by liji HP News | Jul 10, 2024 | Latest News, കേരളം
തിരുവനന്തപുരം: തനിക്കെതിരെ കേസ് നടത്താന്‍ വിസിമാര്‍ ചെലവിട്ട 1.13 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം. വിസി നിയമനം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ കേസിന് പോയത്. സര്‍ക്കാരിന്റെ ചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും സ്വന്തം ചെലവിലാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ചാന്‍സലറായ ഗവര്‍ണര്‍ വിസിമാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസിമാര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്. സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം സര്‍വകലാശാലയുടെ ഫണ്ട് ആണ്. അത് ഉപയോഗിച്ച് പൊതുചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും വ്യക്തികള്‍ തന്നെയാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇങ്ങനെ കേസ് നടത്തുന്നത് ചട്ടമനുസരിച്ച് ശരിയല്ലെന്നും അതിനാല്‍ കേസിന് ചെലവഴിച്ച തുക തിരിച്ചടയ്ക്കാനുമാണ് ഗവര്‍ണറുടെ നിര്‍ദേശം.
കേസിനായി വിവിധ വിസിമാര്‍ 1.13 കോടി രൂപയാണ് ചെലവിട്ടതെന്നാണ് രാജ്ഭവന്റെ കണ്ടെത്തല്‍. ഇതിന്റെ കണക്കുകള്‍ നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വിസിമാരോട് ചെലവഴിച്ച തുക തിരിച്ചുപിടിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് എന്തുനടപടി സ്വീകരിച്ചുവെന്നും ആ പണം എപ്പോള്‍ ലഭിക്കുമെന്നും എത്ര തുക ലഭിച്ചു എന്നുള്ളതടക്കം രേഖാമൂലം ഇപ്പോഴത്തെ വിസിമാര്‍ രാജ്ഭവനെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കേസിനായി ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് കണ്ണൂര്‍ വിസിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനാണ്. അദ്ദേഹം കേസ് നടത്താനായി 67 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്. കുഫോസ് വിസിയായിരുന്ന ഡോ. റിജി ജോണ്‍ 36 ലക്ഷം ചെലവഴിച്ചു. സാങ്കേതിക സര്‍വകലാശാലയുടെ വിസി ഡോ. എംഎസ് രാജശ്രി ഒന്നരലക്ഷം രൂപ, കാലിക്കറ്റ് വിസി ഡോ. എംകെ ജയരാജ് 4,25,000 രൂപ, കുസാറ്റ് വിസി ഡോ. മദുസൂധനന്‍ 77,500 രൂപ, മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. വി അനില്‍കുമാര്‍ ഒരുലക്ഷം രൂപയും ശ്രീനാരായണ ഗുരു ഓപ്പണ്‍ യുണിവേഴ്‌സിറ്റി വിസി മുബാറക് പാഷ 53,000 രൂപയും സര്‍വകലാശാല ഫണ്ടില്‍ നിന്ന് ചെലവഴിച്ചുവെന്നാണ് രാജ്ഭവന്റെ കണ്ടത്തല്‍.

by liji HP News | Jul 10, 2024 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവുമായി പിടിയില്‍. മൈലാടുപാറ സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും രണ്ടുഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തിരുന്നു.
തിങ്കളാഴ്ചയാണ് കോളജ് ജങ്ഷനില്‍ നിന്നും കഞ്ചാവുമായി ഇയാളെ എക്‌സൈസ് പിടികൂടിയത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ചന്ദ്രനൊപ്പം യദുകൃഷ്ണനും മറ്റുള്ളവരും സിപിഎമ്മില്‍ ചേര്‍ന്നത്.
സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ ഇവരെ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍ അത് ഉപേക്ഷിച്ചാണ് ശരിയുടെ പക്ഷത്തു നില്‍ക്കാനായി സിപിഎമ്മിലേക്ക് വന്നതെന്നാണ് മന്ത്രി വീണാ ജോര്‍ജ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.

