by Midhun HP News | Aug 9, 2024 | Latest News, കേരളം
കല്‍പ്പറ്റ: അടുക്കളയിലെ സ്റ്റാന്‍ഡില്‍ നിന്നും പാത്രങ്ങള്‍ താഴേക്ക് വീണുവെന്നും പരിഭ്രാന്തരായി എല്ലാവരും വീടിന് പുറത്തിറങ്ങിയെന്നും കുറിച്യാര്‍മല പ്രദേശവാസി കരീം പറഞ്ഞു. കുറിച്യാര്‍മല പൊട്ടിയതാണെന്ന് വിചാരിച്ചാണ് ആളുകള്‍ പരിഭ്രാന്തരായത്. വീടിന് പുറത്തിറങ്ങി സമീപത്തെ തോട്ടില്‍ പോയി നോക്കി. മണ്ണിടിഞ്ഞിട്ടുണ്ടോയെന്നും നോക്കി. എന്നാല്‍ ഒരു കുഴപ്പവും കണ്ടില്ലെന്ന് കരീം പറയുന്നു. സേട്ടുകുന്നില്‍ മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ വനംവകുപ്പ് ഡ്രോണ്‍ പരിശോധന നടത്തി. എന്നാല്‍ മണ്ണിടിഞ്ഞതായോ ഒന്നും കണ്ടെത്തിയിട്ടില്ല.
കുറിച്യാര്‍മലയില്‍ പാറക്കല്ല് ഉരുണ്ടു വരുന്നതു പോലുള്ള ശബ്ദമാണ് കേട്ടതെന്ന് സമീപത്തെ സ്‌കൂള്‍ അധ്യാപിക കവിത പറഞ്ഞു. കുട്ടികളുടെ അസംബ്ലി ചേരുമ്പോഴായിരുന്നു ശബ്ദം കേട്ടത്. കുട്ടികള്‍ക്ക് പാല്‍ കൊടുക്കാന്‍ വേണ്ടി വെച്ച ഗ്ലാസുകള്‍ ഇളകി വീണു. ഇടിവെട്ടിയതാണെന്ന് പറഞ്ഞ് കുട്ടികളെ ആശ്വസിപ്പിച്ചു. കുട്ടികളുടെ വീടുകളില്‍ നിന്നും മാതാപിതാക്കള്‍ വിളിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച് കുട്ടികളെ മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ നിര്‍ദേശിച്ചുവെന്നും കവിത ടീച്ചര്‍ പറഞ്ഞു.
കുറിച്യാര്‍ മേഖലയില്‍ നേരത്തെ 2018 ലും 2019 ലും ഉരുള്‍ പൊട്ടലുണ്ടായതാണ്. ഇതേത്തുടര്‍ന്ന് വില്ലേജ് , ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിരുന്നു. സ്ഥലത്ത് വനംവകുപ്പും കര്‍ശന പരിശോധന നടത്തി വരുന്നുണ്ട്. രാവിലെ പ്രകമ്പനം ഉണ്ടായതായും, വീടുകളിലെ പാത്രങ്ങള്‍ വീണതായും ജനലുകള്‍ ഇളകിയതായും നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
രാവിലെ 10 മണിക്കു ശേഷമാണ് വലിയ ശബ്ദം കേട്ടതെന്ന് പ്രദേശവാസിയായ വീട്ടമ്മ പറഞ്ഞു. എന്തോ എടുത്തിടുന്ന പോലെയുള്ള ശബ്ദമാണ് കേട്ടത്. കുട്ടികള്‍ കരച്ചിലായിരുന്നു. അതുകൊണ്ടാണ് പുറത്തിറങ്ങിയതെന്ന് സമീപവാസിയായ വീട്ടമ്മ പറഞ്ഞു. മാറിത്താമസിക്കണമെങ്കില്‍, അധികൃതര്‍ പറയുന്നത് അനുസരിച്ച് ചെയ്യുമെന്നും പ്രദേശവാസിയായ വീട്ടമ്മ പറഞ്ഞു. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി കുലുങ്ങുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയതായി നാട്ടുകാര്‍ പറയുന്നു.
അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടത്. പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കലക്ടർ ഡി ആര്‍ മേഘശ്രീ അറിയിച്ചു.
by Midhun HP News | Aug 9, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍. ഇന്ന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. 51,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച് തിരിച്ചുകയറിയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും കുറയാന്‍ തുടങ്ങിയിരുന്നു. അഞ്ചുദിവസത്തിനിടെ ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചുവരവ്.
by Midhun HP News | Aug 9, 2024 | Latest News, കേരളം
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഭൂമികുലുക്കം. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലാണ് മുഴക്കം കേട്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലുള്ളവരോട് താത്കാലികമായി ഒഴിഞ്ഞുപോകാനും അധികൃതര്‍ നിര്‍ദേശിച്ചു. വിവരം അറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. മുഴക്കം കേട്ട പ്രദേശത്തെ സ്കൂളുകൾക്ക് അവധി നൽകി.
