by Midhun HP News | Aug 25, 2024 | Latest News, കേരളം
തിരുവനന്തപുരം: തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ തെക്കന്‍ കേരള തീരം വരെ രൂപപ്പെട്ട ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ന്യൂനമര്‍ദ്ദപാത്തിക്ക് പുറമേ തെക്കു കിഴക്കന്‍ ഉത്തര്‍പ്രദേശിനും വടക്കു കിഴക്കന്‍ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂന മര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് തിങ്കളാഴ്ചയോടെ പടിഞ്ഞാറന്‍ മധ്യപ്രദേശിന് മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് രാജസ്ഥാന്‍, ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Aug 24, 2024 | Latest News, കേരളം
സംവിധായകന്‍ രഞ്ജിത്തിനെതിരായി ബംഗാളി നടി ഉന്നയിച്ചത് ആരോപണം മാത്രമാണെന്നും ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പരാതി നല്‍കിയാല്‍ സംഭവത്തില്‍ നടപടി സ്വീകരിക്കാമെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരെങ്കിലും ഏതെങ്കിലും ആളെക്കുറിച്ച് പറഞ്ഞ ആക്ഷേപങ്ങളില്‍ ഇന്നുവരെ കേസെടുത്തിട്ടുണ്ടോ എന്നും അങ്ങനെയൊരു കേസ് നിലനില്‍ക്കുമോ എന്നും മന്ത്രി ചോദിച്ചു. പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയ തന്നോട് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
നടിയുടെ ആരോപണം രഞ്ജിത്ത് പൂര്‍ണമായി നിഷേധിക്കുന്ന ഘട്ടത്തില്‍ രേഖാമൂലം പരാതി ലഭിച്ച് അതില്‍ അന്വേഷണം നടത്തിയാലേ എന്തെങ്കിലും പറയാനാകൂവെന്ന് മന്ത്രി പറയുന്നു. പരാതി ലഭിച്ചാല്‍ ആരോപണവിധയനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്‍പ് തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തിന്റെ മാറ്റുന്ന കാര്യത്തില്‍ പിന്നീട് കൂടിയാലോചിച്ച് ഒരു രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

