by Midhun HP News | Aug 10, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മറ്റന്നാൾ മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
by Midhun HP News | Aug 10, 2024 | Latest News, കേരളം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തഭൂമിയിൽ. ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്ത മേഖല അദ്ദേഹം സന്ദർശിക്കും. ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നു അദ്ദേഹത്തെ സ്വീകരിക്കും. സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമുണ്ടാകും.
വിമാനത്താവളത്തിൽ നിന്നു അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്റ്ററിലായിരിക്കും ദുരന്ത ബാധിത മേഖലയിലേക്ക് പോകുക. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്നു ദുരിതാശ്വാസ ക്യാംപുകളും അദ്ദേഹം സന്ദർശിക്കും. ദുരിത ബാധിതരുമായി അദ്ദേഹം സംസാരിക്കും. പിന്നാലെ റിവ്യു മീറ്റിങും നടത്തും.
ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി മൂന്ന് മണിക്കൂർ സന്ദർശനം നടത്തുമെന്നു മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സന്ദർശന സമയത്ത് തിരച്ചിൽ ബുദ്ധിമുട്ടാകുമെന്നു എസ്പിജി അറിയിച്ചിട്ടുണ്ട്. ബെയ്ലി പാലം വരെ പ്രധാനമന്ത്രി സന്ദർശനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്തത്തെ എൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. പുനർ നിർമാണങ്ങൾക്കായി 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
അതിനിടെ പ്രധാനമന്ത്രി സന്ദർശിക്കുന്നതിനാൽ വയനാട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുണ്ടക്കൈ, ചൂരലമല പ്രദേശങ്ങളിൽ തിരച്ചിൽ അതിനാൽ ഉണ്ടാകില്ലെന്നു ജില്ലാ കലക്ടർ അറിയിച്ചു. പ്രദേശത്തേക്ക് ആർക്കും പ്രവേശനമുണ്ടാകില്ല. ജനകീയ തിരച്ചിൽ ഞായറാഴ്ച പുനരാരംഭിക്കുമെന്നും കലക്ടർ അറിയിച്ചു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
by Midhun HP News | Aug 9, 2024 | Latest News, കേരളം
കൊച്ചി: കൊച്ചി നെട്ടൂരിൽ കായലിൽ ഒഴുക്കിൽ പെട്ട് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. നീണ്ട 12 മണിക്കൂറത്തെ തിരച്ചിലിന് ശേഷം മത്സത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ (16) ആണ് മരിച്ചത്. പനങ്ങാട് വിഎച്ച്‌എസ്‌എസ് വിദ്യാർഥിനിയാണ് ഫിദ. രാവിലെ 6.30ന് ഭക്ഷണാവശിഷ്ടം കളയാൻ കായലിൽ ഇറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്ന് വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കായലിൽ ആഴവും അടിയൊഴ്ക്കും ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
സ്കൂബ സംഘവും ഫയർഫോഴ്സും രാവിലെ മുതൽ സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. നിലമ്പൂർ സ്വദേശികളായ ഈ കുടുംബം ഒന്നര മാസമായി നെട്ടൂരിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
by Midhun HP News | Aug 9, 2024 | Latest News, കേരളം
കൊച്ചി: യുവനടിയെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കൊച്ചി പാലാരിവട്ടം പൊലീസ് ആണ് സൂരജിനെ അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിക്കെതിരെ മോശം ഭാഷയിൽ ഇയാൾ വിഡിയോ ചെയ്തെന്നാണ് പരാതി.
2022-ൽ സമാനമായ കേസിൽ സൂരജ് പാലക്കാരനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു അന്നത്തെ നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കേസിനു പിന്നാലെ യൂട്യൂബർ ഒളിവിൽ പോയിരുന്നു. വീട്ടിലെത്തി പൊലീസ് തിരച്ചിൽ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് സൂരജ് പാലാക്കാരൻ യുവതിയെ അധിക്ഷേപിച്ചത്.
by Midhun HP News | Aug 9, 2024 | Latest News, കേരളം
കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട്ടിലെത്തും. ഉരുൾപൊട്ടൽ നടന്ന ദുരന്ത മേഖല അദ്ദേഹം സന്ദർശിക്കും. നാളെ രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നു അദ്ദേഹത്തെ സ്വീകരിക്കും. സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമുണ്ടാകും.