ഇന്ന് രാവിലെയാണ് സംഭവം. മുഴക്കം കേട്ടതായി നാട്ടുകാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴക്കം കേട്ട പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാന്‍ തഹസില്‍ദാര്‍ നിര്‍ദേശിച്ചു. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ക്ക് തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂരിക്കാപ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഗ്ലാസുകള്‍ താഴെ വീണതായും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഭൂചലനം സംബന്ധിച്ച് സര്‍ക്കാര്‍ സ്ഥിരീകരണം വന്നിട്ടില്ല. പരിശോധന നടത്താന്‍ സംഭവ സ്ഥലത്തേയ്ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ പോയിട്ടുണ്ട്.
by Midhun HP News | Aug 9, 2024 | Latest News, കേരളം
ഡൽഹി: ഡോ വന്ദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതൽ ഹർജി സുപ്രീംകോടതി തള്ളി. ഹർജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയുടെ ജാമ്യപേക്ഷയിൽ സംസ്ഥാനത്തിന് നോട്ടീസ് നൽകി. വിടുതൽ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീംകോടതി പറഞ്ഞു.
കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, വിടുതൽ ഹർജി അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. സന്ദീപിനായി അഭിഭാഷകരായ ബിഎ ആളൂർ, അശ്വതി എംകെ എന്നിവർ ഹാജരായി.
by Midhun HP News | Aug 9, 2024 | Latest News, കേരളം
ആറ്റിങ്ങൽ: വയനാട് ദുരിതബാധിതർക്ക് സാന്ത്വനമേകാൻ സ്വർണ്ണക്കമ്മൽ ഊരി നൽകി സ്കൂൾ വിദ്യാർത്ഥിനി. ആറ്റിങ്ങൽ കോരാണി തടത്തിൽ വീട്ടിൽ കോൺഗ്രസ് നേതാവ് കബീർ തടത്തിൽ – സബിതകളുടെ മകൾ ഹന്ന തടത്തിലാണ് ആണ് സ്വർണ്ണക്കമ്മൽ ഊരി നൽകിയത്. തോന്നയ്ക്കൽ ബ്ലൂ മൗണ്ട് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആണ് ഹന്ന.
ദുരന്ത മേഖലയിലെ അവസ്ഥകൾ വാർത്തകളിലൂടെ കണ്ടറിഞ്ഞ ഹന്ന അവരുടെ പുനരധിവാസത്തിന് സഹായം ചെയ്യണമെന്ന് രക്ഷിതാക്കളെ അറിയിക്കുകയും രക്ഷിതാക്കൾ പിന്തുണയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് സ്കൂളിലെത്തി ക്ലാസ് ടീച്ചർ ശ്രീലയോട് തന്റെ സ്വർണ്ണക്കമ്മൽ വയനാട് സാന്ത്വന പദ്ധതിക്കായി നൽകുവാൻ സന്നദ്ധത അറിയിച്ചത്. തുടർന്ന് കമ്മൽ ക്ലാസ് ടീച്ചർ ശ്രീലക്ക് പ്രിൻസിപ്പൽ ഡൽസി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഷെറിൻ സാഹിനി, അധ്യാപിക ചിന്നു എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി.
by Midhun HP News | Aug 9, 2024 | Latest News, കേരളം
വയനാട്: സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എയര്‍ലിഫ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവരും എന്നാണ് വിവരം. തുടര്‍ന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തും.
അതേസമയം, ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളിൽ പരിശോധന നടത്തുകയാണ്. പൊലീസ് നായയെ എത്തിച്ചാണ് പരിശോധന. ചെളി അടിഞ്ഞുകൂടിയ പ്രദേശത്ത് തെരച്ചിൽ ദുഷ്കരമാണ്. മണ്ണുമാന്തി യന്ത്രങ്ങളും ഇവിടേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി പതിനൊന്നാം ദിവസമായി ഇന്ന് പ്രദേശത്ത് ജനകീയ തെരച്ചിലാണ് നടക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയുള്ള തെരച്ചിലാണ് ഇന്ന് നടത്തുന്നത്. പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽനിന്ന് കിട്ടുന്ന വിരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന തെരച്ചിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്.
അതിനിടെ, വയനാട്ടിൽ എന്‍ഡിആര്‍എഫ് തെരച്ചിൽ തുടരുമെന്നും എത്ര ദിവസം എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എന്‍ഡിആര്‍എഫ് മേധാവി പിയൂഷ് ആനന്ദ് ഐപിഎസ് അറിയിച്ചു. സർക്കാർ ആവശ്യപ്പെട്ടാൽ പ്രദേശവാസികളെ ഉൾപ്പെടുത്തി രക്ഷാദൗത്യം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
Recent Comments