ട്രക്കിന് അടുത്ത് രണ്ടു തവണ മുങ്ങൽ വിദ​ഗ്ധരെത്തി, അടിയൊഴുക്ക് രൂക്ഷം; ​ഗോവയിൽ നിന്നും ഡ്രഡ്ജിങ് സംഘവും സ്ഥലത്ത്’

ട്രക്കിന് അടുത്ത് രണ്ടു തവണ മുങ്ങൽ വിദ​ഗ്ധരെത്തി, അടിയൊഴുക്ക് രൂക്ഷം; ​ഗോവയിൽ നിന്നും ഡ്രഡ്ജിങ് സംഘവും സ്ഥലത്ത്’

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിലേക്ക്. അർജുൻ ഓടിച്ച ട്രക്കിന് അടുത്ത് നാവികസേനയിലെ മുങ്ങൽ വിദ​ഗ്ധർ രണ്ടു പ്രാവശ്യം എത്തി. അടിയൊഴുക്ക് രൂക്ഷമായതും സീറോ വിസിബിലിറ്റിയും മൂലം ഇവർക്ക് ട്രക്കിന്റെ കാബിന് സമീപമെത്തി പരിശോധിക്കാനായില്ല.

പുഴയിലെ ശക്തമായ ഒഴുക്ക് കാരണം സ്കൂബ ഡൈവർമാർക്ക് ഡിങ്കി ബോട്ട് ട്രക്കിന് മുകൾഭാ​ഗത്ത് നിലനിർത്താൻ സാധിക്കുന്നില്ല. ലോറിയിൽ നിന്നും തെറിച്ചു വീണ നാലു കഷണം തടി കണ്ടെത്തി. 12 കിലോമീറ്റർ അകലെ നിന്നാണ് തടി കണ്ടെത്തിയത്. പിഎ1 എന്ന് തടിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അർജുന്റെ ട്രക്കിലുണ്ടായിരുന്ന തടിയാണിതെന്ന് അനിയനെത്തി സ്ഥിരീകരിച്ചതായി ഉടമ മനാഫ് പറഞ്ഞു.ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാനായി നദിക്കു മുകളിലൂടെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്. രണ്ടര കിലോമീറ്റർ ഉയരത്തിൽ പറക്കാനും 20 മീറ്റർ ആഴത്തിലുള്ള ദൃശ്യങ്ങൾ പകർത്താനും കഴിയുന്ന അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി ഉപയോ​ഗിച്ചാണ് പരിശോധന. ​ഗോവയിൽ നിന്നുള്ള ഡ്രഡ്ജിങ് വിദ​ഗ്ധരുടെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ടാമതൊരു ബൂം എക്സവേറ്ററും തിരച്ചിലിനായി സ്ഥലത്തെത്തിച്ചിട്ടുണ്ട്.

അർജുനെ കണ്ടെത്താനുള്ള നിർണായക നിമിഷങ്ങൾ; ഡ്രോൺ പരിശോധന തുടങ്ങി,തടി കണ്ടെത്തി

അർജുനെ കണ്ടെത്താനുള്ള നിർണായക നിമിഷങ്ങൾ; ഡ്രോൺ പരിശോധന തുടങ്ങി,തടി കണ്ടെത്തി

അർജുനെ കണ്ടെത്താനുള്ള നിർണായക പരിശോധന തുടങ്ങി. ഐ ബോഡ് ഡ്രോൺ പരിശോധനയാണ് തുടങ്ങിയത്. ഡ്രോൺ പരിശോധനയിൽ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താൻ ശ്രമം. ലോറിയിൽ നിന്നും അഴിഞ്ഞ തടി കണ്ടെത്തി. കണ്ടെത്തിയത് 8 കിമി അകലെ നിന്ന്. ലോറി ഉടമ തടി തിരിച്ചറിഞ്ഞു.കണ്ടെത്തിയത് p 1 എന്ന് മാർക്ക് ചെയ്‌ത തടി.

എന്നാൽ ആദ്യ രണ്ട് ഘട്ട ഡ്രോൺ പരിശോധന വിജയിച്ചില്ല. ഡ്രോൺ പരിശോധന സംഘത്തിൽ ഏഴ് പേരാണ്. കരയിലും വെള്ളത്തിലും തെരച്ചിൽ ഊര്ജിതമാക്കും. ഡ്രോൺ പരിശോധന നിർണായകമാണ്. ട്രക്കിന്‍റെ സ്ഥാനം സംബന്ധിച്ച് നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഒരു മണിക്കൂറിനകം നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രക്ഷാ ദൗത്യത്തിനായി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്പ്റ്റർ ഷിരൂരിൽ എത്തി. ക്യാമറയിൽ വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ കാണാനാകുന്നില്ലെന്നും ബോട്ടിൻ്റെ എഞ്ചിൻ ഓഫ് ചെയ്താൽ ഉടൻ ഒഴുകിപ്പോകുന്ന സാഹചര്യമെന്നും ഡിഫൻസ് പിആർഒ അതുൽ പിള്ള. ഡിങ്കി ബോട്ടിൽ ഡൈവർമാരും സൂപ്പർവൈസറും. ഡൈവിങ് ടീമിൽ ബോട്ടിൽ അഞ്ച് പേർ.

