ഐഎഎസ് കോച്ചിങ് സെന്ററില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായി; നിവിന്റെ മൃതദേഹം ഇന്ന് വിട്ടുനല്‍കും

ഐഎഎസ് കോച്ചിങ് സെന്ററില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായി; നിവിന്റെ മൃതദേഹം ഇന്ന് വിട്ടുനല്‍കും

ന്യൂഡല്‍ഹി: വെള്ളക്കെട്ടില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ച ഡല്‍ഹിയിലെ ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടെന്ന് റിപ്പോര്‍ട്ട്. ബേസ്‌മെന്റിന് സ്‌റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഫയര്‍ഫോഴ്‌സ് അനുമതി നല്‍കിയിരുന്നത്. ഡല്‍ഹി ഫയര്‍ഫോഴ്‌സിന്റെ പരിശോധന റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

വിവിധ കോച്ചിങ് സെന്ററുകളില്‍ ഇന്നും പരിശോധന തുടരുമെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 13 കോച്ചിങ് സെന്ററുകളിലെ ബേസ്‌മെന്റ് സീല്‍ ചെയ്തു. പാര്‍ക്കിങ്ങിനും സ്റ്റോര്‍ റൂമിനുമായിട്ടുള്ള ബേസ്‌മെന്റ് നിരവധി പരിശീലന കേന്ദ്രങ്ങള്‍ അനധികൃതമായി ലൈബ്രറിയും ക്ലാസ് റൂമുമാക്കി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരം രാത്രിയിലും തുടരുകയാണ്. സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മരിച്ച എറണാകുളം നീലിശ്വരം സ്വദേശി നിവിന്‍ ഡാല്‍വിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നിവിന്റെ ബന്ധുക്കള്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

മഷി പുരട്ടുക നടുവിരലിൽ; 49 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ

മഷി പുരട്ടുക നടുവിരലിൽ; 49 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 49 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖ എന്നിവ ഉപയോഗിക്കാം.

വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മഷി പുരട്ടുക. 2024 ഏപ്രിലിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തിട്ടുള്ള വോട്ടർമാരുടെ ചൂണ്ടുവിരലിൽ പുരട്ടിയ മഷിയടയാളം പൂർണമായും മാഞ്ഞ് പോയിട്ടില്ലാത്തതു കൊണ്ടാണ് ഈ മാറ്റം.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരണം; കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: അര്‍ജുന്‍ ഉള്‍പ്പെടെ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാദൗത്യത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുന്നതുവരെ തിരച്ചില്‍ തുടരണം. സാധ്യമായ എല്ലാ ഉപകരണങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത എല്ലാവരുടെയും അധ്വാനത്തെ അദ്ദേഹം കത്തില്‍ പ്രശംസിച്ചു.

രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പട്ടു. തിരച്ചില്‍ നിര്‍ത്താനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണ്. തിരച്ചില്‍ നിര്‍ത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയാണെന്നും മന്ത്രി റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ന്നലെ നടത്തിയ ചര്‍ച്ചയില്‍ പോലും തിരച്ചില്‍ തുടരാനാണ് തീരുമാനിച്ചത്. ഉന്നതതലയോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കിയില്ല. കര്‍ണാടക സര്‍ക്കാര്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നില്ല. നേവല്‍ബേസിലെ ഏറ്റവും വൈദഗ്ധ്യതയുള്ള ഡൈവേഴ്‌സിനെ ഉപയോഗിക്കാന്‍ തയ്യാറാകണം. തീരുമാനത്തില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ പിന്മാറണം. മന്ത്രിമാര്‍ക്ക് അവിടെ പോകാനേ കഴിയൂ. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കാലാവസ്ഥ കൂറേക്കൂടി അനുകൂലമായിട്ടും നേരത്തേ തന്നെ തിരച്ചില്‍ നിര്‍ത്തുകയാണ്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉന്നതതലയോഗം കൈക്കൊണ്ട പ്രധാന മൂന്ന് തീരുമാനങ്ങള്‍ നടപ്പാക്കിയില്ല. പാന്‍ടൂണ്‍ കൊണ്ടുവന്ന് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ അത് ചെയ്യാന്‍ തയ്യാറായില്ല. തഗ് ബോട്ട് കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് കൊണ്ടുവന്നിട്ടില്ല. എന്താണ് തടസം?. ഡ്രെഡ്ജിങ് നടത്താന്‍ ഒരു പാലമാണ് തടസമെന്ന് പറഞ്ഞിട്ട് അതും പരിഹരിച്ചിട്ടില്ല’. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ആദിവാസി സ്ത്രീ കുടിലില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ആദിവാസി സ്ത്രീ കുടിലില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇടുക്കി: അടിമാലി പഞ്ചായത്തില്‍ ആദിവാസി യുവതിയെ കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈല്‍ ആദിവാസി കുടിയില്‍ താമസിക്കുന്ന ബാലകൃഷ്ണന്റെ ഭാര്യ ജലജ (45)യാണ് മരിച്ചത്. കൊലപാതകം ആണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇന്നലെ രാത്രി ഇവരുടെ വീട്ടില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പറയുന്നു. ഭര്‍ത്താവ് ബാലകൃഷ്ണനെ അടിമാലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് എട്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ നാളെയും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ വടക്കൻ കേരള തീരത്തും, കർണാടക ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കണ്ണൂർ, കാസർഗോഡ്, മാഹി തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അർജുനായി തിരച്ചിൽ‌ 13-ാം ദിനം

അർജുനായി തിരച്ചിൽ‌ 13-ാം ദിനം

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ പതിമൂന്നാം ദിവസത്തിലേക്ക്. ​ഗം​ഗാവലിപ്പുഴയിൽ തെരച്ചിലിനായി മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയും സംഘവും ഇറങ്ങുന്നതിൽ രാവിലെയോടെ തീരുമാനമുണ്ടാകും. രാവിലെ 9 മണിക്ക് അവലോകന യോ​ഗം ചേരും. കാർവാർ എംഎൽഎയുടെ നിർദേശപ്രകാരം മാൽപെയുടെ സംഘം സ്വന്തം റിസ്കിൽ പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ ഏഴ് തവണയാണ് ഈശ്വർ മാൽപെ ​ഗം​ഗാവലിയിൽ‌ പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ നദിയിലേക്ക് ഇറങ്ങിയ ഈശ്വർ മാൽപെയുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. മൂന്നാമത്തെ ഡൈവിലായിരുന്നു ഈശ്വർ മാൽപെ ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയായിരുന്നു പരിശോധന.

പരിശോധനകളിൽ അടിത്തട്ടിലെത്താൻ സാധിച്ചിരുന്നില്ല. ചെളിയും മണ്ണും കല്ലും പ്രതിസന്ധി ഉയർത്തിയിരുന്നത്. മാൽപെയുടെ പരിശോധനയിൽ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയിരുന്നു. അതേസമയം ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഡ്രഡ്ജർ എത്തിക്കാൻ പാലങ്ങളുടെ നീളം പരിശോധിച്ചെന്ന് സതീഷ് കൃഷ്ണ സെയിൽ പറർഞ്ഞു. ​