ഷിരൂരിലേക്ക് ഹെലികോപ്റ്റർ; ​ഗോവയിൽ നിന്ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പരിശോധനക്കെത്തും

ഷിരൂരിലേക്ക് ഹെലികോപ്റ്റർ; ​ഗോവയിൽ നിന്ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പരിശോധനക്കെത്തും

കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിലെ തെരച്ചിലിൽ കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്റർ എത്തും. സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഹെലികോപ്റ്റർ എത്തുന്നത്. ​ഗോവയിൽ നിന്നാണ് ഹെലികോപ്റ്റർ‌ എത്തുന്നത്. കാർവാർ മേഖലയിൽ ഹെലികോപ്റ്റർ പ്രാഥമിക പരിശോധന നടത്തി. ആദ്യഘട്ട ഏരിയൽ സർവേ വൈകിട്ട് അഞ്ച് മണിയോടെ നടത്തും.

അർജുന് ആയി തെരച്ചിൽ തുടരുകയാണ്. ആഴത്തിൽ തെരച്ചിൽ നടത്താൻ ബൂം യാത്രം ഷിരൂരിലെത്തിച്ചു. നദിയിൽ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും പരിശോധന നടത്താൻ സാധിക്കുന്ന കൂറ്റൻ മണ്ണുമാന്തി യന്ത്രമാണിത്. കരയിൽ നിന്ന് ബൂം യന്ത്രം ഉപയോഗിച്ച് പുഴയിൽ പരിശോധന നടത്താം. ബെലഗാവിയിൽ നിന്നാണ് ബൂം ക്രെയിൻ ഷിരൂരിൽ എത്തിച്ചത്.ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ ഇന്നത്തെ തെരച്ചിൽ. നദിക്കരയിൽ നിന്ന് 40മീറ്റർ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത്‌ സിഗ്നൽ കിട്ടിയിരുന്നു.

കേന്ദ്ര ബജറ്റിലെ വിവേചനപരമായ നിലപാട്: സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

കേന്ദ്ര ബജറ്റിലെ വിവേചനപരമായ നിലപാട്: സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

ദില്ലി: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ അതിശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പാര്‍ലമെൻ്റിന് അകത്തും പുറത്തും ഇന്ന് പ്രതിഷേധം നടന്നു. ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്ത ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് യാതൊന്നും നൽകിയില്ലെന്നാണ് വിമ‍ർശനം ഉന്നയിക്കുന്നത്. ഇന്ന് സഭയ്ക്ക് പുറത്ത് പ്രതിപക്ഷ കക്ഷികൾ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും അടക്കം സാന്നിധ്യത്തിൽ പ്രതിഷേധിച്ചു.

കേരളത്തെ അവഗണിച്ചതിനെതിരെ കേരളത്തിൽ നിന്നുള്ള എംപിമാര്‍ പാര്‍ലമെൻ്റിന് പുറത്ത് പ്രത്യേകം പ്രതിഷേധിച്ചു. പിന്നീട് ലോക്സഭയിൽ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. എന്നാൽ ചോദ്യോത്തര വേള തടസ്സപ്പെടുത്താനാകില്ലെന്ന് സ്പീക്കർ ഓം ബിർളയും കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജുവും നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കേന്ദ്ര ബജറ്റിൽ താങ്ങ് വില കിട്ടിയത് ക‍ർഷകർക്കല്ലെന്നും ബിഹാറിലെയും ആന്ധ്രയിലെയും ഘടകകക്ഷികൾക്കാണെന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വിമ‍ർശിച്ചു.