by liji HP News | Jul 10, 2024 | Latest News, കേരളം
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ. കളമശ്ശേരിയിൽ ഡെങ്കിപ്പനി വ്യാപനം. നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം കാത്ത് ആരോഗ്യ വകുപ്പ്. കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് നാല് പനി മരണങ്ങൾ.
നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്നോ നാളെയോ കിട്ടിയേക്കും. രോഗലക്ഷണങ്ങളുടെ ചികിത്സയിലുള്ള 11 പേരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

by liji HP News | Jul 10, 2024 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരും സഖാക്കളും തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അടിസ്ഥാന വിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയ എല്ലാ നടപടികളും തിരുത്തണം. പെന്‍ഷന്‍ മുഴുവന്‍ കൊടുക്കണം. കുടിശ്ശിക മുഴുവന്‍ നല്‍കണം. സര്‍ക്കാര്‍ മുന്‍ഗണന തീരുമാനിച്ച് നടപ്പാക്കണം. ആനുകൂല്യങ്ങളെല്ലാം വിതരണം ചെയ്യണം. ഫലപ്രദമായ ശുദ്ധീകരണം നടത്തണം. അതിനായുള്ള ഇടപെടല്‍ വേണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ആരാധനാലയങ്ങള്‍ വിശ്വാസികള്‍ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആര്‍എസ്എസ് അല്ല ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. ആര്‍എസ്എസിന് വിശ്വാസം ഇല്ല താനും. ആര്‍എസ്എസ് വിശ്വാസം എടുത്ത് മേലങ്കിയായി അണിഞ്ഞ് വര്‍ഗീയതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ കൈകാര്യം ചെയ്യട്ടെ.
അവിടെ കമ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ വിശ്വാസികളായ സമൂഹം ആരാധനാലയങ്ങളും ക്ഷേത്രങ്ങളും കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വരണം. വിശ്വാസം ഉപയോഗിച്ച് ചടുപുടു കളിക്കുന്ന ആര്‍എസ്എസ് അല്ല കൈകാര്യം ചെയ്യേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ വിശ്വാസികളുടെ കയ്യില്‍ ആരാധനാലയങ്ങള്‍ വരണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
പിഎസ്സി കോഴ ആരോപണത്തില്‍ പാര്‍ട്ടിക്ക് ഒരു പരാതിയും കിട്ടിയിട്ടില്ല. ഏതെങ്കിലും ഘടകത്തിന് പരാതി കിട്ടിയാല്‍ അവര്‍ പരിശോധിക്കും. മന്ത്രി മുഹമ്മദ് റിയാസിന്റെ പരാതിയും ലഭിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. പേരുവെക്കാതെ ഒരു കടലാസില്‍ ആരു പരാതി നല്‍കിയാലും സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. നമ്മള്‍ മുദ്രാവാക്യം വിളിക്കുന്നത് തോറ്റചരിത്രം കേട്ടിട്ടില്ല എന്നാണ്. സത്യം പറഞ്ഞാല്‍ തോറ്റ ചരിത്രമാണ് ഏറ്റവും കൂടുതല്‍ കേട്ടത്. എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

