കാത്തിരിപ്പുകൾക്ക് വിരാമം, വിഴിഞ്ഞത്ത് ആദ്യ കപ്പൽ, സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

കാത്തിരിപ്പുകൾക്ക് വിരാമം, വിഴിഞ്ഞത്ത് ആദ്യ കപ്പൽ, സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് അവസാനം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം സ്വീകരിച്ചു. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തിയത്. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം കപ്പലിനെ വരവേറ്റു.

ബർത്തിംഗ് നടപടികൾ പുരോഗമിക്കുകയാണ്. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുന്നതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലും പുതിയ അധ്യായം തുറക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് ഇന്ന് നടന്നത്. ചരക്ക് കപ്പലെത്തി ട്രയൽ റൺ പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായെന്ന് പറയാം. സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട്, എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്. ഡാനിഷ് കമ്പനിയായ മെസ്ക്കിന്റെ ഈ കപ്പലിന് ഒൻപത് വർഷം പഴക്കമുണ്ട്.

മാർഷൽ ദ്വീപ് പതാകയേന്തിയ കപ്പൽ ജൂലൈ 2നാണ് സിയാമെനിൽ നിന്ന് പുറപ്പെട്ടത്. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.ബർത്തിംഗ് കഴിഞ്ഞാൽ ഇമിഗ്രേഷൻ, കസ്റ്റംഗ് ക്ലിയറൻസ് എന്നിവ പൂർത്തിയാക്കേണ്ടതുണ്ട്. പബ്ലിക്ക് ഹെൽത്ത് ഓഫീസർ നൽകുന്ന മെഡിക്കൽ ക്ലിയറൻസും വേണം. പിന്നാലെ കണ്ടെയ്നറുകൾ ഇറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റൻ ക്രെയ്നുകളാകും ചരക്ക് ഇറക്കുക.

ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത അത്ര ശേഷിയുള്ള എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും 23 യാർഡ് ക്രെയ്നുകളുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാൻ കഴിയും. കൂറ്റൻ ഷിപ്പ് ടു ഷോർ ക്രെയ്ൻ ഉപയോഗിച്ച് കണ്ടെ്യനറുകൾ കപ്പിൽ നിന്ന് ഇറക്കും.ശേഷം കപ്പലിൽ നിന്ന് കണ്ടെയ്നുകൾ ടെർമിനൽ ട്രക്കുകളിലേക്ക് മാറ്റും. യാർഡ് ക്രെയ്നുകൾ ഉപയോഗിച്ച് കണ്ടെയ്നറുകൾ യാർഡിൽ അടുക്കിവയ്ക്കും. ഓരോ റൂട്ടിലേക്കുമുള്ള കണ്ടെയ്നുകൾ അതനുസരിച്ചാകും ക്രമീകരിക്കുക.

വരും മണിക്കൂറിൽ വടക്കൻ ജില്ലകളിൽ മഴ; ഉയർന്ന തിരമാല, ശക്തമായ കാറ്റ്

വരും മണിക്കൂറിൽ വടക്കൻ ജില്ലകളിൽ മഴ; ഉയർന്ന തിരമാല, ശക്തമായ കാറ്റ്

തിരുവനന്തപുരം: വരുന്ന മണിക്കൂറുകളിൽ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പുകളില്ല. വരും മണിക്കൂറുകളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം

കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

മത്സ്യത്തൊഴിലാളി മുന്നറിയിപ്പ്

കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യകിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ്, ഗൾഫ്‌ ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

സംസ്ഥാനത്ത് സ്വര്‍ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വീട്ടു പരിസരത്ത് കൊതുകു വളരുന്നുണ്ടോ? കേസാവും, പിഴ അടയ്ക്കാന്‍ കോടതി ഉത്തരവ്

വീട്ടു പരിസരത്ത് കൊതുകു വളരുന്നുണ്ടോ? കേസാവും, പിഴ അടയ്ക്കാന്‍ കോടതി ഉത്തരവ്

തൃശൂര്‍: വീട്ടു പരിസരത്ത് ധാരാളമായി കൊതുകു കൂത്താടികളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് വീട്ടുടമസ്ഥന്‍ രണ്ടായിരം രൂപ പിഴയടയ്ക്കാന്‍ കോടതി ഉത്തരവ്. കേരള പൊതുജനാരോഗ്യനിയമം 2023 പ്രകാരമാണ് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ കോടതിയുടെ വിധി. ഈ നിയമപ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ ശിക്ഷാ വിധിയാണിത്.