ആവശ്യത്തിന് മുങ്ങൽ വിദഗ്ദർ ഷിരൂരിലുണ്ട്. ആവശ്യമെങ്കിൽ കാർവാറിൽ നിന്ന് കൂടുതൽ മുങ്ങൽ വിദഗ്ധരെ എത്തിക്കുമെന്നും കാർവാറിലുള്ള മുങ്ങൽ വിദഗ്ധരോട് തയാറായി ഇരിക്കാൻ അറിയിച്ചുവെന്നും അതുൽ പിള്ള പറഞ്ഞു. അടിയൊഴുക്ക് കുറയാൻ കാത്തിരിക്കുന്നു. നിരന്തരം ഡൈവേഴ്സിനെ ഇറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഡീപ് ഡൈവിങ്ങിന് വെല്ലുവിളിയുള്ള സാഹചര്യമാണെന്നും പരിധിയിൽ കവിഞ്ഞതിലധികം അടിയൊഴുക്കുണ്ടെന്നും അതുൽ പിള്ള പറഞ്ഞു. വെള്ളത്തിൻ്റെ അടിത്തട്ട് കാണാനാകാത്ത സാഹചര്യമെന്നും കാമറയിലും സീറോ വിസിബിലിറ്റിയെന്നും അതുൽ പിള്ള വ്യക്തമാക്കി.

ഷാഹിനയുടെ മരണത്തിന് പിന്നില്‍ സുഹൃത്തായ സിപിഐ നേതാവ്; ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കി ഭര്‍ത്താവ്

ഷാഹിനയുടെ മരണത്തിന് പിന്നില്‍ സുഹൃത്തായ സിപിഐ നേതാവ്; ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കി ഭര്‍ത്താവ്

പാലക്കാട്: എഐവൈഎഫ് വനിതാ നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭര്‍ത്താവ് സാദിഖ്. സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്ക് സാദിഖ് പരാതി നല്‍കി. ഇയാള്‍ക്കെതിരെ സാദിഖ് പൊലീസിലും മൊഴിയും നല്‍കി.

വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട്. തന്റെ കുടുംബ സ്വത്ത് വിഹിതം വിറ്റു കിട്ടിയ പണത്തിലാണ് ബാധ്യത തീര്‍ത്തത്. ഇതിനുശേഷം വ്യക്തിഗത വായ്പയും എടുത്തിരുന്നു. തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഒരിക്കലും ഷാഹിന ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറയുന്നു. ഷാഹിനയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സാദിഖ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിന മണ്ണാര്‍ക്കാടിനെ വടക്കുമണ്ണത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അശ്ലീല സന്ദേശം അയച്ചത് വീട്ടിലെത്തി ചോദ്യം ചെയ്തു; യുവതിയെ ക്രൂരമായി മർദിച്ച കേസിൽ യുവാവ് പിടിയിൽ

അശ്ലീല സന്ദേശം അയച്ചത് വീട്ടിലെത്തി ചോദ്യം ചെയ്തു; യുവതിയെ ക്രൂരമായി മർദിച്ച കേസിൽ യുവാവ് പിടിയിൽ

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചതു ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഓമശ്ശേരി നടമ്മൽ പൊയിൽ ചെറുവോട്ട് മിർഷാദാണ് അറസ്റ്റിലായത്. അക്രമണത്തിനു ശേഷം ഒളിവിൽ പോയ ഇയാളെ കൊടുവള്ളി പൊലീസാണ് പിടികൂടിയത്. നടമ്മൽ പൊയിലിൽ ജൂൺ 22 നാണു കേസിനാസ്പദമായ സംഭവം നടന്നത്.യുവതിയുടെ ഇൻസ്റ്റഗ്രാം ഐഡിയിലേക്കു മിർഷാദ് നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. തുടർന്നു യുവാവിന്റെ വീട്ടിലെത്തി യുവതി ഇതു ചോദ്യം ചെയ്തു. അതിന്റെ വൈരാഗ്യത്തിലാണ് ആളൊഴിഞ്ഞ സ്ഥലത്തു വച്ച് യുവതിയെ ക്രൂരമായി ഉപദ്രവിച്ചത്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കുടുംബശ്രീയുടെ ട്രഷർ ഹണ്ട് മത്സരം; കണ്ടെത്തിയത് മദ്യം, കുഴിച്ചിട്ടത് ജീരകമിഠായി എന്ന് വിശദീകരണം

കുടുംബശ്രീയുടെ ട്രഷർ ഹണ്ട് മത്സരം; കണ്ടെത്തിയത് മദ്യം, കുഴിച്ചിട്ടത് ജീരകമിഠായി എന്ന് വിശദീകരണം

കാസർകോട്: കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് സംഘടിപ്പിച്ച മഴപ്പൊലിമയിൽ മദ്യം ഉപയോ​ഗിച്ചത് വിവാദമായി. പുങ്ങംചാലിൽ നടന്ന പരിപാടിയിലെ നിധി കണ്ടെത്തൽ മത്സരത്തിൽ അരലിറ്റർ മദ്യം അടങ്ങിയ കുപ്പി പ്ലാസ്റ്റിക് കവറിലാക്കി വയലിൽ കുഴിച്ചിടുകയായിരുന്നു. നിധി തേടൽ മത്സരത്തിൽ പങ്കെടുത്തവർ മദ്യ കുപ്പി കണ്ടെത്തുകയും ചെയ്തിരുന്നു.

