ദിദിന നേതൃത്വ പരിശീലന ക്യാമ്പിന് നഗരൂർ രാജധാനി എൻജിനീയറിങ് കോളേജിൽ തുടക്കം കുറിച്ചു

ദിദിന നേതൃത്വ പരിശീലന ക്യാമ്പിന് നഗരൂർ രാജധാനി എൻജിനീയറിങ് കോളേജിൽ തുടക്കം കുറിച്ചു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറിമാരുടെ ദിദിന നേതൃത്വ പരിശീലന ക്യാമ്പിന് നഗരൂർ രാജധാനി എൻജിനീയറിങ് കോളേജിൽ തുടക്കം കുറിച്ചു. മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറ് മേധാവി, ഡോ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം നഗരൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ നിർവഹിച്ചു.

കേരള സാങ്കേതിക ശാസ്ത്ര സർവ്വകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ.അരുൺ എം. മുഖ്യാതിഥി ആയിരുന്നു. കൊല്ലം- പത്തനംതിട്ട റീജിയണൽ കോഡിനേറ്റർ പ്രൊഫ. ഷറോസ് എച്ച്, എൻ.എസ്.എസ് കൊല്ലം ജില്ലാ കോഡിനേറ്റർ പ്രൊഫ.രതീഷ്, പ്രോഗ്രാം ഓഫീസർ പ്രൊഫ. മഹേഷ്, വോളന്റിയർ സെക്രട്ടറി അമൽ എസ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എൻ എസ് എസ് നാഷണൽ അവാർഡ് ജേതാവ് പ്രൊഫ.സിജോ ജോർജ്, ബ്രഹ്മ നായകം മഹാദേവൻ, പ്രൊഫ.ശ്യാം പ്രസാദ്, കെ എസ് എ സി എസ് അസിസ്റ്റൻറ് ഡയറക്ടർ അഞ്ജന. ജി, പ്രൊഫ.റെജു മോൻ തുടങ്ങിയവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും. എ പി ജെ എ കെ ടി യു ലെ തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം വോളണ്ടിയർ സെക്രട്ടറിമാർ പങ്കെടുക്കുന്ന പ്രസ്തുത ക്യാമ്പിന് ജൂലൈ 28 ഞായറാഴ്ച സമാപനം കുറിക്കും.

അര്‍ജുനെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധന്‍ ഗംഗാവലിപ്പുഴയിലിറങ്ങി

അര്‍ജുനെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധന്‍ ഗംഗാവലിപ്പുഴയിലിറങ്ങി

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ 12-ാം ദിവസത്തിലെത്തുമ്പോള്‍ ആദ്യമായി ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി പരിശോധന. ഡൈവര്‍മാര്‍ പുഴയിലേക്കിറങ്ങി തിരച്ചില്‍ നടത്തുകയാണ്. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് നദിയില്‍ നിര്‍ണായക ദൗത്യം നടക്കുന്നത്. നദിക്ക് നടുവിലെ മണ്‍കൂനയില്‍ നിന്നും ആഴത്തിലേക്ക് പരിശോധന നടത്താന്‍ ശ്രമിക്കുകയാണ് ലക്ഷ്യം. വടമുപയോഗിച്ച് ശരീരത്തില്‍ ബന്ധിച്ച ശേഷമാണ് ഡൈവര്‍മാര്‍ ഇറങ്ങിയത്.

അര്‍ജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പര്‍ ഫോറിലാണ് പരിശോധനകള്‍ നടക്കുന്നത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തുന്ന പരിശോധനയുടെ തത്സമയ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. മുങ്ങല്‍ വിദഗ്ധന്‍ രണ്ട് തവണ നദിയില്‍ മുങ്ങി പരിശോധന നടത്തുന്നതായി ദൃശ്യങ്ങളിലുണ്ട്. ഇരുപതിലേറെ നിര്‍ണായക രക്ഷാദൗത്യത്തില്‍ പങ്കാളിയായിട്ടുള്ള വിദഗ്ധനാണ് ഈശ്വര്‍ മാല്‍പെ. ഗംഗാവാലി പുഴയെ നന്നായറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘവും മാല്‍പെയുടെ സംഘത്തിനൊപ്പമുണ്ടെന്നാണ് വിവരം.

അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കന്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാര്‍, സോണല്‍ സിഗ്‌നലുകള്‍ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. അതാണ് നദിയിലിറങ്ങിയുള്ള പരിശോധന ഇത്രയും നീണ്ടത്.

പണയം വെക്കാൻ കൊണ്ടുവരുന്ന സ്വർണാഭരണങ്ങളിൽ തട്ടിപ്പ്; ബാങ്ക് അപ്രൈസർ പിടിയിൽ

പണയം വെക്കാൻ കൊണ്ടുവരുന്ന സ്വർണാഭരണങ്ങളിൽ തട്ടിപ്പ്; ബാങ്ക് അപ്രൈസർ പിടിയിൽ

ആലപ്പുഴ: പണയം വെക്കാൻ കൊണ്ടുവരുന്ന സ്വർണാഭരണങ്ങളിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബാങ്കിലെ അപ്രൈസർ പിടിയിൽ. മുളക്കുഴ സ്വദേശി മധുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബാങ്കിൽ പണയം വെച്ച സ്വർണാഭരണങ്ങളുടെ ഭാഗങ്ങൾ മുറിച്ചു കവർന്നതായാണ് പരാതി. ചെങ്ങന്നൂർ മുളക്കുഴത്തെ ബാങ്കിലാണ് തട്ടിപ്പ് നടന്നത്.