‘അർജുനായുള്ള തെരച്ചിലിൽ തൃപ്തരാണ്, കണ്ടെത്താനാകുമെന്ന പ്രതിക്ഷയുണ്ട്’; ബന്ധു ജിതിൻ

‘അർജുനായുള്ള തെരച്ചിലിൽ തൃപ്തരാണ്, കണ്ടെത്താനാകുമെന്ന പ്രതിക്ഷയുണ്ട്’; ബന്ധു ജിതിൻ

അർജുനായി ഷിരൂരിൽ നടക്കുന്ന തെരച്ചിലിൽ തൃപ്തരെന്ന് ബന്ധു ജിതിൻ. കൂടുതൽ സംവിധാനങ്ങൾ എത്തിയാൽ അർജുനെ കണ്ടെത്താനാകുമെന്ന പ്രതിക്ഷയുണ്ട്. കൂടുതൽ സംവിധാനങ്ങൾ എത്തിക്കണം. ശുപാപ്തി വിശ്വാസമുണ്ടെന്നും ജിതിൻ പ്രതികരിച്ചു. ഇതിനിടെ തിരച്ചിൽ അവസാനിപ്പിച്ചാൽ രാജ്യ വ്യാപകമായി ലോറികൾ പണിമുടക്കി പ്രതിഷേധിക്കുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകി.

അർജുനായുള്ള തെരച്ചിൽ ഒമ്പതാം ദിവസം പുരോഗമിക്കുമ്പോഴും പ്രതീക്ഷയിൽ തന്നെയാണ് കുടുംബം. ആധുനിക സംവിധാനങ്ങൾ ഉള്ള മിഷനുകൾ എത്തുന്നതോടെ അർജുനെ കണ്ടെത്താൻ ആകുമെന്ന് കുടുംബം വിശ്വസിക്കുന്നു. കോഴിക്കോട് സേവ് അർജുൻ ഫോറത്തിന്റെ നേതൃത്വത്തിൽ ലോറി ഉടമകളും തൊഴിലാളികളും നാട്ടുകാരും കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. അർജുനെ കണ്ടെത്തും വരെ തിരച്ചിൽ നടത്തണമെന്ന് ലോറി ഉടമകൾ ആവശ്യപ്പെട്ടു.

ദേശീയപാത അതോരിറ്റിക്ക് സംഭവിച്ച വിഴ്ചയുടെ ഇരയാണ് അർജുനെന്നും ഇനി ഒരപകടത്തിന് വഴിവെക്കാതെ നടപടി സ്വീകരിക്കണമെന്നും ലോറി ഉടമകളും തൊഴിലാളികളും പറയുന്നു. അതേസമയം നദിയിൽ ആഴത്തിൽ തെരച്ചിൽ നടത്താൻ ബൂം യന്ത്രം ഷിരൂരിലെത്തിച്ചു. നദിയില്‍ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും പരിശോധന നടത്താൻ സാധിക്കുന്ന കൂറ്റൻ മണ്ണുമാന്തി യന്ത്രമാണിത്. കരയിൽ നിന്ന് ബൂം യന്ത്രം ഉപയോഗിച്ച് പുഴയിൽ പരിശോധന നടത്താം. ബെലഗാവിയിൽ നിന്നാണ് ബൂം ക്രെയിൻ ഷിരൂരിൽ എത്തിച്ചത്. നേരത്തെ സാങ്കേതിക തകരാറിനെ തുടർന്ന് ബൂം യന്ത്രം എത്തിക്കുന്നത് വൈകിയിരുന്നു.

ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കടത്തി; സിനിമ സ്‌റ്റൈല്‍ കവര്‍ച്ച

ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കടത്തി; സിനിമ സ്‌റ്റൈല്‍ കവര്‍ച്ച

പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയില്‍ ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ചു. കാറിലും ജീപ്പിലും ബൈക്കിലുമായി എത്തിയ സംഘമാണ് 50 പോത്തുകളെയും 27 മൂരികളെയും കടത്തിയത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.