വിമാനത്താവളത്തിൽ നിന്നു അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്റ്ററിലായിരിക്കും ദുരന്ത ബാധിത മേഖലയിലേക്ക് പോകുക. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്നു ദുരിതാശ്വാസ ക്യാംപുകളും അദ്ദേഹം സന്ദർശിക്കും. ദുരിത ബാധിതരുമായി അദ്ദേഹം സംസാരിക്കും. പിന്നാലെ റിവ്യു മീറ്റിങും നടത്തും.
ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി മൂന്ന് മണിക്കൂർ സന്ദർശനം നടത്തുമെന്നു മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സന്ദർശന സമയത്ത് തിരച്ചിൽ ബുദ്ധിമുട്ടാകുമെന്നു എസ്പിജി അറിയിച്ചിട്ടുണ്ട്. ബെയ്ലി പാലം വരെ പ്രധാനമന്ത്രി സന്ദർശനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്തത്തെ എൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. പുനർ നിർമാണങ്ങൾക്കായി 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
അതിനിടെ പ്രധാനമന്ത്രി സന്ദർശിക്കുന്നതിനാൽ വയനാട് ജില്ലയിൽ നാളെ കർശന നിയന്ത്രണങ്ങളുണ്ട്. മുണ്ടക്കൈ, ചൂരലമല പ്രദേശങ്ങളിൽ തിരച്ചിൽ അതിനാൽ ഉണ്ടാകില്ലെന്നു ജില്ലാ കലക്ടർ അറിയിച്ചു. പ്രദേശത്തേക്ക് ആർക്കും പ്രവേശനമുണ്ടാകില്ല. ജനകീയ തിരച്ചിൽ ഞായറാഴ്ച പുനരാരംഭിക്കുമെന്നും കലക്ടർ അറിയിച്ചു.
by Midhun HP News | Aug 9, 2024 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭുമിയില്‍ നിന്ന് പരിക്കേറ്റവരെയും മരിച്ചവരെയും കയറ്റി റോഡിലെ നിരന്തരസാന്നിധ്യമായിരുന്നു ദീപയുടെ ആംബുലന്‍സ്. കേരളത്തിലെ ആദ്യത്തെ വനിത ആംബുലന്‍സ് ഡ്രൈവറാണ് ദീപ. ദുരന്തഭൂമിയിലെ ചിതറിയ മൃതദേഹങ്ങളുള്‍പ്പടെയുള്ള ഭയാനകമായ ദൃശ്യങ്ങള്‍ വിവരിക്കുന്നതിനിടെ പലപ്പോഴും ദീപ വിങ്ങിപ്പൊട്ടി.
കോഴിക്കോട് നാദാപുരം വിലങ്ങാട് സ്വദേശിയായ ദീപ മകളുടെ മരണത്തിനുശേഷം ശാരീരികമായും മാനസികമായും തളര്‍ന്നതോടെ ആംബുലന്‍സ് ഡ്രൈവിങ് ഉപേക്ഷിച്ചിരുന്നു. വയനാട്ടില്‍ ദുരന്തം സംഭവിക്കുമ്പോള്‍ ദീപ കല്ലാച്ചിയിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടയിലാണ് വടകര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഇകെ അജീഷിന്റെ ഫോണ്‍ വരുന്നത്. ആംബുലന്‍സും ഫ്രീസറും സംഘടിപ്പിച്ച് മേപ്പാടിയില്‍ എത്തിക്കാമോ എന്ന് ചോദിച്ചു. അവിടേയുള്ള ദുരന്തം ബാധിച്ചവരുടെ അവസ്ഥ ആലോചിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ദീപ ആംബുലന്‍സിന്റെ ഡ്രൈവിങ് സിറ്റീലേക്ക് കയറുകയായിരുന്നു.
