by Midhun HP News | Aug 24, 2024 | Latest News, കേരളം
ആർജി കർ ആശുപത്രിയിലെ പിജി വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ കൊല്‍ക്കത്തയില്‍ ഇന്ന് ജനകീയ പ്രക്ഷോഭം. ആശുപത്രിക്ക് മുന്നിൽ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ സമരം ആരംഭിക്കും. ഡോക്ടറുടെ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സഹപാഠികളുടെ ആരോപണം. ആർജി കർ ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ ഇന്നും ചോദ്യം ചെയ്യും. ഇത് ഒമ്പതാം ദിവസമാണ് ഘോഷിനെ ചോദ്യം ചെയ്യുന്നത്. സന്ദീപ് ഘോഷിന്റെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. ആരോപണങ്ങള്‍ അന്വേഷിക്കാനും കൊല്‍ക്കത്ത ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു.
അതേസമയം, ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റ പകർപ്പ് 24 ന് ലഭിച്ചു. പ്രതി സഞ്ജയ് റോയ് ക്രൂര ബലാത്സംഗത്തിന് ശേഷം ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ റിപ്പോർട്ട്. ആന്തരിക പരിക്കുകൾ ഉൾപ്പടെ ശരീരത്തിൽ 14 ലേറെ മുറിവുകൾ ഉണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

by Midhun HP News | Aug 24, 2024 | Latest News, കേരളം
കൊച്ചി: രണ്ടു ദിവസത്തെ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53560 രൂപ. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 6695 ആയി.

by Midhun HP News | Aug 24, 2024 | Latest News, കേരളം
കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. രണ്ടുപേരാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇരുവരേയും നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. നിപ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇരുവരേയും ഇന്നലെയാണ് പരിയാരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയത്. ഇന്നലെ രാത്രി രണ്ടു പേരുടേയും സ്രവം കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്ന ശേഷം കൂടുതല്‍ നടപടികള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.

by Midhun HP News | Aug 24, 2024 | Latest News, കേരളം
കൊല്‍ക്കത്ത: തനിക്കെതിരായ മോശം പെരുമാറ്റത്തില്‍ സംവിധായകന്‍ രഞ്ജിത്ത് മാപ്പുപറയണമെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. തെറ്റുപറ്റി എന്നെങ്കിലും രഞ്ജിത്ത് സമ്മതിക്കണം. കേരളത്തില്‍ വന്ന് പരാതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്. കേരളത്തില്‍ നിന്നും ആരെങ്കിലും സഹായിച്ചാല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ശ്രീലേഖ മിത്ര പറഞ്ഞു. ഓഡിഷന് ആയിട്ടല്ല, അഭിനയിക്കാനായിട്ടാണ് കേരളത്തില്‍ എത്തിയതെന്നും ശ്രീലേഖ മിത്ര കൂട്ടിച്ചേര്‍ത്തു.
ഓഡിഷനായിട്ടാണ് ശ്രീലേഖ എത്തിയതെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. നടിയോട് മോശമായി താന്‍ പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. പാലേരിമാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ബംഗാളി നടിയായ ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചത്. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് കരുതിയത്. എന്നാൽ റൂമിലെത്തിയതും രഞ്ജിത്ത് കൈയിലെ വളകളിൽ പിടിച്ചു. തുടർന്ന് രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഞെട്ടിപ്പോയ താൻ ഉടൻ മുറിവിട്ടിറങ്ങി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു.
അതിനിടെ ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വൈശാല്‍ കല്ലാട്ടാണ് പരാതി നല്‍കിയത്. രഞ്ജിത്തിനെതിരായ ആരോപണം അതിഗൗരവകരമാണ്. അതിജീവിത തന്നെ ഇക്കാര്യം വെളിപ്പെടുത്തിയ സ്ഥിതിക്ക് സ്വമേധയാ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

by Midhun HP News | Aug 24, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ കേരളത്തിന്റെ വടക്ക് തീരം വരെം ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു. പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാര്‍ഖണ്ഡിലും മുകളിലായി മറ്റൊരു ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നതും ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുമാണ് കേരളത്തിലെ മഴ ശക്തമാക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