ആന്ധ്രയില്‍ നിന്നും ഉരുക്കളുമായി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി. കോട്ടയം കുറവിലങ്ങാട് സ്വദേശി ജോബിയുടേതായിരുന്നു ഉരുക്കള്‍. ലോറി തടഞ്ഞ സംഘം ലോറിയിലുണ്ടായിരുന്നവരെ കാറിലേക്കും ജീപ്പിലേക്കും മാറ്റി.തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന പോത്തുകളെയും മൂരികളെയും കിഴക്കഞ്ചേരി പഞ്ചായത്തിലെ രണ്ടു സ്ഥലങ്ങളിലേക്കായി മാറ്റുകയായിരുന്നു. തുടര്‍ന്ന് ലോറി, ഡ്രൈവര്‍ക്ക് തന്നെ തിരിച്ചു കൊടുത്തു. ലോറിക്കാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.തുടര്‍ന്ന് പൊലീസ് ഉരുക്കളെ കണ്ടെത്തി. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ സജീര്‍, ഷമീര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ സ്‌റ്റൈലില്‍ ലോറി തടഞ്ഞ് ഉരുക്കളെ തട്ടിയെടുത്തതെന്ന് പൊലീസ് സൂചിപ്പിച്ചു.

നേപ്പാളിൽ വിമാനപകടം; പറന്നുയരുന്നതിനിടെ 19യാത്രക്കാരുള്ള വിമാനം തകർന്ന് വീണു

നേപ്പാളിൽ വിമാനപകടം; പറന്നുയരുന്നതിനിടെ 19യാത്രക്കാരുള്ള വിമാനം തകർന്ന് വീണു

കാഠ്‌‌മണ്ഡു: നേപ്പാളിൽ വിമാനാപകടം നടന്നതായി വിവരം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്. ജീവനക്കാരടക്കം 19 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വിമാനം പൂർണമായി കത്തിയമർന്നു.

ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽ പെട്ടത്. ശൗര്യ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസിന്റെയും അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ടേക്ക് ഓഫിൻ്റെ സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപെട്ടതായിരുന്നു. ടേബിൾ ടോപ് എയർപോർട്ടാണ് ത്രിഭുവൻ. ഇവിടെ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലേക്കാണ് വിമാനം പോയത്. റൺവേയിൽ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടങ്ങി.

‘ജീവനക്കാരുടെ മദ്യപാനം അനുവദിക്കില്ല; പരിശോധന തുടങ്ങിയതോടെ അപകടങ്ങളുടെ എണ്ണം കുറഞ്ഞു’; മന്ത്രി കെ ബി ഗണേഷ് കുമാർ

‘ജീവനക്കാരുടെ മദ്യപാനം അനുവദിക്കില്ല; പരിശോധന തുടങ്ങിയതോടെ അപകടങ്ങളുടെ എണ്ണം കുറഞ്ഞു’; മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർ‌ടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന തുടങ്ങിയതോടെ അപകടങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇത് യാത്രക്കാരുടെയും റോഡിലൂടെ പോകുന്നവരുടെയും സുരക്ഷയ്ക്ക് കാരണമാകുന്നുണ്ട്. ഒരു കാരണവശാലും മദ്യപാനം അനുവദിക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ഈ പരിശോധന മൂലം ഒരു പ്രതിസന്ധിയും ഉണ്ടാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അപകടങ്ങൾ കുറയുമ്പോൾ നൽകേണ്ട കോമ്പൻസേഷൻ തുകയും കുറയും. അപകടങ്ങൾ കുറഞ്ഞതോടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് ഉണ്ടായത്. മൂന്നുമാസത്തിനുള്ളിൽ റെക്കോർഡ് കളക്ഷൻ ആണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. കൊറോണ കാലത്ത് ഉണ്ടായിരുന്ന നഷ്ടത്തിൽ നിന്നും കെഎസ്ആർടിസി ലാഭാകരമായി കര കയറിയെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ‌ വ്യക്തമാക്കി.പരിശോധന നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളിൽ കുറവ് ഉണ്ടായെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം തീർത്തു കൊടുക്കാനുള്ള കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ​ഗതാ​ഗത മന്ത്രി പറഞ്ഞു.