്ലെന്നും എല്ലാ യൂണിയനുകളുടെ അഭിപ്രായം തേടുന്നതിന്റെ ഭാഗമായിരുന്നെന്നും ഫെഫ്ക ചെയര്‍മാന്‍ ബി ഉണ്ണികൃഷ്ണന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരുടെ മുഴുവന്‍ പേരുകളും പുറത്തുവരണമെന്നതാണ് ഫെഫ്കയുടെ നിലപാട്. ന്യായാധിപയായി വിരമിച്ചയാളാണ് സ്ത്രീകളുടെ പരാതി കേട്ടത്. വെളിപ്പെടുത്തല്‍ വന്ന ഉടന്‍ ജസ്റ്റിസ് ഹേമ ആക്ട് ചെയ്യണമായിരുന്നെന്നും ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പിന്നാലെ എല്ലാ സംഘടനകളും ചേര്‍ന്ന് മാധ്യമങ്ങളെ കാണാമെന്ന് തീരുമാനിച്ചിരുന്നു. എല്ലാവരുടെയും അഭിപ്രായം കേട്ടിട്ട് പ്രതികരിക്കാമെന്നുള്ളതുകൊണ്ടാണ് മൗനം പാലിച്ചത്. റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തന്നെ അതില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ ഗുരുതരസ്വഭാവമുള്ളതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലായതിനാല്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടിരുന്നു. എല്ലാ സംഘടനകളും ചേര്‍ന്ന് ഒരുമിച്ച് മാധ്യമങ്ങളെ കാണാമെന്നും റിപ്പോര്‍ട്ടിന്‍മേല്‍ വിശദമായ പഠനം വേണമെന്ന് ആവശ്യപ്പെടാമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ അമ്മയിലെ ചില അംഗങ്ങള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തതുകൊണ്ടാണ് അത് നടക്കാതെ പോയത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും എതിര്‍പ്പുണ്ടായിരുന്നില്ല. പിന്നീട് എതിര്‍ത്തവരില്‍ പലരും പ്രോഗ്രസീവ് മുഖവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു. അത്തരം നിലപാടുകള്‍ കൂടിയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്’ – ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

റിപ്പോര്‍ട്ടിലെ മുഴുവന്‍ പേരുകളും പുറത്തുവരണമെന്നതാണ് ഫെഫ്കയുടെ നിലപാട്. കുറ്റാരോപിതര്‍ നിയമ നടപടികള്‍ നേരിടണം. ന്യായാധിപയായി വിരമിച്ചയാളാണ് സ്ത്രീകളുടെ പരാതി കേട്ടത്. വെളിപ്പെടുത്തല്‍ വന്ന ഉടന്‍ ജസ്റ്റിസ് ഹേമ ആക്ട് ചെയ്യണമായിരുന്നു. അംഗങ്ങളില്‍ ആരുടെയും പേരില്‍ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ, കോടതിയുടെ ഭാഗത്തുനിന്ന് ഒരു പരാമര്‍ശം ഉണ്ടാകുകയോ, അറസ്‌റ്റോ ഉണ്ടായാല്‍ ആ സമയം അംഗത്വം സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്നും പിന്നീട് നിരപരാധിത്വം തെളിയിച്ചാല്‍ സംഘടനയിലേക്ക് കടന്നുവരാം’- ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കമ്മീഷന്‍ വാങ്ങിയെന്ന ആഷിഖ് അബുവിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ഉണ്ണികൃഷ്ണ്‍ കൂട്ടിച്ചേര്‍ത്തു.

‘വെളിപ്പെടുത്തലുകൾ ഒരാളെ സമൂഹത്തിന് മുന്നിൽ നാണംകെടുത്താനുള്ളതാകരുത്’; നടി രേവതി

‘വെളിപ്പെടുത്തലുകൾ ഒരാളെ സമൂഹത്തിന് മുന്നിൽ നാണംകെടുത്താനുള്ളതാകരുത്’; നടി രേവതി

ഒരാളെ സമൂഹത്തിന് മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ല വെളിപ്പെടുത്തലുകളെന്ന് നടി രേവതി. മലയാളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറും മീടൂ വെളിപ്പെടുത്തലുകൾ അല്ല. അതിനപ്പുറത്തേക്ക് ഇത് വളർന്നു കഴിഞ്ഞു… അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാനുള്ള പോരാട്ടമാണിത് രേവതി പറഞ്ഞു. സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ ന​ഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം താരം നിഷേധിച്ചു. തനിക്ക് അത്തരം ഫോട്ടോകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.

ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നൽകുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകുതി ലൈംഗികചൂഷണങ്ങളെക്കുറിച്ചാണെങ്കിലും മറു പകുതി ഇൻഡസ്ട്രിയിലെ മറ്റു പ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. അതും ലൈംഗികചൂഷണം ചർച്ച ചെയ്യപ്പെടുന്നതു പോലെ ഗൗരവകരമായ വിഷയമാണ്’, രേവതി പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ രാജിവെച്ച് സ്വന്തം ഉത്തരവാദിത്തങ്ങളില്‍‌ നിന്ന് ഒളിച്ചോടുന്ന പ്രവണത നല്ലതാണോ എന്നും രേവതി ചോദിക്കുന്നു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും താൻ എങ്ങും ഒളിച്ചോടിയിട്ടിലായെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. അമ്മ ഏറ്റവും വലിയ പേരുള്ള അസോസിയേഷനാണ് … അമ്മയിൽ നിന്നും മാറിയതിൽ ഉത്തരം പറയേണ്ടത് മൊത്തം സിനിമ ഇൻഡസ്ടറിയാണ്. എല്ലാവര്ക്കും തുറന്നു സംസാരിക്കാൻ സാധിക്കുന്ന വേദിയാകണം ഇതെന്നും മോഹൻലാൽ പറഞ്ഞു.

ബംഗളൂരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് അശ്വതി (20) ആണ് മരിച്ചത്.ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്ത് 30 ന് രാവിലെയാണ് യുവതിയെ തൂങ്ങി മരിച്ചനലയില്‍ കണ്ടെത്തിയത്.

മൃതദേഹം യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ്. സംസ്‌കാരം പിന്നീട്. സഹോദരങ്ങള്‍: അശ്വന്ത്, ആരാധ്യ.