‘ക്യാംപസുകളില്‍ പുറത്തു നിന്നുള്ള കലാപരിപാടി തല്‍ക്കാലം വേണ്ട’; സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

‘ക്യാംപസുകളില്‍ പുറത്തു നിന്നുള്ള കലാപരിപാടി തല്‍ക്കാലം വേണ്ട’; സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

കൊച്ചി: കോളജുകളിലും സര്‍വകലാശാലകളിലും പുറത്തുനിന്നുള്ള പ്രൊഫണല്‍ ഗ്രൂപ്പുകളുടെ സംഗീത പരിപാടികള്‍, ഡിജെ പെര്‍ഫോമന്‍സ് തുടങ്ങിയവ നടത്തുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലെ നിര്‍ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു. എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സംഘടന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് എം സിയാദ് റഹ്മാന്‍റെ ഉത്തരവ്.

സര്‍ക്കാര്‍ ഉത്തരവിലെ ക്ലോസ് 3 (12) ലാണ് ഇത് സംബന്ധിച്ച് പറയുന്നത്. വിജ്ഞാപനത്തില്‍ പറയുന്ന പ്രകാരം അനുമതി നല്‍കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി പരിപാടികള്‍ സംഘടിപ്പിക്കാനും ഷെഡ്യൂള്‍ ചെയ്യാനും ഫണ്ട് നല്‍കാനും അനുവദിക്കുന്ന വ്യവസ്ഥയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നത്. കോളജിന്റെ സുരക്ഷയെയും അച്ചടക്കത്തെയും ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

കുട്ടികളടക്കം വലിയ ജനക്കൂട്ടത്തെ താങ്ങാൻ സൗകര്യമില്ലാത്തതാണ് കോളജുകളിലെ ഓഡിറ്റോറിയങ്ങൾ. വലിയ ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരല്ല പ്രിൻസിപ്പലും അധ്യാപകരും. എന്നാൽ ഇത്തരം പരിപാടികൾ നടക്കുമ്പോൾ ഉത്തരവാദിത്വം മുഴുവൻ പ്രിൻസിപ്പലിനും അധ്യാപകർക്കുമാണ്. 2015-ൽ പുറത്തു നിന്നുള്ള പരിപാടികൾ വിലക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ വർഷം ഡി.ജെ. അടക്കമുള്ള സംഗീതപരിപാടികൾക്ക് അനുമതി നൽകുകയായിരുന്നു.

അതേസമയം ഉത്തരവ് ഇത്തരം പരിപാടികൾ നടത്താൻ അനുമതി നൽകാനുള്ള സ്ഥാപന മേധാവിയുടെ വിവേചനാധികാരത്തെ വിലക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ അനുമതി നൽകിയാൽ സർക്കാർ ഉത്തരവിൽ പറയും പോലെ പൊലീസ് അടക്കമുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കണം. കുസാറ്റ് ടെക്‌ഫെസ്റ്റിനിടെ നടന്ന സംഗീത പരിപാടി നാല് പേരുടെ ദാരുണമായ മരണത്തിനും 64 പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കുസാറ്റിലെ അപകടത്തെത്തുടര്‍ന്നാണ് സംസ്ഥാനത്തെ ക്യാമ്പസുകളുടേയും ഹോസ്റ്റലുകളുടേയും അഫിലിയേറ്റഡ് കോളജുകളുടേയും സുഗമമായ പ്രവര്‍ത്തനത്തിന് ഏപ്രില്‍ 9ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിബന്ധകള്‍ കൃത്യമായി പാലിച്ചുകൊണ്ട് ക്യാമ്പസിനകത്തും പുറത്തും പ്രൊഫണല്‍ ഗ്രൂപ്പുകളുടേയോ മറ്റ് ഏന്‍സികളുടേയോ പെയ്ഡ് പ്രോഗ്രാമുകള്‍ നടത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്നായിരുന്നു വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. പരിപാടിയെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ പ്രിൻസിപ്പലിനെ അഞ്ചുദിവസം മുൻപുമാത്രം അറിയിച്ചാൽ മതിയെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

‘വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്നു’; മൃതദേഹം തുണി മൂടിയ നിലയിലായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി

‘വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്നു’; മൃതദേഹം തുണി മൂടിയ നിലയിലായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി

തിരുവനന്തപുരം: തുണി മൂടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് ആദ്യം കണ്ട കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളി. കമിഴ്ന്ന് കിടക്കുകയായിരുന്നു. മുളവടി കൊണ്ട് തുണി നീക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നുവെന്ന് ജോയിയുടെ മൃതദേഹം കണ്ട ശുചീകരണ തൊഴിലാളി പറയുന്നു.

