വാഹന റാലി സംഘടിപ്പിച്ചു

വാഹന റാലി സംഘടിപ്പിച്ചു

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, പി.എഫ്.ആർ.ഡി.എ നിയമം റദ്ദാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, പെൻഷൻ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നാളെ നടത്തുന്ന സെക്രട്ടേറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം ആറ്റിങ്ങൽ സബ് ജില്ല നടത്തിയ വാഹന റാലി ആറ്റിങ്ങൽ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ നജീം ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് എൽ.സി അംഗം എസ് സതീഷ് കുമാർ, കെ.എസ്.ടി.എ ജില്ലാ ട്രഷറർ ബി.എസ് ഹരിലാൽ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എച്ച് അരുൺ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം മഹേഷ്,റ്റി.പി രഞ്ജുഷ, സബ് ജില്ലാ പ്രസിഡന്റ് ദിലിത്ത്, സെക്രട്ടറി നിഹാസ് എന്നിവർ സംസാരിച്ചു.

ലോക കായിക മാമാങ്കത്തിന് ഇന്ന് പാരീസിൽ ഔദ്യോഗിക തുടക്കം; എല്ലാ കണ്ണുകളും സെൻ നദിയിലേക്ക്‌

ലോക കായിക മാമാങ്കത്തിന് ഇന്ന് പാരീസിൽ ഔദ്യോഗിക തുടക്കം; എല്ലാ കണ്ണുകളും സെൻ നദിയിലേക്ക്‌

മുപ്പതാം ഒളിമ്പിക്‌സിന് ഇന്ന് പാരീസിൽ ഔദ്യോഗിക തുടക്കമാകും. പാരീസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെൻ നദിയിലേക്ക് ലോക കായിക ലോകം ഇന്ന് ചുരുങ്ങും. ഇതാദ്യമായാണ് സ്‌റ്റേഡിയത്തിന് പുറത്ത് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് അടക്കം നദിയിലൂടെയാകും നടക്കുക.

നൂറോളം നൗകകളിലായി 10,500 അത്‌ലറ്റുകൾ അണിനിരക്കും. ആസ്റ്റർലിറ്റ്‌സ് പാലത്തിന് സമീപത്ത് നിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജർദിൻ ഡെസ് പ്ലാന്റ്‌സിൽ അവസാനിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

ദീപം തെളിയിച്ച ശേഷം ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനവും സെൻ നദിയിൽ തന്നെയാണ്. അതേസമയം ഒളിമ്പിക്‌സിന്റെ സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിന്റെ സസ്‌പെൻസ് തുടരുകയാണ്. ആരാണ് ദീപം തെളിയിക്കുന്നത് എന്ന് ഇതുവരെ സംഘാടകർ പുറത്തുവിട്ടിട്ടില്ല.

മന്ത്രിമാരായ മുഹമ്മദ് റിയാസും ശശീന്ദ്രനും ഷിരൂരിലേക്ക്; തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി റിയാസ്

മന്ത്രിമാരായ മുഹമ്മദ് റിയാസും ശശീന്ദ്രനും ഷിരൂരിലേക്ക്; തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ നടക്കുന്ന അങ്കോലയിലേക്ക് പോകും. ഉച്ചയോടെ മന്ത്രിമാർ സംഭവസ്ഥലത്തെത്തും. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിർദേശിച്ചതു പ്രകാരമാണ് മന്ത്രിമാർ ഷിരൂരിലെത്തുന്നത്.

അർജുന് വേണ്ടിയുള്ള തിരച്ചിലിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം അർജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണം ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ പ്രതികൂലമായതിനാൽ അർജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയെങ്കിലും അത് പുറത്തേക്ക് എടുക്കാൻ ദൗത്യസംഘത്തിന് കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. പുഴയിലെ അടിയൊഴുക്ക് തിരച്ചിലിന് കനത്ത വെല്ലുവിളിയാണ്. ഷിരൂരിൽ രാവിലെ മുതൽ കനത്ത മഴയാണ്. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതല്‍ മൂന്നു ദിവസം ഓറഞ്ച് അലർട്ടാണ്.

ഇതൊന്നും നടക്കുന്ന കാര്യമല്ല; ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ലെന്ന് മന്ത്രി

ഇതൊന്നും നടക്കുന്ന കാര്യമല്ല; ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ അറിഞ്ഞതല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഇതൊന്നും പ്രായോഗികമല്ല, ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന പിറകിലെ യാത്രക്കാരന്‍ സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുമെന്നും അപകടത്തിന് സാധ്യതയുണ്ടെന്നും ഇതിനെതിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍.

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11-ാം ദിനത്തിലേക്ക്; അടിയൊഴുക്ക് വെല്ലുവിളി; കടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11-ാം ദിനത്തിലേക്ക്; അടിയൊഴുക്ക് വെല്ലുവിളി; കടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരും. ​ഗം​ഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിന് കനത്ത വെല്ലുവിളിയാകുന്നത്. അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രമാകും നേവിയുടെ സ്കൂബ ഡൈവർമാർ പുഴയിലിറങ്ങുക.

പുഴയിൽ അടിയൊഴുക്ക് ഇന്നലെ 6 നോട്സായിരുന്നു. മൂന്നു നോട്സിൽ താഴെയാണെങ്കിൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താനാകൂ. അതിശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സമാകുന്നതായി നേവി അറിയിച്ചു. ഷിരൂരിൽ രാവിലെ മുതൽ കനത്ത മഴയാണ്. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതല്‍ മൂന്നു ദിവസം ഓറഞ്ച് അലർട്ടാണ്.പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിർത്തിവെച്ച ഡ്രോൺ പരിശോധന പുനരാരംഭിച്ചിട്ടില്ല. അതേസമയം മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലക്ഷ്മൺ നായിക്കിന്റെ കടയുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിൽ കണ്ടെത്തിയതായി എകെഎം അഷറഫ് എംഎൽഎ അറിയിച്ചു. സമീപമുണ്ടായിരുന്ന ആൽമരത്തിന്റെ ഭാ​ഗങ്ങളും കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി.

അർജുന്റെ ട്രക്ക് ഇപ്പോൾ റോഡിൽ നിന്നും 50 മീറ്റർ അകലെയാണുള്ളത്. ട്രക്കിന്റെ മുകൾഭാ​ഗം 5 മീറ്റർ താഴെയും ലോറിയുള്ളത് 10 മീറ്റർ ആഴത്തിലുമാണ്. അവസാനം നടത്തിയ തെർമൽ ഇമേജിങ് പരിശോധനയിലും മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. ലോറിയുടെ ഡ്രൈവിങ് കാബിൻ തകർന്നിട്ടില്ലെന്ന് ഇന്നലെ ഡ്രോൺ പരിശോധനയിൽ വ്യക്തമായി. കാബിനും പിൻവശവും വേർപെട്ട നിലയിലാണോയെന്ന് വ്യക്തമല്ല.

സംസ്ഥാനത്ത് മഴ തുടരും: ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് മഴ തുടരും: ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യല്ലോ അലർട്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 1.7 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.