by Midhun HP News | Aug 24, 2024 | Latest News, കേരളം
പൂനെയിൽ നിന്നുള്ള കുടുംബം തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 25 കിലോ വരുന്ന സ്വര്‍ണാഭരണങ്ങൾ ധരിച്ചാണ് കുടുംബം ക്ഷേത്രദർശനം നടത്തിയത്. കൈകൂപ്പി നില്‍ക്കുന്ന നാലംഗ കുടുംബത്തെയാണ് ചിത്രങ്ങളിൽ കാണാനാവുക. വെള്ളബനിയനും മുണ്ടും ധരിച്ചാണ് രണ്ട് പുരുഷന്മാരും ക്ഷേത്രത്തിലെത്തിയത്. കഴുത്തിൽ സ്വർണത്തിലുള്ള കയർ ചുറ്റിയ നിലയിലായിരുന്നു. ബ്രാൻഡഡ് സൺഗ്ലാസും അണിഞ്ഞിട്ടുണ്ട്.
ഗോൾഡൻ സാരിയിലാണ് സ്ത്രീയെ കാണുന്നത്. ദേഹമാസകലം സ്വർണത്താൽ പൊതിഞ്ഞിട്ടുമുണ്ട്. ഇവര്‍ക്കൊപ്പം ഒരു കുട്ടിയെയും കാണാം. എന്നാൽ തങ്ങളുടെ ഐഡന്റിന്റി വെളിപ്പെടുത്താൻ കുടുംബം തയാറായില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ ക്ഷേത്രഭാരവാഹികൾ നൽകിയ വിവരം അനുസരിച്ച് ഇവർ പൂനെയിൽ നിന്നുള്ളവരാണ്. സണ്ണി വാഘ്ചൗരേ, സഞ്ജയ് ഗുജർ എന്നിങ്ങനെയാണ് പേരുകൾ.
കഴിഞ്ഞ ദിവസം രാവിലെയാണ് കുടുംബം ക്ഷേത്ര ദർശനം നടത്തിയത്. നിമിഷ നേരംകൊണ്ട് ചിത്രങ്ങളും വീഡിയോയും വൈറലായി. ആദായ നികുതി വകുപ്പ് എല്ലാം കാണുന്നുണ്ടെന്നാണ് ഒരു എക്സ് യൂസർ ചിത്രത്തിനുതാഴെ കുറിച്ചത്.
by Midhun HP News | Aug 24, 2024 | Latest News, കേരളം
തൃശൂര്‍: ഗൂഗിള്‍ പേ വഴി തന്റെ അക്കൗണ്ടില്‍ 80,000 രൂപ എത്തിയതു കണ്ട സിജു ആദ്യം ഒന്ന് അമ്പരന്നു. പിന്നേ നേരെ ബാങ്കിലെത്തി വിവരം പറഞ്ഞു. ചാലക്കുടി നഗരസഭയിലെ ശുചീകരണ ജീവനക്കാരനായ സിജുവിന്റെ സത്യസന്ധതയില്‍ പണം തിരിച്ചുകിട്ടിയത് ഒഡിഷയിലെ കുടുബത്തിന്. അതും മകളുടെ വിവാഹ ആവശ്യത്തിനുള്ള തുക.
അക്കൗണ്ടില്‍ പണം വന്നതായി മെസ്സേജ് കണ്ടപ്പോള്‍, വിആര്‍ പുരം സ്വദേശിയായ സിജു തനിക്ക് അക്കൗണ്ടുള്ള എസ്ബിഐ ശാഖയില്‍ എത്തുകയായിരുന്നു. പണം അയച്ച നമ്പറിലേക്ക് ബാങ്ക് അധികൃതര്‍ വിളിച്ച് വിവരം അറിയിച്ചപ്പോഴാണ്, ഒറീസയിലുള്ള ഒരു കുടുംബം, മകളുടെ വിവാഹവുമായ് ബന്ധപ്പെട്ട ആവശ്യത്തിന് മറ്റൊരാള്‍ക്ക് അയച്ച പണമാണെന്നും നമ്പര്‍ തെറ്റി സിജുവിന്റെ അക്കൗണ്ടിലേക്ക് വന്നതാണെന്നും മനസിലായത്.
പൈസ തെറ്റി അയച്ചതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്, ഒറീസയിലെ ബാങ്കില്‍ ചെന്ന് വിവരം അറിയിക്കാന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ അവര്‍ ബാങ്കില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഒഡിഷയിലെ ബാങ്ക് അധികൃതര്‍ ചാലക്കുടി എസ്ബിഐ ശാഖയെ വിവരം അറിയിക്കുകയായിരുന്നു. അക്കൗണ്ട് വഴി പണം തിരിച്ച് അയച്ചാല്‍ മതിയെന്ന് സിജുവിനോട് മാനേജര്‍ പറഞ്ഞെങ്കിലും, ബാങ്ക് സമയം കഴിഞ്ഞതിനാല്‍ സാധിച്ചില്ല. അവധി ദിവസങ്ങള്‍ കഴിഞ്ഞ് ചൊവ്വാഴ്ച അക്കൗണ്ടിലൂടെ പണം തിരിച്ചയക്കുമെന്ന് സിജു അറിയിച്ചു.
by Midhun HP News | Aug 24, 2024 | Latest News, കേരളം
തൃശൂർ: ശക്തന്റെ തട്ടകത്തിൽ ഇക്കുറിയും പുലികളിറങ്ങും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നു വച്ച പുലിക്കളി വീണ്ടും നടത്താൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. പുലിക്കളി സംഘങ്ങളുടെ അഭ്യർഥന പരിഗണിച്ചാണ് പുലിക്കളി നടത്താനുള്ള തീരുമാനം എടുത്തത്. കോർപ്പറേഷൻ ധനസഹായവും പുലിക്കളിസംഘങ്ങൾക്ക് നൽകും. ആറു സംഘങ്ങളാണ് ഇരുവരെ രജിസ്റ്റർ ചെയ്തത്. വരുംദിവസങ്ങളിൽ കൂടുതൽ സംഘങ്ങൾ രജിസ്റ്റർ ചെയ്തേക്കും. സെപ്റ്റംബർ 18 ന് നാലാം ഓണ നാളിലാണ് പുലിക്കളി നടക്കുക.

by Midhun HP News | Aug 24, 2024 | Latest News, കേരളം
തൃശൂർ: സ്ഥിരമായി നേന്ത്രവാഴക്കുലകൾ മോഷ്ടിക്കുന്ന കള്ളനെ നാട്ടുകാർ ഉറക്കമൊഴിച്ചു കാത്തിരുന്നു പിടികൂടി. തൃശൂർ മുള്ളൂർക്കരയിലാണ് നാട്ടുകാർ കള്ളനെ പൊക്കിയത്. 50ഓളം വാഴക്കുലകളാണ് ഇയാൾ മോഷ്ടിച്ചത്. മോഷണം സ്ഥിരമായതോടെയാണ് നാട്ടുകാർ സംഘടിച്ച് കള്ളനെ കൈയോടെ പൊക്കിയത്.
മുള്ളൂർക്കര ഇരശേരിയിലാണ് സംഭവം. ചേലക്കര സ്വദേശിയായ അജിത് കൃഷ്ണനാണ് വാഴക്കുലകൾ മോഷ്ടിച്ചത്. പഞ്ചായത്തിന്റെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ഹംസയുടെ കൃഷിയിടത്തിൽ നിന്നാണ് വാഴക്കുലകൾ മോഷണം പോയത്. 50 കുലകൾ വരെ വെട്ടിയെടുത്തു. പല ദിവസങ്ങളിലായാണ് ഇതു വെട്ടിയെടുത്തത്. പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതിനിടെയാണ് നാട്ടുകാർ സംഘടിച്ചത്. പത്ത് ദിവസത്തോളമാണ് നാട്ടുകാർ കള്ളനായി കാത്തിരുന്നത്. വാഴക്കുല മോഷ്ടിക്കാൻ എത്തിയപ്പോൾ നാട്ടുകാർ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.
ഓട്ടോയിലെത്തി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. അതേ ഓട്ടോയിൽ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാഹനം തകരാറിലായി നിന്നതോടെ നാട്ടുകാർ വളയുകയായിരുന്നു.

Recent Comments