by liji HP News | Jul 17, 2024 | Latest News, കേരളം
തിരുവനന്തപുരം: ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യനെ തൃശൂര്‍ ജില്ലാ കലക്ടറായി നിയമിച്ചു. നിലവിലെ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയതിനെത്തുടര്‍ന്നാണ് നിയമനം. തന്റെ നാടായ ആന്ധ്രാപ്രദേശിലേക്കാണ് മൂന്നു വര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ കൃഷ്ണ തേജ പോകുന്നത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ തന്റെ പ്രത്യേക ടീമിലേക്ക് കൃഷ്ണതേജയെ ക്ഷണിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളം കൃഷ്ണതേജ തൃശൂര്‍ കലക്ടറായിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി പേര്‍ക്ക് സഹായം എത്തിക്കുന്നതില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു.
by liji HP News | Jul 17, 2024 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനുള്ള ജോലിക്കിടെ തോട്ടില്‍ വീണു മരിച്ച ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 10 ലക്ഷം നല്‍കുന്നത്. റെയില്‍വേയുടെ ഭാഗത്തു നിന്നും ജോയിയുടെ കുടുംബത്തിന് സഹായം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജോയിയുടെ കുടുംബത്തെ സഹായിക്കണമെന്ന് മന്ത്രിമാര്‍ നേരത്തെ റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്‌നം ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. നാളെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ച സാഹചര്യത്തിലാണ് യോഗം പരിഗണിക്കാതിരുന്നത്. ജനപ്രതിനിധികള്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉന്നത തല യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകും: മേയർ
ജോയിയുടെ അമ്മയ്ക്ക് കോർപ്പറേഷൻ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. നഗരസഭ അദ്ദേഹത്തിൻ്റെ മാതാവിനൊപ്പം നിൽക്കുന്നു. കോർപ്പറേഷന് പുറത്താണ് ജോയിയുടെ കുടുംബം താമസിക്കുന്നത്. അതുകൊണ്ടു തന്നെ തീരുമാനം കോർപ്പറേഷൻ കൗൺസിൽ ചേർന്ന് ഔദ്യോഗികമായി അറിയിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. 46 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ തകരപ്പറമ്പിന് സമീപത്തു നിന്നാണ് തിങ്കളാഴ്ച ജോയിയുടെ മൃതദേഹം കണ്ടെത്തുന്നത്.
by liji HP News | Jul 17, 2024 | Latest News, കേരളം
ഇടുക്കി: വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഇടുക്കിഅണക്കെട്ടില്‍ ഇന്നലെ ഒരു ദിവസം കൊണ്ട് 3.58 അടി ജലനിരപ്പുയര്‍ന്ന് 2345.6 അടിയിലെത്തി. ഡാമിൻ്റെ സംഭരണശേഷിയുടെ 42 ശതമാനമാണിത്. 171.8 മി.മീ മഴയാണ് ഇന്നലെ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്. 7.04 കോടി യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം ഒറ്റദിവസം കൊണ്ട് ഡാമിൽ ഒഴുകിയെത്തി
by liji HP News | Jul 17, 2024 | Latest News, കേരളം
തിരുവനന്തപുരം: സിദ്ധാർത്ഥന്‍റെ മരണത്തില്‍ വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. സമയബന്ധിതമായി നടപടി എടുത്തില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. എം ആർ ശശീന്ദ്രനാഥിനെ ചാൻസലർ കൂടിയായ ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു.
സിദ്ധാർത്ഥന്‍റെ മരണത്തിൽ സർവ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷൻ അന്വേഷിച്ചത്. സർവ്വകലാശാല വൈസ് ചാൻസിലർ, അസിസ്റ്റന്‍റ് വാർഡൻ, ഡീൻ, ആംബുലൻസ് ഡ്രൈവർ മുതൽ സിദ്ധാർത്ഥന്‍റെ അച്ഛനമ്മമാർ, അധ്യാപകർ, സുഹൃത്തുക്കളും ഉൾപ്പെടെ 28 പേരിൽ നിന്ന് മൊഴിയെടുത്താണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
by liji HP News | Jul 17, 2024 | Latest News, കേരളം
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒറ്റയടിക്ക് 720 രൂപ വർധിച്ച് സ്വർണവില 55000 ത്തിലേക്ക് എത്തി. ഇന്നലെ 280 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് പവന് 1000 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര സ്വർണ്ണവില സർവകാല റെക്കോർഡിൽ ആണ്. 2450 ഡോളർ റെക്കോർഡ് തകർത്ത് 2482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2472 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
by liji HP News | Jul 17, 2024 | Latest News, കേരളം
കൽപ്പറ്റ: ബസ് യാത്രയ്ക്കിടെ വിഷം കഴിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരികയായിരുന്ന ബസ് വൈത്തിരിയിലെത്തിയപ്പോൾ യുവതി കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് സ്വദേശിനി യാത്രയ്ക്കിടെ ബസ് ചുരത്തിലെത്തിയപ്പോഴാണ് കയ്യിൽ കരുതിയ വിഷം കുടിച്ചത്.
ബസില്‍ കീടനാശിനിയുടെ ദുര്‍ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ യാത്രക്കാരോട് ആരെങ്കിലും കീടനാശിനിപോലുള്ളവ കൈവശംവെച്ചിട്ടുണ്ടോയെന്ന് തിരക്കിയിരുന്നു. ബസ് വൈത്തിരിയെത്തിയപ്പോഴേക്കും യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ യുവതി വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈത്തിരി പൊലീസെത്തി ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുടുംബപ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പൊലീസ് പൊലീസ് പറയുന്നത്.
Recent Comments