by liji HP News | Jul 25, 2024 | Latest News, കേരളം
തൃശൂര്‍: തിരുവില്വാമല ക്ഷേത്രത്തിൽ മോഷണം. ഓട് പൊളിച്ച് നാലമ്പലത്തിന് അകത്തു കടന്നാണ് കള്ളൻ മോഷണം നടത്തിയത്. ഒരു ലക്ഷം രൂപയിൽ അധികം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ കൗണ്ടറിന്റെ ഓട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു.
രാവിലെ കൗണ്ടർ തുറക്കാൻ വന്നയാളാണ് വിവരം ആദ്യം അറിഞ്ഞത്. പണം മാത്രമാണ് നഷ്ടപ്പെട്ടത്. വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും മോഷ്ടാവ് എടുത്തിട്ടില്ല. ഇന്നലെ രാത്രി ഏറെ വൈകിയും ക്ഷേത്രത്തിലേക്ക് ആവശ്യമായ അപ്പം നിർമിക്കുന്ന പ്രവർത്തനം നടന്നിരുന്നു.
സെക്യൂരിറ്റിയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇവരുടെയൊക്കെ കണ്ണുവെട്ടിച്ച് മോഷ്ടാവ് അകത്തു കടന്നത്. പഴയന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
by liji HP News | Jul 25, 2024 | Latest News, കേരളം
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പത്താംദിനമായ ഇന്നും തുടരും. പ്രദേശത്ത് തുടരുന്ന കനത്ത കാറ്റും മഴയുമാണ് രക്ഷാദൗത്യത്തെ ദുഷ്‌കരമാക്കുന്നത്. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹൈവേക്ക് സമീപത്തെ ഗംഗാവലി പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം.
കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തില്‍ ലോറിയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കിടക്കുന്നത്. ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന്‍ നാവികസേനയുടെ സ്‌കൂബാ ടീമിന് ഇന്നലെ കഴിഞ്ഞിരുന്നില്ല. ഇന്നും പുഴയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് നാവികസേന ദൗത്യത്തിന് വെല്ലുവിളിയാകുന്നത്. ഒന്നു മുതൽ രണ്ട് നോട്ട്സ് വരെയുള്ള ശക്തമായ അടിയൊഴുക്കാണെങ്കിലും നാവിക സേനയുടെ സ്കൂബ സംഘത്തിന് തിരച്ചിൽ നടത്താനാകും. എന്നാൽ ഇന്നലെ പുഴയിലെ വെള്ളത്തിന്റെ അടിയൊഴുക്ക് എട്ടു നോട്ട്സ് ആയിരുന്നു. 100 കിലോ ഭാരം കെട്ടിയ കൂറ്റൻ വടം പുഴയിലേക്ക് ഇട്ടു നോക്കിയെങ്കിലും ഒഴുകിപ്പോയിരുന്നു. നിലവിൽ 6 നോട്ട് സ്പീഡിലാണ് ഗംഗാവലിപ്പുഴയുടെ ഒഴുക്ക്. അത് പകുതിയോളം കുറയ്ക്കാനാകുമോ എന്നാണ് നാവികസേന പരിശോധിക്കുന്നത്. താൽക്കാലിക ചെക്ക് ഡാമുണ്ടാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
കാറ്റും മഴയും ശമിച്ചാൽ അഞ്ച് പേരടങ്ങുന്ന സംഘം ഡിങ്കി ബോട്ടിൽ ലോറിയുള്ള സ്പോട്ടിലേക്ക് പോകും. ശരീരത്തിൽ കയർ കെട്ടി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ പുഴയിലിറങ്ങും. ഇവരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ഷിരൂരിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടര കിലോമീറ്റർ ഉയരത്തിൽ പറക്കാനും 20 മീറ്റർ ആഴത്തിലുള്ള ദൃശ്യങ്ങൾ പകർത്താനും കഴിയുന്ന അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി സ്ഥലത്തെത്തിച്ചിട്ടുണ്ട്.
നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. ഡ്രോണിൽ ഉപയോഗിക്കേണ്ട ബാറ്ററി ട്രെയിനിലാണ് എത്തിക്കുന്നത്. രാജധാനി എക്സ്പ്രസ് വൈകിയോടുന്നതിനാൽ ഉച്ചയോടെയെ ഡ്രോൺ പരിശോധന നടക്കൂവെന്ന് സൈന്യം അറിയിച്ചു. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്കടിയിലെ ദൃശ്യം ലഭിക്കുന്നതിലൂടെ ദൗത്യം നിർണായകഘട്ടത്തിലേക്ക് കടക്കും. സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലൻ അടങ്ങുന്ന സംഘവും സ്ഥലത്തുണ്ട്.
by liji HP News | Jul 25, 2024 | Latest News, കേരളം
കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഇന്ന് പ്രസിദ്ധപ്പെടുത്തും. അലോട്മെന്റ് ലഭിക്കുന്നവർക്ക് വെള്ളി, ശനി ദിവസങ്ങളിൽ സ്കൂളിൽ ചേരാം. തുടർന്ന് ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കും. രണ്ടാം സപ്ലമെന്ററി അലോട്മെന്റിന് ശേഷം മിച്ചം വരുന്ന സീറ്റാണ് സ്കൂൾ മാറ്റത്തിന് പരിഗണിക്കുക.
12,041 പേരാണ് രണ്ടാം സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിച്ചിരിക്കുന്നത്. മെറിറ്റിൽ മിച്ചമുള്ള 33,849 സീറ്റിലേക്കാണ് അപേക്ഷ പരിഗണിക്കുന്നത്. ആദ്യഘട്ടത്തിൽ ആവശ്യത്തിന് സീറ്റില്ലെന്ന ശക്തമായ പരാതി ഉയർന്ന മലപ്പുറം ഉൾപ്പെടെ എല്ലാ ജില്ലകളിലും അപേക്ഷക്കാരെക്കാൾ കൂടുതൽ സീറ്റുകളുണ്ട്.
6,528 അപേക്ഷകരുള്ള മലപ്പുറം ജില്ലയിൽ 8,604 സീറ്റുകളുണ്ട്. പത്തനംതിട്ട ജില്ലയിൽ ആകെ രണ്ട് അപേക്ഷകർ മാത്രമാണുള്ളത്. അവിടെ 2,767 സീറ്റാണ് ബാക്കി. മറ്റു ജില്ലകളിലും അവസ്ഥ സമാനമാണ്.
by liji HP News | Jul 25, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ ആണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും സജീവമായി തുടരുന്ന മൺസൂൺ പാത്തിയുമാണ് മഴ തുടരാനുള്ള കാരണം. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂർ, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
by liji HP News | Jul 24, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്ത് 1 മുതൽ നിലവിൽ വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. 300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും, മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. (വിശദമായ പട്ടിക അനുബന്ധമായി ചേർത്തിട്ടുണ്ട്)
2023 ഏപ്രിൽ1 ന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാൽ 2023 ഏപ്രിൽ 1ന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരും.
കേരളത്തിൽ നിലവിലുള്ള പെർമിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസാണ് എന്ന വസ്തുത നിലനിൽക്കെ തന്നെയാണ് സർക്കാർ ജനങ്ങളുടെ ആവശ്യം മുൻനിർത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാൻ തയ്യാറാവുന്നതെന്നും മന്ത്രി പറഞ്ഞു.
by liji HP News | Jul 24, 2024 | Latest News, കേരളം
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകീട്ട് മൂന്നുമണിക്ക് പുറത്തു വിടാനിരിക്കെയാണ് കോടതി ഉത്തരവ്. ഒരാഴ്ചത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മ്മാതാവായ സജിമോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് അടുത്തമാസം ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. അതുവരെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാണ് കോടതി നിര്‍ദേശം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കണമെന്നും വിവരാവകാശ കമ്മീഷണറുടെ ഉത്തരവിൻ മേലുള്ള നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്റെയും വിവരാവകാശ കമ്മീഷന്റെയും വാദം കോടതി കേട്ടു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ പൊതുതാല്‍പ്പര്യമില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. പൊതുതാല്‍പ്പര്യമുണ്ടെന്നതിന് ഒരു തെളിവും വിവരാവകാശ കമ്മീഷന്‍ പുറത്തുവിട്ടിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് വിവരാവകാശ കമ്മീഷന്‍ തീരുമാനമെടുത്തത്. പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാണ്. വിവരാവകാശ നിയമമനുസരിച്ച് വ്യക്തിപരമായ വിവരങ്ങള്‍ പുറത്തു വിടാനാകില്ല.
കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് 2019 ലാണ്. അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറം വിവരങ്ങള്‍ പുറത്തു വിടണമെന്നാണ് ആവശ്യം. എന്നാല്‍ ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തു വിടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിയുണ്ട്. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാകുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
Recent Comments