രാവിലെ ഒമ്പതുമണിയോടെയാണ് തകരപ്പറമ്പിലെ ശ്രീചിത്ര പുവര്‍ഹോമിന് പിന്നിലെ കനാലില്‍ മൃതദേഹം കണ്ടെത്തുന്നത്. റെയില്‍വേയില്‍ നിന്ന് വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. തൊഴിലാളികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും, മൃതദേഹം കനാലില്‍ നിന്നും പുറത്തെടുക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജീര്‍ണിച്ച നിലയിലായതിനാല്‍ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കുമെന്നാണ് വിവരം. അതേസമയം, മാലിന്യത്തിനെതിരായ വലിയ യുദ്ധമാണ് ഇന്ന് അനിവാര്യമായി നടത്തിക്കൊണ്ടിരിക്കേണ്ടത് എന്ന ബോധ്യം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു.. വ്യക്തികള്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സര്‍ക്കാരിനുമെല്ലാം ഉണ്ടാകണം. ഇക്കാര്യത്തില്‍ വീഴ്ച പരിശോധിക്കപ്പെടേണ്ടതാണ്. ഇപ്പോള്‍ വിവാദത്തിനൊന്നും പോകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,000 രൂപ. ഗ്രാം വില പത്തു രൂപ കുറഞ്ഞ്വെ 6760 ആയി.ള്ളിയാഴ്ച മുതല്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു പവന്‍ വില.

വിഴിഞ്ഞം തുറമുഖവും കപ്പലും കാണാനെത്തി; തിരയിൽപ്പെട്ട് കടലിൽ വീണ യുവാവിനെ കാണാതായി

വിഴിഞ്ഞം തുറമുഖവും കപ്പലും കാണാനെത്തി; തിരയിൽപ്പെട്ട് കടലിൽ വീണ യുവാവിനെ കാണാതായി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവും കപ്പലും കാണാൻ എത്തിയ യുവാവിനെ കടലിൽ വീണ് കാണാതായി. പുളിങ്കുടി ആഴിമല അജീഷ് ഭവനിൽ അനിൽ – ബീന ദമ്പതികളുടെ മകൻ അജീഷ് (26) നെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ആവണങ്ങപ്പാറയിലെ കടൽ തീരത്തായിരുന്നു സംഭവം. അജീഷും ഭാര്യയും രണ്ടു മക്കളും കാഞ്ഞിരംകുളം സ്വദേശിയായ സുഹൃത്തും കുടുംബവും ഉൾപ്പെടെയാണ് കപ്പൽ കാണാനെത്തിയത്.

കൂടെയുള്ളവരെ കരഭാ​ഗത്തോട് ചേർന്നുള്ള പാറയിൽ ഇരുത്തിയ ശേഷം അജീഷ് കടലിനോട് ചേർന്ന മറ്റൊരു പാറയിൽ കയറി നിൽക്കുമ്പോൾ ശക്തമായ തിരയിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നുവെന്ന് ഒപ്പമുള്ളവർ പൊലീസിനു മൊഴി നൽകി.അജീഷിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവർ വിഴിഞ്ഞം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പൊലീസും കോസ്റ്റല്‍ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. വിഴിഞ്ഞം പൊലീസ് സംഭവത്തില്‍ കേസെടുത്തു.

വയനാട്ടിലും വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

വയനാട്ടിലും വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

കൽപ്പറ്റ: വയനാട് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. എംആർഎസ് കൾക്ക് അവധിയില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ് സി പരീക്ഷകൾക്കും അവധി ബാധകമല്ല.

മലയാളത്തിന്റെ അക്ഷര സുകൃതം എംടിക്ക് ഇന്ന് 91-ാം പിറന്നാള്‍

മലയാളത്തിന്റെ അക്ഷര സുകൃതം എംടിക്ക് ഇന്ന് 91-ാം പിറന്നാള്‍

കോഴിക്കോട്: മലയാളത്തിന്റെ അക്ഷരസുകൃതമായ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 91-ാം പിറന്നാള്‍. 1933 ജൂലൈ 15 നാണ് കൂടല്ലൂരില്‍ ടി നാരായണന്‍ നായരുടേയും അമ്മാളു അമ്മയുടേയും മകനായി എം ടി ജനിച്ചത്. നക്ഷത്രപ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് എം ടിയുടെ പിറന്നാള്‍. പിറന്നാളുകളൊന്നും എംടി ആഘോഷിക്കാറില്ല. അടുത്ത ബന്ധുക്കള്‍ക്കൊപ്പം ചെറിയൊരു ഊണ് അത്രമാത്രം. പക്ഷെ, കഴിഞ്ഞ വര്‍ഷം എംടിയുടെ നവതി മലയാളക്കര ആഘോഷമായാണ് കൊണ്ടാടിയത്.ഈ ജന്മദിനത്തിന് എംടി കൊച്ചിയിലാണ്. എംടിയുടെ ഒന്‍പതു കഥകള്‍ ചേരുന്ന ആന്തോളജി സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ഇന്ന് നടക്കും. സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച ഒന്‍പത് സിനിമകള്‍ വൈകാതെ പ്രേക്ഷകരിലേക്ക് എത്തുന്നു. ‘മനോരഥങ്ങള്‍’ എന്ന് എംടി തന്നെ പേരിട്ട ചിത്രസഞ്ചയം ഇനി ഒടിടിയില്‍ കാണാനാവും.