മാലയുടെ കണ്ണികൾ, കൊളുത്തുകൾ, കമ്മലിന്റെ സ്വർണമുത്തുകൾ തുടങ്ങിയവയാണ് കവർന്നിരുന്നത്. സ്വർണം പണയം വെച്ചവർ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. സംഭവത്തിൽ നിരവധി പേർ പരാതിയുമായി എത്തിയതോടെ ബാങ്ക് ജീവനക്കാരെ പൊലീസ് ചോ​ദ്യം ചെയ്യുകയായിരുന്നു.

പണയം വയ്ക്കുന്നതിനായി കൊണ്ടുവരുന്ന സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ സ്വര്‍ണ്ണ ഉരുപ്പടികളുടെ ഭാഗം മുറിച്ചുമാറ്റി അതിനുശേഷം ഉള്ള തൂക്കമാണ് ബാങ്കിന്റെ രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബാങ്കില്‍ ഇരുന്നൂറിലധികം പേരുടെ ഉരുപ്പടികളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് നിഗമനം. മധുകുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

മണപ്പുറം ഫിനാൻസിൽ ധന്യ മോഹൻ തട്ടിപ്പ് നടത്തിയത് 8000 തവണ

മണപ്പുറം ഫിനാൻസിൽ ധന്യ മോഹൻ തട്ടിപ്പ് നടത്തിയത് 8000 തവണ

മണപ്പുറം ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ധന്യ മോഹൻ തട്ടിപ്പ് നടത്തിയത് 8000 തവണ. സാമ്പത്തിക ഇടപാട് നടത്തിയത് ഭർത്താവിന്റെയും പിതാവിന്റെയും അടക്കം 8 അക്കൗണ്ടുകളിലേക്ക്. തട്ടിപ്പ് നടത്തിയത് 5 കൊല്ലം കൊണ്ട്. പ്രതിയെ പൊലീസ് ചോദ്യം ചെയുന്നു.

ഭര്‍ത്താവിന്റെ എന്‍ ആര്‍ ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പോലീസ് പരിശോധിച്ചു. വ്യാജ രേഖ ചമച്ച് വ്യാജ വിലാസത്തില്‍ വായ്പകള്‍ മാറ്റിയായിരുന്നു തുക തട്ടിയതെന്നും പൊലീസ് കണ്ടെത്തി. ധന്യ മോഹന്റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. അഞ്ചു കൊല്ലത്തിനിടെ ധന്യ 19.96 കോടി തട്ടിയെടുത്തു എന്നാണ് പൊലീസ് കണ്ടെത്തല്‍. ധന്യ കീഴടങ്ങിയെങ്കിലും കൂട്ടുപ്രതികളായ ഭര്‍ത്താവ് ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ഇപ്പോഴും ഒളിവിലാണ്.

ധന്യയെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും. ധന്യയെ തൃശൂര്‍ വലപ്പാട് എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും. തട്ടിയെടുത്ത പണം എങ്ങനെ ചെലവഴിച്ചു എന്നാണ് അന്വേഷണ സംഘം തേടുന്ന ഉത്തരം. ധന്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

പത്ത് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,600 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് 200 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,600 രൂപയാണ്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,325 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5235 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.

സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെയാണ് സ്വർണവില കുത്തനെ കുറഞ്ഞത്. അതേസമയം ആഗോള വിപണയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വില ഉയരുകയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇന്ന് കൂടിയിട്ടുണ്ട്. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ കേരളത്തിലും വില നേരിയ തോതില്‍ വര്‍ധിച്ചേക്കും. നികുതി കുറച്ചതിന്റെ ആശ്വാസം ഇതോടെ ഇല്ലാതാകുകയും ചെയ്യും.

‘കള്ളന്‍ ഓടയില്‍’; സാഹസികമായി പിടികൂടി ഫയര്‍ഫോഴ്‌സ്

‘കള്ളന്‍ ഓടയില്‍’; സാഹസികമായി പിടികൂടി ഫയര്‍ഫോഴ്‌സ്

ആലപ്പുഴ: വീടുകളില്‍ മോഷണ ശ്രമം നടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് ഓടിയ മോഷ്ടാവ് ഒളിച്ചത് ഓടയില്‍. കായംകുളം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്താണ് സംഭവം. തുടര്‍ന്ന് പൊലീസ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും ഇയാളെ ഓടയില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവം. കായംകുളം റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓടയിലാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലാകാതിരിക്കുന്നതിനായിഓടയില്‍ ഒളിച്ചത്. പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റി. ഇതിനിടയില്‍ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടറുടെ സഹായത്തോടെയാണ് ഫയര്‍ഫോഴ്‌സ് സംഘം ഓടക്കുള്ളില്‍ കയറിയത്. അതി സാഹസികമായാണ് മോഷ്ടാവിനെ പിടികൂടി പൊലീസ് സംഘത്തിന് കൈമാറിയത്. തമിഴ്‌നാട് സ്വദേശിയായ രാജശേഖരനാണ് മോഷ്ടാവ്.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ മുകേഷ്, വിപിന്‍, രാജഗോപാല്‍, ഷിജു ടി സാം, ദിനേശ്, സജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ രക്ഷിച്ച് ഓടയ്ക്കുപുറത്ത് എത്തിച്ചത്.