നിരക്ക് വര്‍ധന: ജിയോയില്‍നിന്നുള്‍പ്പടെ കൊഴിഞ്ഞുപോക്ക്, നേട്ടമാക്കി ബി.എസ്.എന്‍.എല്‍

നിരക്ക് വര്‍ധന: ജിയോയില്‍നിന്നുള്‍പ്പടെ കൊഴിഞ്ഞുപോക്ക്, നേട്ടമാക്കി ബി.എസ്.എന്‍.എല്‍

സംസ്ഥാനത്ത് പോയ വരിക്കാരെക്കാള്‍ ബിസ്എന്‍എലിലേക്ക്‌ വന്നവര്‍ മുന്നില്‍. സ്വകാര്യ മൊബൈൽ സേവനദാതാക്കൾ താരിഫ് കൂട്ടിയതിന്റെ കോളടിച്ചത്, നിരക്ക് കൂട്ടാതിരുന്ന ബി.എസ്.എൻ.എലിന്.
ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ (വി) എന്നീ കമ്പനികളിൽനിന്ന് ബി.എസ്.എൻ.എലിലേക്ക് വരുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തി. ദേശീയതലത്തിൽ ഈ പ്രവണതയുണ്ടെങ്കിലും, കേരളത്തിലാണ് ഏറ്റവും മികച്ച പ്രതികരണം. മറ്റു കമ്പനികളുടെ ഉയർന്ന താരിഫ് നിലവിൽവന്നശേഷമുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് ബി.എസ്.എൻ.എലിലേക്ക് വരുന്ന വരിക്കാരുടെ എണ്ണം, വിട്ടുപോകുന്നവരെക്കാൾ കൂടുതലായി മാറിയിട്ടുണ്ട്. ഇത്തരത്തിലൊരു മാറ്റമുണ്ടായതിനെ അനുകൂലമാക്കാനുള്ള പ്രചാരണപ്രവർത്തനങ്ങൾ ബി.എസ്.എൻ.എൽ. തുടങ്ങിയിട്ടുമുണ്ട്.

ജൂലായ് ഒന്നുമുതലാണ് സ്വകാര്യകമ്പനികൾ താരിഫ് കൂട്ടിയത്. ജൂലായ് 10 മുതൽ 17 വരെയുള്ള കണക്കുപ്രകാരം ബി.എസ്.എൻ.എലിൽനിന്ന് 5,831 വരിക്കാരാണ് വിട്ടുപോയത്. എന്നാൽ, ഈ കാലയളവിൽ ബി.എസ്.എൻ.എലിലേക്ക് മറ്റുകമ്പനികളിൽനിന്ന് വന്നത് 5,921 പേരാണ്.

വരിക്കാർ മൊബൈൽ സേവനകമ്പനികൾ മാറുന്നതിനെ സിം പോർട്ടിങ് എന്നാണ് പറയുന്നത്. പോർട്ടിങ് നിലവിൽ വന്നശേഷം ചുരുക്കമായാണ്, വിട്ടുപോയവരെക്കാൾ വന്നുചേർന്നവരുടെ എണ്ണം ഉണ്ടായ സംഭവം ബി.എസ്.എൻ.എലിന്റെ കാര്യത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ കഴിഞ്ഞമാസം ഇതേകാലയളവിൽ കേരളത്തിൽ (ജൂൺ 10-17) ബി.എസ്.എൻ.എലിൽനിന്ന് വിട്ടുപോയത് 8,444 വരിക്കാരായിരുന്നു. ഈസമയത്ത് മറ്റു കമ്പനികളിൽനിന്ന് ബി.എസ്.എൻ.എലിലേക്ക് വന്നത് 1,730 പേർമാത്രമായിരുന്നു.

വന്നവരിൽ മലപ്പുറം മുന്നിൽ

ജൂലായ് 10-17 കാലയളവിൽ സംസ്ഥാനത്ത് ബിഎസ്എൻഎലിലേക്ക് കൂടുതൽ വരിക്കാരെത്തിയത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 1,107 പേർ വന്നു. ബിഎസ്എൻഎൽ വിട്ട് മറ്റു കമ്പനികളിലേക്ക് മലപ്പുറത്തുനിന്ന് ചേക്കേറിയവർ 49 മാത്രമാണ്. ഏറ്റവും കുറവ് പേർ ബിഎസ്എൻഎലിലേക്ക് വന്നത് പത്തനംതിട്ട ജില്ലയിലാണ്-167 പേർ.

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്, പവന് രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 480 രൂപ

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്, പവന് രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 480 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 360 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54520 രൂപ. ഗ്രാമിന് 45 രൂപ കുറഞ്ഞ് 6815 ആയി. ഇന്നലെ പവന്‍ വില 120 രൂപ കുറഞ്ഞിരുന്നു. പവന് 55,000 രൂപ എന്ന ഈ മാസത്തെ ഉയര്‍ന്ന വിലയില്‍ നിന്നാണ് വില തിരിച്ചിറങ്ങിയത്. രണ്ടു ദിവസം കൊണ്ടു കുറഞ്ഞത് 480 രൂപ.

കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു

കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു

കോഴിക്കോട്: ശക്തമായ മഴയെത്തുടർന്ന് കിണർ ഇടിഞ്ഞ് താഴ്ന്നു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കിണര്‍ അപ്രത്യക്ഷമായിരുന്നു. കിണറിനോട് ചേർന്ന് സ്ഥാപിച്ച മോട്ടോറും നശിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ഈ കിണർ നിര്‍മിച്ചത്. കിണറിന്റെ ഏകദേശം 500 മീറ്റര്‍ അരികിലൂടെയാണ് ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്നത്. പ്രദേശത്ത് ശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍ കിണറിന്റെ പരിസരങ്ങളില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. 20 കോല്‍ താഴ്ചയുള്ള കിണറാണ് പൂര്‍ണമായും ഇടിഞ്ഞുപോയത്.

ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; ആരോഗ്യ പ്രവര്‍ത്തകനെതിരെ കേസ്

ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; ആരോഗ്യ പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. ഫിസിയോതെറാപ്പി ചികിത്സക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തു. പ്രതി ഈയിടെ മറ്റൊരു ജില്ലയില്‍ നിന്ന് സ്ഥലം മാറി എത്തിയ ആളാണെന്ന് പൊലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്.

കെ റെയിലിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ്

കെ റെയിലിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: കെ റെയിലിന് (കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്) ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐഎസ്‌ഒ 9001–2015 ) സർട്ടിഫിക്കേഷൻ ലഭിച്ചു. കെ റെയിൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഗുണനിലവാര സർട്ടിഫിക്കേഷനാണ് ഐഎസ്ഒ. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കി വരുന്ന കെ റെയിലിന് ഇത് പുതിയ പൊന്‍തൂവലായി എന്നും സമൂഹമാധ്യമകുറിപ്പിൽ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കെ-റെയില്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍ സൗകര്യ വികസനം പുനര്‍വികസനം, നടത്തിപ്പ്, പരിപാലനം, പദ്ധതികളുടെ സാധ്യതാ പഠന റിപ്പോര്‍ട്ട്, വിശദമായ രൂപരേഖ തയാറാക്കല്‍, പ്രൊജക്റ്റ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി, എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി എന്നിവയാണ് കെ-റെയിലിന്റെ പ്രധാന സേവന മേഖലകള്‍.

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍, വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷനന്‍ എന്നിവയുടെ നവീകരണ പദ്ധതികള്‍, എറണാകുളം സൗത്ത് -വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള 102.74 കി മി റെയില്‍ പാതയില്‍ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്‌നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കല്‍ എന്നിവയുടെ നിര്‍മാണകരാർ ലഭിച്ചത് കെ-റെയില്‍ -ആര്‍.വി.എന്‍.എല്‍ സഖ്യത്തിനാണ്.കേരളത്തില്‍ വിവിധയിടങ്ങളിലായി ലെവല്‍ ക്രോസുകളില്‍ 27 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണചുമതലയും കെ റെയിലിനാണ്. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം കാസര്‍ഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈനിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്.

ഗുരുവായൂര്‍ ദേവസ്വത്തിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ല; ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കാം: സുപ്രീംകോടതി

ഗുരുവായൂര്‍ ദേവസ്വത്തിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ല; ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കാം: സുപ്രീംകോടതി

ഡല്‍ഹി: ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക് നിയമന നടപടികളുമായി മുന്നോട്ടുപോകാന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് സുപ്രീംകോടതി അനുമതി നല്‍കി.

നിയമന നടപടികളില്‍ നിലവിലുള്ള താത്കാലിക ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ കോടതിയുടെ അനുമതിയുണ്ട്. എന്നാല്‍ ദീര്‍ഘകാലമായി ബോര്‍ഡില്‍ താത്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശത്തിലുണ്ട്. ഇവരുടെ പ്രവൃത്തിപരിചയം ബോര്‍ഡ് കണക്കിലെടുക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ജസ്റ്റിസ്മാരായ ജെ കെ മഹേശ്വരിയും രാജേഷ് ബിന്‍ഡാലും അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ജോലി സ്ഥിരപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് 242 താത്കാലിക ജീവനക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ദാമ ശേഷാദ്രി നായിഡുവും അഭിഭാഷകന്‍ എംഎല്‍ ജിഷ്ണുവും ഹാജരായി.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനുവേണ്ടി അഭിഭാഷകന്‍ ജി പ്രകാശ് ആണ് ഹാജരായത്. താത്കാലിക ജീവനക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത്, വി ഗിരി, വി ചിദംബരേഷ്, എസ് പി ചാലി, തോമസ് പി ജോസഫ്, രാകേന്ദ് ബസന്ത്, കൈലാസ് നാഥ പിള്ള, ജയന്ത് മുത്തുരാജ്, അഭിഭാഷകന്‍ റോയ് എബ്രഹാം എന്നിവര്‍ ഹാജരായി.