ഡെങ്കിപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്രവൈസര്‍ കെ പി ജോബി, പുല്ലൂര്‍ കോക്കാട്ട് വീട്ടില്‍ ആന്റുവിന് എതിരെ എടുത്ത കേസിലാണ് രണ്ടായിരം രൂപ പിഴ അടയ്ക്കാന്‍ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ കോടതി ഉത്തരവായിരിക്കുന്നത്. ഇയാളുടെ വീട്ടുപരിസരത്ത് ധാരാളമായി കൊതുക് കൂത്താടികളെ കണ്ടെത്തിയ സാഹചര്യത്തിലാണ് കേസ് എടുത്തത്. മെയ് 26 നാണ് കേസ് ഫയല്‍ ചെയ്തത്.
ജില്ലയില്‍ സമാനമായ രീതിയില്‍ ഒല്ലൂരും കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും വിധി ആയിട്ടില്ല. പൊതുജനാരോഗ്യ നിയമം 2023 വകുപ്പ് 53 (1) പ്രകാരം പതിനായിരം രൂപ വരെ പിഴ ചുമത്താനുള്ള അധികാരമാണുള്ളത്.

8 പേർക്ക് കൂടി കോളറ ലക്ഷണങ്ങൾ; ഉറവിടം കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്

8 പേർക്ക് കൂടി കോളറ ലക്ഷണങ്ങൾ; ഉറവിടം കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതെ ആരോ​ഗ്യ വകുപ്പ്. ആരോ​ഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാ​ഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി.

അതിനിടെ സ്ഥാപനത്തിലെ എട്ട് പേർക്കു കൂടി കോളറ ലക്ഷണങ്ങളുണ്ട്. 21പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആകെ ചികിത്സയിലുള്ളത്. സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ കാരണമാണെന്ന നി​ഗമനത്തിലാണ് ആരോ​ഗ്യ വകുപ്പ്. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിൾ ഉൾപ്പെടെ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോ​ഗ്യ വകുപ്പ് വിശ​ദ പരിശോധന നടത്തിയത്.

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന റാങ്ക് പട്ടിക ഇന്ന് 12 മണിക്ക്; അറിയേണ്ടതെല്ലാം

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന റാങ്ക് പട്ടിക ഇന്ന് 12 മണിക്ക്; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ്- ഫാര്‍മസി പ്രവേശന റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് പ്രഖ്യാപനം നടത്തുക.

ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in ല്‍ ഫലം പരിശോധിക്കാന്‍ കഴിയും. ഫലം പരിശോധിക്കുന്നതിനൊപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷന്‍ നമ്പറും പാസ് വേഡും നല്‍കിയാണ് ഫലം അറിയേണ്ടത്.കീം 2024 എന്‍ജിനീയറിങ് പരീക്ഷ ജൂണ്‍ 5 മുതല്‍ 9 വരെയും, ഫാര്‍മസി പരീക്ഷ ജൂണ്‍ 9 മുതല്‍ 10 വരെയുമാണ് നടന്നത്. സംസ്ഥാനത്ത് എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനത്തിന് ആദ്യമായി ഓണ്‍ലൈനായി നടത്തിയ പരീക്ഷ 71,491 വിദ്യാര്‍ഥികളാണ് എഴുതിയത്. ഒരു ദിവസം പരമാവധി 18,993 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയത്.

വിവിധ ജില്ലകളിലായി 198 പരീക്ഷാ കേന്ദ്രത്തിലും ഡല്‍ഹിയില്‍ രണ്ട് പരീക്ഷാ കേന്ദ്രത്തിലും മുംബൈ, ദുബൈ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രത്തിലുമായാണ് പരീക്ഷ നടത്തിയത്. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ നടത്തിയത്.

ഒരാഴ്ച മുന്‍പ് പ്രവേശന പരീക്ഷയിലെ വിദ്യാര്‍ഥികളുടെ നോര്‍മലൈസ്ഡ് സ്‌കോര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 51,000 ത്തോളം വിദ്യാര്‍ഥികളാണ് പ്രവേശന യോഗ്യത നേടിയത്.