ഡോ. എം എസ് വല്യത്താൻ അന്തരിച്ചു

ഡോ. എം എസ് വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ​കാർഡിയാക് സർജൻ ഡോ. എം എസ് വല്യത്താൻ അന്തരിച്ചു. 90 വയസ്സായിരുന്നു. മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം. ലോകമെങ്ങും ആദരിക്കുന്ന ഹൃദയശസ്ത്രക്രിയാ വിദ​ഗ്ധനാണ്.

മാവേലിക്കര രാജകുടുംബാം​ഗമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് പാസ്സായത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്. തുടർന്ന് ഇം​ഗ്ലണ്ടിലും അമേരിക്കയിലും ഉപരിപഠനം നടത്തി. 1970 ൽ ഹൃദയ ശസ്ത്രക്രിയയിൽ കാനഡയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെയും സർജന്റെയും ഫെലോഷിപ്പും ലഭിച്ചു.മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ നിർദേശ പ്രകാരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ മുന്നിൽ നിന്നു പ്രവർത്തിച്ചു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. ഡോ. എം എസ് വല്യത്താന്റെ നേതൃത്വത്തിലാണ് ശ്രീചിത്രയിലെ ബയോമെഡിക്കൽ വിഭാ​ഗത്തിൽ ആദ്യമായി ഹൃദയവാൽവ് നിർമ്മിച്ചത്. ബ്ലഡ് ബാഗ്, കാർഡിയോടോമി റിസർവോയർ തുടങ്ങിയ ഡിസ്പോസിബിൾ ഉപകരണങ്ങളും വികസിപ്പിച്ചു.

അലോപ്പതിക്കൊപ്പം ആയുർവേദവും വല്യത്താൻ പഠിച്ചിരുന്നു. ആയുർവേദ ബയോളജി എന്ന ചിന്തയ്ക്കും ഡോ. വല്യത്താൻ തുടക്കമിട്ടിരുന്നു. മണിപ്പാൽ സർവകലാശാലയുടെ ആദ്യ മണിപ്പാൽ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറാണ്. ദേശീയ ശാസ്ത്ര സാങ്കേതിക അക്കാദമി അധ്യക്ഷനായിരുന്നു. രാജ്യം പത്മവിഭൂഷനും പത്മശ്രീയും നൽകി ആദരിച്ചിരുന്നു. നിരവധി ഓണററി ബിരുദങ്ങളും ഫെലോഷിപ്പുകളും അവാർഡുകളും വലിയത്താന് ലഭിച്ചിട്ടുണ്ട്.

ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം

ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം

കൊച്ചി: ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇന്ന് പുലർച്ചയോടെയാണ് പെൺകുട്ടികളെ കാണാതായത്. സ്ഥാപനത്തിലെ അ​ധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.15, 16, 18 വയസായ കുട്ടികളാണ്. സംഭവത്തിൽ ആലുവ ഈസ്റ്റ്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

ഇലക്ട്രിക് കമ്പി പൊട്ടി വീണു; കര കവിഞ്ഞൊഴുകുന്ന തോട്ടിലേക്ക് എടുത്തുചാടി ലൈന്‍മാന്‍

ഇലക്ട്രിക് കമ്പി പൊട്ടി വീണു; കര കവിഞ്ഞൊഴുകുന്ന തോട്ടിലേക്ക് എടുത്തുചാടി ലൈന്‍മാന്‍

മലപ്പുറം: സംസ്ഥാനത്ത് കനത്തമഴയ്‌ക്കൊപ്പമുള്ള കാറ്റില്‍ ഇലക്ട്രിക് കമ്പി പൊട്ടി വീഴുകയും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീഴുകയും ചെയ്ത നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരണം സംഭവിക്കുന്ന സ്ഥിതി വരെ ഉണ്ടായി. ഇപ്പോള്‍ പൊട്ടി വീണ ഇലക്ട്രിക് കമ്പി ശരിയാക്കി വൈദ്യുതി പുനഃസഥാപിക്കാന്‍ കര കവിഞ്ഞൊഴുകുന്ന തോട്ടിലെ കനത്ത ഒഴുക്ക് വകവെയ്ക്കാതെ ജോലിയില്‍ ഏര്‍പ്പെട്ട കെഎസ്ഇബി ജീവനക്കാരന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മലപ്പുറം പോരൂര്‍ താളിയംകുണ്ടിലാണ് സംഭവം.

വാണിയമ്പലം സെക്ഷനിലെ ലൈന്‍മാന്‍ സജീഷ് ആണ് ഈ സാഹസിക പ്രവൃത്തി നടത്തിയത്. ‘ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ ഓഫീസുകളിലും ഇതുപോലെയുള്ള സജീഷുമാര്‍ ഉണ്ട്. കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായ വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനായി അശ്രാന്തം പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍.’- കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

മലപ്പുറം പോരൂര്‍ താളിയംകുണ്ട് കാക്കത്തോടിന് കുറുകെ ഇലക്ട്രിക് കമ്പി പൊട്ടിയത് കര കവിഞ്ഞൊഴുകുന്ന തോട്ടിലെ കനത്ത ഒഴുക്കിനെ വക വയ്ക്കാതെ ശരിയാക്കി വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തില്‍ KSEB ജീവനക്കാരന്‍.

വാണിയമ്പലം സെക്ഷനിലെ ലൈന്‍മാന്‍ ശ്രീ. സജീഷ് ആണ് ഈ സാഹസിക പ്രവൃത്തി നടത്തിയത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ ഓഫീസുകളിലും ഇതുപോലെയുള്ള സജീഷുമാര്‍ ഉണ്ട്.

കാലവര്‍ഷക്കെടുതിയില്‍ ഉണ്ടായ വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനായി അശ്രാന്തം പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍.

കനത്ത മഴ ഇന്നും തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

കനത്ത മഴ ഇന്നും തുടരും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഒരു ജില്ലയിലും അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇല്ല. എന്നാൽ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാലു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന തിരമാല

കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.5 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിർദേശങ്ങൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

നിയന്ത്രണം വിട്ട മീന്‍ ലോറി കാറുകളില്‍ ഇടിച്ചു: യാത്രക്കാര്‍ക്ക് ഗുരുതരപരിക്ക്

നിയന്ത്രണം വിട്ട മീന്‍ ലോറി കാറുകളില്‍ ഇടിച്ചു: യാത്രക്കാര്‍ക്ക് ഗുരുതരപരിക്ക്

ആറ്റിങ്ങല്‍: ദേശീയപാതയില്‍ കോരാണി ടോള്‍മുക്കില്‍ നിയന്ത്രണം വിട്ട മീന്‍ ലോറി എതിര്‍ ദിശയില്‍ വന്ന കാറിടിച്ചുതകര്‍ക്കുകയും പിന്നാലേവന്ന മറ്റ് രണ്ട് കാറുകളിലിടിക്കുകയും ചെയ്തു. തകര്‍ന്ന കാറിനുള്ളിലുണ്ടായിരുന്ന കൊല്ലം സ്വദേശിയെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ലോറി എതിര്‍ദിശയില്‍ വന്ന കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ കാര്‍ പിന്നിലേയ്ക്ക നീങ്ങിയപ്പോള്‍ പിന്നിലുണ്ടായിരുന്ന മറ്റ് രണ്ട് കാറുകളിലിടിച്ചു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു.

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഫിഫ്റ്റി ഫിഫ്റ്റി FF 103 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. FJ 230272 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ FB 221220 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.