by liji HP News | Jul 10, 2024 | Latest News, കേരളം
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയാതെ സഭയില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ കെ രമയുടെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രിക്ക് പകരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് മറുപടി പറഞ്ഞത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുതിരായ അതിക്രമ വിഷയത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിലാണ് വീണാ ജോര്‍ജ് മറുപടി പറഞ്ഞതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും പൊലീസിന്റെ അറിവില്‍പ്പെടുന്നതുമായ എല്ലാ സംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്ത് ഊര്‍ജ്ജിതമായ അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ശാസ്ത്രീയവും പഴുതടച്ചതുമായ അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല. മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പോക്‌സോ കേസുകളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമകേസുകളും കൈകാര്യം ചെയ്യാനായി സംസ്ഥാനത്ത് 56 കോടതികള്‍ നിലവിലുണ്ട്. അതിക്രൂരമായ കേസുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാരെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ദലിത് പെണ്‍കുട്ടിക്കെതിരായ അതിക്രമത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. കാലടി കോളജിലെ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ അറിയിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷനിലെ മുന്‍ കോച്ച് പഠിക്കാനെത്തിയ പെണ്‍കുട്ടികളെ 2017 മുതല്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. ബ്രിജ് ഭൂഷന്റെ കേസില്‍ യുപി സര്‍ക്കാര്‍ സ്വീകരിച്ചതുപോലുള്ള നടപടിയല്ല കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോച്ചിന്റെ പീഡനക്കേസില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത്. അയാളെ അറസ്റ്റ് ചെയ്തു ജയിലില്‍ ഇട്ടുവെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാവുന്ന, നിര്‍ഭയം പരാതിയുമായി സമീപിക്കാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷന്‍ മാറിയെന്നും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് ക്രൈം റെക്കോര്‍ഡ് രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇത്തരം അതിക്രമക്കേസുകളില്‍ ഒറ്റക്കെട്ടായ നിലപാട് എടുക്കണം. ആലപ്പുഴയില്‍ ദലിത് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായ സംഭവത്തില്‍, തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും ആ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ട് ഒരു നടപടിയും എടുത്തിട്ടില്ല. 19 കാരി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പോലിസ് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പൊലീസ് സ്റ്റേഷന്‍ അടച്ചു പൂട്ടണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. എന്തിനാണ് ആ പൊലീസ് സ്റ്റേഷന്‍?. ആരെ സംരക്ഷിക്കാനാണ് നിങ്ങളുടെ പൊലീസ് എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതികളുടെ രാഷ്ട്രീയം നോക്കാതെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

by liji HP News | Jul 10, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ അഞ്ചു ഗഡു കുടിശ്ശികയുണ്ട്. സമയബന്ധിതമായി പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും. കുടിശ്ശികയുള്ള രണ്ട് ഗഡു 2024-25 സാമ്പത്തിക വര്‍ഷം വിതരണം ചെയ്യും. 2025-26 സാമ്പത്തിക വര്‍ഷം മൂന്നുഗഡുവും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പെന്‍ഷന്റെ സിംഹഭാഗവും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. നാമമാത്രമായ കേന്ദ്ര വിഹിതം ലഭിക്കുന്നത് ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നു പദ്ധതികള്‍ക്കാണ്. ശരാശരി 6.80 ലക്ഷം പേര്‍ക്ക് മാത്രമാണ് ഇതു ലഭിക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ ഗുണഭോക്താക്കള്‍ 62 ലക്ഷം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യത്തിന്റെ വരുമാനപരിധി പ്രതിവര്‍ഷം 25,000 രൂപയാണെങ്കില്‍, സംസ്ഥാന സര്‍ക്കാര്‍ വരുമാനപരിധിയായി നിശ്ചയിച്ചത് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയാണ്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുന്ന നാമമാത്രമായ കേന്ദ്രവിഹിതം പെന്‍ഷന്‍ നല്‍കാന്‍ വേണ്ട തുകയുടെ വെറും രണ്ടു ശതമാനം മാത്രമാണ്. കടുത്ത പണഞെരുക്കം നേരിടുമ്പോഴും അവശജനവിഭാഗത്തെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തും നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഈ ഇനത്തില്‍ 4250 കോടിയാണ് കുടിശ്ശികയായിട്ടുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശികയുടെ ഭാഗമായി 1700 കോടി രൂപ വിതരണം ചെയ്യും. 2021 മുതല്‍ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. മൂന്നു വര്‍ഷം കൊണ്ട് കേന്ദ്ര ഗ്രാന്റില്‍ 19000 കോടിയുടെ കുറവുണ്ടായി. സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതവും വെട്ടിക്കുറച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Recent Comments