കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു

കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാൽ പാറത്തറ വീട്ടിൽ മനു ജോൺ (50) ആണ് മരിച്ചത്. മുൻ അത്ലറ്റായ മനു ജോൺ എംജി സർവകലാശാലാ ക്രോസ് കൺട്രി ടീം മുൻ ക്യാപ്റ്റനാണ്.24 വർഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിലെ കായികാധ്യാപികയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ സ്കൂളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഒളിംപ്യൻ അഞ്ജു ബോബി ജോർജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം ഇന്നു രാവിലെ 9.30നു സ്കൂളിലെത്തിക്കും. തുടർന്ന് വൈകീട്ട് പറാൽ സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കരിക്കും.

കീം 2024: എൻആർഐ രേഖകളിലെ അപാകത പരിഹരിക്കാം; ക്ലെയിമുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

കീം 2024: എൻആർഐ രേഖകളിലെ അപാകത പരിഹരിക്കാം; ക്ലെയിമുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ മെഡിക്കൽ (എംബിബിഎസ്/ ബിഡിഎസ്) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൻആർഐ ക്ലെയിം ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് രേഖകൾ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും അവസരം. www.cee.kerala.gov.in ൽ 20 ന് രാത്രി 11.59 വരെ ഇതിന് സൗകര്യമുണ്ടാവും. വിശദ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

എൻആർഐ ക്ലെയിമുകൾ കൂട്ടിച്ചേർക്കാൻ അവസരം

സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷയോടൊപ്പം എൻആർഐ ക്ലെയിമുകൾ സമർപ്പിക്കാൻ കഴിയാതിരുന്ന മെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് പ്രസ്തുത ക്ലെയിം കൂട്ടിച്ചേർക്കുന്നതിനുള്ള അവസരം ജൂലൈ 19ന് രാത്രി 11.59 വരെ ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.

കൊച്ചിയില്‍ എച്ച്1എന്‍1 ബാധിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

കൊച്ചിയില്‍ എച്ച്1എന്‍1 ബാധിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് നാലു വയസ്സുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ എച്ച് വണ്‍ എന്‍ വണ്‍ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് കഴിഞ്ഞ ദിവസം ഒരു സ്ത്രീ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സ (47)യാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതി അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ സ്റ്റേ ചെയ്തു സുപ്രീംകോടതി

പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതി അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ സ്റ്റേ ചെയ്തു സുപ്രീംകോടതി

കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മാനസിക, ജയിൽ പെരുമാറ്റ റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു. ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടിസ് അയച്ചു.

നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ അമറുൾ ഇസ്ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സഞ്ജയ് കരോൾ, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതിയുടെ മാനസിക നില സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി തൃശൂർ മെഡിക്കൽ കോളേജിനോടും പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ വിയ്യൂർ ജയിൽ അധികൃതരോടും കോടതി നിർദ്ദേശം നൽകി.

ശിക്ഷ കുറയ്ക്കാൻ കാരണങ്ങളുണ്ടെങ്കിൽ അത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് വ്യക്തമാക്കിയ കോടതി ജയിലിൽ എത്തി പ്രതിയെ കണ്ട് സംസാരിച്ച് വിവരങ്ങൾ കോടതിയെ സമർപ്പിക്കാൻ പ്രോജക്ട് 39A എന്ന സംഘടനയിലെ നൂരിയ അൻസാരിയെ നിയോഗിച്ചു. എട്ട് ആഴ്ചയ്ക്കുള്ളിൽ അപ്പീലുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

പ്രതിക്ക് വേണ്ടി ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ പ്രോജക്റ്റ് 39 എയാണ് നിയമസഹായം നൽകിയത്. 2016 ഏപ്രില്‍ 28നായിരുന്നു നിയമവിദ്യാർത്ഥിനി കൊല്ലപ്പെട്ടത്. ജൂൺ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്.

നദികളില്‍ ജലനിരപ്പ് ഉയരുന്നു; കക്കയം ഡാം തുറന്നേക്കും

നദികളില്‍ ജലനിരപ്പ് ഉയരുന്നു; കക്കയം ഡാം തുറന്നേക്കും

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കക്കയം ഡാം തുറന്നേക്കും. ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നതിനാല്‍ വെള്ളം തുറന്നുവിടാന്‍ സാധ്യത. കാസര്‍കോട് തേജസ്വിനി പുഴയില്‍ ജലനിരപ്പ് ഉയരുന്നു. നീലേശ്വരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

വടക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. പാലക്കാട് മംഗലം ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നെയ്യാര്‍, കല്ലട, മണിയാര്‍, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മലമ്പുഴ, മൂലത്തറ, കുറ്റ്യാടി, കാരാപ്പുഴ, പഴശ്ശി തുടങ്ങിയ ഡാമുകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലകടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നദീതീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

മൂന്ന് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് അവധി; രണ്ട് ജില്ലകളിൽ ഭാ​ഗിക അവധി, പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കാസർകോട്, ജില്ലയിൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് സ്കൂളുകൾക്ക് അവധി. കണ്ണൂർ ജില്ലയിൽ അങ്കണവാടികള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കാസർകോട് അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ അതി തീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് ആയതിനാലും മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ല കലക്ടർ കെ. ഇൻപശേഖർ അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് നാളത്തെ അവധി ബാധകമല്ല.

മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.വയനാട് ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകള്‍ക്കും അവധി ബാധകമാവില്ല. മോഡൽ റസിഡൻഷ്യൽ, നവോദയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കും അവധിയില്ല. അതേസമയം അങ്കണവാടികൾക്കും ട്യൂഷന്‍ സെന്ററുകൾക്കും അവധിയാണ്. പാലക്കാട് പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, കിന്റർഗാർട്ടൻ, മദ്രസ, ട്യൂഷൻ സെന്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി.

കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഉൾപ്പെടുള്ള സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ വി.ആർ.വിനോദ് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.