by Midhun HP News | Aug 23, 2024 | Latest News, കേരളം
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വ്യക്തിപരമായി പേര് എടുത്ത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നടന്‍ ജഗദീഷ്. അതില്‍നിന്നും അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞു മാറാന്‍ കഴിയില്ല. നമ്മുടെ പേര് വന്നിട്ടുണ്ടോ, പേര് പറഞ്ഞിട്ടില്ല എന്നുകരുതി ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പാടില്ലെന്നും ജഗദീഷ് പറഞ്ഞു.
വിജയിച്ചിട്ടുള്ള നടികളോ, നടന്‍മാരോ വഴിവിട്ട രീതിയില്‍ സഞ്ചരിച്ചാണ് ഈ ലക്ഷ്യത്തിലെത്തിയത് എന്നരിതിയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെങ്കില്‍ അത് വേദനിപ്പിക്കുമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് വ്യക്തമാക്കന്നത്. താന്‍ ഇക്കാര്യം നേരിട്ട് അറിഞ്ഞതുകൊണ്ട് പറയുന്നതല്ല. നടിമാരുടെ വാതിലില്‍ മുട്ടിയിട്ടുണ്ട് എന്നു പറയുമ്പോള്‍ എവിടെ വാതിലില്‍ മുട്ടി എന്ന് ചോദിക്കേണ്ടതില്ല, വാതിലില്‍ മുട്ടി എന്ന് ആര്‍ട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിക്കണം. ആ കുട്ടിയുടെ പരാതി അന്വേഷിക്കണം.ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറരുത്. അതുതന്നെയാണ് അമ്മയുടെ പക്ഷവുമെന്ന് ജഗദീഷ് പറഞ്ഞു.
ഈ ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് ഇതില്‍ കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നിട്ടുള്ള സംഭവങ്ങളാണെങ്കില്‍ പോലും ഇനിയും അത് ആവര്‍ത്തിക്കാതിരിക്കാന്‍ ഹേമ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ വഴി സഹായകമാകട്ടെ എന്നാണ് അമ്മ സംഘടന ആഗ്രഹിക്കുന്നതെന്ന് ജഗദീഷ് പറഞ്ഞു.
റിപ്പോര്‍ട്ടിലെ ചില പേജുകള്‍ എന്തിന് ഒഴിവാക്കിയെന്ന വിശദീകരണം സര്‍ക്കാര്‍ നല്‍കേണ്ടി വരും. ഇരയായവരുടെ പേര് ഒഴിവാക്കാം. വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോടതിയില്‍ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപത്തില്‍ കൂടുതല്‍ വിവരങ്ങളുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കണം. ആ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരണമെന്ന് ജഗദീഷ് പറഞ്ഞു.
പേരുകള്‍ പുറത്തുവിടാന്‍ ഹൈക്കോടതി അനുവദിക്കുമെങ്കില്‍ അതു നടക്കട്ടെ. ഗോസിപ്പുകള്‍ ഇല്ലാതാക്കാനേ അത് സഹായിക്കൂ. കോടതി എന്തു തീരുമാനമെടുത്താലും പൂര്‍ണമായി സഹകരിക്കും. ഏതെങ്കിലും വ്യക്തികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി പറഞ്ഞാല്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ അമ്മ തയാറാണ്. പവര്‍ ഗ്രൂപ്പ് ഒരു ആലങ്കാരിക പദമാണ്. സ്വാധീനമുള്ള വ്യക്തികളെന്നാകും ഉദ്ദേശിച്ചത്. പവര്‍ ഗ്രൂപ്പിനെപ്പറ്റി കേട്ടിട്ടില്ല. സ്വാധീനമുള്ള വ്യക്തികളുടെ ആധിപത്യം എന്നാകും ഉദ്ദേശിച്ചത്. മാഫിയ ഉണ്ടെന്ന് കരുതുന്നില്ല. കാസ്റ്റിങ് കൗച്ച് ചിലര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവരത് പറയുമ്പോള്‍ അന്നു പറയാത്തതെന്താ എന്ന് ചോദിക്കാനാവില്ല. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരാതി ഉന്നയിക്കാമെന്നും ജഗദീഷ് വിശദീകരിച്ചു.
റിപ്പോര്‍ട്ട് ഇത്രയും കാലം പൂഴ്ത്തിവച്ചത് എന്തിനെന്നതില്‍ മതിയായ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് അന്നുതന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ഇക്കാലം കൊണ്ടു വലിയ മാറ്റമുണ്ടായേനെ. ഇന്നു നടിമാര്‍ക്കു പരാതി പറയേണ്ടി വരില്ലായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനുശേഷം തെറ്റു ചെയ്യുന്നവരുടെ മനസില്‍ ഭയം വന്നിട്ടുണ്ട്. തെറ്റോ ചൂഷണമോ സംഭവിച്ചാല്‍ ചോദിക്കാന്‍ സംവിധാനങ്ങളുണ്ടെന്ന് ആളുകള്‍ക്ക് തോന്നിയിട്ടുണ്ട്. എല്ലായിടത്തും ചൂഷണമില്ല. ചൂഷണമുണ്ടെങ്കില്‍ അത് പരിഹരിക്കണം. അതിനുള്ള ശ്രമങ്ങളുണ്ടായില്ലെങ്കില്‍ ഇതുപോലെ ജനങ്ങളില്‍നിന്ന് ചോദ്യങ്ങള്‍ നേരിടേണ്ടിവരുമെന്നും ജഗദീഷ് പറഞ്ഞു.
Recent Comments