by liji HP News | Jul 17, 2024 | Latest News, കേരളം
പാലക്കാട്: മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പുകടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിയെയാണ് പാമ്പുകടിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.
പനിയായതിനാല്‍ മകളെയുമായി ഇന്നലെയാണ് ഗായത്രി ആശുപത്രിയിലെത്തിയത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കുട്ടിയെ പരിചരിക്കുന്നതിനിടെയാണ് യുവതിയെ പാമ്പുകടിച്ചത്. കടിയേറ്റതിന് പിന്നാലെ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്ന് ഒരു സഹകരണവും ഉണ്ടായില്ലെന്ന് പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പറഞ്ഞു. കടിയേറ്റതിന് പിന്നാലെ 27കാരിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗായത്രിയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും 24 മണിക്കൂറും നിരീക്ഷണത്തില്‍ തുടരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
by liji HP News | Jul 17, 2024 | Latest News, കേരളം
എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.
രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്.തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ആസിഫ് അലിയോട് ഫെഫ്‌ക ഖേദം പ്രകടിപ്പിച്ചു. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.രമേശ് നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ് നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി, വളരെ വിശാലമായാണ് പ്രതികരിച്ചത്, പക്വമായി ഇടപെട്ടുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
by liji HP News | Jul 17, 2024 | Latest News, കേരളം
തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയ ഗ്രാഫിക് ഡിസൈനറെ പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി നവോദയ നഗര്‍ കൊല്ലന്നൂര്‍ വീട്ടില്‍ ജസ്റ്റിനെയാണ് (39) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും 110 രൂപയ്ക്ക് മരുന്നു വാങ്ങിയ ശേഷം അഞ്ഞൂറ് രൂപ കൊടുത്തത്. നോട്ടില്‍ സംശയം തോന്നിയ കടയുടമ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും നോട്ട് മാറിയില്ലങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞ് മൊബൈല്‍ നമ്പര്‍ നല്‍കി ഇയാള്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് കള്ളനോട്ടാണെന്ന് മനസിലാക്കിയ കടയുടമ ഫോണില്‍ വിളിച്ചെങ്കിലും നമ്പര്‍ നിലിവില്ലായിരുന്നു. കടയുടമ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായത്.
ഇയാള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പറും സിസിടിവിയില്‍ പതിഞ്ഞ ചിത്രവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പാവറട്ടിയിലെ ഇയാളുടെ സ്ഥാപനത്തില്‍ നിന്ന് പന്ത്രണ്ട് 500 ന്റെ കള്ളനോട്ടും മുദ്ര പേപ്പറില്‍ പ്രിന്റ് ചെയ്ത 500ന്റെ നോട്ടുകളും കണ്ടെടുത്തു. കള്ളനോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറും, പ്രിന്ററടക്കം കയ്പമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്പതിന്റെ മുദ്ര പേപ്പറില്‍ അഞ്ഞൂറിന്റെ രണ്ട് നോട്ടുകളാണ് ഇയാള്‍ പ്രിന്റ് ചെയ്തിരുന്നത്.
ഇയാള്‍ ആറു മാസത്തോളമായി ഇത്തരത്തില്‍ കള്ളനോട്ട് നിര്‍മ്മിച്ച് കാറില്‍ സഞ്ചരിച്ച് ജില്ലയിലെ വിവിധ കടകളില്‍ നല്‍കി മാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശാനുസരണം കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ കയ്പമംഗലം ഇന്‍സ്‌പെക്ടര്‍ എം ഷാജഹാന്‍, എസ്‌ഐമാരായ കെ എസ് സൂരജ്, സജിബാല്‍, ബിജു, എഎസ്‌ഐ നിഷി, സീനിയര്‍ സിപിഒ മുഹമ്മദ് റാഫി, ജ്യോതിഷ്, സിപിഒ മാരായ ജോസഫ്, ഗില്‍ബര്‍ട്ട് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
by liji HP News | Jul 17, 2024 | Latest News, കേരളം
മലപ്പുറം: മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശി സൈഫുന്നീസയാണ് മരിച്ചത്. 47 വയസ്സായിരുന്നു. പനി ബാധിച്ച് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 ആണെന്ന് കണ്ടെത്തിയത്. പൊന്നാനി മേഖലയില്‍ വ്യാപകമായി പടരുകയാണ്. മലേറിയ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും പടരുന്നുണ്ട്. മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്നുപേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ ചികിത്സയിലുള്ളവര്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. നിലമ്പൂരില്‍ മലമ്പനി സ്ഥിരീകരിച്ചത് അതിഥി തൊഴിലാളിക്കാണ്.
by liji HP News | Jul 17, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ബുധനാഴ്ച വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
വ്യാഴാഴ്ച കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയ്ക്കും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായാറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദം വെള്ളിയാഴ്ചയോടെ രൂപപ്പെടാന്‍ സാധ്യത. നിലവില്‍ തെക്കന്‍ ഛത്തീസ്ഗഡിനും വിദര്‍ഭക്കും മുകളിലായി ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത്തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു ശക്തിയേറിയ പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് സ്ഥിതിചെയ്യുന്നതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ വ്യാഴാഴ്ച രാത്രി 11.30 വരെ 2.8 മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by liji HP News | Jul 17, 2024 | Latest News, കേരളം
കോഴിക്കോട്: ദേശീയപാതയുടെ ആറുവരിപ്പാത നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വടകരയ്ക്കും കോഴിക്കോടിനും ഇടയില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് നിയന്ത്രണമെന്ന് കോഴിക്കോട് റൂറല്‍ എസ് പി അറിയിച്ചു.
കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി – കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂര്‍ ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓര്‍ക്കാട്ടേരി – പുറമേരി – നാദാപുരം – കക്കട്ടില്‍ കുറ്റ്യാടി – പേരാമ്പ്ര ബൈപ്പാസ് – നടുവണ്ണൂര്‍ – ഉള്ള്യേരി – അത്തോളി – പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം. അല്ലെങ്കില്‍ വടകര നാരായണനഗരം ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തിരുവള്ളൂര്‍ – ചാനിയംകടവ് – പേരാമ്പ്ര മാര്‍ക്കറ്റ് – പേരാമ്പ്ര ബൈപ്പാസ് – നടുവണ്ണൂര്‍ – ഉള്ള്യേരി – അത്തോളി, പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം.
കോഴിക്കോട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പൂളാടിക്കുന്ന് – അത്തോളി – ഉള്ള്യേരി – നടുവണ്ണൂര്‍ – കൈതക്കല്‍ – പേരാമ്പ്ര ബൈപ്പാസ് – കൂത്താളി – കടിയങ്ങാട് – കുറ്റ്യാടി – കക്കട്ട് – നാദാപുരം – തൂണേരി – പെരിങ്ങത്തൂര്‍ വഴി പോകണം.
Recent Comments