എന്നാൽ സർക്കാർ പരിപാടിയിൽ മദ്യം ഉപയോ​ഗിച്ചത് വിവാദമായിരിക്കുകയാണ്. അതേസമയം കുടുംബശ്രീയാണ് പരിപാടി സംഘടിപ്പിച്ചതെന്നും മദ്യം ഉപയോഗിച്ചില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് പിസി ഇസ്മായിലും പഞ്ചായത്തംഗം കെകെ തങ്കച്ചനും പറഞ്ഞു. തങ്ങൾ ജീരകമിഠായിയാണ് നിധിയായി വെച്ചതെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സൗദാമിനി പറഞ്ഞു.

44 പേർക്ക് 1ാം റാങ്ക് നഷ്ടമാകും; നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക ഉടനെന്ന് കേന്ദ്രം

44 പേർക്ക് 1ാം റാങ്ക് നഷ്ടമാകും; നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക ഉടനെന്ന് കേന്ദ്രം

ദില്ലി: നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. 44 പേർക്ക് ഒന്നാം റാങ്ക് നഷ്ടമാകും. വിദ്യാഭ്യാസ മന്ത്രി എൻടിഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ചർച്ച ചെയ്തു. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. നിലവിൽ ഒന്നാം റാങ്കുള്ള പലരും 88ആം സ്ഥാനം വരെ പിന്നോട്ട് പോകാൻ സാധ്യതയുണ്ട്.

ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർ 720ൽ 720 മാർക്കും നേടി ഒന്നാം സ്ഥാനത്തെത്തി. പരീക്ഷാ നടത്തിപ്പുകാരുടെ പിഴവുമൂലം പരീക്ഷയ്ക്കിടെ നഷ്‌ടമായ സമയത്തിന് പകരമായി ഗ്രേസ് മാർക്ക് ലഭിച്ചതോടെയാണ് ആറ് പേർ ഒന്നാമതെത്തിയത്. അതിനുപുറമെ ഫിസിക്‌സിലെ ഒരു ചോദ്യത്തിനുള്ള ഉത്തരം സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. എൻസിഇആർടിയുടെ ടെക്സ്റ്റ് ബുക്കിലുണ്ടായിരുന്ന ഉത്തരമല്ല എൻടിഎ പ്രസിദ്ധീകരിച്ച ഉത്തര സൂചികയിൽ ഉണ്ടായിരുന്നത്. പരാതി ഉയർന്നതോടെ എൻടിഎ നൽകിയ ഗ്രേസ് മാർക്ക് പ്രകാരം 44 പേർ ഒന്നാം സ്ഥാനത്തെത്തി. എന്നാൽ ശരിയുത്തരം ഒന്നേയുള്ളൂവെന്നും മറ്റേതെങ്കിലും ഉത്തരത്തിന് മാർക്ക് ലഭിക്കില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതിനർത്ഥം ഈ 44 പേരുടെ മാർക്ക് 720ൽ 715 ആകും. നേരത്തെയുള്ള റാങ്ക് ലിസ്റ്റ് പ്രകാരം 720 ൽ 716 മാർക്ക് നേടിയ 70 പേരുണ്ട്. ഗ്രേസ് മാർക്ക് നഷ്ടമായ 44 പേരുടെ റാങ്ക് ഇവർക്ക് പിന്നിലാകും.

നീറ്റ് യുജിയിൽ പുനഃപരീക്ഷ വേണ്ടെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. ചോദ്യപേപ്പർ ചോർച്ച ജാർഖണ്ഡിലും പട്നയിലുമുണ്ടായെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അന്വേഷണങ്ങൾ അന്തിമ ഘട്ടത്തിലല്ല. പരീക്ഷകളുടെ ഭാവി നടത്തിപ്പിന് മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എൻടിഎ പുതിയ നീറ്റ് യുജി മെറിറ്റ് ലിസ്റ്റ് പുറത്തിറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻഗണന രാജ്യത്തെ വിദ്യാർത്ഥികൾക്കാണെന്ന് തങ്ങൾ ആദ്യം മുതൽ പറഞ്ഞിരുന്നുവെന്ന് മന്ത്രി വിശദീകരിച്ചു. സർക്കാരിന്‍റെ നിലപാട് ശരിയാണെന്ന് സുപ്രീം കോടതിയിൽ തെളിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.