പ്രശസ്ത സാഹിത്യകാരൻ ഹിരണ്യൻ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ ഹിരണ്യൻ അന്തരിച്ചു

തൃശൂര്‍: അധ്യാപകനും സാഹിത്യകാരനുമായ ഹിരണ്യന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു.

കവി, സാഹിത്യ വിമര്‍ശകന്‍ സാഹിത്യ ചരിത്ര പണ്ഡിതന്‍ എന്നീ നിലകളില്‍ സവിശേഷ മുദ്ര പതിപ്പിച്ചിരുന്നു. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീത ഹിരണ്യന്‍ ആണ് ഭാര്യ.ഭാര്യ ഗീതയുടെ മരണത്തോടെ ഹിരണ്യന്‍ സാഹിത്യ ലോകത്തു നിന്ന് ഏതാണ്ട് ഉള്‍വലിഞ്ഞ നിലയിലായിരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം. രണ്ടുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; നിർത്തിയിട്ടിരുന്ന കാർ തകർത്തു, ആനയെ ആർആർടി സംഘം തുരത്തി

വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; നിർത്തിയിട്ടിരുന്ന കാർ തകർത്തു, ആനയെ ആർആർടി സംഘം തുരത്തി

തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ആന തകര്‍ത്തു. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കാറില്‍ ആളുകളില്ലാതിരുന്നതിനാല്‍ ആളാപായമുണ്ടായില്ല.

ചിന്നക്കനാല്‍ വിലക്കു ഭാഗത്ത് ഭീതിപരത്തിയ ആനയെ ആര്‍ആര്‍ടി സംഘമെത്തി വേസ്റ്റ് കുഴി ഭാഗത്തേക്ക് തുരത്തി ഓടിച്ചു.കഴിഞ്ഞ ദിവസമാണ് പൂപ്പാറ ടൗണിന് സമീപം ചക്കക്കൊമ്പൻ ഇറങ്ങി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാട്ടാന ജനവാസ മേഖലയിലിറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് തുടർക്കഥയാവുകയാണെന്നാണ് നാട്ടുക്കാരുടെ ആക്ഷേപം.

മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്നുപേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്.

പൊന്നാനിയില്‍ ചികിത്സയിലുള്ളവര്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. നിലമ്പൂരില്‍ മലമ്പനി സ്ഥിരീകരിച്ചത് അതിഥി തൊഴിലാളിക്കാണ്. നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് ഊര്‍ജിത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ആശാ പ്രവര്‍ത്തര്‍ തുടങ്ങിയവരെ പ്രത്യേക സംഘങ്ങളാക്കി തിരിച്ചാണ് പ്രതിരോധപ്രവര്‍ത്തനം. കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയാന്‍ ഗൃഹസന്ദര്‍ശന സര്‍വേ നടത്തി.

രാത്രികാലങ്ങളില്‍ കൊതുകുവല ഉപയോഗിക്കുന്നതിനും വീടുകളില്‍ കൊതുകുനശീകരണ സാമഗ്രികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ പനി ബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തപരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നടത്തുന്ന ഗൃഹസന്ദര്‍ശന രക്തപരിശോധയില്‍ പങ്കാളിയാകണമെന്നും ഡിഎംഒ അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി. അത്യാഹിത വിഭാഗത്തില്‍ നിന്നും സിടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് ഡോക്ടറും രോഗിയും കുടുങ്ങിയത്. തുടര്‍ന്ന് ഡോക്ടര്‍ ലിഫ്റ്റിലെ അലാറം മുഴക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതോടെ ബന്ധപ്പെട്ട ജീവനക്കാരെത്തി ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഏതാണ്ട് അരമണിക്കൂറോളം ഇവര്‍ ലിഫ്റ്റില്‍ കുടുങ്ങി.

കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയത് വിവാദമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. നിയമസഭയിലെ താല്‍ക്കാലിക ജീവനക്കാരനാണ്. രണ്ടു ദിവസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയാണ് ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ രവീന്ദ്രന്‍ നായരെ കണ്ടെത്തുന്നത്.

രണ്ടു രാത്രിയും ഒരു പകലുമാണ് രവീന്ദ്രൻ നായർ ലിഫ്റ്റിൽ കുടുങ്ങിയത്. ശനിയാഴ്ച്ച രാവിലെയാണ് നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കൽ കോളജിലെ ഓർത്തോവിഭാഗത്തിൽ രവീന്ദ്രൻ നായർ എത്തിയതായിരുന്നു. ഈ സംഭവത്തിൽ രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.

കുളിക്കാനിറങ്ങിയതിനു പിന്നാലെ ജലനിരപ്പ് ഉയര്‍ന്നു; ചിറ്റൂര്‍ പുഴയില്‍ നാലുപേര്‍ കുടുങ്ങി

കുളിക്കാനിറങ്ങിയതിനു പിന്നാലെ ജലനിരപ്പ് ഉയര്‍ന്നു; ചിറ്റൂര്‍ പുഴയില്‍ നാലുപേര്‍ കുടുങ്ങി

പാലക്കാട്: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ കുടുങ്ങി. ഉച്ചയോടെയാണ് സംഭവം. നാലുപേര്‍ കുളിക്കാനിറങ്ങിയതിന് പിന്നാലെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ ഇവര്‍ പുഴയുടെ നടുക്ക് പെട്ടുപോകുകയായിരുന്നു. ഫയർഫോഴ്സ് ഇവരെ സാഹസികമായി രക്ഷപ്പെടുത്തി.

വെള്ളം കുത്തിയൊഴുരിയെത്തിയതോടെ നാലുപേരും പുഴയുടെ നടുവിലെ പാറക്കെട്ടില്‍ കയറി നിന്നു. ഇതാണ് രക്ഷയായത്. വിവരം അറിഞ്ഞ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.ഇവര്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ പുഴയില്‍ വെള്ളം കുറവായിരുന്നു. പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. വയസ്സായ സ്ത്രീയും കുടുങ്ങിയതില്‍ ഉള്‍പ്പെട്ടതായി മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു.

പുരസ്‌കാരം നല്‍കാനെത്തിയ ആസിഫ് അലിയെ അപമാനിച്ച് രമേഷ് നാരായണന്‍

പുരസ്‌കാരം നല്‍കാനെത്തിയ ആസിഫ് അലിയെ അപമാനിച്ച് രമേഷ് നാരായണന്‍

എം ടി വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജിയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ ആസിഫ് അലിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാതെ സംഗീത സംവിധായകന്‍ രമേഷ് നാരായണ്‍. ആന്തോളജി സീരിസിലെ ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് രമേഷ് നാരായണ്‍ ആയിരുന്നു.

ചടങ്ങില്‍ പുരസ്‌കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്‌കാരം നല്‍കുകയും ചെയ്തു. എന്നാല്‍ താല്‍പ്പര്യമില്ലാതെ ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ പുരസ്‌കാരം വാങ്ങി സംവിധാകന്‍ ജയരാജനെ വേദിയില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്ത് പുരസ്‌കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രാചാരം നേടിയതോടെ സംഗീത സംവിധായകനെതിരെ വലിയ വിമര്‍ശനങ്ങളാണ് എത്തുന്നത്. ഇത്തരത്തില്‍ ആസിഫിനെ അപമാനിക്കേണ്ടിയിരുന്നില്ല എന്നും മോശമായ പ്രവണതയാണെന്നുമൊക്കെയാണ് കമന്റുകള്‍. സംഭവത്തില്‍ നടനോ ചടങ്ങില്‍ പങ്കെടുത്ത മറ്റാരെങ്കിലുമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.