അവിടെ കണ്ട കാഴ്ചകള്‍ ഭീകരമായിരുന്നെന്ന് ദീപ പറയുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിച്ചുവെന്ന് വിശ്വസിക്കാന്‍ തയ്യാറാകാത്ത ആളുകളെ ഞങ്ങള്‍ കണ്ടു. അതേ ആളുകള്‍ തന്നെ പിറ്റേദിവസം മുതല്‍ മോര്‍ച്ചറിയില്‍ എത്തി. കണ്ടെടുത്ത മൃതദേഹങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടേതായിരിക്കണമെന്നതായിരുന്നു അവരുടെ പ്രാര്‍ഥനയെന്നും ദീപ പറയുന്നു. തിരിച്ചറിയന്‍ പറ്റാത്തവിധം ശരീരഭാഗങ്ങള്‍ മാത്രമാണ് പലപ്പോഴും എത്തിയിരുന്നത്. ഇത് കണ്ടുനില്‍ക്കാനാവാതെ വന്നപ്പോള്‍ ഇവിടെ തുടരാനാവില്ലെന്ന് തോന്നിയതായും ദീപ പറഞ്ഞു. ‘ഞാന്‍ നാലര വര്‍ഷത്തിലേറെയായി ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുന്നു. ദിവസങ്ങള്‍ പഴക്കമുള്ളതും ജീര്‍ണിച്ചതുമായ മൃതദേഹങ്ങള്‍ ഞാന്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് മൃതദേഹങ്ങള്‍ തിരിച്ചറിയേണ്ടി വന്നത് അറ്റുപോയ വിരലോ അറ്റുപോയ കൈകാലോ നോക്കിയോ മാത്രം. അത് എടുക്കാവുന്നതിലും അപ്പുറമായിരുന്നു,’ ദീപ പറഞ്ഞു.
‘ഓരോ വീട്ടിലേയും അച്ഛനമ്മമാരേയും കുഞ്ഞുങ്ങളേയും പല വിധത്തിലാണ് ബന്ധുക്കള്‍ തിരിച്ചറിയുന്നത്. എന്റെ മകള്‍ മൈലാഞ്ചി ഇട്ടിരുന്നു, കാതില്‍ ഭംഗിയുള്ള കമ്മലുണ്ടായിരുന്നു, കാലില്‍ സ്വര്‍ണ പാദസരമുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞ് ആളുകള്‍ പൊട്ടിക്കരഞ്ഞാണ് വരുന്നത്. കൈയും കാലും തലയുമില്ലാത്ത മൃതദേഹങ്ങളുടെ അവസ്ഥയെ കുറിച്ച് ബന്ധുക്കളെ പറഞ്ഞു മനസിലാക്കാനും ഭയങ്കര ബുദ്ധിമുട്ടായിരുന്നു. മകളെ നഷ്ടപ്പെട്ട എന്റെ സങ്കടത്തേക്കാള്‍ എത്രയോ ഇരട്ടിയിലധികം ദു:ഖം അനുഭവിക്കുന്നവരെയാണ് ഞാന്‍ കണ്ടുമുട്ടിയത്. പലപ്പോഴും മോര്‍ച്ചറിയില്‍ എത്തിച്ച ശരീരഭാഗങ്ങള്‍ മനുഷ്യരുടേതാണോ മൃഗങ്ങളുടേതാണോ എന്നുപോലും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറയുന്നു.
‘ഞാന്‍ ഒരു ദിവസത്തേക്ക് തിരിച്ചുപോയി വീട്ടില്‍ തനിച്ചായിരുന്ന മകനെയും കൂട്ടിക്കൊണ്ടു വന്നു.ഇപ്പോള്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള ആംബുലന്‍സുകളെല്ലാം തിരികെ പോയി, ഞാനും ഉടന്‍ മടങ്ങും,’ ദീപ പറഞ്ഞു. ദുരന്തഭൂമിയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കിടയില്‍ ദീപ ഇപ്പോള്‍ പരിചിത മുഖമാണ്. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട സ്ത്രീകള്‍ അവരുടെ വേദനകള്‍ അവളുമായി പങ്കിടുന്നു. എല്ലാ വേദനകളും മാറ്റിവച്ച് അവര്‍ മകളെ കുറിച്ചോര്‍ത്ത് വിതുമ്പുന്ന ദീപയെയും ആശ്വസിപ്പിക്കുന്നു.
Recent Comments